രാജപുരത്ത് ഹൈസ്‌ക്കൂള്‍ തുടങ്ങിയതിനെക്കുറിച്ച് എം.റ്റി. ചാക്കോ പാലയ്ക്കാടതത്തില്‍ (മുന്‍ അദ്ധ്യാപകന്‍) എഴുതിയ ഒരു ലേഖനത്തില്‍ ഫാ. പീറ്റര്‍ ഊരാളില്‍ എന്ന വൈദികനെക്കുറിച്ച് ഇങ്ങനെ കാണാം.
![]() |
രാജപുരം ഹൈസ്കൂള്‍ |
''അന്ന് ബഹു. പി.പി. ഉമ്മര്‍കോയ വിദ്യാഭ്യാസമന്ത്രിയും, ബഹു. കെ. ചന്ദ്രശേഖരന്‍ ഹോസ്ദുര്‍ഗ്ഗ് എം.എല്‍.എ.യും, റവന്യൂമന്ത്രിയും ആയിരുന്നു. ഭരണരംഗത്തും പൊതുപ്രവര്‍ത്തകരുടെ ഇടയിലും നല്ല മതിപ്പുണ്ടായിരുന്ന എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ നാടിന്റെ വക്താവും. അനായാസം സ്‌കൂളിനുള്ള അനുവാദം ലഭിച്ചു. ഫാ. പീറ്റര്‍ ഊരാളില്‍ ഹൈസ്‌ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി ചാര്‍ജെടുത്തു. ഇല്ലാത്ത സ്‌കൂളിന്റെ ഇല്ലായ്മയില്‍നിന്ന് ഉണ്ടാക്കുന്ന അത്ഭുതവിദ്യ ഇവിടെ നടക്കണം. അതുല്യനായ സംഘാടകന്‍,വാക്കുകളില്‍ മാന്തികത്വം ചാലിച്ചുചേര്‍ത്ത വാഗ്മി, ആരെയും ആകര്‍ഷിക്കുന്ന നര്‍മ്മബോധം, കൃത്യമായ കണക്കുകൂട്ടല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ വ്യക്തിത്വസവിശേഷതകള്‍ ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളിലും ചലനങ്ങള്‍ സൃഷ്ടിച്ചു.... ഒരു ഇരുനില കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറായി. അത് പണിതീര്‍ക്കാനുള്ള പ്ലാന്‍ അദ്ദേഹത്തിന്റെ ബുദ്ധിശാലിയിലും...
അന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാരന് ഭാവനയില്‍പ്പോലും കാണാനാവാത്ത ഒരു കൂറ്റന്‍ കെട്ടിടം ഈ ദരിദ്രനാരായണന്മാരുടെ നാട്ടില്‍ എങ്ങനെ പണിതുയര്‍ത്തുമെന്ന സംശയം എല്ലാവര്‍ക്കുമുണ്ടായി. സ്‌കൂള്‍ നിര്‍മ്മാണത്തെ സംബന്ധിച്ച് ആദ്യം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: 'ഇല്ലാത്ത പണം സംഭാവന തരണമെന്ന് ഞാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. ഈ നല്ല ഉദ്യമത്തിന് കഴിവുള്ളവര്‍ കൊടുത്തുകൊള്ളും. നിങ്ങളെക്കൊണ്ട് കഴിയുന്ന കാര്യങ്ങളില്‍ എന്നോട് സഹകരിക്കുക. പണത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. അതെന്റെ കീശയിലുണ്ട്.'
ആ പണം കീശയിലല്ല അദ്ദേഹത്തിന്റെ നാവീന്‍ തുമ്പിലാണ് ഉണ്ടായിരുന്നതെന്ന് ജനം പിന്നീടാണറിഞ്ഞത്.''
നേതൃത്വഗുണം എന്ന കഴിവുകൊണ്ട് എന്തെല്ലാം സാധിക്കാം എന്നതിന്റെ ഒന്നാന്തരമൊരുദാഹരണമാണ് ഇതില്‍നിന്ന് നമുക്ക് ലഭിക്കുന്നത്.
1964-ല്‍ അന്ന് അവികിസിതമായിരുന്ന ഉഴവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു കോളേജ് അനുവദിക്കപ്പെട്ടപ്പോള്‍ ഇടവകക്കാരില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു-
അന്നത്തെ വികാരിയച്ചനും, ചാഴികാട്ട് ജോസഫ് സാറും മറ്റു നേതാക്കളും അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുത്തു. കോളേജ് യാഥാര്‍ത്ഥ്യമായി. അതുകൊണ്ട് ഉഴവൂര്‍ ഗ്രാമവാസികള്‍ക്കു ക്‌നാനായസമുദായത്തിനും ഉണ്ടായ പ്രയോജനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ആരോടും ഒന്നും പറയേണ്ട കാര്യമില്ല.
ഒരു സമുദായം എന്ന നിലയില്‍ ഇന്നത്തെ നമ്മുടെ വലിയ പ്രശ്‌നം. ദീര്‍ഘവീക്ഷണവും വലിയ സ്വപ്നങ്ങളുമുള്ള നേതൃത്വം ഇല്ലെന്നതാണ്.
ശുഭാപ്തിവിശ്വാസം ഉള്ളൊരാള്‍ക്ക് എല്ലാം സാധ്യമാണ്; അതില്ലാത്തവര്‍ എന്തിന്റെ മുമ്പിലും പകച്ചു നില്‍ക്കും.
തെള്ളകത്ത് ഒരു ആശുപത്രി എന്ന ആശയം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായപ്പോഴും ദോഷൈകദൃക്കുകള്‍ വിമര്‍ശനശരങ്ങളുമായി രംഗത്തുണ്ടായിരുന്നു.
കാരിത്താസാതുരശാല തുടങ്ങവേ
കാര്യക്കാര്യം പല മാന്യര്‍ ചൊല്ലി
ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളേജേറ്റം
കീര്‍ത്തിതമായി തുടങ്ങുന്നു.
അപ്പോള്‍ കാരിത്താസിന് കീര്‍ത്തി നിലച്ചീടും
കോട്ടയം മെത്രാന്റെ യത്‌നം തോല്‍ക്കും
സര്‍ക്കാരിന് കാര്യം മുറപോല്‍ നടത്തീടും
വ്യക്തികള്‍ യത്‌നിച്ചാലോതീടുമോ
മുള്ളിന്‍ തടങ്ങള്‍ തടങ്ങള്‍ ചവുട്ടി കടന്നെന്നും
മുന്നേറാന്‍ പാടവമുള്ള മെത്രാന്‍
ചിന്മായനേശുവിന്‍ ദിവ്യഹൃദയത്തില്‍
എല്ലാമര്‍പ്പിച്ചു തുടര്‍ന്നു യത്‌നം
(സിസ്റ്റര്‍ റോസാലിയ രചിച്ച ''ഗാനാര്‍ച്ചന''യില്‍ നിന്ന്)
കാരിത്താസ് ആശുപത്രിക്ക് മെഡിക്കല്‍ കോളേജ് ആകാനുള്ള അനുമതി മന്ത്രിസഭായോഗം നല്‍കി എന്ന വാര്‍ത്ത മലയാള മനോരമയില്‍ വന്നതിനെത്തുടര്‍ന്ന് പല ക്‌നാനായ സമുദായാംഗങ്ങളുമായും നേതാക്കന്മാരുമായി ബന്ധപ്പെട്ടു. അവരുടെയെല്ലാവരുടെയും ആഹ്ലാദം അവര്‍ണ്ണനീയമായിരുന്നു. അതിനു പിറകെ അതിരൂപതാധികൃതര്‍ അതു വേണ്ടെന്നു വച്ചു എന്ന വാര്‍ത്ത വളരെ ദുഃഖത്തോടെയാണ് അവരെല്ലാവരും സ്വീകരിച്ചത്.
ഇതിനെക്കുറിച്ച് നമ്മുടെ മുഖപത്രമായ അപ്നാദേശ് ഇത് കുറിക്കുന്നത് വരെ നിശബ്ദത പാലിക്കുകയാണ്. പാസ്റ്ററല്‍ കൗണ്‍സില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്നു വച്ചു എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഒരു പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ വളരെ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞുകേട്ടു.
മെഡിക്കല്‍ കോളേജ് വേണ്ട എന്ന വയ്ക്കുന്നതിന്റെ മുഖ്യകാരണമായി പറയുന്നത് അതിരൂപതയ്ക്ക് അതിനുള്ള സാമ്പത്തികശേഷി ഇല്ല എന്നതാണ്. ( ക്രിസ്തീയ മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു സ്ഥാപനം നടത്തികൊണ്ട് പോവുക ബുദ്ധിമുട്ടാണ് എന്നും പറയപ്പെടുന്നു. ഇന്നത്തെ കേരള കത്തോലിക്കാസഭയുടെ പ്രവര്‍ത്തനശൈലി അറിയാവുന്നവര്‍ക്ക് അതൊരു തമാശയായേ കാണാന്‍ കഴിയൂ. )
കേരളത്തിലെ മറ്റു കത്തോലിക്കാ രൂപതകളുമായി താരതമ്യം ചെയ്താല്‍ നമ്മള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ പിന്നോക്കാവസ്ഥയിലാണ്. ടെക്‌നിക്കല്‍ മേഖലയില്‍ നമുക്കുള്ളത് കടുത്തുരുത്തി ഐ.റ്റി.സി. മാത്രമാണ്. സമുദായം സാമ്പത്തികമായി കഷ്ടപ്പെട്ടിരുന്ന കാലത്ത് അതു വലിയ കാര്യമായിരുന്നു. എന്നാല്‍ ഇന്ന് എഞ്ചിനീയറിങ്ങിനും മെഡിസിനും വിട്ടു മക്കളെ പഠിപ്പിക്കാന്‍ ശേഷിയുള്ളവര്‍ നിരവധിയുണ്ടായിട്ടും അതിനുള്ള പഠനസൗകര്യം നമ്മള്‍ ഒരുക്കുന്നില്ല.
പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്താനുള്ള വിമുഖതയാണ് മുഖ്യപ്രശ്‌നം. ഉഴവൂര്‍ കോളേജ് ആരംഭിക്കുമ്പോള്‍ ആവശ്യങ്ങള്‍ പരിമിതമായിരുന്നു. അതിലുപരി, വരാന്‍ പോകുന്നത് നമ്മുടെ സ്വന്തം സ്ഥാപനമാണ് എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇന്ന് ആ ധാരണ വല്ലാതെ മാറിയിരിക്കുന്നു. അല്‍മായനു സഭാവകസ്ഥാപനങ്ങളുടെ നടത്തിപ്പില്‍ യാതൊരു പങ്കും ഇല്ല എന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലായിട്ടുണ്ട്.
അതുകൊണ്ട് തന്നെ, ഒരു മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ വേണ്ടി വരുന്ന ഭീമമായ തുക സമുദായാംഗങ്ങളില്‍ നിന്ന് സംഭാവനയായി ലഭിക്കുകയില്ല എന്ന് അതികൃതര്‍ക്ക് വ്യക്തമായറിയാം. ഇതിനു വേണ്ടി ഇരുനൂറോ ഇരുന്നൂറ്റിയമ്പതോ കോടി രൂപ നിക്ഷേപിക്കാനുള്ള സാമ്പത്തികശേഷി അരമനയ്ക്കുണ്ടെങ്കിലും അത്തരത്തിലുള്ള നിക്ഷേപം ഒരു കാലത്തും സഭയുടെ ശൈലി ആയിരുന്നിട്ടില്ല.
പാസ്റ്ററല്‍ കൗണ്‍സിലില്‍ നിര്‍ദ്ദേശിക്കപ്പെട്ടത് ഓഹരി അടിസ്ഥാനത്തില്‍ തുക സമാഹരിച്ചു മെഡിക്കല്‍ കോളേജ് തുടങ്ങുക എന്നതാണ്. അതിനോട് പൊരുത്തപ്പെടാന്‍ പലര്‍ക്കും സാധിക്കുന്നില്ല. അത്തരം ഒരു സംവിധാനത്തില്‍ നിക്ഷേപകര്‍ക്കും പല കാര്യങ്ങളിലും സ്വന്തമായ അഭിപ്രായം ഉണ്ടാകും. അവര് പറയുന്നതിനെ ഒരാള്‍ക്ക് താന്‍ വൈദികനാണ് എന്ന ഒറ്റക്കാരണം കൊണ്ട് തള്ളിക്കളയാന്‍ സാധിക്കുകയില്ല. മെഡിക്കല്‍ കോളേജ് സീറ്റുകളില്‍ ഏതാണ്ട് അമ്പത് ശതമാനത്തോളം മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ. തുടങ്ങിയ പേയ്‌മെന്റ് സീറ്റുകളാണ്. അതിന്റെ വീതവും ലഭിക്കാന്‍ നിക്ഷേപകര്‍ക്ക് അവകാശമുണ്ടാകും. ഇത്തരം ഒരു സംവിധാനം ഒരുക്കാമെങ്കില്‍ നിക്ഷേപകരെ കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ വേണ്ടി തല്ക്കാലത്തേയ്ക്ക് ഒരു അന്തിമതീരുമാനം മാറ്റിവയ്ക്കുക മാത്രമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ ചെയ്തിരിക്കുന്നത്.
അന്തരിച്ച ഇ.ജെ. ലൂക്കോസ് സാര്‍ ഒരിക്കല്‍ ഈ ലേഖകനോട് പറയുകയുണ്ടായി:
''വിഷന്‍ ഇല്ലാത്ത നേതാക്കളാണ് സമുദായത്തിന്റെ ശാപം. ഒരു സ്‌കൂള്‍, ഏറിയാല്‍ ഒരു കോളേജ്, അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ നമ്മുടെ അത്മായ-സഭാനേതൃത്വത്തിനാകുന്നില്ല.''
ഈ പ്രതിസന്ധിയില്‍ അദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണെന്ന് തോന്നിപ്പോവുകയാണ്. ഒരു മെഡിക്കല്‍ കോളേജ് ആകുമ്പോള്‍ ഒട്ടനവധി പ്രൊഫഷണല്‍സിന്റെ സേവനവും സഹായവും തേടേണ്ടി വരും. അവരുടെയടുത്തു തങ്ങളുടെ ധാര്‍ഷ്ട്യം വിലപ്പോകുമോ എന്ന ഭയാശങ്കകളാണ് മിക്ക വൈദികരെയും മെഡിക്കല്‍ കോളേജ് എന്ന ആശയത്തില്‍ നിന്ന് അകറ്റുന്നത്.
മഹാലക്ഷ്മിയെ പുറംകാലുകൊണ്ട് ചവുട്ടി പുറത്താക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കുകയില്ല.
അലക്സ് കണിയാംപറമ്പില്‍
(2012 സെപ്റ്റംബര്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്)
No comments:
Post a Comment