കോതമംഗലം സമരം: വസ്‌തുതകളും യാഥാര്‍ഥ്യങ്ങളും
മംഗളം ദിനപത്രത്തില്‍ 'തുറന്ന മനസോടെ' എന്ന പേരില്‍ കെ.എം. റോയി എഴുതുന്ന പംക്‌തിയില്‍ 'ജയിക്കാന്‍ സമരം ചെയ്‌തവരും തോല്‍ക്കാന്‍ സമരം ചെയ്യുന്നവരും' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖന(കെ.എം. റോയിയുടെ പ്രസ്തുത ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)ത്തിനുള്ള മറുപടിയാണ് ഇത്.
കഴിഞ്ഞ 115 ദിവസമായി യാക്കോബായ സഭയുടെ കീഴിലുള്ള കോതമംഗലം ചെറിയ പള്ളിയുടെ ഉടമസ്‌ഥതയിലുള്ള മാര്‍ ബസേലിയോസ് ആശുപത്രിയില്‍ 22 നഴ്‌സിംഗ് സ്‌ഥിര ജീവനക്കാരും 60-ഓളം നഴ്‌സിംഗ് വിദ്യാര്‍ഥികളും സമരത്തിലായിരുന്നു. ഈ സമരത്തിന്റെ നിജസ്‌ഥിതി കെ.എം. റോയിയേയും വായനക്കാരെയും അറിയിക്കുകയാണു ലക്ഷ്യം.United Nurses Association എന്ന സംഘടന demand notice തന്നതിനെ തുടര്‍ന്ന് Regional Joint Labour Commissioner (RJLC) ന്റെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചിനു നടന്ന ആദ്യവട്ട ചര്‍ച്ചയില്‍ത്തന്നെ മാര്‍ ബസേലിയോസ് ആശുപത്രി മാനേജ്‌മെന്റ് കരാര്‍ ഉണ്ടാക്കിയിരുന്നു. 1) എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫ്‌റ്റ് ഡ്യൂട്ടി നടപ്പിലാക്കുക. 2) നഴ്‌സ്-പേഷ്യന്റ് അനുപാതം കണക്കാക്കി ജീവനക്കാരെ നിശ്‌ചയിക്കുക. 3) എല്ലാ ജീവനക്കാര്‍ക്കും മിനിമം വേതനവും ഇന്‍ക്രിമെന്റും ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന മറ്റ് ആനുകൂല്യങ്ങളും നടപ്പില്‍ വരുത്തുക എന്നീ കാര്യങ്ങളാണ് ഒത്തുതീര്‍പ്പു വ്യവസ്‌ഥയില്‍ പ്രതിപാദിച്ചിരുന്നത്.
ഇതില്‍ മൂന്നു ഷിഫ്‌റ്റ് ഡ്യൂട്ടി ഏര്‍പ്പെടുത്തുക എന്ന കാര്യം യു.എന്‍.എ. പ്രതിനിധികളുമായി ആലോചിച്ച് ഡ്യൂട്ടി ക്രമീകരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കി മൂന്നു മാസത്തിനുള്ളില്‍ നടപ്പിലാക്കിയാല്‍ മതിയെന്നു ധാരണയുണ്ടായതുമാണ്. ജനറല്‍ വാര്‍ഡ്, മുറികള്‍ എന്നിവയിലുള്ള ബെഡുകളുടെ അടിസ്‌ഥാനത്തില്‍ 1:7 എന്നും ഐ.സി.യു.വില്‍ 1:2 എന്നും വെന്റിലേറ്ററില്‍ 1:1 എന്നും ധാരണയായി. ഇതു കണക്കുകൂട്ടി ബോണ്ട്‌് അല്ലെങ്കില്‍ bond extention categoryയില്‍ നിന്ന് 23 നഴ്‌സിംഗ് വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് ആശുപത്രിയില്‍ സ്‌ഥിര ജീവനക്കാരായി നിയമിച്ചു.
ഈ കരാറില്‍ പറഞ്ഞ മൂന്നാമത്തെ കാര്യം എല്ലാ സ്‌ഥിര ജീവനക്കാര്‍ക്കും ഗവണ്‍മെന്റ് അനുശാസിക്കുന്ന മിനിമം വേതനവും മറ്റെല്ലാ ആനുകൂല്യങ്ങളും നല്‍കണം എന്നതാണ്. മാര്‍ ബസേലിയോസ് ആശുപത്രിയില്‍ ജോലി ചെയ്‌തുവരുന്ന എല്ലാ സ്‌ഥിര ജീവനക്കാര്‍ക്കും ഈ രീതിയിലുള്ള മിനിമം വേതനവും മറ്റെല്ലാ ആനുകൂല്യങ്ങളും നല്‍കി വരുന്നതാണ്. 12 വര്‍ഷക്കാലമായി ഈ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കിവരുന്നത് ഫെഡറല്‍ ബാങ്കിലൂടെയാണ്. കരാറിലെ എല്ലാ കാര്യങ്ങളും മാനേജ്‌മെന്റ് നടപ്പില്‍ വരുത്തിയതായി യു.എന്‍.എ. അംഗീകരിക്കുകയും ചെയ്‌തു.
എന്നാല്‍, ഏപ്രില്‍ 21-ാം തീയതി ബോണ്ട് അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്‌തുവന്നിരുന്ന 60-ല്‍പ്പരം വിദ്യാര്‍ഥികള്‍ തങ്ങളെക്കൂടി സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി വരികയും തങ്ങള്‍ യു.എന്‍.എ. എന്ന സംഘടനയിലല്ല മറിച്ച് ഐ.എന്‍.എ. എന്ന സംഘടനയിലാണു പ്രവര്‍ത്തിക്കുന്നത് എന്നു പറഞ്ഞ് സമരനോട്ടീസ് നല്‍കുകയാണുണ്ടായത്. മൂന്നാം ദിവസം സമരം തുടങ്ങുകയും ചെയ്‌തു. മെയ് മൂന്നിന് ട്രെയ്‌നിംഗ് കാലാവധി അവസാനിക്കുന്ന മുറയ്‌ക്ക് സ്വാഭാവികമായും അവര്‍ പുറത്തു പോകണമായിരുന്നു. അതു മനസിലാക്കി തന്നെയാണു കേവലം മൂന്നുദിവസത്തെ നോട്ടീസ് നല്‍കി അവര്‍ സമരത്തിനിറങ്ങിയത്.
ഒരുവര്‍ഷം പോലും ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കാത്ത മുഴുവന്‍ വിദ്യാര്‍ഥികളെയും സ്‌ഥിരപ്പെടുത്തണമെന്ന ആവശ്യമല്ലാതെ മറ്റൊരു ആവശ്യവും സമരക്കാര്‍ ഈ കഴിഞ്ഞ 115 ദിവസങ്ങളില്‍ നടന്ന ഒരു ചര്‍ച്ചകളിലും ഉന്നയിച്ചിട്ടില്ല. ഇക്കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്‌ഥരോട് അന്വേഷിച്ചാല്‍ മനസിലാക്കാവുന്നതാണ്.
സമരത്തിന്റെ തുടക്കത്തില്‍ തന്നെ, പള്ളിയില്‍ പൊതുയോഗം കൂടുകയും സമരം ചെയ്യുന്നവരോട് സ്‌റ്റാറ്റസ്‌കോ പ്രകാരം ജോലിയില്‍ പ്രവേശിക്കാനും തുടര്‍ന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാമെന്നും പറഞ്ഞിരുന്നതാണ്. ജില്ലാകലക്‌ടര്‍ ചര്‍ച്ചയ്‌ക്കു വിളിച്ചപ്പോഴും മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് സമരക്കാര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നാണ്. എന്നാല്‍, ഈ നിര്‍ദേശം അംഗീകരിക്കുവാന്‍ സമരക്കാര്‍ തയാറായില്ല. അതിനു ശേഷവും സമരം തുടര്‍ന്നപ്പോള്‍ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ് പലതവണ ചര്‍ച്ചയ്‌ക്കു വിളിച്ചെങ്കിലും സമരക്കാര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ചില സ്‌ഥാപിത താത്‌പര്യക്കാരുടെയും ചില രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെയും പിന്‍ബലത്തോടെ സമരം തുടരുകയാണുണ്ടായത്. 'സമര സഹായ സമിതി' എന്ന പേരില്‍ തട്ടിക്കൂട്ടിയ സമിതിയുടെ കാപട്യം തിരിച്ചറിഞ്ഞ് അവരെ അവഗണിക്കാന്‍ തുടങ്ങിയതോടെയാണു സമരക്കാര്‍ അവരുടെ സമരരീതി മാറ്റി പരീക്ഷിച്ചത്. അതിന്റെ പ്രതിഫലനമാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ നാടകം. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും കൂടാതെ സമരക്കാരില്‍ പെട്ട മൂന്നു പെണ്‍കുട്ടികള്‍ ആശുപത്രിയുടെ ഏഴാം നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
'ബഹുജനവും സംഘടനകളും ഒറ്റക്കെട്ടായി സമരത്തിനു പിന്നില്‍ അണിനിരന്നു എന്നും തങ്ങള്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഒറ്റപ്പെടുന്നു എന്നും മെത്രാന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ബോധ്യമായപ്പോള്‍ അവര്‍ ധാര്‍ഷ്‌ട്യം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പിനു തയാറായി' എന്നു കെ.എം. റോയി എഴുതിക്കണ്ടു. കോതമംഗലത്തെ നിഷ്‌പക്ഷരായ നാട്ടുകാരോട് അന്വേഷിച്ചാല്‍ സത്യം അറിയാന്‍ സാധിക്കും. തികച്ചും സാമൂഹിക വിരുദ്ധരായ ഒരുകൂട്ടം ആളുകളെ മറ്റു പ്രദേശങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ച് അഴിഞ്ഞാടാന്‍ അനുവദിക്കുകയും ജനജീവിതം സ്‌തംഭിപ്പിക്കുകയുമാണ് ഉണ്ടായത്. ആസൂത്രിമായ ഒരു ഗൂഢാലോചന തന്നെ ഇതിനു പിന്നിലുണ്ട്.
വിശുദ്ധ മാര്‍ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാര്‍ ബസേലിയോസ് ആശുപത്രിക്കു കച്ചവട താത്‌പര്യമില്ല. പള്ളിയില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 10 ശതമാനം ആതുരസേവനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. പള്ളിയിലെ നേര്‍ച്ചപ്പണം പോലും പലപ്പോഴും ആശുപത്രി ചെലവുകള്‍ക്കായും വികസനപ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കുന്നുണ്ട്. കേവലം 20 രൂപ കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങി ഇവിടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ വരെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. സര്‍ക്കാര്‍ മിനിമം വേതനം 8500 രൂപയായി നിശ്‌ചയിച്ചിട്ടുള്ളപ്പോള്‍ മാര്‍ ബസേലിയോസ് ആശുപത്രിയില്‍ നാലുവര്‍ഷമായി ജോലി ചെയ്യുന്ന ചില നഴ്‌സുമാര്‍ക്ക് 2500 രൂപ ശമ്പളം ഇവിടെ നല്‍കുന്നു എന്ന ആരോപണം വാസ്‌തവവിരുദ്ധമാണ്. 2008 ബാച്ച് മുതലാണു സര്‍ക്കാര്‍ ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കിയത്. 2007 ജി.എന്‍.എം. ബാച്ചിന്റെ ബോണ്ട് ഉള്‍പ്പെടെയുള്ള പഠന കാലാവധി 2012 മേയ് വരെയായിരുന്നു. ബി.എസ്‌്സി. നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് എന്നത് സര്‍ക്കാര്‍ ആറുമാസമായി ചുരുക്കിയിരുന്നു. അത് 2011 നവംബര്‍ മാസത്തില്‍ അവസാനിച്ചിരുന്നതും എന്നാല്‍ 50 വിദ്യാര്‍ഥികളുള്ള ഈ ബാച്ചിലെ 36 കുട്ടികള്‍ സ്വന്തം താത്‌പര്യപ്രകാരം ആറുമാസം കൂടി ട്രെയ്‌നിംഗിന് അവരെ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. അതുപ്രകാരം ആറുമാസത്തെ ട്രെയ്‌നിംഗ് കൂടി മാനേജ്‌മെന്റ് അവര്‍ക്ക് അനുവദിച്ചു. ഈ രണ്ട് ബാച്ചിന്റേയും കാലാവധി 2012 മേയില്‍ അവസാനിക്കുമായിരുന്നു. അവര്‍ക്ക് ഈ കാലയളവില്‍ കൊടുത്ത സ്‌റ്റൈപ്പന്റ് (അത് മിനിമം വേതനത്തേക്കാള്‍ 1,500 രൂപ കുറവാണ്) ആണ് അവര്‍ വേതനമായി ചിത്രീകരിച്ച് അനുകമ്പ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. വിദ്യാഭ്യാസ വായ്‌പ തിരിച്ചടവിനായി സ്‌റ്റൈപ്പന്റിനെ ആശ്രയിക്കേണ്ടി വന്നാല്‍ അത് മാനേജ്‌മെന്റിന്റെ കുഴപ്പം കൊണ്ടാണെന്നു ചിത്രീകരിക്കുവാന്‍ സാധിക്കുമോ?
ഈ പ്രശ്‌നത്തില്‍ നിഷ്‌പക്ഷമായി ഇടപെട്ട ഏതെങ്കിലും വ്യക്‌തിയോ സര്‍ക്കാരോ മാനേജ്‌മെന്റിന്റെ നിലപാട് തെറ്റാണെന്നു പറഞ്ഞിട്ടില്ല. സമരക്കാര്‍ ഉന്നയിച്ചിരുന്ന 'ബോണ്ട് വിദ്യാര്‍ഥികളെ സ്‌ഥിരപ്പെടുത്തണം' എന്ന ആവശ്യം ഒഴിച്ച് ഒന്നുപോലും മാനേജ്‌മെന്റിന് തര്‍ക്കമില്ലാത്തതാണ്. സേവന വേതന കാര്യങ്ങളില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യും എന്ന ഒരു ഉറപ്പു മാത്രമാണ് സമരം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ സമരക്കാര്‍ക്ക് നല്‍കിയത്. അതുവരെ തല്‍സ്‌ഥിതി (Status quo) തുടരാനും മാനേജുമെന്റിനോട് നിര്‍ദേശിച്ചു. ഇതിന് ഞങ്ങള്‍ 115 ദിവസത്തിനു മുമ്പേ തയാറായിരുന്നു എന്ന കാര്യവും കൂടി ഓര്‍ക്കുമ്പോഴാണ് ഈ സമരം ആര് ആര്‍ക്കുവേണ്ടി നടത്തി എന്നത് ഒരു ചോദ്യചിഹ്‌്നമായി അവശേഷിക്കുന്നത്. 19.08.12-ല്‍ തൊഴില്‍, ആരോഗ്യ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും സമരക്കാരെ സ്‌ഥിരപ്പെടുത്താനല്ല മറിച്ച് അവര്‍ ഉന്നയിക്കുന്നതുപോലെ അവരെക്കൂടി ഉള്‍ക്കൊള്ളേണ്ട ഒരു സാഹചര്യം നിലവില്‍ ആശുപത്രിക്കുണ്ടോ എന്നു പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിട്ടു മാത്രം ഈ സമരക്കാരെ സ്‌ഥിരപ്പെടുത്തണോ വേണ്ടയോ എന്നു സര്‍ക്കാര്‍ നിര്‍ദേശിക്കൂ. ഈ സമരം മൂലം സംഘടനയ്‌ക്കും ചില നേതാക്കന്മാര്‍ക്കും പേരെടുക്കാനും നല്ല രീതിയില്‍ കഴിഞ്ഞ 36 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഒരു ആതുരാലയത്തിനു സമൂഹത്തില്‍ പീഡകരുടെ വേഷം ചാര്‍ത്തിക്കൊടുക്കാനല്ലാതെ ആത്യന്തികമായിട്ട് നഴ്‌സുമാര്‍ക്ക് ഒരു പ്രയോജനവും ലഭിച്ചില്ലെന്നതാണു യാഥാര്‍ഥ്യം.
എല്ലാ ആശുപത്രികളും മറ്റു സ്‌ഥാപനങ്ങളും സര്‍ക്കാര്‍ അനുശാസിക്കുന്ന മിനിമം വേതനവും മറ്റ് ആനുകൂല്യങ്ങളും നല്‍കുവാന്‍ തയാറാകുക, നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച് മാന്യമായ ഒരു വേതന നിരക്ക് സര്‍ക്കാര്‍ നിശ്‌ചയിക്കുക, സ്വകാര്യ മേഖലയിലെ നിര്‍ബന്ധിത ബോണ്ട്/ഇന്റേണ്‍ഷിപ്പ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ (ഗവ. നഴ്‌സിംഗ് കോളജുകളിലും നഴ്‌സിംഗ് സ്‌കൂളുകളിലും ഇപ്പോഴും ഒരുവര്‍ഷത്തെ നിര്‍ബന്ധിത സേവനം ഉണ്ടെന്നിരിക്കെ) പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മാന്യമായ സ്‌റ്റൈപ്പന്‍ഡോടെ ഒരു വര്‍ഷത്തെ പരിശീലനം നേടുവാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കുക എന്നീ നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ടു വയ്‌ക്കുന്നു.
അഡ്വ. ഷിബു കുര്യാക്കോസ്
മാര്‍ ബസേലിയോസ് ഹോസ്‌പിറ്റല്‍ സെക്രട്ടറിയാണു ലേഖകന്
മംഗളം പ്രസധീകരിച്ചത്
No comments:
Post a Comment