കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ സെന്റ് ജോസഫ്സ് ഇടവകാംഗമായ ഞാന്‍ മാന്നാനം യു.പി. സ്കൂളില്‍ നിന്ന് 1994ല്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. എന്റെ മൂന്നു മക്കളില്‍ മൂത്ത മകള്‍ ലൌലിയെ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകാംഗമായ നടുവത്ത് ജോസ് മാത്യു വിവാഹം ചെയ്തു ചെറുവാണ്ടൂരില്‍ കുടുംബസഹിതം താമസിക്കുകയായിരുന്നു. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തു വരവെ, മൂന്നാമത്തെ പ്രസവത്തോടനുബന്ധിച്ചു കിടങ്ങൂര്‍ LLM ഹോസ്പിറ്റലില്‍ വച്ച് 15.3.2008-ല്‍ നാല്പതാം വയസ്സില്‍ ലൌലി നിര്യാതയായി. അവളുടെ മകനും മകളും വിദ്യാര്‍ഥികളാണ്.
ലൌലിയുടെ മൃതദേഹം സംസ്ക്കരിക്കുവാന്‍ പേരൂര്‍ പള്ളി സിമിത്തേരിയില്‍ ഒരു കല്ലറ ലഭ്യമല്ലാതിരുന്നത് കൊണ്ട് പൊതുവോല്ട്ടിലെ എട്ടാം നമ്പര്‍ സെല്ലിലാണ് അടക്കം ചെയ്തിരിക്കുന്നത്. അവളുടെ ഭൌതികാവശിഷ്ടങ്ങള്‍ പൊതു ടാങ്കിലേയ്ക്ക് തള്ളിയിടുവാനുള്ള സമയമായിരിക്കുകയാണ്. എന്നാല്‍ എന്റെ പ്രിയ മകള്‍ ലൌലിയുടെ ശ്വാശതസ്മരണ നിലനിര്‍ത്തുന്നതിനുള്ള എന്റെ ആഗ്രഹം കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ സഹായമെത്രാനെ ഞാനറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, എന്റെ ഇടവകയായ ഏറ്റുമാനൂര്‍ പള്ളിയിലെ എന്റെ കുടുംബകല്ലറയിലേയ്ക്ക് ലൌലിയുടെ ഭൌതികാവശിഷ്ടങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷ അവളുടെ ഭര്‍ത്താവും രണ്ടു മക്കളും ഞാനും ചേര്‍ന്ന് തയ്യാറാക്കി പേരൂര്‍ പള്ളിയിലെയും ഏറ്റുമാനൂര്‍ പള്ളിയിലെയും ബ: വികാരിമാരുടെ ശുപാര്‍ശയോടുകൂടി കോട്ടയം അതിരൂപതയുടെ ബ: ബിഷപ്പിന് സമര്‍പ്പിച്ചു. എന്നാല്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് അദ്ദേഹത്തില്‍നിന്നുണ്ടായത്. എന്ന് മാത്രമല്ല, അദ്ദേഹത്തെ കണ്ടു ഈ വിഷയം സംസാരിക്കാന്‍ പോലും 27 വര്ഷം പള്ളിയിലെ അക്കൌണ്ടന്റയി സേവനം ചെയ്ത എന്നെ ഇന്നുവരെ അനുവദിച്ചിട്ടില്ല.
![]() |
അന്തരിച്ച ലൌലി |
ഒരു സിമിത്തേരിയില്‍ അടക്കം ചെയ്ത ശരീരം മറ്റൊരു സിമിത്തേരിയിലെയ്ക്ക് മാറ്റാന്‍ നിയമതടസ്സമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതുപോലുള്ള പല സംഭവങ്ങള്‍ നമ്മുടെ അതിരൂപതയില്‍ നടന്നിട്ടുണ്ടെന്നും ആറു വര്ഷം മുമ്പ് ഇതേ ബിഷപ്പിന്റെ ഓഫീസില്‍ നിന്നുള്ള ഓര്‍ഡറനുസരിച്ചു ഇതേ പള്ളിയിലെ കല്ലറയില്‍ തന്നെ അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന ഭൌതികാവശിഷ്ടം അടക്കം ചെയ്ത വിവരം ഓര്‍മ്മിപ്പിച്ചപ്പോഴും അദ്ദേഹം എന്റെ ആവശ്യം അംഗീകരിക്കാന്‍ സാധ്യമല്ല എന്നുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നോടുള്ള വ്യക്തിവൈരാഗ്യം മാത്രമാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാണ്. മറ്റുള്ളവര്‍ക്ക് അനുവധിച്ചുകൊടുക്കുന്ന രീതി എനിക്ക് മാത്രം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
പ്രശ്നം പരിഹരിക്കപ്പെടാതെ വന്നപ്പോള്‍ ബ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ ഉള്‍പ്പെടുത്തി ഞാന്‍ അദ്ദേഹത്തിന് നല്‍കിയ പരാതി അദ്ദേഹം മേല്നടപടികള്‍ക്കായി ബ: കോട്ടയം ജില്ല കലക്ടര്‍ക്ക് അയച്ചുകൊടുത്തത് ഇപ്പോള്‍ ബ: കോട്ടയം RDO-യുടെ പരിഗണനയിലാണ്.
കൈപ്പുഴ സ്കൂളിലെ നിയമനസമയത്ത് അഞ്ചു വര്‍ഷത്തേയ്ക്കുള്ള ഡെപ്പോസിറ്റ് എന്ന പേരില്‍ ലൌലിയോട് ബിഷപ്പ് വാങ്ങിയ ഒരു ലക്ഷം രൂപ, ലൌലിയുടെ മരണശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരികെതരാന്‍ അദ്ദേഹം വിസ്സമ്മതിക്കുകയാണ്. എല്ലാവര്ക്കും മാതൃകയായിരിക്കുകയും പരമാവധി സഹായസഹകരണങ്ങള്‍ അജഗണങ്ങള്‍ക്ക് ചെയ്തുകൊടുക്കുകയും ചെയ്യാന്‍ കടമയുള്ള ബിഷപ്പ് സ്വന്തം സമുദായംഗങ്ങളെപ്പോലും ശത്രുക്കളായിക്കണ്ട് ദ്രോഹം തുടരുന്നത് ക്രൂരവിനോദം തന്നെയാണ്. ആരെയും ദ്രോഹിക്കാതെയും, ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയും മുന്‍കീഴ്വഴക്കമനുസരിച്ച് തന്നെ അനുവദിക്കാവുന്ന ഈ പ്രശത്തിന്റെ പേരില്‍ സഭാധികാരികള്‍ സ്വീകരിച്ചിരിക്കുന്ന ഇത്തരം ദ്രോഹനടപടികളില്‍ എനിക്ക് അതിയായ വേദനയുണ്ട്.
T.O. സൈമണ്‍ പറമ്പേട്ട്
Parampettu House
Klamattam, Ettumanoor P.O.
No comments:
Post a Comment