Friday, September 7, 2012

വൈദികശാപവും ബൈബിള്‍ പറയുന്നതും

പല വിശ്വാസികളുടെയും സംസാരത്തില്‍, വൈദികരോട് കളിക്കരുത്; അവര്‍ എന്ത് കുറ്റം ചെയ്താലും വിമര്‍ശിക്കരുത് – കാരണം അവര്‍ ശപിച്ചാല്‍ പിന്നെ ശപിക്കപ്പെട്ടവനോ, അവന്റെ കുടുംബത്തിനോ രക്ഷയില്ല എന്നൊക്കെ കേള്‍ക്കാറുണ്ട്.  പള്ളിപ്രസംഗങ്ങളിലും ധ്യാനപ്രസംഗങ്ങളിലും ഇത് പ്രത്യക്ഷമായും പരോഷമായും പറഞ്ഞു ഫലിപ്പിക്കാറുമുണ്ട്.

എന്താണ് സത്യം? സംശയം വരുമ്പോള്‍ സംശയനിവാരണത്തിന് ഒരു ക്രിസ്ത്യാനി ബൈബിളിനെ ആണല്ലോ ആശ്രയിക്കേണ്ടത്. ഇക്കാര്യത്തില്‍ ബൈബിളിലെ നിലപാടെന്താണ്?

ഇതാ ബൈബിളില്‍ നിന്ന് ഒരു ഭാഗം ( പ്രഭാഷകന് 4: 5-6 )

"കഷ്ടതയനുഭവിക്കുന്ന ശരണാര്‍ഥിയെ നിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്. ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്; നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്. എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍സ്രഷ്ടാവ് അതു കൈക്കൊള്ളും."

കുറെ നാള്‍ മുമ്പ്‌ കേട്ട ഒരു കാര്യം ഓര്‍മ്മ വന്നു.

ഗള്‍ഫില്‍ എവിടെയോ കഴിഞ്ഞിരുന്ന ഒരു കുടുംബം. പിന്നീട് അവര്‍ ഒരു പാശ്ചാത്യ രാജ്യത്തേയ്ക്ക് കുടിയേറി. കുട്ടികള്‍ ജനിച്ചത്‌ ഗള്‍ഫില്‍ ആയിരുന്നപ്പോള്‍. അവിടെ വച്ചോ, പുതിയ രാജ്യത്ത്  വച്ചോ മക്കളെ മലയാളം പറയിപ്പിച്ചില്ല (അത് ശരിയോ തെറ്റോ എന്ന കാര്യം ഇവിടെ വിഷയമാക്കുന്നില്ല). അതില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനു നാട്ടില്‍ ചെന്ന്. സ്വന്തം (ക്നാനായ) ഇടവകയിലെ വൈദികനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. യാതൊരു പ്രശ്നവും ഇല്ല; ഒരു കണ്ടീഷന്‍ മാത്രം. എന്നാ കോഴ്സ് ചെയ്തു എന്നും പറഞ്ഞിട്ട് കാര്യമില്ല, അച്ചന് വേദപാഠം ചൊല്ലി കേള്‍ക്കണം. വീട്ടുകാര്‍ക്ക് സമ്മതം. ഒരൊറ്റ പ്രശ്നം. “വേദപാഠം ഇംഗ്ലീഷില്‍ ചൊല്ലിയാല്‍ മതിയല്ലോ.”

അവിടെ ആരംഭിച്ചു പ്രശ്നങ്ങള്‍ -

“അത് പോരാ. എനിക്ക് മലയാളത്തില്‍ തന്നെ കേള്‍ക്കണം.”

“അയ്യോ അച്ചാ, അങ്ങനെ പറയരുത്; മോള്‍ക്ക്‌ മലയാളം അറിയില്ല.”

“അതെന്റെ കുറ്റമാണോ? കുറി വേണോ, മലയാളത്തില്‍ വേദപാഠം ചൊല്ലി കേള്‍ക്കണം.”

വീട്ടുകാര്‍ അരമനയില്‍ പരാതിപ്പെടുന്നതിനെക്കുറിച്ചു ആലോചിച്ചു. വിവരമുള്ളവര്‍ പറഞ്ഞു കൊടുത്തു – പരാതി കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അരമനക്കാര്‍ അച്ചനെ ന്യായീകരിക്കും. താഴെയുള്ള പിള്ളേരുടെ കല്യാണം വരുമ്പോള്‍ ഇതില്‍ കൂടുതല്‍ പ്രശ്നമാകും.

ആ കുടുംബം ഇടവക വികാരിയെ എത്രമാത്രം ഉള്ളുരുകി ശപിച്ചു കാണും! 

പള്ളിയുമായും വൈദികരുമായും ഇടപഴകേണ്ടി വന്നവരില്‍ ഭൂരിഭാഗം ആളുകളും – മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍, കല്യാണക്കുറി ലഭിക്കാന്‍, സ്കൂളില്‍ ഒരു അഡ്മിഷന്‍ കിട്ടാന്‍, അങ്ങിനെ പല പല കാര്യങ്ങള്‍ക്കും - വൈദികരെയോ അരമനയെയോ സമീപിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തിക്താനുഭവങ്ങള്‍ എത്രയാണെന്ന് അനുഭവസ്ഥര്‍ക്ക് അറിയാവുന്നതാണല്ലോ.

അങ്ങനെ നോക്കിയാല്‍ നമ്മുടെ വൈദികര്‍ എത്ര മാത്രം ശാപം തലയില്‍ കൊണ്ടുനടക്കുന്നു! എത്ര ടണ്‍ ശാപവുമായാണ് അവര്‍ ജീവിതത്തിന്റെ സായാഹ്ന വേളയില്‍ വിയാനി ഹോമിലേയ്ക്ക് യാത്രയാകുന്നത്!

ദൈവമേ, ക്രിസ്തീയതയുടെ കാരുണ്യം അല്പം പോലും ഇല്ലാതെ, വിശ്വാസികളുടെ ശാപവും പേറി നടക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വൈദികരെ കാത്തുകൊള്ളേണമേ!


വാല്‍ക്കക്ഷണം:


“നിനക്കു ചെയ്യാന്‍ കഴിവുള്ള നന്‍മ, അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്.”

സുഭാഷിതങ്ങള്‍ 3: 27  

No comments:

Post a Comment