Wednesday, September 26, 2012

ഫാ. ജോബ്‌ ചിറ്റിലപ്പള്ളിയും സിസ്റര്‍ അഭയയും പിന്നെ സിബിഐയും


ഫാദര്‍ ജോബ് ചിറ്റിലപ്പള്ളി വധക്കേസിലെ പ്രതി, ചാലക്കുടി സ്വദേശി രഘുവിന് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു.

ചാലക്കുടി തുരുത്തിപ്പറമ്പ് സഹായമാതാ പള്ളിവികാരിയായിരുന്ന ഫാ. ജോബ് ചിറ്റിലപ്പള്ളി 2004 ആഗസ്ത് 28-നാണ് കുത്തേറ്റു മരിച്ചത്. തെളിവുകളില്‍നിന്ന് പ്രതി രഘുവിനെതിരായ കുറ്റം സംശയാതീതമായി തെളിയുന്നുണ്ടെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ പറഞ്ഞു.

പ്രതിയായ രഘു പരിസരവാസിയായിരുന്നു. വികാരിയായ ചിറ്റിലപ്പള്ളിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പ്രതിക്ക് ക്രിസ്ത്യന്‍വിരുദ്ധ വികാരമുണ്ടായിരുന്നു.  ഫാ. ജോബിനു മുമ്പുള്ള വികാരിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ. അനില്‍കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. രഘുവിനെ കൂടാതെ മറ്റു ചിലര്‍ കൂടി കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി ആരോപണമുയര്‍ന്നിരുന്നു. അതേത്തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

കാരണങ്ങള്‍ സ്ഥാപിക്കാന്‍ സിബിഐക്ക് കഴിഞ്ഞുവെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞു.

സന്തോഷം; കുറ്റകൃത്യങ്ങളെയാണ് കുറ്റവാളികളെയല്ല വെറുക്കേണ്ടത് എന്നിരിന്നാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.

നിയമവ്യവസ്ഥ നീണാള്‍ വാഴട്ടെ.

ഒരു പുരോഹിതനെ മൃഗീയമായി കൊലചെയ്ത കുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും, ശിക്ഷിക്കാനും സാധിച്ചത് വളരെ നല്ല കാര്യമാണ്. ഇത് കോടതിയുടെ മാത്രമല്ല കുറ്റാന്വേക്ഷണ ഏജന്സിയുടേയും വിശ്വാസ്യത സ്ഥിരീകരിക്കുന്നു.

വൈദികന്റെ കൊലപാതകി ശിക്ഷിക്കപ്പെട്ടതില്‍ സന്തോക്ഷിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ ചില ആത്മപരിശോധനയ്ക്ക് കൂടി ഒരുങ്ങേണ്ടതുണ്ട്.

നൂറ്റാണ്ടുകളായി മതസൌഹാര്‍ദ്ദത്തിന്റെ സുഖത്തില്‍ ജീവിച്ചു വന്നവരാണ് മലയാളിസമൂഹം. എന്തുകൊണ്ട് ഇന്ന് ഒരാള്‍ക്ക്‌ ക്രിസ്ത്യാനികളോടും, ക്രൈസ്തവപുരോഹിതരോടും ഇത്ര കടുത്ത വൈരാഗ്യം തോന്നുന്നു? ഇതില്‍ നമ്മുടെ എന്തെങ്കിലും തെറ്റുണ്ടോ, എന്തെങ്കിലും തിരുത്തലുകളുടെ ആവശ്യമുണ്ടോ?

ചിന്തിക്കാവുന്നതാണ്, ചിന്തിക്കേണ്ടതാണ്.

മറ്റൊന്ന്. ഏതാണ്ട് നാല് വര്ഷം മുമ്പ് നമ്മില്‍ പലരും പറഞ്ഞു പരത്തി: സിബിഐ വേസ്റ്റാണ്. ചരിത്രത്തില്‍ ഇതുവരെ അവര്‍ ഒരൊറ്റ കൊലപാതകകേസ് പോലും തെളിയിച്ചിട്ടില്ല. അത്രയും ബഹളം നമ്മള്‍, ക്നാനയക്കാര്‍ വച്ചിട്ടും, ഇന്നും പ്രമാദമായ ഒരു കേസ് ഉണ്ടായാല്‍ ജനം സിബിഐയ്ക്ക് വിട്ടു കൊടുക്കണം എന്ന് മുറവിളി കൂട്ടുന്നു. ഈ കേസിലെങ്കിലും കുറ്റവാളി ശിക്ഷിക്കപ്പെട്ടു. കോടതി അവരെ പ്രശംസിക്കുകയും ചെയ്തു.

നമ്മള്‍ വികാരാവേശത്തില്‍ സിബിഐയെ കുറ്റം പറഞ്ഞു പോയതായിരിക്കും. ഏതായാലും അത് അത്ര സത്യസന്ധമായ ഒരു നിരീക്ഷണമായിരുന്നില്ല.

സമുദായസ്നേഹിയാകാന്‍ സത്യസന്ധത കൈവെടിയെണ്ടതില്ല.

ഫാ. ജോബ്‌ ചിറ്റിലപ്പള്ളിയുടെയും സിസ്റര്‍ അഭയയുടെയും ആത്മാവിനു നിത്യശാന്തി.

അലക്സ്‌ കണിയാംപറമ്പില്‍

No comments:

Post a Comment