കേരളത്തിലെ വ്യവസായ സാദ്ധ്യതകള്‍ തിരിച്ചറിയുന്നതില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്ക് കുറച്ചു കൂടി കഴിവും താല്പര്യവും ഉണ്ട്. ഭക്തി വ്യവസായത്തിലും അവര്‍ മുന്നിലാണ്. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പുറംകരാര്‍ ജോലികളുടെ കാര്യത്തില്‍ കേരളം പുറകിലാണെങ്കിലും പ്രാര്‍ത്ഥനയുടെ പുറംകരാര്‍ പണിയില്‍ നമ്മള് വളരെ മുന്നിലാണത്രെ. പ്രാര്‍ത്ഥനയുടെ സമയത്തിന്റെ 'വില' വര്‍ധിച്ചപ്പോള്‍, പ്രാര്‍ത്ഥനയുടെ ഇടനിലക്കാരന്‍പണി അത്ര ആകര്ഷകമല്ലതയായി. ഈ അവസരത്തിലാണ് പാശ്ചാത്യർ മറ്റു രാജ്യക്കാരെ അന്വേഷിച്ചു തുടങ്ങിയത്.
(സ്റ്റീഫന്‍ തോട്ടനാനിയുടെ “ഞാനില്ലാതെ ലോകം” എന്ന ലേഖനത്തിന് കമന്റ് ആയി ലഭിച്ചതാണ് ഇത്. കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു – Administrator)
ഈ അവസരം മലയാളി ശരിക്കും ഉപയോഗിച്ചു. അവിടെ പോയി ഇടനിലക്കാരന്‍പണി ചെയ്യുക, ഇവിടുത്തെ പ്രാര്‍ത്ഥനകള്‍ക്ക് അവിടെ പണം വാങ്ങുക, തുടങ്ങി ലാഭകരമായ ധാരാളം കരാര്അവസരങ്ങള് കിട്ടിതുടങ്ങി.
ഈ അടുത്തകാലത്ത് ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയ ഒരു കുറിപ്പ് പ്രകാരം, ബിഷപ്പിനെ സ്വാധീനിച്ചു പുറത്തെ പള്ളിസര്വകലാശാലയില് നിന്ന് ഒരു ഫെല്ലോഷിപ്പ് സംഘടിപ്പിച്ചു വിദേശത്ത് പോയി അവിടെ പ്രാര്‍ത്ഥന നടത്തി നല്ല വരുമാനം ഉണ്ടാക്കുന്ന 'അച്ചന്മാര്' ഉണ്ടത്രേ. ആരാണ് പറഞ്ഞത് മലയാളിക്ക് വ്യവസായം തുടങ്ങാനുള്ള കഴിവില്ല എന്ന്?
കന്യാസ്ത്രീ ആകാന്‍ പാശ്ചാത്യസ്ത്രീകള്‍ തയ്യാറാകാതെ വന്നപ്പോള്‍ ആ അവസരവും മലയാളി ഉപയോഗിച്ചു. നേഴ്സ്, ഹോംനേഴ്സ് തുടങ്ങിയ സേവനങ്ങള്‍ പാശ്ചാത്യര്‍ക്ക് നല്കി വരുമാനം ഉണ്ടാക്കുന്നതില്‍ നമ്മള് വളരെ മുന്നില്‍ ആണ്. ഇതില്‍ നിര്‍ണായകമായത് നമുക്ക് ദൈവവ്യവസായത്തിലുള്ള പരിചയം തന്നെ.
ഇത് വായിക്കുമ്പോള്‍ ഈ ലേഖനം ദൈവവിശ്വാസത്തിനു എതിരാണെന്നോ ലേഖകന്‍ ഒരു നിരീശ്വരവാദിയാണെന്നോ കരുതിയാല്‍ തെറ്റി. ഞാനും പള്ളിയിൽ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. മറ്റുള്ളവരുടെ ദൈവവിശ്വാസത്തെ സ്വന്തം സാമ്പത്തികവരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണം ആക്കുന്നതില്‍ മലയാളി മുന്നിലാണ് എന്ന് മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളും ( അത് പ്രണയമോ ദൈവവിശ്വാസമോ ഒക്കെയാവാം ) വാണിജ്യവല്‍ക്കരണം എന്ന പ്രതിഭാസത്തില്‍ പെട്ടുപോകും. നമ്മള് ഇടക്കൊക്കെ കച്ചവടതാല്പര്യതിനെതിരെ സംസാരിക്കുമെന്ന് മാത്രമേയുള്ളു.
ദൈവ വിശ്വാസവും സാമ്പത്തിക പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം കൌതുകകരമാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യവും ദൈവ വിശ്വാസവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല. കാരണം നല്ലൊരു വിഭാഗം ജനങ്ങളും ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്തുന്നത്, ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ചിട്ടേ അല്ല.
മറിച്ച് തങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ ശ്രമങ്ങളില്‍ ഒന്ന് മാത്രമായി പ്രാര്‍ത്ഥനയും മാറുന്നുവെന്നേ ഉള്ളു. ജീവിതത്തില്‍ നാം ഏറെ അനിശ്ചിതത്വം നേരിടുന്നു. ഭാവി ശരിയായിരിക്കാന്‍,ദോഷകരമല്ലാതെയാവാന് നാം പലതും ചെയുന്നു; കൂട്ടത്തില്‍ ഗണപതിക്ക് തേങ്ങയും ഉടക്കുന്നു. ഇക്കാര്യത്തില്‍ കിഴിവിലത്തെ ബേബിക്കുട്ടിയെ കണ്ടാല്‍ ശരിയാകുമെങ്കില്‍ നമ്മള് അതും ചെയും. സാമ്പത്തികവളര്‍ച്ചയുടെ ഭാഗമായി ഭാവിയിലെ അനിശ്ചിതത്വം വര്‍ധിക്കും. അപ്പോള്‍ ദൈവവിശ്വാസം കൂടാനും സാധ്യതയുണ്ട്. ചൈനയില്‍ കാണുന്ന പ്രതിഭാസം ഇതാണ്.
ഏതെല്ലാം കാര്യങ്ങളില്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കണം എന്ന കാര്യത്തില്‍ സാമൂഹ്യസാമ്പത്തികകാര്യങ്ങള്ക്കും ഒരു പങ്കുണ്ട്. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഭാരമായി കണക്കാക്കുന്ന സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഉള്ള അമ്മ ഇനി പെണ്‍കുട്ടി വേണ്ട ആണ്‍കുട്ടി മതി എന്ന് പ്രാര്‍ത്ഥിക്കും. എന്നാല്‍ ആണ്-പെണ് വ്യതാസമില്ലാതെ കുട്ടികള്‍ക്ക് വളരാന്‍ പറ്റുന്ന സാമൂഹ്യസാമ്പത്തികസാഹചര്യം ഉള്ളപ്പോള്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥനയുടെ ആവശ്യമില്ല. വളര്‍ച്ച കൈവരിച്ച സമ്പദ്വ്യവസ്ഥയില് സാമൂഹ്യസുരക്ഷിത സംവിധാനങ്ങളും മറ്റും വികസിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന കുറയും. (കുറേക്കൂടി ആഴത്തിലുള്ള അസ്തിത്വ പ്രശ്നങ്ങള്‍ ഉണ്ടാകാം, അതിനായി പ്രാര്‍ത്ഥനയും മറ്റു ആത്മീയ പ്രവര്‍ത്തനങ്ങളും ഉണ്ടായേക്കാം.)
അടുക്കളപ്പൂച്ച
No comments:
Post a Comment