Monday, September 3, 2012

കാരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് നിയന്ത്രണം

അത്ഭുത രോഗശാന്തിയോട് സഭാനേതൃത്വത്തിന് സംശയം; കാരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും

രണ്ടു പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ കത്തോലിക്ക വിശ്വാസികളെ ഏറെ സ്വാധീനിക്കുന്ന കരിസ്മാറ്റിക് നവീകരണ ധ്യാനത്തിനു സഭാ നേതൃത്വം നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. അത്ഭുത രോഗ ശാന്തിയും സാക്ഷ്യം പറച്ചിലും പലതും വ്യാജമാണെന്നും അതു യഥാര്‍ത്ഥ വിശ്വാസത്തെ ഇല്ലാതാക്കുന്നുവെന്നും സഭാ നേതൃത്വം തിരിച്ചറിഞ്ഞതായാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന മെത്രാന്മാരുടെ സിനഡില്‍ ഈ വിഷയം ചൂടുള്ള ചര്‍ച്ചയ്ക്ക് കാരണമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കരിസ്മാറ്റിക് ധ്യാനങ്ങളും സാക്ഷ്യം പറച്ചിലും അത്ഭുത രോഗശാന്തിയും ഇന്ന് കേരളത്തില്‍ എങ്ങും വ്യാപകമാണ്. നിരവധി സഭാ വിശ്വാസികളാണ് കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കുകൊള്ളുന്നത്. എന്നാല്‍ ഇതു വ്യാജമാണോ എന്ന സംശയം സഭാ നേതൃത്വത്തില്‍ മുറുകിയിരിക്കുകയാണ്. ഇത് വിശ്വാസികള്‍ക്കിടയില്‍ അബദ്ധ വിശ്വാസങ്ങള്‍ പ്രചരിക്കുന്നതിനു കാരണമാകുന്നു എന്നാണ് ആരോപണം. കരിസ്മാറ്റിക് ധ്യാനം വിശ്വാസ ജീവിതത്തിന് ഉണര്‍വ്വുണ്ടാക്കാന്‍ സഹായകമായെങ്കിലും അബദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നതു തടയുന്നതിനു മാര്‍ഗ്ഗം കൈക്കൊള്ളണമെന്നാണ് സഭാ സിനഡ് നിര്‍ദേശം. അതുകൊണ്ട് തന്നെ കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്ക് ഉടന്‍ നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ ഇതേ കുറിച്ച് ചര്‍ച്ച ചെയ്തു നടപടി എടുക്കാന്‍ സിറോ മലബാര്‍ രൂപതകളിലെ ധ്യാനകേന്ദ്രങ്ങളുടെ മേലധികാരികളുടെയും ഡയറക്ടര്‍മാരുടെയും യോഗം ഉടന്‍ ചേരും. ഓഗസ്റ്റ് 20 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവന്ന സിനഡ് ശനിയാഴ്ചയാണ് സമാപിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിനഡില്‍ 42 മെത്രാന്മാര്‍ പങ്കെടുത്തു.

സഭയെയും സമൂഹത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്തു. സമ്മേളനത്തില്‍ പ്രവാസികളായ സഭാഗംങ്ങള്‍ക്ക് അജപാലന ശുശ്രൂഷ നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനെപ്പറ്റി ആലോചനകളും നടന്നു. ഇതിനകം പല വിദേശ രാജ്യങ്ങളിലും സീറോ മലബാര്‍ വൈദികരുടെ ശുശ്രൂഷ കുറച്ചെങ്കിലും ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ സിനഡ് സംതൃപ്തി പ്രകടിപ്പിച്ചു. അല്മായ കമ്മീഷന്‍ നിര്‍വഹിക്കുന്ന സേവനം വ്യാപിപ്പിക്കാനും എല്ലാ രൂപതകളിലും അല്മായ കമ്മീഷന്റെ ഓഫീസ് തുടങ്ങാനും സിനഡില്‍ തീരുമാനമായി.

അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എകെസിസി) ശാഖകള്‍ കഴിയുന്നിടത്തോളം ഇടവകകളില്‍ സ്ഥാപിക്കാനും യുവജനങ്ങള്‍ക്കു സഭാത്മകമായ പരിശീലനം നല്കാനും സിനഡ് തീരുമാനിക്കുകയും അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ പരിഷ്‌കരിച്ച നിയമാവലിക്കു താല്‍കാലിക അംഗീകാരം നല്‍കുകയും ചെയ്തു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതും മൂല്യാധിഷ്ഠിതവും നീതി പുലര്‍ത്തുന്നവയും ആയിരിക്കണമെന്നു സിനഡ് നിര്‍ദേശിച്ചു.

No comments:

Post a Comment