എന്റെ പൊന്നേ! നീ ചതിക്കുമോ
(കടപ്പാട്: ലേഖനത്തിന്: കേരളകൗമുദി ആഴ്ചപ്പതിപ്പ്, ചിത്രം: ജോസ്കോ)
എങ്കിലും എന്റെ പൊന്നേ!. ശരാശരി മലയാളിയുടെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട് സ്വര്‍ണവില മുകളിലേക്ക് കുതിച്ചുയരുമ്പോള്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും. റോക്കറ്റ് പോലെ കുതിക്കുന്ന സ്വര്‍ണവില കണ്ട് കണ്ണും തള്ളിയിരിപ്പാണ് മലയാളികള്‍. പത്ത് വര്‍ഷം മുന്പ് പവന് നാലായിരം രൂപയായിരുന്നു വിലയെങ്കില്‍ ഇന്ന് ഒരു പവന്‍ കിട്ടണമെങ്കില്‍ പണിക്കൂലിയടക്കം ഇരുപത്തയ്യായിരമോ, ഇരുപത്തിയാറായിരമോ എണ്ണികൊടുക്കണം. ഫാഷനും വ്യത്യസ്തതയും വേണമെങ്കില്‍ പണിക്കൂലിയടക്കം ഇരുപത്തിയാറായിരമോ, ഇരുപത്തി ഏഴായിരമോ എണ്ണികൊടുക്കണം. വിവാഹക്കന്‌പോളത്തില്‍ പെണ്ണിന്റെ വില നിശ്ചയിക്കുന്നതും സ്വര്‍ണത്തിന്റെ തൂക്കത്തിലാണ്. കാശുള്ളവര്‍ വിവാഹങ്ങള്‍ക്ക് നൂറും നൂറ്റന്‍പതും പവന്‍ ആഭരണങ്ങളണിയിച്ച് മകളെ അണിയിച്ചൊരുക്കുമ്പോള്‍ ഇടത്തരം കുടുംബക്കാരാണ് നെട്ടോട്ടമോടുന്നത്.
കൊതിപ്പിക്കും മഞ്ഞലോഹം
ഒരു കുഞ്ഞ് ജനിക്കുന്നത് തൊട്ട് തുടങ്ങുന്നു മലയാളിയുടെ സ്വര്‍ണം വാങ്ങല്‍. തേനും വയന്പിനുമൊപ്പം പൊന്നരച്ച് കുഞ്ഞുങ്ങളുടെ നാവില്‍ തേക്കുന്നതു മുതല്‍ കുഞ്ഞിന്റെ ചരടുകെട്ടിനും ജന്മദിനത്തിനും എന്നു വേണ്ട ആകെക്കൂടി പിന്നങ്ങോട്ട് ജീവിതം സ്വര്‍ണമയം തന്നെ. സ്വര്‍ണം അണിയുകയോ, സമ്മാനമായി നല്‍കുകയോ ചെയ്യാത്ത ഒരു ആഘോഷവും മലയാളിക്ക് ഇന്നില്ല. അതുകൊണ്ടാണല്ലേ ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ സംസ്ഥാനമായി കേരളം മാറിയതും.
വിലയോ, നോ ടെന്‍ഷന്‍
സ്വര്‍ണത്തിന് വില കൂടിയെങ്കിലും സ്വര്‍ണ വില്‍പ്പനയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന വിവാഹസീസണ് മുമ്പേ സ്വര്‍ണം വാങ്ങി ശേഖരിച്ചുവയ്ക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. സ്വര്‍ണത്തിന്റെ വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഇനിയും കൂടുമോ എന്ന ആധിയാണ് സ്വര്‍ണം വാങ്ങി ശേഖരിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. സ്വര്‍ണവില മാത്രമല്ല, അതിന്റെ പണിക്കൂലി കൂടി ചേരുമ്പോള്‍ തുക വീണ്ടും ഉയരും. ശതമാനക്കണക്കിലാണ് പണിക്കൂലി. അത് അഞ്ച് ശതമാനം മുതല്‍ പണിത്തരത്തിന്റെ വ്യത്യാസം അനുസരിച്ച് ഇരുപത്തിയഞ്ച് ശതമാനം വരെയാകാം. ഓരോ ജ്വല്ലറിയിലും ഇത് വ്യത്യസ്തമായിരിക്കും.
സ്വര്‍ണവിലയിപ്പോള്‍ ഇരുപത്തിയയ്യായിരം കടന്നെങ്കിലും വില്‍പ്പനയില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ലെന്നാണ് തിരുവനന്തപുരം ഭീമ ജ്വല്ലറിയിലെ ജനറല്‍ മാനേജര്‍ സുരേഷ് പറയുന്നത്. വിവാഹത്തിനായി സ്വര്‍ണം എടുക്കാന്‍ വരുന്നവരാണ് കൂടുതലും. ഒരു മാസം മുന്‍പേ അഡ്വാന്‍സ് ബുക്ക് ചെയ്ത് സ്വര്‍ണം വാങ്ങുന്നവരുടെയും, നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെയും എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വില്‍പ്പനയില്‍ കാര്യമായ കുറവ് വന്നിട്ടില്ലെങ്കിലും വിവാഹാവശ്യത്തിനായി 100 പവനൊക്കെ വാങ്ങാന്‍ വന്നിരുന്നവര്‍ അത് 80 പവനൊക്കെയായി കുറച്ചിട്ടുണ്ടെന്ന് തിരുവനന്തപുരത്തെ മലബാര്‍ ഗോള്‍ഡ് ഷോറൂം മാനേജര്‍ ലിജിന്‍ പറയുന്നു. മുന്പ് 100 പവന്‍ വാങ്ങിയിരുന്ന സ്ഥാനത്ത് ഇന്ന് അതേ ക്യാഷിന് അത്രയും സ്വര്‍ണം കിട്ടില്ല. സ്വര്‍ണത്തിന് വില കൂടിയതോടെ പ്‌ളാറ്റിനത്തിലേക്കും ഡയമണ്ടിലേക്കും തിരിയുന്നവരും കുറവല്ല. മുന്‍പ് ഡയമണ്ടിന്റെ വില സാധാരണക്കാരന് താങ്ങാവുന്നതല്ലായിരുന്നു. ഇന്ന് ഒരു പവന്റെ വിലയ്ക്ക് ഒരു ഡയമണ്ട് റിംഗ് വാങ്ങാന്‍ കിട്ടുമെന്നുള്ളതും ആള്‍ക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
സ്വര്‍ണം അണിയാന്‍
വില കൂടിയ ഈ സമയത്തും സ്വര്‍ണം ആഭരണമായി അണിയാന്‍ തന്നെ വാങ്ങുന്നവരാണ് കൂടുതലുമെന്ന് മിക്ക കടക്കാരും പറയുന്നു. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ കൂടുന്നുണ്ടെങ്കിലും സ്വര്‍ണം ആഭരണമായി അണിയാന്‍ തന്നെയാണ് കൂടുതല്‍ ആള്‍ക്കാരും ഇഷ്ടപ്പെടുന്നത്, പ്രത്യേകിച്ച് സാധാരണക്കാര്‍. ഗോള്‍ഡ് കോയിനോ ഗോള്‍ഡ് ബാറോ വാങ്ങി ലോക്കറില്‍ സൂക്ഷിക്കുന്നതിന് ഇടത്തരക്കാരായ കസ്റ്റമേഴ്‌സിന് താലപര്യം ഇല്ല. അവരെ സംബന്ധിച്ച് സ്വര്‍ണം കയ്യിലുള്ള പണം തന്നെയാണ്, വിറ്റാലും പണയം വെച്ചാലും അത് ക്യാഷ് ഉറപ്പ് നല്‍കുന്നുണ്ടെന്നതും സാധാരണക്കാരെ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ അഞ്ചോ പത്തോ പവന്‍ വാങ്ങിയിരുന്ന സ്ഥാനത്ത് ഇന്ന് അതേ വിലയ്ക്ക് അത്രയും സ്വര്‍ണം കിട്ടില്ലായെന്നുള്ളതും സാധാരണക്കാര്‍ക്കൊരു തിരിച്ചടിയാണ്.
നിക്ഷേപമെന്ന നിലയില്‍
സ്വര്‍ണം ഒരു നല്ല നിക്ഷേപമാണെന്ന് ഇതിനകം ആളുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്വര്‍ണം ഗോള്‍ഡ് കോയിനോ ഗോള്‍ഡ് ബാറോ ആയി വാങ്ങി സൂക്ഷിക്കുന്‌പോള്‍ പണിക്കൂലി ഇനത്തില്‍ കസ്റ്റമര്‍ക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. സ്വര്‍ണം ആഭരണമായി വാങ്ങുന്‌പോള്‍ പവന് പണിക്കൂലി ഇനത്തില്‍ നല്ല വില നല്‍കേണ്ടി വരുന്നു. പണിത്തരം കൂടുന്‌പോള്‍ വില അതിലും കൂടും. അതേ സമയം ഗോള്‍ഡ് കോയിനും ബാറുമാണെങ്കില്‍ ഈ പ്രശ്‌നം വരില്ല. വില കൂടുന്നതിനനുസരിച്ച് വില്‍ക്കുന്ന സമയത്ത് നല്ല ലാഭവും കിട്ടും. ഭാവിയില്‍ ഒരു കരുതല്‍ ധനമെന്ന പേരില്‍ സ്വര്‍ണം നിക്ഷേപമാക്കി സൂക്ഷിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണെന്ന് ഈ രംഗത്തെ വിദഗദ്ധരും വിലയിരുത്തുന്നു. ഇന്ന് പല ജ്വല്ലറികളിലും സ്വര്‍ണനിക്ഷേപ പദ്ധതികളുണ്ട്. നിശ്ചിത തുക ഈ സ്വര്‍ണനിക്ഷേപ സ്‌കീമിലേക്ക് അടച്ചാല്‍ അവര്‍ പറയുന്ന സമയപരിധിയില്‍ കാശടച്ച് കഴിയുന്‌പോള്‍ സ്‌കീമില്‍ ചേര്‍ന്ന തീയതിയിലുള്ള വിലയില്‍ സ്വര്‍ണ്ണം ലഭിക്കും.
സ്വര്‍ണം വാങ്ങുന്‌പോള്‍ ശ്രദ്ധിക്കാന്‍
1. ആഭരണങ്ങളുടെ ഡിസൈന്‍, മോഡല്‍ , വര്‍ക്കുകള്‍ ഇവയനുസരിച്ച് പണിക്കൂലിയും കൂടുമെന്നതിനാല്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു മുന്‍പേ പണിക്കൂലി എത്രയെന്ന് അന്വേഷിക്കുക.
2. ചെറിയ ചെറിയ ആഭരണങ്ങളായി വാങ്ങുന്നതിനു പകരം തൂക്കം കൂടുതലുള്ള ഒറ്റ ആഭരണമായി വാങ്ങുന്നതാവും പണിക്കൂലി ലാഭിക്കാന്‍ നല്ലത്.
3. വാങ്ങുന്ന ആഭരണങ്ങള്‍ക്ക് യാതൊരു കേടുപാടും ഇല്ലെന്ന് ഉറപ്പുവരുത്തുക. കേടുപാടുള്ള ആഭരണങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മാറ്റിയെടുക്കാനായില്ലെങ്കില്‍ വാങ്ങിയ ആഭരണം ഉപയോഗിച്ചതായാലും ഇല്ലെങ്കിലും റീസെയിലായി പരിഗണിക്കും.
4. ആഭരണങ്ങള്‍ വാങ്ങിയശേഷം കൃത്യമായ ബില്‍ വാങ്ങുകയും സൂക്ഷിക്കുകയും ചെയ്യുക. എപ്പോഴെങ്കിലും തിരികെ വില്‍ക്കേണ്ട സന്ദര്‍ഭം വന്നാല്‍ വാങ്ങിയ കടയില്‍ തന്നെ വില്‍ക്കാന്‍ ശ്രദ്ധിക്കുക.
5. പഴയ ആഭരണങ്ങള്‍ മാറ്റി പുതിയവ വാങ്ങുന്ന പ്രവണത കഴിവതും ഒഴിവാക്കുക.
ബോക്‌സ് ഗോള്‍ഡ്‌സ് ഓണ്‍ കണ്‍ട്രി
ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ നിന്ന് ഗോള്‍ഡ്‌സ് ഓണ്‍ കണ്‍ട്രിയിലേക്കാണ് കേരളത്തിന്റെ മാറ്റം. ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ സംസ്ഥാനം കേരളമാണത്രേ. പിന്നെയുമുണ്ട് സ്വര്‍ണ വിശേഷങ്ങള്‍, ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവുമധികം സ്വര്‍ണം സൂക്ഷിക്കുന്ന വീടുകള്‍ ഇന്ത്യയിലാണ്. 18,000 ടണ്‍ സ്വര്‍ണം ആഭരണരൂപത്തില്‍ വീടുകളിലിരിക്കുന്നു എന്ന് അവര്‍ പറയുന്നു. മാത്രമല്ല അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പതിനഞ്ചുകോടി വിവാഹം നടക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ മഞ്ഞലോഹം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അടുത്തിടെ ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.