Monday, February 20, 2012

മൂലക്കാട്ട് തിരുമേനിയ്ക്ക് സ്വീകരണം: അമേരിക്കന്‍ സ്റ്റൈല്‍


അമേരിക്കന്‍ ക്നാ എന്ന ഗൂഗിള്‍ ഗ്രൂപ്പ്‌ അംഗങ്ങള്‍ക്കയച്ച ഒരു മെയിലിന്റെ ഉള്ളടക്കം ചുവടെ ചേര്‍ക്കുന്നു.

ബഹുമാനപുരസ്സരം മൂലക്കാട്ട് തിരുമേനിയ്ക്ക്


പ്രിയപ്പെട്ട തിരുമേനി,

“രാജാവ് ഉടുക്കാകുണ്ടാനാണേ” എന്ന് വിളിച്ചു പറഞ്ഞ സ്പാനിഷ് പയ്യന് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല.  ആ പയ്യന്‍ മലയാളി കത്തോലിക്കനായിരുന്നു എന്നും, പറഞ്ഞത് ഒരു കത്തോലിക്കാ മെത്രാനെക്കുറിച്ചായിരുന്നു എന്നും  സങ്കല്പിക്കുക.  പയ്യനും പയ്യന്റെ കുടുംബവും തെമ്മടിക്കുഴിയില്‍ അടക്കപ്പെടുമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല.  ഇത്തരത്തില്‍ ഒരു സംസ്ക്കാരം നമ്മുടെ ഇടയിലുള്ളതുകൊണ്ട് ഞാന്‍ തിരുമേനിയ്ക്കെഴുതുന്ന ഈ കത്തില്‍ എന്റെ പേര് വയ്ക്കുന്നില്ല.  തിരുമേനി ക്ഷമിക്കണം.  ജീവിച്ചാല്‍ മാത്രം പോരല്ലോ, പ്രായം ചെന്ന മാതാപിതാക്കള്‍ തെമ്മാടിക്കുഴിയില്‍ കിടക്കേണ്ടി വരുന്ന അവസ്ഥ ഒരു മകനായ ഞാന്‍ ഉണ്ടാക്കരുതല്ലോ.

നമുക്ക് ചരിത്രത്തിന്റെ വഴിയെ അല്പം പിറകോട്ടു നടക്കാം. 

മലയാളി പൊതുവിലും, ക്നാനയക്കാര്‍ പ്രത്യേകിച്ചും ദരിദ്ര നാരായണന്മാരായി കഴിഞ്ഞിരുന്നപ്പോള്‍, നമ്മുടെ അച്ചന്മാര്‍ പ്രേതത്തെ പിടിച്ചും, ബാധ ഒഴിപ്പിച്ചും ചാഴിവിലക്കിയും ഒക്കെ അഭിനയിച്ചു കിട്ടുന്ന കാശ് കൊണ്ട് സുഖമായി ജീവിച്ചിരുന്നു. പറങ്കികള്‍ കൊണ്ടുവന്ന മെത്രാസനം, ഭദ്രാസനം, സിംഹാസനം, തുടങ്ങിയ പല ആസനങ്ങളുടെയും സുഖത്തില്‍, മര്ത്തോമയുടെ വഴികളും രീതികളും ഒക്കെ അവര്‍ പാടെ മറന്നു.

അങ്ങനെ ഇരുന്നപ്പോഴാണ്, മടിച്ചു മടിച്ചാണെങ്കിലും ഈസ്റ്റ്‌ ഇന്ത്യ കമ്പനി ബ്രിട്ടീഷ്‌ മിഷനറിമാര്‍ക്ക് ഇന്ത്യയില്‍ വരാന്‍ ഏതാണ്ട് ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അനുവാദം കൊടുത്തത്.  ആ പിശാചുക്കള്‍ വന്നതോടെ, കത്തോലിക്കാ വൈദികരുടെ നല്ലകാലം അവസാനിക്കാന്‍ തുടങ്ങി.  പാഷണ്ടത, ശീഷ്മ, പ്രോട്ടസ്ടന്ടു, തുടങ്ങിയ നമ്മുടെ കാരണവന്മാര്‍ക്ക് ഇന്നും പിടി കിട്ടാത്ത ചില വാക്കുകള്‍ ഉപയോഗിച്ച് അവരെ പ്രതിരോധിക്കാന്‍ നമ്മള്‍ ഒത്തിരി ശ്രമം നടത്തിനോക്കി.  പക്ഷെ, അവര്‍ കൊളോണിയല്‍ അധികൃതരുടെ സ്വന്തം ആള്‍ക്കാര്‍ ആയിരുന്നതിനാല്‍, നമ്മുടെ അഭ്യാസം അധികം ചെലവായില്ല.  അതിന്റെ ഫലമായി, ആ ദുഷ്ടന്മാര്‍ വിശുദ്ധ ബൈബിള്‍ മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്തു, സകല അണ്ടനെയും അടകോടനെയും എഴുതാനും വായിക്കാനും പഠിപ്പിച്ചു. നമ്മളെകൊണ്ട് ആവുന്ന തരത്തിലൊക്കെ ആ നീക്കത്തെ എതിര്‍ത്തു. മനുഷ്യന്‍ യാതൊരു കാരണവശാലും ഇംഗ്ലീഷ് പഠിക്കരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നതിനാല്‍, നമ്മള്‍ മാന്നാനത്ത് സംസ്കൃത പള്ളിക്കൂടം വരെ തുടങ്ങി.   പക്ഷെ വിധി നമുക്കെതിരായിരുന്നു. കത്തോലിക്കനും പതിയെ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങി.  അപ്പോഴും, നമ്മള്‍ ക്നാനയക്കാര്‍ നമ്മടെ ആണ്കുട്ടികളെങ്കിലും കൂടുതല്‍ പഠിക്കരുതെന്നു തീരുമാനിച്ചു. പെണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍ തുടങ്ങിയപ്പോള്‍, ആണ്‍കുട്ടികളുടെ വിധ്യാഭാസകാര്യം നാം മനപൂര്‍വം അവഗണിച്ചു.  അങ്ങിനെ നമ്മള്‍ ബി.സി.എം. കോളേജ് ആരംഭിച്ചു.  ആ ചാഴിക്കാടന്‍ ഇല്ലായിരുന്നെങ്കില്‍, നമ്മുടെ ആണ്‍കുട്ടികള്‍ ഇന്നും ഓട്ടോ ഓടിച്ചും, റബ്ബര്‍ വെട്ടിയും നടന്നോണ്ടേനെ. എല്ലാം വിധി.

നമ്മള്‍ മഠത്തില്‍ ചേര്‍ക്കാനായി പഠിപ്പിച്ച വളര്‍ത്തിയ നന്ദികെട്ട പെണ്‍കുട്ടികള്‍ കന്യസ്ത്രീകളാകാതെ നഴ്സിംഗ് പഠിച്ച് അമേരിക്കയില്‍ വന്നു കിടന്ഗൂരും, കൂടല്ലൂരും അരീക്കരയിലും ഒക്കെയുള്ള കലുങ്കേല്‍ കുത്തിയിരുന്നവനെയൊക്കെ കെട്ടി അമേരിക്കയില്‍ കൊണ്ടുവന്നു.

അവന്റെ അപ്പനും അപ്പാപ്പനും പണ്ട് അമേരിക്കയിലെ PL-480ക്കാര്‍ തന്ന പാല്‍പ്പൊടി കലക്കിയാണ് ചായയുടെ നിറം ആദ്യമായി മാറ്റിയത്.  അന്ന് അവര്‍ക്കൊക്കെ അതിന്റെ നന്ദി ഉണ്ടായിരുന്നു.  പിന്നെ വര്‍ത്തമാനം പറയാന്‍ അറിയാവുന്നവര്‍ക്ക് ആശുപത്രിയിലും, പള്ളിക്കൂടത്തിലും ഒക്കെ എന്തെങ്കിലും പണി കൊടുത്തു.  55 വയസ്സ് വരെ നടുവ് വളച്ച് നിന്ന അവരുടെ നടുവ് പിന്നീടൊരിക്കലും നിവര്‍ന്നില്ല.

അമേരിക്കയില്‍ വന്നവന്‍ അഹങ്കാരിയായി.  അവരില്‍ പലരും കൂടുതല്‍ പഠിച്ചു.  നാട്ടില്‍, മൃഗഡോക്ടറായി നടന്നവനൊക്കെ ഇവിടെ വന്നു കൂടുതല്‍ പഠിച്ചു കഴിഞ്ഞപ്പോള്‍, അച്ചന്മാരോട് തര്‍ക്കുത്തരം പറയാന് തുടങ്ങി.  അവന്റെ ഒക്കെ അഹങ്കാരമേ!  വൈദികശാപം എന്നൊക്കെ കേട്ടാല്‍, ഈ പുല്ലന്മാര്‍ക്ക് ചിരിയാണ്.

ഒന്നും പറഞ്ഞിട്ട് കാര്യമില്ല തിരുമേനി, കലികാല വൈഭവം എന്നല്ലാതെ എന്ത് പറയാന്‍!

ഓടിപ്പിടിച്ചു തിരുമേനി ഇങ്ങോട്ട് ഈ ആഴ്ച വരുന്നതെന്തിനാണെന്നു ഞാന്‍ അറിഞ്ഞു.  ഈ ഒരു കാര്യത്തില്‍ ഞാന്‍ വിധിയെ കുറ്റം പറയുകയില്ല.  ഇതിന്റെ പൂര്‍ണ ഉത്തരവാദി, മുത്ത്‌ എന്ന് ഇവിടത്തെ പിള്ളേര്‍ വിളിക്കുന്ന ആ മുത്തോലത്തച്ചന്‍ തന്നെയാ.  അങ്ങേരുടെ ചില കുഴികളില്‍ തിരുമേനി വല്ലാതെ വീണു പോയിട്ടില്ലേ എന്ന് എനിക്ക് മാത്രമല്ല തോന്നിയിട്ടുള്ളത്.  ഓരോ പള്ളികൂദാശയ്ക്കും, തിരുമേനി വന്നു, എന്തുകൊണ്ടും തിരുമേനിയുടെ മുറുക്കാന്‍ ചെല്ലം ചുമക്കാന്‍ യോഗ്യതയില്ലാത്ത അങ്ങാടിയത്തിന്റെ മുമ്പില്‍, നിഷ്ക്രിയനായി തിരുമേനി വേദന കൊണ്ട് പുളയാന്‍ പോലുമാവാതെ നില്‍ക്കുമ്പോള്‍, ഞങ്ങളെല്ലാം നാണിച്ചു തല താഴ്ത്തുമ്പോള്‍, ഈ മുത്തോലം ചിരിക്കുന്നത് ഞങ്ങള്‍ കാണാറുണ്ട്‌.

അടുത്ത തവണയെങ്കിലും തിരുമേനി അതൊന്നു ശ്രദ്ധിക്കണം.

നമ്മളുടെ പഷാണ്ടര്‍  കാരണം അല്പസ്വല്പം ഇംഗ്ലീഷ് പഠിക്കുകയും, ബൈബിള്‍ വായിക്കുകയും ചെയ്തിട്ടുള്ളത് കൊണ്ട് മുത്തോലത്തിന്റെ കൂലിപ്പട പറയുന്ന റീത്തില്‍ എനിക്കും, മറ്റു പലര്‍ക്കും വലിയ വിശ്വാസമില്ല.  റീത്ത് നമുക്ക് ആരെങ്കിലും ചാകുമ്പോള്‍ വയ്ക്കാം.  സ്വര്ഗത്തില്‍ എത്താന്‍ യേശുദേവന്റെ വചനമനുസരിച്ചു ജീവിച്ചാല്‍ മതിയെന്നും, ഈ റീത്തും കൂത്തും ഒക്കെ തിരുമേനിമാരുടെയും അച്ചന്മാരുടെയും കസേര ഉറപ്പിക്കാനുള്ള ആണികളാണെന്നും മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട തിരുമേനി.

പണ്ട് നമ്മുടെ സക്കേവൂസ് എന്നൊരുത്തന്‍ ക്രിസ്തുദേവന്‍ പോയ വഴിയില്‍ മരത്തില്‍ കയറിയിരുന്നു.  അവന്‍ പിന്നീട് മാനസാന്തരപെട്ടു.  തിരുമേനി ലോസ് അഞ്ചെലസില്‍ വരുമ്പോള്‍, അഭിനവ ക്നാനായ സക്കേവൂസുമാര്‍ ലിമോസിനുമായി വരും.  മാനസാന്തരപ്പെടാനല്ല, തിരുമേനിയുടെ മനസ്സ് മാറ്റാന്‍.

മുത്തുവിന്റെ കൂലി പട്ടാളമാണവര്‍.  അത് തിരുമേനി തിരിച്ചറിഞ്ഞു സമുദായത്തെ രക്ഷിക്കാനുള്ള വിവേകം കാണിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്.

അതുകൊണ്ട്, ഞാന്‍ തിരുമേനിയോട് കൂടുതലൊന്നും പറയുന്നില്ല.

തിരുമേനിയ്ക്ക് ഒരു നല്ല യാത്ര നേരുന്നു.  ക്നാനായ സമുദായത്തെ ദൈവം തന്റെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കും എന്ന കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല.

തിരുമേനി, എന്നെ തെമ്മാടിക്കുഴിയില്‍ അടക്കല്ലേ, പ്ലീസ്.

സസ്നേഹം,

ഒരു പാവം ക്നാനായ ചെറുക്കന്‍.

No comments:

Post a Comment