Monday, February 27, 2012

എഎസ്‌ഐ അഗസ്റ്റിന്റെ മരണം: സിബിഐയുടെ മാനസിക പീഡനംമൂലമെന്നു പൊലീസ്


അഭയ കേസിലെ സാക്ഷിയായ മുന്‍ എഎസ്‌ഐ അഗസ്റ്റിന്റെ ആത്മഹത്യയ്ക്കിടയാക്കിയതു സിബിഐയുടെ മാനസിക പീഡനമെന്നു പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപി എ.ഹേമചന്ദ്രന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയായ കോട്ടയം സബ് കോടതിയില്‍ സമര്‍പ്പിച്ചു.

അഭയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഗസ്റ്റിനെ 2008 നവംബര്‍ 28 നാണ് ഇത്തിത്താനത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാരോപിച്ചു ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നു നിര്‍ദേശമുണ്ടായത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു 2010 ഫെബ്രുവരിയില്‍ അന്വേഷണം ആരംഭിച്ച കേസില്‍ കഴിഞ്ഞ 25 നാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംഭവം നടക്കുമ്പോള്‍ എറണാകുളം റേഞ്ച് ഐജി ആയിരുന്നു എ.ഹേമചന്ദ്രന്‍. അഭയ കേസുമായി ബന്ധപ്പെട്ടു സിബിഐ ഒട്ടേറെ തവണ ചോദ്യം ചെയ്തതും വീട്ടുകാരെ അടക്കം കേസില്‍ പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതുമാണ് അഗസ്റ്റിനെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് എഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണു സൂചന. കഴിഞ്ഞയാഴ്ച ഡിജിപിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോട്ടയം എസ്പി വഴിയാണു സബ് കോടതിയില്‍ എത്തിച്ചത്. 88 സാക്ഷിമൊഴികളും 188 തെളിവുകളും ഉള്ള റിപ്പോര്‍ട്ട് 29 പേജാണ്. അഗസ്റ്റിന്റെ ഡയറിയില്‍ നിന്നു ലഭിച്ച വിവരങ്ങളും സാക്ഷിമൊഴികളും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

കടപ്പാട്: മലയാള മനോരമ 

No comments:

Post a Comment