Wednesday, January 2, 2013

പിന്നീടവര്‍ സസുഖം ജീവിച്ചു....... (അഥവാ സ്തോത്രകാഴ്ച) - അലക്സ്‌ കണിയാംപറമ്പില്‍

കാല്‍നൂറ്റാണ്ടു മുമ്പ് വത്തിക്കാനില്‍ നിന്ന് പെരുമ്പറകൊട്ടി കല്‍പന ഇറക്കി:

ക്നാനായ കത്തോലിക്കാ ഇടവകകളില്‍ നിന്ന് സ്വവംശവിവാഹനിഷ്ഠ ലംഘിക്കുന്നവരെ പുറത്താക്കുന്ന ഇന്ത്യയിലെ നടപടി അമേരിക്കയില്‍ അനുവദനീയമല്ല. പുറത്തുനിന്നു വിവാഹം കഴിക്കുന്നവര്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും കുട്ടികള്‍ക്കും ആ പള്ളികളില്‍ പൂര്‍ണ്ണവും തുല്യവുമായ അംഗത്വവും അവകാശവും ഉണ്ടായിരിക്കും.

ഇത് യാഥാസ്ഥിതിക ക്നാനയക്കാരനെ സംബന്ധിച്ചിടതോളം അപ്രിയമായ സത്യമായിരുന്നു. ആരെല്ലാം പറഞ്ഞിട്ടും, പ്രസംഗിച്ചിട്ടും, എഴുതിയിട്ടും ശരാശരി ക്നാനയക്കാരന്‍ ഇത് ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചു. ഞങ്ങള്‍ ക്നാനയക്കാര്‍; ഞങ്ങള്‍ ഒരു കാരണവശാലും മാറികെട്ടിയവനെയോ, അവന്റെ കുടുംബത്തെയോ ഞങ്ങളുടെ കൂട്ടത്തില്‍ കൂട്ടുകയില്ല. കുന്നശ്ശേരി പിതാവ് ഉപദേശിച്ചു, നിങ്ങള്‍ പള്ളികള്‍ക്ക് പകരം കമ്മ്യൂണിറ്റി സെന്ററുകള്‍ വാങ്ങണം. അവന്‍ ആ ഉപദേശം ചെവിക്കൊണ്ടു; കമ്മ്യൂണിറ്റി സെന്ററുകള്‍ വാങ്ങി. വത്തിക്കാന്‍ റെസ്ക്രിപ്ടോ, മാടയോ കോടയോ ഇറക്കട്ടെ, നമ്മുടെ സെന്ററുകള്‍ നമ്മുടേതന്നെ. അവിടെ മറുജാതിയെ കെട്ടിയവരെ കാലുകുത്താന്‍ അനുവദിക്കില്ല. ക്നായി തൊമ്മനാണെ സത്യം!

സ്വന്തം മക്കള്‍ സഹോദരീസഹോദരന്മാര്‍ - ഇവരൊക്കെ മാറി കെട്ടുമ്പോള്‍ അവരോടു ആര്‍ക്കും ഒരു വൈരാഗ്യവും തോന്നാറില്ല. അവരോടുള്ള സ്നേഹവും വാല്‍സല്യവും പഴയപോലെ തുടര്‍ന്നു. പക്ഷെ പള്ളിക്കാര്‍ എന്ന നിലയില്‍ അത്തരക്കാരെ കഠിനമായി വെറുത്തു; വെറുക്കാന്‍ പ്രേരിപ്പിച്ചു, നിര്‍ബന്ധിച്ചു. അമേരിക്കയിലെ ക്നാനായജീവിതം സുരക്ഷിതമായി കമ്മ്യൂണിറ്റി സെന്ററുകളിലൂടെ നിര്‍ബാധം മുന്നോട്ടുനീങ്ങി.

അപ്പോള്‍ ചില വൈദികര്‍ക്ക് ബാധയിളകി – ഞങ്ങള്‍ വീടുകളില്‍ കുര്‍ബാന ചൊല്ലും, തൊഴുത്തില്‍ ചൊല്ലും, പക്ഷെ കമ്മ്യൂണിറ്റി സെന്ററില്‍ ഒരു കാരണവശാലും ദിവ്യബലി അര്‍പ്പിക്കുകയില്ല. നമുക്ക് പള്ളികള്‍ വേണം; ദേവാലയം. അത് നമ്മുടെ സ്വന്തമാണ്, ഒരു ട്രസ്റ്റിന്റെ പേരിലാണ്. ഉടമസ്ഥര്‍ നമ്മള്‍ തന്നെ. അത് ക്നാനയകാര്‍ക്ക് മാത്രമായിരിക്കും. വൈദികര്‍ ആണയിട്ടു. അത് നുണയാണെറിഞ്ഞിട്ടും അത് വിശ്വസിക്കാനായിരുന്നു നമുക്കിഷ്ടം. അങ്ങനെ പള്ളികളനവധി വാങ്ങിക്കൂട്ടി.

ഉറപ്പുകള്‍ നല്‍കിയത് വാലാണ്. തല പറഞ്ഞു – ക്നാനായ പള്ളികളില്‍ നിന്ന് ആരെയും പുറത്താക്കാന്‍ സമ്മതിക്കില്ല. ടൂറിസ്റ്റ് വിസയില്‍ വന്നവര്‍ ഘോരഘോരം പറഞ്ഞു – അങ്ങിനെയല്ല. കുടുംബത്തിന്റെ ഐക്യത്തെയും ഭദ്രതയെയും കരുതി അടുത്ത വടക്കുംഭാഗരുടെ പള്ളികളില്‍ അംഗത്വം എടുക്കുവാന്‍ മാത്രമാണ് നമ്മള്‍ പറയുന്നത്, നമ്മള്‍ ആരെയും പുറത്താക്കുന്നില്ല; അവര്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണ്. അതും നമ്മള്‍ വിശ്വസിച്ചു. ഇപ്പോള്‍ പറയുന്നു – കുടുംബത്തിന്റെ ഭദ്രത, മാങ്ങാത്തൊലി. നമ്മുടെ സഹോദരനെ നമ്മള്‍ പുറത്താക്കുന്ന പ്രശ്നമില്ല. പക്ഷെ അവന്റെ ഭാര്യയും മക്കളും – അവര്‍ എവിടെയെങ്കിലും പോയി തുലയട്ടെ.

2012ന്റെ തുടക്കം മുതല്‍ ആ വര്ഷം അന്ത്യശ്വാസം വലിക്കുന്നത് വരെ നമ്മള്‍ പലരുടെ പലതരത്തിലുള്ള വിശദീകരണം കേട്ടു. എന്നാല്‍ ഇന്നുവരെ ലളിതമായ ഒരു ചോദ്യത്തിന്റെ ലളിതമായ ഉത്തരം കേട്ടില്ല.

സമുദായത്തിന് വെളിയില്‍ നിന്നും വിവാഹം ചെയ്ത ഒരു ക്നാനയക്കാരന്റെ ഭാര്യയും മക്കളും വടക്കെ അമേരിക്കയിലെ ക്നാനായ പള്ളികളിലെ അംഗങ്ങളാണോ?

ചോദ്യത്തിന് ഉത്തരമില്ല – ആരോട് ചോദിച്ചാലും ഉടന്‍ വരും പല ഭാഷകളിലും മറുഭാഷയിലും പുതിയൊരു വിശദീകരണം.

നവംബര്‍ ഇരുപത്തിനാലിന് അധികാരമുള്ള പിതാവും അധികാരമില്ലാത്ത വഴിപോക്കന്‍പിതാവും ഒരുമിച്ചു ന്യൂയോര്‍ക്കില്‍ കൂടി. കുഞ്ഞുന്നാളില്‍ വേദപാഠം പടിക്കാത്തവര്‍ക്ക് ആസ്തമ, ചൊറി, കരപ്പന്‍, വയറ്റിളക്കം, ബുദ്ധിമാന്ദ്യം, ചിത്തഭ്രമം തുടങ്ങിയ്‌ പല അസുഖങ്ങളും വരുമെന്ന് പറഞ്ഞതല്ലാതെ ആ പിതാക്കന്മാര്‍ക്ക് രണ്ടുപേര്‍ക്കുംകൂടി മുകളില്‍ പറഞ്ഞ ചോദ്യത്തിന്റെ ലളിതമായ ഉത്തരം സംയുക്തമായി തരാന്‍ തോന്നിയില്ല. അതിന്റെ പിറകെ ആംഗലേയത്തില്‍ ഇടയലേഖനം, ചോദ്യോത്തരരൂപത്തില്‍ അതിനു പിന്നാലെ മടയലേഖനം, അള്‍ത്താരഗീര്‍വാണങ്ങള്‍, ശാപവചനങ്ങള്‍ - ഉത്തരം മാത്രമില്ല!

ജയന്റെ സ്റ്റൈലില്‍ - “ഒരു നുണ പറയാമോ, ഒന്ന് വിശ്വസിക്കാനാണ്” എന്ന മട്ടില്‍ നടന്ന കുഞ്ഞാട് പോലും അടുത്തകാലത്തെ വിശദീകരണം കേട്ട് ചിരിച്ചു പോയി. ചേരയുടെ വായിലേയ്ക്ക് പോകുന്ന തവള പറയും – “ഞാന്‍ പോകും.” ചിക്കാഗോയിലിരുന്നു ഒരാള്‍ ഇപ്പോഴും പറയുന്നു – അവര്‍ക്ക് പാസ്റ്ററല്‍ കെയര്‍ മാത്രമാണ്. മണ്ടന്മാര്‍ പോലും പൊട്ടിച്ചിരിക്കുന്നു. പറഞ്ഞുപറഞ്ഞു പറയുന്നവര്‍ മണ്ടന്മാരെക്കാള്‍ വലിയ മരമണ്ടന്മാരായി. ആരും വിശ്വസിക്കുന്നില്ലെങ്കിലും അവര്‍ ഇപ്പോഴും പിറുപിറുക്കുന്നു - പാസ്റ്ററല്‍ കെയര്‍ - പാസ്റ്ററല്‍ കെയര്‍.

ഇന്ന് ഇക്കാര്യത്തില്‍ വരുന്ന ഏതു വിശദീകരണവും കോമഡിയായി മാറുന്നു.

ഇതിനോട് ക്നാനയക്കാരന്‍ എങ്ങിനെ പ്രതികരിക്കുന്നു?

ക്നാനയസംഘടനകള്‍ പ്രമേയം പാസ്സാക്കുന്നു; വ്യക്തികള്‍ ബ്ലോഗുകളില്‍ അനോണിമസ് ആയി കമെന്റുകളിട്ട് സായൂജ്യമടയുന്നു. സമുദായത്തിലെ ബുദ്ധിജീവികള്‍ മനോഹരമായ ലേഖനങ്ങള്‍ സാധാരണക്കാരന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷിലെഴുതി സന്തോഷിക്കുന്നു. പതിവുപോലെ ഞായറാഴ്ചകളിലും കടമുള്ള ദിനങ്ങളിലും അവന്‍ പള്ളിയില്‍ പോയി ദിവ്യബലിയില്‍ പങ്കെടുത്ത്, കുര്ബാനമധ്യെ അച്ചന്‍ പറയുന്നത് ഒരക്ഷരം കേള്‍ക്കാതെ തലയുംകുനിച്ചിരുന്നു സ്വപനം കാണുന്നു. തന്റെ സമസ്ത അപരാധങ്ങള്‍ക്കും പ്രായശ്ചിത്തമായി ഡോളറിന്റെ വലിയ പച്ച നോട്ടുകള്‍ സ്തോത്രകാഴ്ചയായി ഇടുന്നു.

വൈദികര്‍ കൈകൊട്ടിചിരിക്കുന്നു – ഇവനൊന്നും ഒരു കാലത്തും ബുദ്ധിയുറക്കുകയില, തീര്‍ച്ച!

കത്തോലിക്കാസഭയുടെ അംഗമായതുകൊണ്ട് മാത്രം സഭയെ മനസ്സിലാവുകയില്ല. സഭയെക്കുറിച്ചും സഭയുടെ പില്‍കാലചരിത്രത്തെക്കുറിച്ചും പഠിക്കണം. 

കത്തോലിക്കാസഭയില്‍ ജനാധിപത്യമില്ല. അവിടെ അല്മായാന് കില്ലപട്ടിയുടെ വിലപോലുമില്ല. (രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പലതും പറയും!) അവിടെ നിങ്ങളുടെ എതിര്‍പ്പുകള്‍ക്ക് യാതൊരു വിലയുമില്ല. ഒരു പ്രമേയം പാസ്സാക്കി കഴിയുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന സംഘടനകളുടെ തോന്നല്‍ മാറണം. ഇവിടെ പ്രമേയമല്ല നടപടിയാണ് ആവശ്യം. എന്താണ് അടുത്ത നടപടി?

പഴയ പേടിത്തൊണ്ടന്മാരല്ല ക്നാനയക്കാര്‍ എന്ന് തെളിയിക്കണം. അഭിപ്രായമുള്ളവര്‍ സ്വന്തമായി, സ്വന്തം പേരില്‍ സധൈര്യം ബ്ലോഗുകള്‍ തുടങ്ങട്ടെ, അതിനു സാധിക്കുന്നില്ലെങ്കില്‍, ലഭിക്കുന്ന വേദികളില്‍ എല്ലാം അഭിപ്രായം തുറന്നു പറയട്ടെ. ആരും മൂക്ക് ചെത്തുകയില്ല. ഭീരു എന്നും എല്ലാവരെയും എല്ലായ്പോഴും ഭയക്കുന്നു. ഒരു വന്‍ജനതയെ ഒറ്റയ്ക്ക് നേരിടാന്‍ നമ്മളില്‍ ഒരുവനായ വൈദികന് ഭയമില്ല. അല്മായന്‍ എന്തിനാണ് സാധുക്കളായ വൈദികരെ ഇത്രയധികം പേടിക്കുന്നത്. അനോണിമസ് ആയി നിങ്ങള്‍ കമന്റുകള്‍ അവിടെയും ഇവിടെയും പോസ്റ്റ്‌ ചെയ്യുമ്പോള്‍ വൈദികര്‍ ആശ്വസിക്കും – കുഴപ്പമില്ല, നമ്മുടെ ചേട്ടന്മാര്‍ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല!

നിങ്ങളുടെ സെല്‍ഫോണിലെ വോയിസ്‌ റെക്കോര്‍ഡര്‍ ഉപയോഗിക്കാന്‍ പഠിക്കുക; മക്കള്‍ പറഞ്ഞുതരും, വളരെ എളുപ്പമാണ്. മുത്തോലത്തച്ചനെ പോലുള്ളവരുടെ പൊതുപ്രസംഗങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യുക. രഹസ്യ സംഭാഷണങ്ങളും റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടേക്കാം എന്ന തോന്നലുണ്ടായാല്‍ അവര്‍ താനേ ഡീസന്റാകും നല്ലവരാകും. അവര്‍ക്കറിയാം ഇത് രാജ്യം വേറെയാണ്, ഇവിടെ വിളിച്ചുപറയാന്‍ നാട്ടിലെ ഖദറിട്ട സാറന്മാരില്ല.

ഇതൊന്നും ചെയ്യണമെന്നില്ല – ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത് വരെ സ്തോത്രകാഴ്ച ഇടുന്നതല്ല എന്നുമാത്രം പേരുവച്ച് പ്രഖ്യാപിക്കുക.

അത്രയെ വേണ്ടൂ. പിന്നെ എല്ലാം ശുഭപര്യവസായി!

And They Lived Happily Everafter!

അലക്സ്‌ കണിയാംപറമ്പില്‍

No comments:

Post a Comment