ക്നാനായവിരുദ്ധര്‍ എന്ന് നമ്മള്‍ പലരെയും മുദ്ര കുത്താറുണ്ടെങ്കിലും അവരെല്ലാം സത്യത്തില്‍, ക്നാനായ സമുദായസ്നേഹികള്‍ തന്നെയാണ്. കാനാക്കാരുടെ കാര്യമെടുക്കാം. ഒരു കാലഘട്ടത്തില്‍, അവര്‍ക്കിഷ്ടപ്പെട്ട ഒരു വിവാഹത്തെതുടര്‍ന്ന് അവര്‍ സമുദായത്തിന് പുറത്താകുന്നു. അതോടെ അവര്‍, “ഹെല്‍ വിത്ത് ക്നാനായ സമുദായം” എന്ന് പറഞ്ഞ് അവരുടെ കാര്യം നോക്കി പോകുന്നില്ല. അവര്‍ക്ക് എങ്ങിനെയെങ്കിലും സമുദായത്തില്‍ തിരിച്ചു കയറണം. അതിന്റെ ന്യായ, അന്യായങ്ങളിലേയ്ക്ക് ഇവിടെ കടക്കുന്നില്ല. അവര്‍ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് ഇവിടെ വിധിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല ഇത്രമാത്രം ചൂണ്ടിക്കാണിക്കട്ടെ, അവര്‍ക്കുപോലും ഈ സമുദായം പ്രിയങ്കരമായത് കൊണ്ടാണല്ലോ അവര്‍ തിരിച്ചു വരാന്‍ ശ്രമിക്കുന്നത്.
കൊച്ചിയില്‍ സീറോമലബാര്‍ സഭയുടെ സിനഡ് കൂടിക്കൊണ്ടിരിക്കുന്നു. ഈ വെള്ളിയാഴ്ചവരെ പ്രസ്തുത സിനഡ് തുടരും എന്നാണ് അറിയുന്നത്. അതിന്റെ അവസാനം, ചിക്കാഗോ സീറോമലബാര്‍ രൂപതയില്‍ പുതിയ രണ്ടു സഹായമെത്രാന്മാരുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്നും, അവരിലൊരാള്‍ ക്നാനായ സമുദായത്തില്‍ നിന്നായിരിക്കുമെന്നുമാണ് സമുദായാംഗങ്ങളുടെ പ്രതീക്ഷ. ഇതൊരു പ്രതീക്ഷമാത്രമാണ്; ഒരിടത്തുനിന്നും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സാധാരണഗതിയില്‍ ഇത്തരം ഊഹാപോഹങ്ങളുടെ പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടാകാറുണ്ട്. അതിനാല്‍ ഇതിനെ വെറും കിംവദന്തി എന്ന് പറഞ്ഞു തള്ളിക്കളയേണ്ടതില്ലെന്നു വിശ്വസിക്കാം.
പലരും ചിക്കാഗോയിലെ ക്നാനായ സഹായമെത്രാനായി പ്രതീക്ഷിച്ചിരുന്നത് മുത്തോലത്തച്ചനെയാണ്. പലേ കാരണങ്ങളാലും അതിനു യോഗ്യന്‍ അദ്ദേഹം തന്നെയാണുതാനും. ഏതാണ്ട് പതിനേഴു വര്‍ഷങ്ങള്‍ (1987 – 1992 & 2000 – 20012) അമേരിക്കയില്‍ വിദ്യാര്‍ഥിയായും വികാരിയും വികാരി ജനറാളായും സേവനം അനുഷ്ടിച്ചിട്ടുള്ള മുത്തോലത്തച്ചനോളം ഇക്കാര്യത്തില്‍ യോഗ്യനായ മറ്റൊരാള്‍ ഉണ്ടെന്നു സാമാന്യബുദ്ധിയ്ക്ക് തോന്നാന്‍ സാധ്യതയില്ല. അടുത്തകാലത്തായി ഒട്ടെറെ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ടെങ്കിലും, ഏറ്റെടുക്കുന്ന പദ്ധതികള്‍ വിജയകരമാക്കുന്ന കാര്യത്തില്‍ വിഘ്നേശ്വരനാണദ്ദേഹം
മെത്രാന്മാരുടെ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ അല്മായര്‍ക്കു അന്ജാതമാണ്. ആയതിനാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്നവര്‍ ആയിരിക്കണമെന്നില്ല. നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത ഒരാള്‍ ആയിക്കൂടെന്നില്ല. അത് ആരായിരുന്നാലും, കാലത്തിനു വന്നുഭവിച്ചിരിക്കുന്ന മാറ്റങ്ങളും, കേരളവും അമേരിക്കയുമായുള്ള ചില അടിസ്ഥാനപരമായ വ്യത്യാസങ്ങളും, വിശ്വാസികളുടെ – പ്രത്യേകിച്ച് രണ്ടാംതലമുറയുടെ - മനോഭാവത്തിലും വിശ്വാസകാര്യങ്ങളിലും വന്നിരിക്കുന്ന മാറ്റവും ക്നാനായ വൈദികരും പുതിയ മെത്രാനും ഉള്‍ക്കൊണ്ടുകൊണ്ട് ക്നാനായ സമുദായത്തിന്റെ തനിമയെയും ഒരുമയെയും വിസ്വാസനിറവിനെയും അധരസേവകൊണ്ടു മാത്രമല്ല, പ്രവര്‍ത്തനങ്ങള്‍കൊണ്ടും പ്രോത്സാഹിപ്പിക്കാനുള്ള ഫലവത്തായ പരിശ്രമങ്ങള്‍ നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
അതിനു അവരുടെ കരങ്ങള്‍ക്ക് ബലമേകാന്‍ നമുക്ക് പ്രാര്ത്ഥനയിലൂടെ സഹായിക്കാം.

No comments:
Post a Comment