Tuesday, January 8, 2013

ക്നായി തൊമ്മന്റെ ക്നാനായ ചിന്തകള്‍


പ്രിയപ്പെട്ട ക്‌നാനായമക്കളേ,

തൊമ്മന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചില കാര്യങ്ങള്‍ എന്റെ മക്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനാഗ്രഹിക്കുകയാണ്.

ഒന്നാമതായി ക്‌നാനായ രൂപതയുടെ ഉത്ഭവം.

ദൈവത്തിന്റെ പ്രതിപുരുഷനായ മാര്പ്പാപ്പ സഭാകാര്യങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ ഒരുകാലത്തും തെറ്റില്ല എന്ന കത്തോലിക്കാ വിശ്വാസത്തെ മാര്പ്പാപ്പയുടെ അപ്രമാദിത്വം എന്നപേരില്‍ സഭ പഠിപ്പിക്കുകയും, അതിനെതിരായ പ്രചരണവും, പഠനങ്ങളും, പ്രവര്ത്തനങ്ങളും കത്തോലിക്കാ സഭക്കെതിരായുള്ള നീക്കമായി സഭ കണക്കാക്കുകയും ചെയ്യുന്നു.

ക്‌നാനായ സമുദായത്തിന്റെ പ്രത്യേകതയെക്കുറിച്ച് വളരെ വ്യക്തമായ പഠനം നടത്തിയിട്ടാണു വത്തിക്കാനിലെ പരിശുദ്ധ സിംഹാസനത്തില്‍ നിന്നും മാര്പ്പാപ്പ കോട്ടയം രൂപത അനുവദിക്കാന്‍ തീരുമാനമെടുത്തത്. ഒരു രൂപതയുടെ ഉദയം, സഭയെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ളതാണു താനും.

ക്‌നാനായ സമുദായത്തിന്റെ അസ്തിത്വം തകര്ക്കാന്‍ ശ്രമിക്കുന്ന ആത്മീയ നേതൃത്വങ്ങളും, സഭാനേതാക്കന്മാരും, വിശ്വാസികളും ഒരു കാര്യം വ്യക്തമാക്കണം. നിങ്ങള്‍ പറയുന്നത് മാര്പ്പാപ്പക്കു തെറ്റുപറ്റിയെന്നാണോ. എങ്കില്‍ മാര്പ്പാപ്പയുടെ അപ്രമാദിത്വം എന്നതു തെറ്റാണ്. ഇനി മേലില്‍ ഇതു വിശ്വാസികളോടു പറഞ്ഞു പറ്റിക്കരുത്. ഇനി അപ്രമാദിത്വം ഏറ്റവും വലിയ ശരിയാണെങ്കില്‍, ക്‌നാനായ സമുദായത്തിലും, രൂപതയിലും വെള്ളം ചേര്ക്കാന്‍ ശ്രമിക്കുന്ന നിങ്ങള്‍, മാര്പ്പാപ്പക്കെതിരായും, കത്തോലിക്കാ സഭക്കെതിരായും പ്രവര്ത്തിക്കുകയല്ലേ ചെയ്യുന്നത്. മാര്പ്പാപ്പയെ വരെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ വളര്ന്നുവെന്നാണോ.

വൈദീകശാപം

കത്തോലിക്കാ വിശ്വാസത്തില്‍ ജീവിച്ച തൊമ്മന്‍ ഇന്നുവരെ കാണുകയോ, പഠിക്കുകയോ ചെയ്യാത്ത ഒന്നാണിത്. സത്യവേദപുസ്തകത്തില്‍ ഒരിടത്തും കാണാത്ത ഒരു ശാപം. എന്തിനേറെ, ജനങ്ങളുടെ പാപങ്ങള്‍ പെരുകി ദൈവത്തെ മറുതലിച്ചു നടന്നപ്പോള്‍ പോലും, ദൈവമോ, ദൈവത്തിന്റെ പ്രതിപുരുഷന്മാരോ ആരേയും ശപിച്ചിട്ടില്ല.

അള്ത്താരയില്‍ കയറിനിന്നു തിരുവസ്ത്രമണിഞ്ഞു വിശുദ്ധ കുര്ബാന മദ്ധ്യേ വൈദികശാപമെന്ന വിവരക്കേടുകള്‍ വിളിച്ചു പറയുമ്പോള്‍, ബഹുമാനപ്പെട്ട വൈദീകരേ, ഒരുകാര്യം ഓര്ക്കുക. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തു പറയുന്ന തിരുവചനങ്ങള്‍. വാളെടുക്കുന്നവന്‍ വാളാല്‍ തന്നെ അന്ത്യം. അന്യരെ വിധിക്കരുത്. സഹോദരനോടു ക്ഷമിക്കുവിന്‍, നിങ്ങളെ ദ്രോഹിക്കുന്നവനു നന്മ ചെയ്യുവിന്‍.

വേദപുസ്തകം പിന്നെയും പഠിപ്പിക്കുന്നു. സാത്താന്‍ വരുന്നതു നിങ്ങളെ ദ്രോഹിക്കാനും, മോഷ്ടിക്കാനും, നശിപ്പിക്കാനും, നിങ്ങളില്‍ ഇടര്ച്ച ഉണ്ടാക്കുവാനുമാണ്. നിങ്ങളുടെ ഉള്ളില്‌നിന്നുമാണ് അശുദ്ധമായതു വരുന്നതു, പുറത്തു നിന്നല്ല. പാപം, ശാപം, ബന്ധനങ്ങള്‍ മുതലായവ സാത്താന്റെ ആയുധങ്ങളാണ്. അവയില്‌നിന്നും ജനത്തെ മോചിപ്പിക്കാനാണ് ക്രിസ്തുനാഥന്‍ വന്നത്.

പ്രീയ വൈദീകരേ, ദൈവവചനം വായിക്കുന്ന ഒരാളും നിങ്ങള്‍ അള്ത്താരയില്‍ നിന്നും വിളിച്ചു കൂവുന്ന വൈദികശാപത്തെ ഭയപ്പെടില്ല. മറിച്ച്, ഈ ശാപവാക്കുകള്‍ ഉച്ചരിക്കുമ്പോള്‍, യേശുവിനു പകരം സാത്താനെയാണെല്ലോ നിങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നോര്ത്തു  വേദനിക്കുകയേയുള്ളൂ.

ഇടര്ച്ചയുണ്ടാക്കുക

സന്തോഷത്തോടെയും, സമാധാനത്തോടെയും കഴിയുന്ന ക്‌നാനായ മക്കള്ക്കിടയില്‍ ഇടര്ച്ചയുണ്ടാക്കി, പ്രശ്‌നങ്ങളില്‍ നിന്നും, പ്രശ്‌നങ്ങളിലേക്കു തള്ളിക്കൊണ്ടു പോകുക എന്നത്, വൈദീകരുടേയും, മെത്രാന്റെയും ഒരു വലിയ ആയുധമാണ്.

സത്യവേദപുസ്തകത്തില്‍ പറയുന്നു. സഹോദരനു ഇടര്ച്ചയുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി ആഴക്കയത്തിലേക്ക് ഊളിയിടുന്നതാണ് എന്ന്. തിരികല്ലു കെട്ടി കയത്തില്‍ ചാടുന്ന ഒരുത്തനും തിരിച്ചു വരാന്‍ സാധിക്കില്ല എന്നുള്ളത് ഏതൊരാള്ക്കും അറിയാവുന്ന കാര്യമാണ്. യേശു ഇതു പറയുമ്പോള്‍, ദൈവതിരുമുമ്പില്‍ എത്രമാത്രം ഹീനമായ ഒന്നാണിതെന്നു മനസ്‌സിലാക്കുക.

സഹോദരരുടെ ഇടയില്‍ ഇടര്ച്ചയുണ്ടാക്കി സ്വന്തം കാര്യം നേടിയെടുക്കാന്‍ വെമ്പല്‍ കാണിക്കുന്ന ആത്മീയ നേതൃത്വം പ്രതിനിധീകരിക്കുന്നത് യേശുവിനെയാണോ, അതോ സാത്താനെയോ?

സമ്പത്തിന്റെ പുറകേ

ആദിമ ക്രൈസ്തവസമൂഹത്തില്‍ അപ്പസ്‌തോലന്മാരുടെ നേതൃത്വത്തില്‍, വിശ്വാസ സമൂഹം തങ്ങളുടെ സമ്പത്ത് പങ്കുവച്ച് ജീവിച്ചതായി കാണാം. കൊണ്ടുവന്നു കൊടുത്ത പണത്തിനും, ആകെ കിട്ടിയതിനും, ചിലവായതിനും കണക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ. കൊടുക്കുന്നതിനു കണക്കുണ്ട്. ആകെ കിട്ടിയതിനോ, ചിലവായതിനോ കൃത്യതയില്ല.

ആത്മീയ നേതൃത്തത്തിന്റെ പാഴ്ചിലവുകള്‍ അവരുടെ ജീവിതചര്യകളില്‍ തന്നെയുണ്ട്. കഴിഞ്ഞ കുറെ നാളുകളായി പലരും ഇതു വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ ആരെ പ്രതിനിധാനം ചെയ്യുന്നുവെന്നവകാശപ്പെടുന്നുവോ, ആ യേശുനാഥന്‍ പറയുന്നതെന്താണ്. 

“നിങ്ങള്‍ പോകുമ്പോള്‍ സ്വര്ണ്ണമോ, വെള്ളിയോ, ചെമ്പോ കൈയ്യില്‍ കരുതരുത്. രണ്ടുടുപ്പോ, ചെരുപ്പോ കൂടെ കൊണ്ടുപോകരുത്.”  - മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം ആറു മുതലുള്ള വാക്യങ്ങള്‍). 

എളിമയും, നിര്മ്മലവുമായിരിക്കണം നിങ്ങളുടെ ജീവിതമെന്നാണ് യേശു പഠിപ്പിക്കുന്നത്.

എന്തായാലും, രൂപതക്ക് കൈയ്യയച്ച് വിശ്വാസികള്‍ നല്കിയിട്ടുണ്ട്. ഈ വിശ്വാസികള്‍ തന്നെയാണ് നാളേയും തരേണ്ടവര്‍. ആയതിനാല്‍ ഇക്കൂട്ടര്ക്ക് ഗുണമുള്ള എന്തെങ്കിലും ചെയ്യണമെന്ന് എന്തുകൊണ്ടിവര്‍ ചിന്തിക്കുന്നില്ല. പണം കുന്നുകൂട്ടി വച്ച് ഞെളിഞ്ഞ വിഡ്ഢിയായ ധനികനോടു കര്ത്താവു പറഞ്ഞതോര്ത്തിരുന്നെങ്കില്‍....

പ്രീയ മക്കളേ, ഒരു വശത്ത് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന യേശുവിനു സാക്ഷികളാകുവാനോ, വിശ്വാസികള്ക്കു മാതൃകയാകാനോ ഈ ആത്മീയ നേതൃത്വം തയ്യാറാകുന്നില്ല. അവര്ക്കതിനു നേരമില്ല, മനസ്‌സില്ല. മറുവശത്ത് തങ്ങളുള്‌പ്പെടുന്ന കത്തോലിക്കാ സഭാ സംവിധാനത്തിനു വില കല്പിക്കുന്നുമില്ല!

തൊമ്മന്‍

(തുടരും)

No comments:

Post a Comment