ക്നാനയക്കാര്‍ സീറോ-മലബാര്‍ അംഗങ്ങളായതുകൊണ്ട് ക്നാനായ മിഷനുകള്‍ ഇല്ലെങ്കിലും മാക്കീല്‍ പിതാവ് ചങ്ങനാശേരി ബിഷപ്പ് ആയതുപോലെ കഴിവുള്ള ക്നാനായ വൈദികന്‍ ഭാവിയില്‍ അങ്ങാടിയത്ത് പിതാവിന്റെ സ്ഥാനം അലങ്കരിച്ചെന്നും വരാം. ക്നാനായ ബ്രാന്‍ഡ് ഇല്ലാതെ തന്നെ മുത്തോലത്തച്ചനോ മറ്റു ക്നാനായ വൈദികര്‍ക്കോ അമേരിക്കയിലെ അടുത്ത രൂപതയുടെ ബിഷപ്പാകുവാന്‍ അവസരം ലഭിച്ചെന്നിരിക്കും.
അമേരികയിലെ ക്നാനായ തെരഞ്ഞെടുപ്പുകള്‍ പുരോഹിതരും അല്‍മായരും, അല്ലെങ്കില്‍ പള്ളിക്കാരും അസോസിയേഷനുകളും തമ്മിലുള്ള ശക്തിപരീക്ഷണമായി തീര്‍ന്നിരിക്കുന്നു. ഈ വര്ഷം അസോസിയേഷന്‍ ജയിച്ചാല്‍ അടുത്തവര്‍ഷം പൂര്‍വാധികം വാശിയോടെ പള്ളിക്കാര്‍ മത്സരിച്ചെന്നിരിക്കും. മിഷന്‍ ഉണ്ടെങ്കില്‍ ഈ വഴക്കുകള്‍ നമ്മുടെ തലമുറ തീരുംവരെ തുടരും. ഈ വഴക്ക് കാരണം അടുത്ത തലമുറ തിരിഞ്ഞു നോക്കുകയും ഇല്ല. റിസ്ക്രിപ്റ്റ് വന്നതുമുതല്‍ 25 വര്‍ഷമായി ക്നാനായക്കാരുടെ ഊര്‍ജവും സമയവും പണവും നമ്മള്‍ തമ്മില്‍ തല്ലാന്‍ വേണ്ടി ചിലവഴിക്കപ്പെടുന്നു. ഇതായിരുന്നോ നമ്മുടെ സഭാധികാരികളെ അമേരിക്കയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നമ്മള്‍ പ്രയത്നിച്ചപ്പോള്‍ വിഭാവനം ചെയ്തിരുന്നത്?
ഇന്ന് വിദേശങ്ങളില്‍ ശിഥിലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്നാനായ സമുദായത്തിലെ അശാന്തിക്കും അതൃപ്ത്തിക്കും കാരണം മിഷനുകളാണെന്നു പറയാതെ വയ്യ. മൂലക്കാട്ട് പിതാവിനോടുള്ള ആഭ്യര്‍ഥന, ദയവായി അമേരിക്കയില്‍ മിഷനുകള്‍ സ്ഥാപിക്കും മുമ്പുണ്ടായിരുന്ന ശാന്തിയും സമാധാനവും ഞങ്ങള്‍ക്ക് തിരികെ നല്‍കുവാന്‍ വേണ്ടിയെങ്കിലും മിഷനുകള്‍ അടച്ചുപൂട്ടി ക്നാനായ വൈദികരെ തിരിച്ചു വിളിക്കുക. മറ്റെന്തു ഒത്തുതീര്‍പ്പുകള്‍ കൊണ്ടുവന്നാലും അത് ശാശ്വത പരിഹാരമാകുമെന്ന് തോന്നുന്നില്ല. അതുമൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം ക്നാനായക്കാരുടെ ഒരുമയ്ക്കും സ്നേഹത്തിനും സൗഹാര്‍ദ്ദത്തിനും നല്‍കേണ്ടിവന്ന വിലയായി കണക്കാക്കുക.
പണം മാത്രമല്ല നമുക്ക് ആനന്ദം പകരുന്നത്. ജയത്തിനും തോല്‍വിക്കുമല്ല ഇവിടെ പ്രസക്തി, ക്നാനായക്കാരുടെയും അവരുടെ വരും തലമുറകളുടെയും ഒരുമയ്ക്കും സ്നേഹത്തിനും സന്തോഷത്തിനുമാകട്ടെ പ്രസക്തി.
AD 345ല്‍ ക്നായകാര്‍ക്ക് 72 പദവികള്‍ ലഭിച്ചു എന്ന് പറയുന്നത് ശരിയായിരിക്കാം. അന്നത്തെ കാലത്ത് അത് പ്രശസ്തിയും പ്രതാപവും നല്‍കിയിരിക്കാം. പക്ഷെ, ഇന്ന് അതില്‍ ഏതെങ്കിലും പദവി നമുക്ക് പ്രയോജനപ്പെടുന്നുണ്ടോ? ഇന്നത്തെ i-Phone യുഗത്തില്‍ അമ്പതുകളിലെ റേഡിയോയ്ക്കും ടേപ്പ് റെകോര്‍ഡറിനും പ്രസക്തിയും ഉപയോഗവുമില്ലന്നതുപോലെയാണ് 72 പദവികളും ഇപ്പോള്‍. ‘ന്റുപ്പാപ്പയ്ക്ക് ഒരാനേണ്ടാര്‍ന്ന്” എന്ന് പറഞ്ഞുകൊണ്ടിരിക്കാം എന്നല്ലാതെന്തു ഗുണം? ക്നാനയക്കാരനായത് കൊണ്ട് മറ്റുള്ളവരേക്കാള്‍ കേമന്‍ എന്ന അല്പത്തരം ഇന്ന് ആരും വകവച്ചു തരില്ല. സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നാല്‍ സമൂഹത്തില്‍ ആദരണീയരാകാം.
ക്നാനായത്തിനു വെളിയില്‍ നിന്ന് വിവാഹം കഴിക്കേണ്ടി വരുന്നത് എന്‍ഡോഗമിയെക്കാളും പ്രാധാന്യം മറ്റു ചിലതിനു കൊടുക്കേണ്ടി വന്നത് കൊണ്ടാവാം. അതിനു ഓരോരുത്തര്‍ക്കും അവരുടേതായ കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടാവാം. അതില്‍ ആരെയും പഴിക്കേണ്ടതില്ല . എന്‍ഡോഗമി നഷ്ടമായാലും നിങ്ങള്‍ ആഗ്രഹിച്ചത് ലഭിച്ചതില്‍ സന്തോഷിച്ചു സന്തുഷ്ടരാകുക. ചിലപ്പോള്‍ ഇഷ്ടപ്പെട്ട ഭാര്യയോ ഭര്‍ത്താവോ ആകാം ലഭിച്ചത്. അല്ലെങ്കില്‍ സാമ്പത്തിക ഭദ്രതയോ, കുടുംബജീവിതമോ ആകാം ലഭിച്ചത്. എന്‍ഡോഗമി നഷ്ടപ്പെട്ടതില്‍ ഖേദിച്ചിരിക്കാതെ ക്നാനായത്തിലായിരുന്നപ്പോള്‍ അനുഭവിച്ചിരുന്ന ഒരുമയും സ്നേഹവും ഒരു മധുരസ്വപ്നമായി ഇടയ്ക്ക് അയവിറക്കികൊണ്ട്, ആഗ്രഹിച്ചത് ലഭിച്ച ആ സന്തോഷത്തിനു കോട്ടം വരുത്താതെ ജീവിച്ചു മുന്‍പോട്ടു പോവുക. ജീവിതം ഇതിനേക്കാള്‍ പ്രധാനപ്പെട്ടതാണ്
സ്റ്റോക്ക് മാര്‍ക്കറ്റില്‍ കളിക്കുംപോലെ ജീവിതത്തിലും നമ്മള്‍ പല തീരുമാനങ്ങളും എടുക്കും. ചിലത് നല്ലതാകാം. മറ്റു ചിലത് അത്രയും നല്ലതായിരിക്കില്ല. സ്വന്തമായി എടുക്കുന്ന തീരുമാനങ്ങളുടെ ഫലവും സന്തോഷത്തോടുകൂടിതന്നെ അനുഭവിക്കുവാന്‍ തയ്യാറാവുക. ക്നാനായത്തിനു വെളിയില്‍ നിന്ന് കെട്ടിയത് കൊണ്ട് ലോകാവസാനമാകുന്നില്ല. മാറി വിവാഹിതരായവരും സന്തോഷത്തോടെ ജീവിക്കും. മാറികെട്ടിയ പലരും പല ക്നാനയക്കാരെക്കാളും മികച്ച ജീവിതം നയിക്കുന്നവരുണ്ട്.
ജന്മം കൊണ്ട് ക്നാനായക്കാരല്ലാത്തവരെ ചേര്‍ത്താല്‍ പിന്നെ ക്നാനായത്തിന്റെ പ്രസക്തി ഇല്ല. പിന്നെ അതില്‍ നില്‍ക്കുന്നതില്‍ എന്താണ് പ്രത്യേകത? കൂടിയാല്‍ പള്ളികളില്‍ കയറി പറ്റാമായിരിക്കും. പഷേ സഭക്കുള്ളിലെ വഴക്ക് കാരണം ഇന്നത്തെ നമ്മുടെ പല മലയാളി സഭകളുടെ അന്തസത്ത തന്നെ നഷ്ട്ടപെട്ടിരിക്കുന്നു. പള്ളികളില്‍ ദൈവം ഉണ്ടോ എന്ന് പോലും സംശയം വരുന്ന പ്രവര്ത്തികളാണ് അവിടെ പലപ്പോഴും. അടുത്ത തലമുറ ഇതില്‍ താല്പര്യം കാണിക്കുന്നുണ്ടോ? പിന്നെ എന്തിനുവേണ്ടിയാണ് ബഹളം മുഴുവന്‍? ജീവിച്ചിരിക്കുമ്പോള്‍ സമാധാനത്തോടെ, സന്തോഷത്തോടെ കഴിയുക.
നാളെ നമ്മുടെ മക്കള്‍ ആരെ വിവാഹം കഴിക്കുമെന്ന് പറയാന്‍ വയ്യ. എല്ലാ മതസ്തരുടെയും മാതാപിതാക്കളുടെ താല്പര്യം മക്കള്‍ സ്വന്തം മതത്തില്‍ നിന്നു വിവാഹം ചെയ്യണമെന്നുതന്നെയാണ്. എന്നാല്‍ മക്കളുടെ വിവാഹപ്രായം അതിക്രമിച്ചു പോകുമ്പോള്‍ മതം ഒന്നും ബാധകമല്ലാതായി തീരുന്നു. മാതാപിതാക്കള്‍ പറഞ്ഞതുകൊണ്ട് ഇഷ്ട്ടപെടാത്ത ആളെ വിവാഹം ചെയ്യുന്ന രീതി ഇന്നില്ലല്ലോ.
യുവജനങ്ങള്‍ അവര്‍ക്ക് ഇഷ്ട്ടപ്പെട്ട ആളെ, അത് കറുത്തതോ, വെളുത്തതോ, മഞ്ഞയോ, ക്നായോ, സീറോയോ, യാക്കോബായോ, മാര്‍ത്തയോ, ഹിന്ദുവോ മുസ്ലിമോ ആരായാലും വിവാഹം ചെയ്തെന്നിരിക്കും. അവനവന്റെ സമുദായത്തില്‍ നിന്നുള്ള കുട്ടികളുമായി ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്താല്‍ സാധ്യത കൂടുതലുണ്ടെന്ന് മാത്രം. മക്കള്‍ ആരെ കെട്ടിയാലും മാതാപിതാക്കള്‍ക്ക് അവര്‍ എന്നും മക്കള്‍ തന്നെയാണ്. അതിനുതന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടതും.
സ്റ്റീഫന്‍ തോട്ടനാനി
(അവസാനിച്ചു).
No comments:
Post a Comment