Wednesday, January 9, 2013

അഭയ കൊലക്കേസ്: വാദത്തിന് പ്രതിഭാഗം തയ്യാറായില്ല


തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ വാദം പറയാന്‍ പ്രതിഭാഗം തയ്യാറായില്ല. കേസ് മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നതുകൊണ്ടാണിത്.

കേരളത്തിലെ മാധ്യമ വിചാരണയെ ഭയന്നാണ് കേസ് മാറ്റാന്‍ അപേക്ഷിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ വാദം മാറ്റിവെയ്ക്കാനുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് ഇനി ഫിബ്രവരി 28 ന് പരിഗണിക്കും.

കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

കേസ് വാദംകേള്‍ക്കാന്‍ തയ്യാറാണെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ടി.എസ്.പി.മൂസത് അറിയിച്ചു. സി.ബി.ഐ. പ്രോസിക്യൂട്ടര്‍ വി.എന്‍.അനില്‍കുമാറും വാദം പറയാന്‍ തയ്യാറായിരുന്നു.

എന്നാല്‍ കേസ് കേരളത്തില്‍നിന്ന് മാറ്റാനുള്ള സ്ഥലംമാറ്റ അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

സുപ്രീംകോടതിയില്‍ കേസുകള്‍ പരിഗണിക്കാന്‍ ഉണ്ടാകുന്ന കാലതാമസം സി.ബി.ഐ. പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു.

തുടര്‍ന്ന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് വീണ്ടും ഫിബ്രവരി 28ന് പരിഗണിക്കും.

No comments:

Post a Comment