Monday, January 7, 2013

ശിഥിലമാക്കപ്പെടുന്ന ക്നാനായ സമുദായം (ഒന്നാം ഭാഗം)

ക്നാനായ സമുദായത്തില്‍ ഇന്ന് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയെ ആഴത്തില്‍ നോക്കികണ്ട് വിശകലനം ചെയ്യുന്ന സ്റ്റീഫന്‍ തോട്ടനാനിയുടെ ഒരു നീണ്ട ലേഖനം ഞങ്ങള്‍ മൂന്നു ഭാഗങ്ങളായി ക്നാനായ വിശേഷങ്ങളില്‍ പ്രസധീകരിക്കുകയാണ്.

പരമ്പരയുടെ ഒന്നാം ഭാഗം.


ശിഥിലമാക്കപ്പെടുന്ന ക്നാനായ സമുദായം (ഒന്നാം ഭാഗം)


നൂറ്റാണ്ടുകളായി ക്നാനായ പൈതൃകവും പാരമ്പര്യങ്ങളും കാത്തു സൂഷിച്ചു പോന്ന ക്നാനായ സമുദായത്തെ ഇന്ന് ശിഥിലമാക്കുന്നത് ആരാണ്ക്നാനായത്തില്‍ നിന്നും മാറി വിവാഹിതരായവരോ, സീറോ മലബാര്‍ സഭാധികാരികളോ, ക്നാനായ സഭാധികാരികളോ, അസോസിയേഷനുകളോ, അതോ ക്നാനായ ജനതയോ?

ഒരു കാലത്ത് സ്നേഹത്തിന്റെയും ഒരുമയുടെയും സഹകരണത്തിന്റെയും പര്യായമായി വിലസിയിരുന്ന ക്നാനായ സമുദായം ഇന്ന് അപഹാസ്യമായി തീര്‍ന്നിരിക്കുന്നു. ക്നാനായക്കാരും ഇതര കത്തോലിക്കരും ഉള്‍പ്പെടെ നാനാജാതി മതസ്ഥര്‍ക്കിടയില്‍ ഒരുമയോടും ബഹുമാനത്തോടും കഴിഞ്ഞിരുന്ന നമുക്ക് ഈ ഗതി വന്നതെങ്ങിനെനമുക്കിടയില്‍ ഈ പിളര്‍പ്പ് വന്നത് എന്തുകൊണ്ട്? ക്നാനായ സമുദായത്തെ ശിഥിലമാക്കി അതിന്റെ അസ്ഥിത്വത്തെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളെ അവഗണിക്കുന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്.

2012 ലെ ക്രിസ്തുമസ് പുതുവത്സരവേളയില്‍ ക്നാനായക്കാരുടെ ദുഖത്തിനും പ്രതിഷേധതിനും ഇടയാക്കിയ സംഭവവികാസങ്ങള്‍ക്ക്‌ കാരണമെന്താണ്? കഴിഞ്ഞ കുറെ വര്‍ഷമായി സിറോ മലബാര്‍ നേതൃത്വവും ക്നാനായ രൂപതാധികൃതരും ഒരുമിച്ചു വിശ്വാസികളെ വിഡിഡികളാക്കികൊണ്ട്‌  നടത്തിവന്നിരുന്ന കളികള്‍ക്ക് പിന്നിലെ നിഗൂഡലക്ഷ്യങ്ങള്‍ എന്തായിരുന്നു? 1986ലെ റിസ്ക്രിപ്റ്റ് വന്നപ്പോള്‍ മുതല്‍ പലപ്പോളായി നമ്മള്‍ പല പ്രതിഷേധങ്ങള്‍ രേഖപ്പെടുതുകയുണ്ടായി.  പ്രതിഷേധങ്ങള്‍ ഗൗനിക്കപ്പെടുന്നില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിരിക്കുന്നു.

ക്നായിതൊമ്മന്റെ വരവിനേയും വംശശുദ്ധിയെയും പാരമ്പര്യങ്ങളെയും പറ്റി പല വാദമുഖങ്ങള്‍ ഉണ്ടായിരിക്കാം. കഴമ്പുണ്ടാകാം, ഇല്ലായിരിക്കാം. പഷേ ക്നാനായ സമുദായമെന്ന നിലയില്‍ ഇത്രയും നാള്‍ തുടരുകയും വളരുകയും നിലനില്‍ക്കുകയും, കേരള കത്തോലിക്കാ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കു വഹിച്ചതിനെയും ആര്‍ക്കും നിഷേധിക്കാനാവില്ല.

ക്നാനായക്കാര്‍ക്കെതിരെയുള്ള ഏക ആരോപണം അവര്‍ സമുദായത്തില്‍ നിന്ന് മാറികെട്ടുന്നവരെ രൂപതയില്‍നിന്നു പുറത്താക്കുന്നു, അത് ക്രിസ്തീയതക്ക് നിരക്കാത്തതാണെന്നാണ്.  ഈ സംവിധാനത്തെ അറിഞ്ഞുകൊണ്ടല്ലേ ക്നാനായക്കാര്‍ക്ക് മാത്രമായി മാര്‍പാപ്പ  കോട്ടയം രൂപത അനുവദിച്ചത്? സമുദായം വിട്ടു വിവാഹിതരാകുന്നവര്‍ക്ക് കൂദാശകള്‍ക്കും ശുശ്രുഷകള്‍ക്കും അവസരം നല്കുന്നതുകൂടാതെ അടുത്തുള്ള സിറോമലബാര്‍  ഇടവകകളില്‍ അംഗത്വം ലഭിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട് എന്ന് നാട്ടില്‍ നല്കികൊണ്ടിരുന്ന വാദമുഖങ്ങള്‍ക്ക് ഇന്ന് പ്രസക്തി നഷ്ടപ്പെട്ടതെങ്ങിനെ?

മാറികെട്ടിയവരെ പുറത്താക്കുന്നത് ശരിയല്ലെങ്കില്‍ കോട്ടയം രൂപതയിലല്ലേ അത് ആദ്യം ചെയ്തു തുടങ്ങേണ്ടത്? സിറോ മലബാര്‍ അതിനെതിരെ എന്ത് പറയുന്നു. തെറ്റുകള്‍ എല്ലായിടത്തും ഒരുപോലല്ലേ? തെറ്റുകള്‍ തിരുത്തി വേണ്ടേ മുന്‍പോട്ടു പോകേണ്ടത്?

വത്തിക്കാനില്‍നിന്നും ക്നാനായ്ക്കാര്‍ക്ക് മാത്രമായി ഒരു പ്രത്യേക രൂപത സ്ഥാപിക്കുവാനിടയായ സാഹചര്യം എന്തായിരുന്നു? ആ തീരുമാനത്തിന്  ഇന്ന് മാറ്റം വരുത്താനുണ്ടായ പുതിയ സാഹചര്യം എന്താണ്ക്നാനായ തനിമ പാലിച്ചുകൊണ്ട് കത്തോലിക്കാ വിശ്വാസത്തില്‍ ജീവിച്ചുവന്നിരുന്ന ക്നാനയക്കാരോട് അന്നത്തെ കത്തോലിക്കാ സഭാധികാരികളും കൂട്ടരും കാണിച്ചിരുന്ന വിവേചനമല്ലേ കോട്ടയം  രൂപതയ്ക്ക് കാരണം? ആ വിവേചനം ഇന്നും അഭംഗുരം തുടരുന്നു. ക്നാനായ പാരമ്പര്യങ്ങള്‍ തുടരുന്ന സമൂഹമെന്ന കാരണത്താല്‍  ക്നാനായ്ക്കാര്‍ക്ക് അര്‍ഹിക്കുന്നത് നല്‍കാതെ, വളരുവാന്‍ അനുവദിക്കാതെ പ്രതിബന്ധങ്ങള്‍ സൃഷിടിക്കുന്നത് വിവേചനമല്ലെങ്കില്‍ പിന്നെന്താണ്? നൂറു വര്‍ഷമായിട്ടും കോട്ടയം ഒറ്റ രൂപതയുമായി നില്‍ക്കുന്നു! (ഇനി ഉടനെ കണ്ണൂരും രൂപത ലഭിക്കുമെന്ന് NY ല്‍ വൈദികന്‌ പ്രസ്താവിച്ചു എന്ന് കേട്ടു. അമേരിക്കയില്‍ എന്‍ഡോഗമി നിര്‍ത്തലാക്കുന്നതിനു ലഭിച്ച വെള്ളികാശ്!)

സ്വന്തം കഴിവുകൊണ്ടും, പ്രയത്നംകൊണ്ടും ചങ്ങനാശ്ശേരി ബിഷപ്പായിതീര്‍ന്ന ഒരു ക്നാനയക്കാരനെ, അദ്ദേഹം  ക്നാനായക്കാരനായിപോയതുകൊണ്ട് അംഗീകരിക്കുവാന്‍ മറ്റുള്ളവര്‍ വിസമ്മതിച്ചു. ഒരു ബിഷപ്പിന്റെ ജീവനെവരെ  അപായപ്പെടുത്തുവാന്‍ തക്ക നിലയിലേയ്ക്ക് അന്നത്തെ ജനങ്ങളും സഭാധികാരികളും അധഃപതിച്ചത് ക്നാനയക്കാരോടുള്ള വിവേചനം കാരണമല്ലേ? ക്രിസ്തീയതയ്ക്ക് നിരക്കുന്ന പ്രവര്ത്തികളായിരുന്നുവോ അന്ന് ക്നാനായക്കാരോട് ചെയ്തത്? ഇന്ന് ചെയ്യുന്നതും അത് തന്നെയല്ലേ? എന്നിട്ട് ഇപ്പോള്‍ ക്രിസ്തീയത പറയുന്നതിലെ മാനദണ്ഡം എന്താണ്?

ക്നാനയക്കാരോടുള്ള വിവേചനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തപ്പെട്ടത്‌ റോമിലുള്ള അധികാരികള്‍ക്ക് മനസ്സിലായതുകൊണ്ടാണല്ലോ മാര്‍പാപ്പ ക്നാനയക്കാരെ സംരക്ഷിക്കുവാന്‍ വേണ്ടി അവര്‍ക്കുമാത്രമായി ഒരു രൂപത സ്ഥാപിച്ചുകൊടുത്തത്. അത് മാത്രമല്ല അന്നത്തെ അവഗണനയുടെ തീവ്രത മനസ്സിലാക്കിയിട്ടാവം മാര്‍പ്പാപ്പയുടെ ഉത്തരവിനെ മാറ്റിമറിച്ചു, മറികടന്നു ഭാവി സഭാധികാരികള്‍ മറ്റു തീരുമാനങ്ങള്‍ കൊണ്ടുവന്നാല്‍പോലും അതിനെ അസാധുവാക്കികൊണ്ടുള്ള കല്‍പ്പന പുറപ്പെടുവിച്ചത്. അന്ന് മാര്‍പ്പാപ്പ മുന്‍കൂട്ടി കണ്ടത് ഇന്ന് യാഥാര്‍ത്ഥ്യമായിത്തീരുന്നു.

സ്വവംശവിവാഹം (അത് നല്ലതോ ചീത്തയോ ആയികൊള്ളട്ടെ, അത് അവരല്ലേ അനുഭവിക്കുന്നത്) ക്നാനായ സമുദായത്തിന്റെ മൂലക്കല്ലാണെന്നറിഞ്ഞുകൊണ്ട് തന്നെ, റോം ചെയ്തതുപോലെ, ആ ചെറിയ സമൂഹത്തെ സംരക്ഷിക്കുന്നതിനുപകരം അവരെ ഇല്ലാതാക്കുവാന്‍  സിനഡില്‍ ഭൂരിപഷമുള്ള വിദ്യാസമ്പന്നരായ, ത്യാഗമനോഭാവമുള്ളവര്‍ എന്ന് കരുതപ്പെടുന്നവര്‍ ശ്രമിക്കുന്നതാണോ ക്രിസ്തീയത? ക്നാനായ്ത്തതിനു എതിരായി വരുന്നവരോട് അതിനു മാറ്റം വരുത്തിയാല്‍ ക്നാനായക്കാര്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന പാരമ്പര്യം നശിച്ചു ഇല്ലാതാകുമെന്നതു പറഞ്ഞു മനസ്സിലാക്കി അനുരജ്ഞനപ്പെടുതുന്നതിനു പകരം അവരെ കൂട്ട് ചേര്‍ത്ത് പ്രശ്നങ്ങള്‍ വഷളാകുന്നതാണോ സല്‍പ്രവര്‍ത്തി?

സ്വന്തമായ രൂപത ഇല്ലാതെ 1911 വരെ ക്നാനയ്ക്കാര്‍ സമുദായകാര്യം സംരക്ഷിച്ചു ജീവിച്ചു. സ്വവംശത്തില്‍ നിന്ന് വിവാഹിതരാകുന്നവര്‍ എന്‍ഡോഗമി പാലിച്ചും, മാറികെട്ടുന്നവര്‍ എന്‍ഡോഗമി പാലിക്കാതെയും സകുടുംബം സന്തോഷത്തോടെ, ഒരുമയോടെ തന്നെ ജീവിച്ചു പോന്നിരുന്നു.  ഇരുകൂട്ടരും കത്തോലിക്കാ വിശ്വാസത്തില്‍ തന്നെയാണ് ജീവിച്ചതും. ഇത്രയുംനാള്‍ എന്‍ഡോഗമി പാലിച്ചു പോന്നിരുന്ന ക്നാനായക്കാരുടെ സംരക്ഷകരായി അവരോധിക്കപ്പെട്ട സഭാധികൃതര്‍ തന്നെ നൂറു വര്ഷം തികയും മുന്‍പ് അതിന്റെ അന്തകരായി ഭവിച്ചത് എന്തുകൊണ്ട്?

(തുടരും......)


No comments:

Post a Comment