ക്നാനായക്കാരുടെ ഒരുമയെ നഷ്ട്ടപ്പെടുത്തിക്കൊണ്ട് വര്‍ഷങ്ങളായി ക്നാനായ വൈദികരും അസ്സൊസിയേഷനുകളുമായുള്ള ഉള്‍പോരിനാല്‍ ജനങ്ങള്‍ മടുത്തു. സഭയുടെ ഒളിച്ചുകളികള്‍ക്കൊത്തു തുള്ളിത്തുള്ളി 25 വര്‍ഷങ്ങള്‍ നഷ്ട്ടപെടുത്തി. അതിന്റെ കണക്കുകള്‍ അക്കമിട്ടു കഴിഞ്ഞ ദിവസങ്ങളില്‍ KCCNA പ്രസിഡണ്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ക്നാനായക്കാരായ ക്രിസ്തീയ നേതാക്കള്‍ക്ക് ചേരുന്ന പ്രവര്ത്തികളായിരുന്നോ അവ എന്ന് സഭാധികാരികള്‍ വിലയിരുത്തി നോക്കുക. ഉണ്ണുന്ന ചോറിനു നന്ദിയെങ്കിലും കാണിക്കുന്നത് സാമാന്യ മര്യാദയല്ലെ?
സഭയ്ക്ക് ക്നാനായം തുടരുവാന്‍ സാധിക്കില്ല, സമുദായത്തിനേ സാധിക്കുകയുള്ളൂ എന്ന പുതിയ കണ്ടുപിടുത്തം ഒരു വശത്തുകൂടി പ്രഖ്യാപിക്കുകയും മറുവശത്തുകൂടി സമുദായം നിലനിര്‍ത്തുവാന്‍ കടപ്പെട്ട അല്‍മായരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ ക്നാനായം സംരക്ഷിക്കുവാന്‍ സാധിക്കില്ലെന്ന് സ്വയം സമ്മതിക്കുകയും ചെയ്യുന്ന ക്നാനായ സഭാധികാരികള്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ ഔചിത്യം എന്താണ്?
ക്നാനായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ക്നാനായ സഭാധികാരികള്‍ക്കു സാധിക്കില്ലെങ്കില്‍ പിന്നെ അവരുടെ ആവശ്യം എന്ത് എന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. 1911ന് മുമ്പ് രൂപതയില്ലാതെ കത്തോലിക്കാവിശ്വാസം തുടര്‍ന്ന് എന്‍ഡോഗമി പാലിച്ചു ജീവിച്ചതുപോലെ കത്തോലിക്കാ സഭയുടെ കീഴില്‍ കഴിഞ്ഞാല്‍ മതിയില്ലെ? ക്നാനയക്കാരെ സംരക്ഷിക്കുവാന്‍ കഴിയാത്ത രൂപതയേയും വൈദികരെയും സംരക്ഷിക്കേണ്ട ഭാരിച്ച ചുമട് എടുക്കേണ്ടതുണ്ടോ?
ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങളില്‍ പലരും കരുതുന്നത് ഇതിനെല്ലാം കാരണം അസോസിയേഷന്‍കാരാണെന്നാവും. എന്നാല്‍ പള്ളിക്കാര്‍ ചെയ്യുന്ന തെറ്റായ പ്രവര്‍ത്തികളെ മനസ്സിലാക്കിയിട്ടും അവയെ ചോദ്യം ചെയ്യാന്‍ മിനക്കെടാതെ, ഒന്നും ചെയ്യാതെ, അത് തുടരുവാന്‍ അനുവദിച്ച സാധാരണക്കാരായ ജനങ്ങളാണോ നമ്മുടെ സമുദായത്തെ ശിഥിലമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് എന്ന് ഒരുവേള ചിന്തിക്കുന്നത് നന്നാണ്.
1986 മുതല്‍ ഇതെല്ലാം അറിവുണ്ടായിരുന്നിട്ടും സഭാധികാരികള്‍ സമുദായത്തിനു നല്ലതേ ചെയ്യുകയുള്ളൂ എന്ന വിശ്വാസത്തിലാകും നാം അവര്‍ ചെയ്യുന്ന ദോഷകരമായ പ്രവര്‍ത്തികളെ അനുകൂലിച്ചിരുന്നത്. പഷേ അത് തെറ്റായിരുന്നെന്നുവെന്ന് നാം മനസ്സിലാക്കി. ഒരുകൂട്ടര്‍ സഹകരിക്കാഞ്ഞിട്ടും കഴിഞ്ഞ കണ്‍വെന്‍ഷന്‍ വിജയിച്ചത് സമുദായത്തിന്റെ ഉന്നമനത്തിനും നന്മക്കും വേണ്ടി അനീതിക്കെതിരെ നിലകൊള്ളുവാന്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ പ്രബുദ്ധരായി മുന്‍പോട്ടു വരുന്നതുകൊണ്ടാണ്. തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടു ഇനിയും തെറ്റുകള്‍ക്ക് കൂട്ട് നില്‍ക്കുന്നെങ്കില്‍ അത് അവരവരുടെ ഇഷ്ടം. പഷേ മറ്റുള്ളവരെ നിങ്ങള്‍ വരുത്തിവയ്ക്കുന്ന ബാധ്യതയുടെ വിഴുപ്പു ചുമക്കുന്ന കഴുതകളായി കരുതരുതെന്ന് മാത്രം, സ്വയം ചുമക്കുവാന്‍ സന്നദ്ധരായി കൊള്ളുക.
വിദേശങ്ങളില്‍ ക്നാനായ മിഷനുകള്‍ ഉള്ളതുകൊണ്ടാണല്ലോ പുറത്താക്കുന്നതും അകത്താക്കുന്നതുമായ പ്രശ്നവും ഉടലെടുത്തത്. അതില്ലായിരുന്നെങ്കില്‍ മാറി കെട്ടിയവരെ ചേര്‍ത്തുകൊണ്ട് ക്നാനയത്തില്‍ വെള്ളം ചേര്‍ത്ത് പുതിയ ഫോര്‍മുലകള്‍ ഉണ്ടാക്കി ക്നാനായ സമുദായത്തെ നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. പഷേ ആ ഫോര്‍മുല സമുദായത്തിന്റെ അസ്തിത്വത്തെ ആണ് ഇല്ലാതാക്കുന്നത് എന്ന് ഇപ്പോള്‍ വ്യക്തമായ സ്ഥിതിക്ക് കുന്നശ്ശേരി പിതാവ് ഒരിക്കല്‍ പ്രഖ്യാപിച്ചപോലെ അത്തരം മിഷനുകള്‍ അടച്ചുപൂട്ടുന്നതല്ലേ ശരിയായ പരിഹാരമാര്‍ഗം? മിഷനുകള്‍ അടച്ചുപൂട്ടുന്നത് വഴി മാറി കെട്ടിയവരെ പുറത്താക്കുന്നു, ക്രിസ്തീയമല്ലാത്ത നടപടി എന്നൊക്കെയുള്ള ആരോപണങ്ങളും ഉണ്ടാവില്ല. എല്ലാറ്റിലും ഉപരി അമേരിക്കയില്‍ ക്നാനായ മിഷനുകള്‍ ഉടലെടുക്കുന്നതിനു മുമ്പുണ്ടായിരുന്ന ജനങ്ങളുടെ ഒരുമയും സ്നേഹവും സഹകരണവും പുനഃസ്ഥാപിക്കുകയും ചെയ്യാം.
പിതാക്കന്മാര്‍ക്കു സത്യം തുറന്നു പറയാമായിരുന്നു 'മക്കളെ നമ്മള്‍ ഇതുവരെ ചെയ്തത് ക്രിസ്തീയത്യ്ക്ക് നിരക്കാത്തവയാണ്, അത് നമുക്ക് മുന്‍പോട്ടു തുടരുവാനാവില്ല’ എന്ന്. അതിനുപകരം അവസരത്തിനൊത്ത് വിവിധ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ കുരങ്ങുകളിപ്പിച്ചു, തെറ്റിദ്ധരിപ്പിച്ച് പിന്‍വാതിലിലൂടെ പള്ളികള്‍ വാങ്ങിച്ചു, ഭിന്നിപ്പിച്ചു. ജനങ്ങള്‍ കഷ്ട്ടപെട്ടുണ്ടാക്കിയ പണം ദുര്‍വിനിയോഗപ്പെടുത്തി വൈദികാന്തസ്സിനു തീരാകളങ്കം വരുത്തി വച്ചു. അവസാനം 1986ലെ റിസ്ക്രിപ്റ്റ് മാറ്റമൊന്നുമില്ലതെ ആശീര്‍വദിച്ചു അനുഗ്രഹിച്ചു ക്രിസ്തുമസ് സമ്മാനമായി സ്വന്തം ജനങ്ങള്‍ക്ക് നല്‍കി! ബുദ്ധി കുറവുള്ളവര്‍ക്കും ആല്‍മാഭിമാനം ഉണ്ടെന്നും അതിനു ക്ഷതമേറ്റാല്‍ അവന്‍ പൊറുക്കില്ലയെന്നതും ഇനിയെങ്കിലും മനസ്സിലാക്കുക.
കോടികണക്കിനു ഡോളറുകള്‍ മുടക്കി പള്ളികള്‍ സ്ഥാപിക്കുന്നതു കൊണ്ടുള്ള ഗുണം സഭയ്ക്കും വൈദികര്‍ക്കുമാണ്. ഇത്രയും പണം മുടക്കിയ ജനങ്ങള്‍ക്ക് ലഭിക്കുന്നതാകട്ടെ വഴക്കും വയ്യാവേലിയും മലയാളം കുര്‍ബ്ബാനയും മാത്രവും. എന്‍ഡോഗമി ഒട്ടു നിലനിര്‍ത്തുവാന്‍ സാധിക്കുകയില്ലതാനും. പള്ളിപരിപാടികള്‍ കഴിഞ്ഞിട്ട് ദുരിതാശ്വാസങ്ങള്‍ക്കും പാവങ്ങളെ സഹായിക്കുവാനൊന്നും പണമില്ല.
ക്നാനായ പള്ളികള്‍ ഇല്ലെങ്കിലും ആവശ്യകാര്‍ക്ക് സീറോ-മലബാര്‍ പള്ളികളില്‍ നിന്ന് മലയാളം കുര്‍ബാനയും കൂദാശകളും ലഭിക്കും.
സ്റ്റീഫന്‍ തോട്ടനാനി
(തുടരും.....)
No comments:
Post a Comment