സ്നേഹം നിറഞ്ഞ ക്നാനായ സഹോദരങ്ങളെ,
നമ്മുടെ സമുദായം പ്രതിസന്ധിഘട്ടങ്ങളിലൂടെ നീങ്ങുകയാണ്. നമ്മുടെ തനിമയും ഒരുമയും തകര്‍ക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഏ.ഡി.345-ല്‍ ക്നായി തോമയോടൊപ്പം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ നമ്മള്‍ പല പ്രതിസന്ധികളെയും അതിജീവിച്ചു നമ്മുടെ പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും പിന്തുടര്‍ന്ന് ക്രൈസ്തവവിശ്വാസത്തില്‍ ജീവിച്ചു പോന്നു. “സ്വവംശവിവാഹം” എന്ന വിവാഹ ആചാരമാണ് ക്നാനയക്കാരന്റെ “മാഗ്നാക്കാര്‍ട്ട.” 1911-ല്‍ മാക്കില്‍ പിതാവിന്റെ കദനകഥയില്‍ വിശുദ്ധ പത്താം പീയുസ് തെക്കുംഭാഗസമുദായത്തിന് വേണ്ടി കോട്ടയം വികാരിയാത്ത് അനുവദിച്ചു തന്നത്. പിന്നീട് രൂപതയും അതിരൂപതയും അനുവദിച്ചു തന്നത്, നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അംഗീകരിച്ചുകൊണ്ടാണ്. നമ്മുടെ തനിമയും പാരമ്പര്യങ്ങളും ക്രൈസ്തവവിശ്വാസതിനോ കത്തോലിക്കാസഭയ്ക്കോ എതിരല്ല എന്ന റോമാ സിംഹാസനത്തിന്റെ അംഗീകാരമാണ് “ഇന്‍ യുണിവേര്സല്‍ ക്രിസ്ത്യാനി” എന്ന് ആരംഭിച്ചു കൊണ്ടുള്ള വിശുദ്ധ പത്താം പീയുസിന്റെ ഉത്തരവ്.
അടിയിന്തിര പ്രശ്നം
അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ വച്ച് “സമുദായം മാറി വിവാഹം ചെയ്യുന്നവരുടെ അംഗത്വത്തെ സംബന്ധിച്ച്,” അഭിവന്ദ്യ മൂലക്കാട്ട് പിതാവ് എടുത്ത തീരുമാനവും അത് ചിക്കാഗോ പള്ളിയില്‍ പ്രഖ്യാപിച്ചതും ആണ് പുതിയ സംഭവവികാസങ്ങള്‍. അമേരിക്കയിലെ ക്നാനയക്കാരന്‍ മാറികെട്ടിയാലും അവന്റെ അംഗത്വം ക്നാനായ പള്ളികളില്‍ നിലനില്‍ക്കുമെന്നും അത്തരക്കാരുടെ ഭാര്യ/ഭര്‍ത്താവ്, കുട്ടികള്‍ക്ക് അംഗത്വത്തിന് അവകാശമില്ല എന്നുമുള്ള പ്രഖ്യാപനം ലോകമെമ്പാടുമുള്ള ക്നാനായ സമുദായസ്നേഹികളെ വേദനിപ്പിച്ചു. ക്നാനായ സമുദായത്തിന്റെ നിര്‍വചനം സംബന്ധിച്ച് പരമ്പരാഗതമായി നമ്മള്‍ പഠിച്ചതും വിശ്വസിച്ചതും തലമുറകളായി പാലിച്ചു പോന്നതും ക്നാനായക്കാരന്‍ ജന്മം കൊണ്ടും കര്‍മം കൊണ്ടും സമുദായ അംഗമാകും എന്നതാണ്. എന്നാല്‍ ഈ നിര്‍വചനം ജന്മം മാത്രം മതിയെന്ന മൂലക്കാട്ട് പിതാവിന്റെ വ്യാഖ്യാനം ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ക്നാനായ കത്തോലിക്കാ വര്‍ക്കിംഗ് കമ്മറ്റി അടിയന്തിരമായി ചേര്‍ന്ന് ടി വിഷയം ചര്‍ച്ച ചെയ്യുകയും പിതാവില്‍ നിന്ന് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കിയ ശേഷം തുടര്തീരുമാനങ്ങള്‍ മതിയെന്നും തീരുമാനിച്ചു. ക്നാനായ വര്‍ക്കിംഗ് കമ്മറ്റിയിലും മുന്‍ വര്‍ക്കിംഗ് കമ്മറ്റിയിലും പെട്ട പത്തു പേരെ പിതാവുമായിട്ടുള്ള ചര്‍ച്ചയ്ക്ക് നിയോഗിച്ചു. 20/03/2012-ല്‍ പിതാവുമായി ചര്‍ച്ച ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ ക്നാനായ സമുദായത്തില്‍ ജനിച്ചാല്‍ മതിയെന്നും സമുദായം മാറി വിവാഹം ചെയ്താലും പള്ളി അംഗത്വത്തില്‍ തുടരാമെന്നും എന്നാല്‍ ഇത് അമേരിക്കയില്‍ മാത്രമേയുള്ളൂവെന്നും കോട്ടയം അതിരൂപതിയില്‍ ഇല്ലായെന്നും പറയുകയുണ്ടായി. ക്നാനായ സമുദായം ലോകമെമ്പാടും ഒന്നാണെന്നും സമുദായത്തിനാണ് ക്നാനായ പള്ളികള്‍ അനുവദിച്ചു തന്നതെന്നും അമേരിക്കയില്‍ ഒരു നിയമവും കേരളത്തില്‍ മറ്റൊരു നിയമവും ശരിയല്ല എന്നും ഞങ്ങള്‍ പറയുകയുണ്ടായി. 1600 വര്ഷം നാം പാലിച്ച സ്വവംശവിവാഹനിഷ്ഠയിലും തീരുമാനവും പള്ളി അംഗത്വത്തില്‍ വെള്ളം ചേര്‍ത്താല്‍ സമുദായത്തില്‍ നിന്നും പുറത്തേയ്ക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കുമെന്നും ഞങ്ങള്‍ ബോധിപ്പിച്ചു. ക്നാനായ സമുദായത്തിന്റെ ഔദ്യോഗികസമിതിയായ പാസ്റ്ററല്‍ കൌസിലിലും സമുദായ സംഘടന തലങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നത് വരെ പിതാവിന്റെ ലോസാഞ്ചെല്സു തീരുമാനം നടപ്പാക്കരുത് എന്ന് ആവശ്യപ്പെടുകയുണ്ടായി. പിതാവ് ആയത് അംഗീകരിക്കുകയുണ്ടായില്ല. ആയതിനാല്‍ ടി വിഷയം അടിയന്തിരപ്രതിനിധിസഭ വിളിച്ചു അവരുടെ തീരുമാനത്തിന് വിടാന്‍ അന്ന് ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു.
ആകയാല്‍ 2012 ഏപ്രില്‍ ഒന്നാം തിയതി ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30നു കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പൊതുയോഗസഭ ചേരുന്നതാണ്. K.C.C., K.C.Y.L., K.C.W.A. പ്രതിനിധികള്‍ നിര്‍ബന്ധമായും ഈ ചരിത്ര സമ്മളനത്തില്‍ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ക്നാനായ സമുദായ അംഗങ്ങള്‍ക്കും ബഹുമാനപ്പെട്ട വൈദികര്‍ക്കും പങ്കെടുക്കാവുന്നതാണ്. നമ്മുടെ അസ്തിത്വത്തെ ബാധിക്കുന്ന ഈ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കി, ടി സമ്മേളനത്തില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടി അവസരത്തില്‍ ക്നാനായ സമുദായത്തില്‍ “സ്വയാധികാര സഭ” എന്ന വിഷയത്തില്‍ പ്രബന്ധാവതരണവും അന്തരിച്ചു മുന്‍ കെ.സി.സി. പ്രസിഡന്റ്, ഇ.ജെ. ലുക്കൊസ് സാറിന്റെ അനുസ്മരണവും ഉണ്ടായിരിക്കും.
എന്ന്,
പ്രൊഫ. ജോയ് മുപ്രാപ്പള്ളില്‍,
ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റ്
കോട്ടയം, 23/03/2012
No comments:
Post a Comment