സഹോദരരേ,
ക്‌നാനായ സമുദായം ഒരുവലിയ പ്രതിസന്ധിയെ നേരിടുകയാണ്. കേരളത്തിലെപോലെ അമേരിക്കയില്‍ നമ്മുടെ തനിമ സംരക്ഷിക്കുന്നതിനായി ഇടവക അനുവദിക്കുകയില്ല എന്ന റോമിന്റെ ഒരു നിര്‍ദ്ദേശത്തിന്റെ പേരില്‍ ക്‌നാനായസമുദായത്തെതന്നെ ഇല്ലാതാക്കുന്ന നീക്കങ്ങളാണ് നമ്മുടെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നത്. ക്‌നാനായ മാതാപിതാക്കളില്‍ നിന്നും ജനിക്കുന്നവരും ജീവിതപങ്കാളി ക്‌നാനായ സമുദായത്തില്‍ നിന്നും ഉള്ളവരും ആണ് ക്നാനയക്കാര്‍ എന്ന നമ്മുടെ പരമ്പരാഗതമായ നിര്‍വ്വചനം മാറ്റിഎഴുതിയിരിക്കുന്നു. സമുദായം വിട്ട് വിവാഹം കഴിക്കുന്നവരും നമ്മുടെ ഇടവകയില്‍ അംഗമായിരിക്കും എന്ന അഭിവന്ദ്യ പിതാവിന്റെ പുതിയ വ്യാഖ്യാനം നമുക്കു സ്വീകരിക്കാവുന്നതല്ല. ഇത് നടപ്പിലായാല്‍ സമുദായവും മെത്രാനും ഒക്കെ ഇല്ലാതാകുക തന്നെ ചെയ്യും. നമ്മുടെ സമുദായത്തേയും മാര്‍പാപ്പ തന്ന അതിരൂപതയേയും നമ്മള്‍തന്നെ സംരക്ഷിക്കേണ്ടതായി വന്നിരിക്കുന്നു. ഇന്നിതാ സമുദായം ഉപേക്ഷിച്ചുപോയവര്‍ അവകാശവുമായി എത്തിയിരിക്കുന്നു. നമ്മുടെ നേതാക്കള്‍ അവരെ ഉള്ളില്‍ പ്രവേശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയാണ്. സമുദായത്തിന്റെ പള്ളിയെ സമുദായാംഗങ്ങളില്‍ നിന്നും വേര്‍പെടുത്തി എല്ലാവര്‍ക്കും അവകാശമുള്ളതായി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇങ്ങനെ പോയാലേ സഭാപരമായി വളരാനാകൂ എന്ന് സഭാനേതൃത്വം നമ്മോട് പറയുന്നു. സമുദായത്തെ ഇല്ലാതാക്കി സഭാപരമായി എങ്ങനെ വളരാനാകും എന്നവര്‍ വിശദമാക്കുന്നില്ല.
നമ്മുടെ സമുദായം തനിമയിലും പാരമ്പര്യത്തിലും അഭിമാനത്തോടെ ഐക്യത്തോടെ നിന്നതുകൊണ്ടാണ് സഭാപരമായി വളരുന്നതിനായി 1911 ല്‍ മാര്‍പാപ്പ നമുക്ക് വികാരിയത്ത് അനുവദിച്ചുതന്നതെന്ന് നമ്മള്‍ മറക്കരുത്. അമേരിക്കയിലെ നമ്മുടെ ആള്‍ക്കാരെ നിര്‍ബന്ധിപ്പിച്ച് പള്ളി വാങ്ങിയിട്ട് ഇപ്പോള്‍ പറയുന്നു പള്ളി നിലനിര്‍ത്താന്‍ സമുദായം ഉപേക്ഷിക്കണമെന്ന്. ഇത് കടുത്ത വഞ്ചനയാണ്. സമുദായത്തിന്റെ പള്ളിയെ സമുദായത്തില്‍ നിന്നും പിഴുതുമാറ്റുന്നത് കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തുന്നതുപോലെ അനീതിയാണ്. ഈ ഫോര്‍മുല താമസിക്കാതെ കേരളത്തിലും നടപ്പിലാകും.
പ്രിയരേ, നമ്മുടെ പള്ളിയില്‍ നമ്മള്‍ അന്യരാകുകയാണ്. ഈ പ്രതിസന്ധിയെ നമ്മള്‍ തരണം ചെയ്‌തേ മതിയാകൂ.
1599-ല്‍ നടന്ന ഉദയംപേരൂര്‍ സുന്നഹദോസ് തീരുമാനപ്രകാരം സുറിയാനിക്കാര്‍ ആചരിച്ചിരുന്ന പൈതൃകങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നപ്പോള്‍, നമ്മുടെ പൂര്‍വ്വികര്‍ അതിനെ എതിര്‍ത്തു കൊണ്ട് മെനേസിസ് മെത്രാപ്പോലീത്തയെ കാണുകയും അദ്ദേഹം നമുക്കുമാത്രമായി നിരോധനം നീക്കിത്തരുകയും ചെയ്തു. വടക്കുംഭാഗ സുറിയാനിക്കാര്‍ പരാതിപ്പെട്ടില്ല അവര്‍ക്ക് അതെല്ലാം നഷ്ട്ടമാകുകയും ചെയ്തു. മറ്റൊരു സന്ദര്‍ഭത്തില്‍ നമ്മുടെ തനിമ നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ശത്രുക്കളോടു പോരാടി ആള്‍നാശം വരെ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ മെത്രാപ്പോലീത്ത പറയുന്നത് "റോം അനുവദിക്കുകയില്ല, റോം തീരുമാനിച്ചു" എന്നൊക്കെയാണ്. എന്തുകൊണ്ട് സമുദായക്കാരെ കൂടെക്കൂട്ടി റോമിനെ നമ്മുടെ ആവശ്യം അറിയിച്ചില്ല എന്നചോദ്യം ഉത്തരമില്ലാതെ നില്‍ക്കുന്നു. അമേരിക്കയില്‍ കാലുറപ്പിക്കുന്നതിനുവേണ്ടി അവിടെ ഉപേക്ഷിക്കുന്നതെല്ലാം സമുദായത്തിന്റെ മൊത്തം നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന സ്ഥിതിയാണ് വന്നുചേരുന്നത്.
സഹായ മെത്രാനായി മാര്‍ മൂലക്കാട്ട് വന്നപ്പോള്‍ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരുന്നില്ല. അത് ലഭിക്കുന്നതിനുവേണ്ടി വീടുകള്‍തോറും പ്രാര്‍ത്ഥന നടത്തുവാന്‍ കുന്നശ്ശേരി പിതാവ് ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ ലഭിച്ചതാണ് നമ്മെ ഇന്നു നയിക്കുന്ന മൂലക്കാട്ട് മെത്രാന്‍.. സമുദായം നേരിടുന്ന പ്രതിസന്ധിയെ ചെറുത്തു തോല്‍പ്പിക്കുന്നതോടൊപ്പം പ്രര്‍ത്ഥനയും അനിവാര്യമായിരിക്കുന്നു.
വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ തെക്കുംഭാഗര്‍ക്കുമാത്രമായി അനുവദിച്ച വികാരിയത്ത് രൂപതയും അതിരൂപതയും അയിരിക്കുന്നു. ഇനി സ്വയാധികാര സഭയാകുവാനുള്ള ശ്രമമാണ് നടത്തേണ്ടത്, എങ്കിലേ നമ്മള്‍ സ്വതന്ത്രരാകൂ. ചങ്ങനാശേരിയില്‍ വടക്കുംഭാഗരും തെക്കുംഭാഗരും അസമാധാത്തില്‍ കഴിഞ്ഞിരുന്നതുകൊണ്ടാണ് രണ്ടു കൂട്ടര്‍ക്കും വംശീയ മെത്രാനെ അനുവദിച്ചു കിട്ടിയത്. അന്നുമുതല്‍ എല്ലാവരും സമാധാനത്തില്‍ കഴിയുന്നു. ക്‌നാനായ സമുദായം വിട്ടുപോയവരെ കൂടി പള്ളിയില്‍ തിരികെ പ്രവേശിപ്പിച്ചാല്‍ പണ്ടുണ്ടായിരുന്ന അസമാധാനം നമ്മുടെ പള്ളിക്കുള്ളില്‍ കയ്യാങ്കളിയില്‍ ആരംഭിക്കുക തന്നെ ചെയ്യും, നമ്മുടെ പള്ളി ക്‌നാനായ പള്ളി അല്ലാതാകും, പള്ളിമുറ്റം രണ്ട് വിഭാഗക്കാരുടെ പടക്കളമായി മാറും, 1911-നു മുന്‍പുള്ള സ്ഥിതിയിലാകും, അതു നമ്മള്‍ ആഗ്രഹിക്കുന്നില്ല.
ഉണരുക രംഗത്തുവരിക പ്രതിഷേധിക്കുക.
ഡോമിനിക് സാവിയോ വാച്ചാചിറയില്‍, പ്രസിഡന്റ്
ക്‌നാനായ ഫെലോഷിപ്പ് സ്റ്റേറ്റ് കമ്മിറ്റി
കോട്ടയം. Ph-944 614 0026
Email: pulimavu@gmail.com
No comments:
Post a Comment