നൂറു കൊല്ലം മുമ്പ് ക്നാനായക്കാര്‍ക്ക് മാത്രമായി പ്രത്യേക വികാരിയാത്ത് അനുവദിക്കുമ്പോള്‍ അതിന്റെ ഗുണ ഭോക്താക്കളായിരുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഏറെക്കുറെ മുഴുവനായും കേരളത്തിനുള്ളില്‍ തന്നെ ഉള്ളവരായിരുന്നു.
ഇന്നിപ്പോള്‍ കാലമേറെ കഴിഞ്ഞപ്പോള്‍ സമുദായമെന്ന നിലയില്‍ ഏറെ സാമ്പത്തികാഭിവൃദ്ധി നേടുകയും ലോകരാഷ്ട്രങ്ങളില്‍ എല്ലാം തന്നെ സജീവ സാന്നിധ്യമാകുകയും ചെയ്തതോട് കൂടി വിമര്‍ശനങ്ങള്‍ക്കും ഉല്‍ഭവം സംബന്ധിച്ച ചോദ്യം ചെയ്യലുകള്‍ക്കും വിധേയമാകേണ്ടിയും വരുന്നു എന്ന ദുര്യോഗവും ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ്.
സമുദായത്തെ ഭേദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികള്‍ മറ്റ് സമുദായക്കാരോ ജാതികളോ അല്ല; പിന്നെയോ സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ കഴിയാതെ സമുദായത്തിന് വെളിയില്‍ നിന്ന് വിവാഹം കഴിച്ച സമുദായാംഗങ്ങളില്‍ ചിലര്‍ മാത്രമാണ്.
"ദാവീദ് രാജാവിന്‍റെ കൊച്ചു മക്കള്‍ " എന്നും "രാജരക്ത "മെന്നും പഴമക്കാരായ ക്നാനായക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പിയിരുന്നില്ല. അങ്ങനെ പുലമ്പാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല അവരുടേത്. മറ്റ് പല ജാതികള്‍ , കീഴ്ജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരുന്ന കാര്‍ഷിക വൃത്തികളും അനുഭവിച്ചിരുന്ന ദാരിദ്ര്യവും നാന്നായിട്ടറിഞ്ഞു ജീവിച്ചവര്‍ ...
ഒരു സമുദായം എന്ന നിലയില്‍ സ്വവംശ വിവാഹം തുടരാന്‍ കഴിയുന്ന സാഹചര്യം നിലനിന്നിരുന്ന പ്രദേശമായിരുന്നു കേരളം. ജാതി വ്യവസ്ഥ ഇത്രയേറെ സങ്കീര്‍ണ്ണമായ ഒരിടം ഒരുപക്ഷെ ലോകത്ത് മറ്റെവിടെയാനുള്ളത്? സ്വന്തമായി പള്ളികള്‍ ഇല്ലാതിരുന്നിട്ടും സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ ഇടയായതും അതിലൂടെ സമുദായം നിലനില്ക്കുന്നതിനും കാരണമായത് ഒരു പക്ഷെ ഈ ജാതി വ്യവസ്തയുടെ സഹായം കൊണ്ട് കൂടിയാണ് എന്നത് ആര്‍ക്ക് നിഷേധിക്കാനാകും?
ഇന്നിപ്പോള്‍ സഭയുടെയും രാജ്യത്തിന്‍റെയും നിയമങ്ങള്‍ അനുസരിച്ച് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ക്നാനായ കത്തോലിക്കര്‍ (സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്നവര്‍ )ഒരു സമുദായം എന്ന നിലയില്‍ തുടരാന്‍ യോഗ്യരാണ്. അന്യ സഭകളില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് അംഗത്വം നല്‍കുന്നതിന് ആ സഭകള്‍ എതിരല്ല താനും. എന്നാല്‍ അമേരിക്ക പോലുള്ള വ്യക്തിസ്വാതന്ത്ര്യം ഏറെയുള്ള രാജ്യങ്ങളില്‍ അങ്ങനെയാവണമെന്നില്ല.
അവിടുത്തെ സിവില്‍ നിയമങ്ങളുടെ ചുവടു പിടിച്ച്, അന്യ സഭകളില്‍ നിന്ന് വിവാഹം ചെയ്ത ക്നാനായക്കാര്‍ ക്നാനായ മിഷനുകളില്‍ അംഗത്വത്തിന് ശ്രമിക്കുന്നു എന്നത് സാങ്കേതികമായി അവിടെ ചില പ്രതിസന്ധികള്‍ സൃഷ്ടിചിരിക്കാം. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാകട്ടെ തീവ്ര വൈകാരികതയുടെയും ...
പള്ളികള്‍ക്കെന്നതുപോലെ മെത്രാന്മാര്‍ക്കും അച്ഛന്മാര്‍ക്കും ഒക്കെ അവരുടേതായ പ്രസക്തി തീരെ കുറവല്ലാത്ത ഒരു സമുദായമാണ് ക്നാനായക്കാരുടെത്. എന്നാല്‍ സമുദായത്തിന്‍റെ ഭാവി സുരക്ഷിതമാണോ എന്ന ചിന്തയ്ക്ക് തീരെ പ്രസക്തിയില്ലായ്കയില്ല. വിദേശങ്ങളില്‍ പ്രത്യേകിച്ചും.
ഇന്നത്തെ കുട്ടികളിലാണ് സമുദായത്തിന്‍റെ ഭാവി എന്നതില്‍ തര്‍ക്കമില്ല. പണ്ട് മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് ജീവിതാന്തസ് തെരഞ്ഞെടുക്കുകയും ജീവിത പന്കാളിയെ കണ്ടെത്തുകയും ചെയ്തിരുന്ന പ്രവണതയും രീതിയും മാറി വരികയാണ്. സ്വവംശവിവാഹനിഷ്ഠ കര്‍ക്കശമായി പാലിക്കുന്ന ഒരു സമുദായം എന്ന നിലയില്‍ ക്നാനായ സമുദായം അഭിമുഖീകരിക്കുന്ന ഈ വെല്ലുവിളി വിദേശങ്ങളില്‍ മറ്റേതൊരു മലയാളി സമൂഹവും അനുഭവിക്കുന്നുമുണ്ട്.
പ്രായപൂര്‍ത്തിയായ കുട്ടികള്‍ വിവാഹം വേണ്ടെന്നു വയ്ക്കുന്നതും ഇഷ്ടപ്പെട്ട ജീവിത പങ്കാളികള്‍ക്കൊപ്പം (അവരുടെ ജാതിയും മതവും വര്‍ണ്ണവും നോക്കാതെ) ജീവിക്കാന്‍ തീരുമാനിക്കുന്നതും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്.
പള്ളികളും പരമ്പരാഗത വിശ്വാസ പരിശീലനങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. സമുദായത്തിന്റെ ഭാവി സംബന്ധിച്ച ഇത്തരം വിഷയങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ച ഉണ്ടായി കാണുന്നില്ല.
ഏതെന്കിലും കോണുകളില്‍ നിന്ന് ഒറ്റപ്പെട്ട ചില വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനെ സഭാവിരുദ്ധമായും സമുദായ വിരുദ്ധമായും ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കെണ്ടതുണ്ട്. സമുദായവിരുദ്ധര്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആവലാതികളും മറ്റ് പലതാണ്.
സമുദായ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ചെറുതല്ലാത്ത പങ്കാണുള്ളത്. ദൌര്‍ഭാഗ്യവശാല്‍ പലപ്പോഴും അവര്‍ക്കതിന് കഴിയാറില്ല. ഹൃസ്വവീക്ഷണം ഉള്ളവരില്‍ നിന്ന്ദീര്‍ഘ വീക്ഷണം ഉള്ളവരായി സംഘടനാംഗങ്ങളും നേതാക്കളും മാറേണ്ടിയിരിക്കുന്നു. പുരോഹിതരോടും തിരുമേനിമാരോടും ഉള്ളതിനേക്കാള്‍ അവര്‍ക്ക് കടപ്പാട് സാധാരണക്കാരായ സമുദായാംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും ആണ് ഉണ്ടാവേണ്ടത്. അതിനര്‍ത്ഥം അവരെ ഗൌനിക്കരുതെന്നോ, ബഹുമാനിക്കരുതെന്നോ അല്ല; അത് മാത്രമായി പോയതിന്റെ ഭവിഷ്യത്തുകള്‍ ആണ് നാമിന്നിവിടെ കണ്ടുകൊണ്ടിരിക്കുന്നത്.
No comments:
Post a Comment