എന്റെ അമേരിക്കയിലുള്ള ക്‌നാനായമക്കള്‍ക്ക്,
ഡോമിനിക് സാവിയോ വാച്ചാച്ചിറയില്‍ എഴുതിയ ക്‌നാനായ സമുദായത്തെ നക്കിക്കൊല്ലുന്നവര്‍ എന്ന ലേഖനവും അതിനു വന്ന കമന്റുകളും വായിക്കാനിടയായി. തൊമ്മനു തോന്നിയ ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.
ക്‌നാനായ സമുദായം രൂപപ്പെട്ടതു മുതല്‍ നാളിതുവരെ പിന്‍തുടര്‍ന്നുപോരുന്ന അചാരനുഷ്ഠാനങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. സമുദായത്തിനുള്ളില്‍നിന്നും വിവാഹം കഴിക്കുക, വിവാഹ ചടങ്ങുകളില്‍ മാത്രം അനുഷ്ഠിക്കുന്ന കച്ചതഴുകല്‍, വാഴുപിടുത്തം, നടവിളി തുടങ്ങിയ ആചാരങ്ങള്‍. കാലാകാലങ്ങളായി അഭംഗുരം എന്റെ മക്കള്‍ തുടര്‍ന്നു വന്നിട്ടുള്ള കാര്യങ്ങളാണിത്.
ക്‌നാനായക്കാരുടെ ഈ തനിമ, അതിന്റെ യാഥാര്‍ത്ഥ്യം അറിയണമെങ്കില്‍, അതു കേരളത്തിലിരുന്നോ, അമേരിക്കയിലിരുന്നോ കുറ്റം പറയുകയും, അവഹേളിക്കുകയും ചെയ്തിട്ടു കാര്യമില്ല. ഞങ്ങളുടെ പൂര്‍വ്വികര്‍ കാനാന്‍ ദേശത്തെങ്ങിനെ ജീവിച്ചിരുന്നു എന്നറിയണം. ആ തനിമ മനസ്‌സിലാക്കാനുള്ള ബോധം വേണം. ഞങ്ങളുടെ ജനുസിന്റെ ഗുണമാണത്. ആ പാരമ്പര്യത്തില്‍നിന്നുള്‍കൊണ്ട ഊര്‍ജ്ജമാണത്. ആ പ്രത്യേകതയാണ്, തന്റേടമാണ് ഇന്നും എന്റെ മക്കളെ ഒരുമിച്ചു നിറുത്തുന്നത്.
എന്നാല്‍, എന്റെ ചില കൊച്ചുമക്കള്‍ പലവിധ കാരണങ്ങള്‍കൊണ്ട് തങ്ങളുടെ ഈ പാരമ്പര്യം തുടരാതെ, സമുദായത്തിനു പുറത്തുനിന്നും വിവാഹം കഴിച്ചു തങ്ങളുടെ ക്‌നാനായ സമുദായതനിമ നഷ്ടപ്പെടുത്തി. ഇങ്ങനെ പുറത്തുള്ള സഭാവിഭാഗങ്ങളില്‍നിന്നും വിവാഹം കഴിച്ചവര്‍ക്കെല്ലാം വ്യക്തമായ ബോധ്യവുമുണ്ടായിരുന്നു തങ്ങളുടെ ക്‌നാനായത്വം ആ വിവാഹത്തോടെ നഷ്ടമാവുമെന്ന്. മൂത്തപുത്രസ്ഥാനം ഒരുപാത്രം പായസത്തിനു നഷ്ടപ്പെടുത്തിയ ഏസാവിനെപ്പോലെ, സാമ്പത്തിക ലാഭത്തിനും, മറ്റു സൗകര്യങ്ങള്‍ക്കും വേണ്ടി ക്‌നാനായത്തനിമ നഷ്ടപ്പെടുത്തി. ഇന്നതിലവര്‍ അങ്ങേയറ്റം നാണിക്കുകയും, വേദനിക്കുകയും ചെയ്യുന്നുവെന്നും തൊമ്മനറിയാം. നാലുപേരുകൂടുന്നിടത്ത് നിങ്ങളെപ്പറ്റി മറ്റുള്ളവര്‍ അടക്കം പറയുന്നതു കേള്‍ക്കുമ്പോള്‍ ഈ നഷ്ടബോധം കൂടുന്നുണ്ടെന്നും തൊമ്മനറിയാം. ഇന്നു ക്‌നാനായത്തെ, ക്‌നാനായത്തനിമയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ ഇവരാണ്. ഇവരുടെ ബാക്കി സമുദായത്തിലുള്ള ക്‌നാനായക്കാരാണ്. ഇതിനവര്‍ കൂട്ടുപിടിച്ചിരിക്കുന്നത് അവരെപ്പോലെയുള്ള കുടുംബങ്ങളേയും, പിന്നെ അധികാരമോഹികളും, കാശുകൊടുത്താല്‍ എന്തു മാമാ പണി ചെയ്യാനും മടിയില്ലാത്ത നമ്മുടെ സമുദായത്തിലെ ചില കത്തനാരുന്മാരെയും, ഈ ദുഃഖം കുറേ നാളായി അനുഭവിക്കുന്ന മൂലക്കാട്ടു പിതാവിനേയും.
ക്‌നാനായക്കാരുടെ പ്രത്യേക ജീവിതരീതികളും, തനിമയും, വ്യക്തമായി മനസ്‌സിലാക്കിയിട്ടു തന്നെയാണ് പരിശുദ്ധ സിംഹാസനം, കോട്ടയം രൂപത അംഗീകരിച്ചത്. ക്‌നാനായ രൂപത അതിരൂപതയായി ഉയര്‍ത്തിയതിനു പിന്നിലും കാരണം മറ്റൊന്നല്ല. ഈ യാഥാര്‍ത്ഥ്യങ്ങളെ മനഃപൂര്‍വ്വം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണവും ന്യായവും ഞാന്‍ മുന്‍ ഖണ്ണികയില്‍ പറഞ്ഞതുതന്നെ. തങ്ങളുടെ ആളുകള്‍ക്കു നഷ്ടപ്പെട്ട അവകാശം ഏതു കുതന്ത്രത്തിലൂടെയും തിരികേ നേടിക്കൊടുക്കുക.
മാത്രവുമല്ല, ക്‌നാനായസമുദായത്തിലാരും മറ്റൊരാളെ, സമുദായത്തിനു പുറത്തുനിന്നു വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുകയോ, പ്രേരിപ്പിക്കുകയോ, ഗൂഢാലോചന നടത്തുകയോ ചെയ്തിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം നടത്തിയ അല്ലെങ്കില്‍ ചെന്നു ചാടിയ അബദ്ധങ്ങള്‍ക്ക് സമുദായത്തെ മുഴുവന്‍ പഴിപറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
ക്‌നാനായ സമുദായത്തിന് ഒരു പാരമ്പര്യമുണ്ട്. എന്റെ മക്കള്‍ അത് അഭംഗുരം പാലിക്കുന്നുമുണ്ട്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ആരേയും അവര്‍ അനുവദിക്കുകയുമില്ല. ക്‌നാനായ മിഷന്റെ പേരുപറഞ്ഞ് അമേരിക്കയിലും, പിന്നീട് യു.കെ. യിലും അധികാരമോഹികളും, പണക്കൊതിയന്മാരുമായ കത്തനാരുമാര്‍ എന്ന് കാലുകുത്തിയോ, അന്നു തുടങ്ങിയതാണു അമേരിക്കയിലേയും, ഇപ്പോള്‍ യു.കെ. യിലേയും എന്റെ മക്കളുടെ ശനിദശ. എന്റെ മക്കളെ പല ഗ്രൂപ്പുകളായും, പല മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചും തമ്മില്‍ തല്ലിച്ച് അവര്‍ കഷ്ടപ്പെട്ടു ജോലിചെയ്തു സമ്പാദിച്ച പണം പരസ്യമായി തെണ്ടിയും, ഗുണ്ടാപിരിവു നടത്തിയും പിടിച്ചുപറിക്കുന്ന ഇക്കൂട്ടരും, ഇവര്‍ക്ക് ഓശാന പാടുന്നവരും ഒരുകാര്യം മനസ്‌സിലാക്കുക. അച്ചന്‍മാരിലും, കന്യാസ്ത്രികളിലും എന്തിനേറെ മെത്രാന്‍മാരില്‍പോലും എന്റെ മക്കള്‍ക്കു വിശ്വാസവും, ബഹുമാനവും നിങ്ങള്‍മൂലം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തെറ്റുകള്‍ മാത്രം ചെയ്തുകൂട്ടുന്ന നിങ്ങളുടെ തനിനിറം എന്റെ മക്കള്‍ മനഃസ്‌സിലാക്കിയിരിക്കുന്നു. നിങ്ങള്‍ക്കെതിരേ അവര്‍ പരസ്യമായി രംഗത്തെത്തും. നിങ്ങളടിച്ചെടുത്ത ഓരോ ചില്ലിക്കാശിനും അവര്‍ നിങ്ങളെക്കൊണ്ടു കണക്കു പറയിക്കും.
സമുദായത്തില്‍ മായം ചേര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം നിങ്ങളേയും അവര്‍ പരസ്യമായി വെളിച്ചത്തുകൊണ്ടുവരും. സമുദായംഗങ്ങളോടു മാത്രമല്ല, ഫെഡറല്‍ നീതിന്യായ വ്യവസ്ഥക്കു മുമ്പിലും നിങ്ങള്‍ ഉത്തരം പറയേണ്ടിവരും. ഒരു കാനോന്‍ നിയമവും, കത്തോലിക്കാ സംവിധാനവും നിങ്ങളെ രക്ഷിക്കില്ല. ഒരു പരാതി ആരെങ്കിലും കൊടുത്താല്‍ മതി, പിന്നെ നിയമം അതിന്റെ വഴിനോക്കിക്കോളും.
ഇതൊന്നും ചെയ്യാത്തത്, രൂപതയോടും, അച്ചന്‍മാരോടും മെത്രാനോടും അല്‍പമെങ്കിലും ബഹുമാനം അവശേഷിക്കുന്നതുകൊണ്ടാണ്. ദിനംപ്രതി നിങ്ങളതു നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും. എത്രനാളിതു നീളും? എന്തായാലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ അച്ചന്‍മാരുടേയും മെത്രാന്‍മാരുടേയും റെക്കമെന്റേഷന്‍ വേണ്ടെന്ന് എന്റെ മക്കള്‍ക്ക് വ്യക്തമായറിയാം.
ക്‌നാനായമക്കളുടെ ചോരകുടിക്കാന്‍ തയ്യാറായിനില്‍ക്കുന്ന മെത്രാന്‍മാരും, അച്ചന്‍മാരും, അവരുടെ ആശ്രിതരും ഇതോര്‍ത്താല്‍ നന്ന്.
സ്‌നേഹത്തോടെ
ക്നായി തൊമ്മന്‍
No comments:
Post a Comment