യു.കെ.കെ.സി.എ.യിലുള്ള എന്റെ മക്കള്‍ അറിയുവാന്‍,
പരസ്പരം വിഴുപ്പലക്കിയും, തേജോവധം ചെയ്തും, ചെളിവാരിയെറിഞ്ഞും നിങ്ങള്‍ നടത്തുന്ന വാഗ്വാദങ്ങളും, നയപ്രഖ്യാപനങ്ങളും കണ്ടും, കേട്ടും, വായിച്ചും സഹികെട്ട് തൊമ്മനെഴുതുകയാണ്.
വിഗന്‍ യൂണിറ്റിന്റെ ആവശ്യം ന്യായമാണെന്നു രണ്ടഭിപ്രായമില്ലെന്നുള്ളത് ഏവര്‍ക്കും അറിവുള്ളതാണ്. അതു വരുന്ന സെപ്റ്റംബറിലേ അംഗീകരിക്കൂ എന്നുള്ളതാണു വാശി. ആര്‍ക്കുവേണ്ടിയാണീ വാശി? ആര്‍ക്കാണിതുകൊണ്ടു നേട്ടം? കൂടുതല്‍ വാശിയും, വൈരാഗ്യവും ഉണ്ടാക്കുവാനേ ഈ കാലതാമസം കൊണ്ട് ഉപകരിക്കൂ. മാത്രവുമല്ല, കണ്‍വന്‍ഷനു വരുന്നവര്‍ക്ക് മനസ്സമാധാനവും നഷ്ടമാകും.
കണ്വന്ഷന് ഭംഗിയായി നടക്കുമെന്ന് ഇന്നാര്‍ക്കും ഉറപ്പില്ല. കോടതിയില്‍നിന്നു സ്റ്റേ വാങ്ങിച്ച് പരിപാടി നടത്തില്ലെന്ന വാശിയില്‍ ഒരു കൂട്ടര്. ടാക്സ് വെട്ടിച്ച് നാട്ടിലേക്കു പൈസാ കടത്താനായിട്ടാണ് മെത്രാനെത്തുന്നതെന്ന് കോണ്‍സലേറ്റിനു കത്തെഴുതാന്‍ തയ്യാറായി മറ്റൊരു കൂട്ടര്. ഇതുവരെ നല്‍കേണ്ട ഡോക്കുമെന്റെുകള് നല്‍കാത്ത സംഘടനയുടെ പ്രവര്‍ത്തനങ്ങളേയും, സംഘടനാഭാരവാഹികളേയും, എന്തിനേറെ, സംഘടനയിലുള്ള ഓരോ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളേയും നിരീക്ഷിക്കണമെന്നാവശ്യപ്പെടാന് മറ്റൊരു കൂട്ടര്. പ്രശ്നസാധ്യത വളരെ കൂടുതല്‍. അതും വളരെ സീരിയസായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം. ആരെങ്കിലും എന്തെങ്കിലും ചെയ്തുപോയാല്‍ പിന്നെ പറഞ്ഞിട്ടു എന്തു കാര്യം!
ഭംഗിയായും, വിജയകരമായും ഈ കണ്വന്ഷന് നടന്നു കാണണമെന്നുള്ളതാണു തൊമ്മന്റെ ആഗ്രഹം. അതുപോലെ എന്റെ മക്കള്‍ മനഃസ്സമാധാനത്തോടെ അതില്‍ പങ്കുചേരണമെന്നും. വാശിയും, വീറും കാണിക്കുമ്പോള്‍, ഒരു ലാഭനഷ്ടക്കണക്കുകുടി എന്റെ പ്രിയ ഭാരവാഹികള്‍ ചിന്തിക്കുന്നതു നല്ലതായിരിക്കും. എന്തു സംഭവിച്ചാലും, എങ്ങിനെ വളച്ചൊടിച്ചാലും, അന്തിമമായ പേരുദോഷം ഭാരവാഹികള്‍ക്കു തന്നെയാണെന്ന് മനസ്സിലാക്കുക. വ്യക്തിതാത്പര്യങ്ങള്ക്കതീതവും, ധാര്‍മികതയുടെ പൂര്‍ത്തീകരണവുമാണ് സംഘടനാഭാരവാഹിത്വം എന്നു മനസ്സിലാക്കണം. സമയം ഇനിയും അതിക്രമിച്ചിട്ടില്ലെന്നോര്ക്കുക. ന്യായമായതു സമയനിഷ്ഠയോടെ ചെയ്തു തീര്‍ത്ത്, എല്ലാവര്ക്കും സന്തോഷത്തോടെയും, മനഃസ്സമാധാനത്തോടെയും ഒന്നുചേര്‍ന്ന് ഈ കണ്വന്ഷന് ആഘോഷിക്കുവാന്‍ അവസരമുണ്ടാക്കുക.
അതിനു ഭാരവാഹികള്‍ മുന്‍കൈ എടുത്ത്, പ്രശ്നങ്ങള്‍ തീര്‍പ്പാക്കുമെന്ന വിശ്വാസത്തില്‍, തൊമ്മന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ക്നായി തൊമ്മന്
No comments:
Post a Comment