കൊക്കൂണില്‍ നിന്നും മോചനം
സ്റ്റീഫന്‍ തോട്ടനാനി
(ന്യൂയോര്‍ക്ക്)
ലോകാരംഭം മുതല്‍ പല സാമ്രാജ്യങ്ങളും, സംസ്‌കാരങ്ങളും ഭൂമുഖത്ത് ഉണ്ടായിട്ടുണ്ട്. എല്ലാത്തിനും ഒരു തുടക്കവും, വളര്‍ച്ചയുടെ പാരമ്യത്തിലെ സുവര്‍ണ്ണകാലവും അധഃപതനത്തിന്റെ ഒരു അവസാനകാലവും ഉണ്ടായിരുന്നു. കാലഹരണപ്പെട്ടുപോയ സാമ്രാജ്യങ്ങളേയും, സംസ്‌കാരങ്ങളേയും അപഗ്രഥിച്ച്, കാര്യകാരണങ്ങള്‍ വ്യക്തമാക്കി പല ഉപന്യാസങ്ങള്‍ നമ്മള്‍ പഠനത്തിന്റെ ഭാഗമായി എഴുതിയിട്ടുണ്ട്. ശാശ്വതമായ നിലനില്പ് ഒന്നിനും ഇല്ലെങ്കിലും നമ്മുടെ ജീവിതകാലത്തു തന്നെ നാം ഭാഗഭാക്കായ ക്‌നാനായ സംസ്‌കാരത്തിന്റെ അധോഗതി കാണേണ്ടിവരുമെന്നോ, എഴുതേണ്ടിവരുമെന്നോ കരുതിയിരുന്നില്ല.
പലപ്പോഴും ഒരു സാമ്രാജ്യത്തോടു പടവെട്ടിജയിച്ചാണ് മറ്റു സാമ്രാജ്യങ്ങള്‍ ഉടലെടുത്തിരുന്നത്. ജനങ്ങളുടെ അഭിവൃത്തിയെ മുന്നില്‍ക്കണ്ട് ദീര്‍ഘവീക്ഷണത്തോടെ കാലോചിത മാറ്റങ്ങള്‍ വരുത്തുന്നത് ഭരണാധികാരികള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. കഷ്ടപ്പെടുന്ന ജനങ്ങളുടെ ചിലവില്‍ സുഖസന്തോഷങ്ങളും ആനുകൂല്യങ്ങളും നിര്‍ല്ലോഭം ആസ്വദിച്ചാനന്ദിച്ച് പോരുന്നവര്‍ക്ക് അതിനുഭംഗം വരുന്നത് പൊതുവേ താല്പര്യമുള്ള കാര്യമല്ലല്ലൊ. സഹികെടുമ്പോള്‍ മറ്റൊരു ഭരണാധികാരിയോ, അല്ലെങ്കില്‍ ജനങ്ങളോ പ്രതികരിച്ച് ഭരണം പിടിച്ചടക്കുന്നു.
പ്രകൃതിനിയമങ്ങളും, പുതിയ അറിവുകളുമായിരുന്നു പ്രധാനമായും സംസ്‌കാരങ്ങളുടെ ഗതിയെ സ്വാധീനിച്ചിരുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സംസ്‌കാരങ്ങള്‍ അഭിവൃത്തി പ്രാപിച്ചിരുന്നു. കാര്‍ഷികവിപ്ലവം, വ്യവസായികവിപ്ലവം, ഫ്യൂഡല്‍ വ്യവസ്ഥിതി, സോഷ്യലിസം എന്നിങ്ങനെ ഉദാഹരണങ്ങള്‍ ധാരാളം. മനുഷ്യന് അറിവ് വര്‍ദ്ധിച്ചപ്പോള്‍ സ്വാര്‍ത്ഥതയും, അത്യാഗ്രഹവും സംസ്‌കാരങ്ങളുടെ ഗതിയെ നിയന്ത്രിച്ച് അധഃപതനത്തിലേക്ക് നയിച്ചു തുടങ്ങി. ഒരുകാലത്ത് ഒതുക്കത്തില്‍, ഒളിച്ചും പാത്തും ചെയ്തിരുന്ന അനീതികള്‍ ഇപ്പോള്‍ മറനീക്കി പരസ്യമായി പ്രവര്‍ത്തിക്കുന്നു. ഇന്നിപ്പോള്‍ ജനങ്ങളെ പുച്ഛത്തോടും, ധിക്കാരത്തോടും കൂടി വെല്ലുവിളിക്കുന്ന നിലയില്‍ എത്തിച്ചേര്‍ന്ന് അനീതിയെപ്പറ്റി സംസാരിക്കുന്നവര്‍ കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്ന സംസ്‌ക്കാരത്തിലെത്തി നില്‍ക്കുന്നു.
അറിവ് മനുഷ്യനെ സ്വതന്ത്രരാക്കുകയും, അഭിവൃത്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു. സാധാരണക്കാരുടെ അറിവ് വര്‍ദ്ധിച്ചു പ്രബുദ്ധരായാല്‍ അവര്‍ തെറ്റുകളെ ചോദ്യം ചെയ്യും. തവള കിണറ്റില്‍നിന്നു വെളിയിലെത്തി ലോകം കണ്ടാലല്ലെ പ്രശ്‌നമുള്ളൂ. അതുകൊണ്ട് സ്വാര്‍ത്ഥരായ നേതാക്കള്‍ തങ്ങളുടെ അനുയായികളുടെ അറിവ് വികസിക്കാതിരിക്കുക എന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധാലുക്കളായിരിക്കും. മുടന്തന്‍ ന്യായങ്ങളും, ധിക്കാര പ്രവര്‍ത്തികളും, എന്നു തുടങ്ങി ഏതു വളഞ്ഞമാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ജനങ്ങളുടെ മുറുമുറുപ്പിനെ അമര്‍ച്ചചെയ്യുവാന്‍ ശ്രമിക്കും.
ഒരു കാലത്ത് പ്രൗഢിയോടും പ്രതാപത്തോടും കൂടി നിലകൊണ്ടിരുന്ന ക്‌നാനായ സംസ്‌കാരത്തിന്റെ അധഃപതനത്തെപ്പറ്റി, അല്ലെങ്കില്‍ ഉന്മൂലനത്തെപ്പറ്റി ഭാവിയില്‍ നമ്മുടെ പേരക്കിടാങ്ങള്‍ ഉപന്യാസം എഴുതുമ്പോള്‍ എന്തായിരിക്കും എഴുതുക? സീറോമലബാറിന്റെ ഭാഗമായിരുന്നു എന്ന അറിവുവച്ച് സീറോ മലബാറിന്റെ വെബ്‌സൈറ്റിലെ ചരിത്രത്താളുകള്‍ സന്ദര്‍ശിച്ചാല്‍, ക്‌നാനായ സംസ്‌കാരത്തെ പൂര്‍ണ്ണമായും അതില്‍നിന്നും നീക്കം ചെയ്തിരിക്കുന്നതിനാല്‍, യാതൊരറിവും ലഭിക്കില്ല. സീറോ മലബാറിന്റെ വളര്‍ച്ചയില്‍ ക്‌നാനായക്കാരുടെ ശ്രദ്ധേയമായ പങ്കിനെപറ്റി ഊറ്റത്തോടെ വിളിച്ചുപറഞ്ഞിരുന്ന നേതാക്കളാരും ക്‌നാനായ ചരിത്രത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്തതിനെതിരെ പ്രതികരിച്ചുപോലും കേട്ടതില്ല! ചെറിയ രീതിയിലുള്ള, നിസ്സാരങ്ങളെന്നു തോന്നിക്കുന്ന മാറ്റങ്ങള്‍ ഇടയ്ക്കിടെ നമുക്കുമേല്‍ അടിച്ചേല്‍പ്പിച്ചാണ് നമ്മുടെ ശക്തി ക്ഷയിപ്പിച്ചത്. 1986, 2001, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. പ്രതിഷേധം കെട്ടടങ്ങുമ്പോള്‍ അടുത്തമാറ്റം കൊണ്ടുവന്നു ഇന്നും നാം പ്രതിസന്ധി ഘട്ടത്തിലെത്തി നില്‍ക്കുന്നു.
പഴയ കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കും, ചിന്താഗതിക്കുമനുസരിച്ച് അക്കാലത്തെ ജനങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച നിയമങ്ങളില്‍ മറ്റൊരു കാലഘട്ടത്തിലെയും, സാഹചര്യത്തിലെയും ജനങ്ങള്‍ ജീവിക്കുവാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ എതിര്‍പ്പുണ്ടാവുക സാധാരണമാണ്. തെറ്റായ സിദ്ധാന്തങ്ങളേയും, നടപടികളെയും അവര്‍ ചോദ്യം ചെയ്‌തെന്നുവരാം. അതിനു നീതിയുക്തമായ മറുപടി കൊടുക്കാനാവുന്നില്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. ധിക്കാരപരമായ സംസാരവും, പ്രവൃത്തികളും ഗുണത്തേക്കാളുപരി ദോഷമേ ചെയ്യുകയുള്ളൂ.
വിദേശങ്ങളില്‍ ജോലിചെയ്യുന്ന എല്ലാവരും തന്നെ Continuing Education (CE)നെപ്പറ്റി അറിവുള്ളവരാണ്. ഒരുവന്‍ പഠിച്ചിറങ്ങിയപ്പോഴുണ്ടായിരുന്ന അറിവുമാത്രമായി ജീവിതകാലം മുഴുവന്‍ കഴിയാതെ, നമുക്കുചുറ്റും സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റി ബോധവാന്മാരാക്കി തീര്‍ക്കുക എന്നതാണ് ഉദ്ദേശം. ഏതാനും മണിക്കൂര്‍ മുതല്‍ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഇത്തരം ക്ലാസ്സുകള്‍ ജോലിയില്‍ തുടരുന്നതിനും, അഭിവൃത്തിപ്പെടുന്നതിനും നിര്‍ബന്ധമാക്കിയിരിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍, സാങ്കേതിക പരിജ്ഞാനത്തിലെ ഉയര്‍ച്ച, യന്ത്രവല്ക്കരണം എന്നിങ്ങനെയുള്ള മാറ്റങ്ങള്‍ ജനസേവനത്തിനു പ്രയോജനപ്പെടുത്തി ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ജോലിക്കാരെ സജ്ജമാക്കുക എന്നതാണ് ഉദ്ദേശം കമ്പ്യൂട്ടര്‍വത്ക്കരണം ജനജീവിതത്തില്‍ വിവരിക്കാനാവാത്ത മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഇത്തരം ക്ലാസ്സുകള്‍ നല്‍കുന്നത് കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും, വിവിധ മേഖലകളില്‍ അറിവും, പ്രവര്‍ത്തനപ്രാവീണ്യമുള്ളവരുമാണ്. അതിലുപരി വിശാലമനസ്‌ക്കരും മാറ്റങ്ങളെ സ്വാഗതം ചെയ്യുന്ന പ്രസരിപ്പുള്ള ചെറുപ്പക്കാരുമാണ്. സുപരിചിതമായ സാഹചര്യങ്ങളെ വിട്ടുപിരിയുവാന്‍ വിമുഖതയുള്ളവരാണ് പ്രായമേറിയവരും, സഭാധികാരികളും.
ആദ്യകാലങ്ങളില്‍ വിദേശങ്ങളിലെത്തിയിരുന്ന മലയാളി വൈദികര്‍ക്ക് ഇടവകകളില്‍ ജോലി തുടരും മുന്‍പ് 'ഓറിയന്റേഷന്‍'കൊടുക്കുമായിരുന്നു. അതാതു രാജ്യങ്ങളിലെ ഭാഷയും, ഉച്ചാരണരീതിയും സംസ്‌കാരവും പഠിച്ച് വിവിധതരക്കാരായ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ വൈദികരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അവര്‍ വളര്‍ന്നുവന്ന നാടന്‍ ചിന്താഗതിക്കു വെളിയിലുള്ള ലോകം കാണുവാനും, നല്ല മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും അവര്‍ പഠിച്ച് സ്വയം അഭിവൃദ്ധി പ്രാപിക്കുന്നതോടൊപ്പം സമൂഹത്തേയും ഉയര്‍ത്തുന്നു.
എന്നാല്‍ ഇന്നു നടക്കുന്നത് നാട്ടില്‍ നിന്നെത്തുന്ന വൈദികരെ ചിക്കാഗോ അരമനയിലേക്ക് വരുത്തി ചട്ടക്കൂടുകള്‍ വ്യക്തമാക്കി ഉറപ്പിച്ച് ലക്ഷ്മണരേഖ വരയ്ക്കുന്നു അതിനു വെളിയിലേക്ക് ചിന്തിക്കുവാനോ, പ്രവര്‍ത്തിക്കുവാനോ അവര്‍ക്ക് അനുവാദമില്ല. ജനങ്ങളെ സഹായിക്കുവാന്‍വേണ്ടി, അതിനെ എതിര്‍ത്ത് വിദേശവാസവും, വിദേശനാണ്യവും നഷ്ടപ്പെടുത്തുവാന്‍ ഏതു വൈദികരാണ് താല്പര്യപ്പെടുക? ജനങ്ങളുമായി പ്രവര്‍ത്തിച്ച് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കും മുന്‍പുതന്നെ പള്ളിപ്പണിയുടെ പ്രമേയവുമായാണെത്തുക, മേലധികാരികളെ അനുസരിക്കുവാന്‍ ബാധ്യസ്ഥനാണെന്ന മുന്‍കൂര്‍ ജാമ്യവും. വിദേശപള്ളികളിലെ ഓറിയന്റേഷന്‍ ലഭിച്ച മലയാളി വൈദികന്റേയും സീറോമലബാറിന്റെ ഓറിയന്റേഷന്‍ ലഭിച്ച വൈദികന്റെയും പ്രവര്‍ത്തനത്തിലെ അന്തരം ശ്രദ്ധിച്ചാല്‍ തമ്മിലുള്ള ഗുണദോഷങ്ങള്‍ മനസ്സിലാകും.
വൈദികനെ മാത്രം പറഞ്ഞിട്ടും കാര്യമില്ല. അവര്‍ക്കറിവുള്ളതല്ലെ അവരേക്കൊണ്ട് പറഞ്ഞു കൊടുക്കാനാവുകയുള്ളൂ. അവര്‍ക്കറിയാവുന്ന നാടന്‍ രീതിയിലുള്ള മലയാളം കുര്‍ബാന, ഒപ്പീസ്, പെരുന്നാള്‍ പണപ്പിരിവ് എന്നിവ പ്രൗഢിയോടെ തുടരുന്നു. കൂടാതെ നാട്ടിലെ ലീജിയന്‍ ഓഫ് മേരി, വിന്‍സന്റ് ഡി പോള്‍ തുടങ്ങിയ സംഘടനകളും സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ ധനസമാഹരണ മാര്‍ഗ്ഗങ്ങളും.
17-ാം വയസ്സില്‍ വീടുവിട്ടിറങ്ങി സ്വന്തം കഴിവുകൊണ്ടും, അദ്ധ്വാനംകൊണ്ടും നഴ്‌സിംഗ്, സൂപ്പര്‍വൈസര്‍, നഴ്‌സ് പ്രാക്ട്രീഷണര്‍, മാനേജര്‍ എന്നിങ്ങനെ ഉയരങ്ങള്‍ താണ്ടിയവരുടെ കഴിവുകള്‍ സമൂഹത്തിന്റെ ഉന്നമനത്തിന് പ്രയോജനപ്പെടുത്താന്‍ നമുക്കാവുന്നില്ല. പകരം ലീജിയന്‍ ഓഫ് മേരി, വിന്‍സന്റ് ഡി പോള്‍,മഹിളാസമാജത്തിന്റെ കുക്കിംഗ് ക്ലാസ്സുകള്‍ അവയുടെ ഫോട്ടോ പബ്ലിസിറ്റിയും! അതിനപ്പുറത്തേയ്ക്ക് കാണുവാനും, നയിക്കുവാനും നമ്മളേകൊണ്ടാകുന്നില്ല!
ഇവിടുത്തെ സമൂഹവും, സംഘടനകളും പലവിധത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങളും, പണസമ്പാദനമാര്‍ഗ്ഗങ്ങളുമാണ് പാവങ്ങള്‍ക്കുവേണ്ടി നടത്തുന്നത്. നമ്മള്‍ സ്വരൂപിക്കുന്ന പണമാകട്ടെ പാവങ്ങളെ സഹായിക്കുവാന്‍ പോയിട്ട് സഭയുടേയും, സഭാധികാരികളുടെയും നിലനില്പിനു തന്നെ തികയുന്നില്ല.
സാഹചര്യത്തിന്റെ വെല്ലുവിളികളെ നേരിടുവാന്‍ നിര്‍ബന്ധിതരായപ്പോഴാണ് നമുക്ക് വികസനം ഉണ്ടായിട്ടുള്ളത്. സാമ്പത്തികക്ലേശങ്ങളാല്‍ നാട്ടില്‍ തുടരുവാന്‍ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് മലബാറില്‍ പോയി മണ്ണിനോടും, കാട്ടുമൃഗങ്ങളോടും, പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ച് വിജയംവരിച്ചത്. ആദ്യകാലങ്ങളില്‍ നഴ്‌സിംഗില്‍ പോയവരധികവും നിവൃത്തികേടുകൊണ്ട് ഇറങ്ങിതിരിച്ചവരാണ്. സാമ്പത്തിക ഭദ്രതയുണ്ടായിരുന്നവര്‍ക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. കഷ്ടപ്പെട്ടവരുടെ വിജയം കണ്ടുകഴിഞ്ഞാണ് അവര്‍ ഇറങ്ങിതിരിച്ചത്. അതുപോലെ ഗള്‍ഫ് രാജ്യങ്ങളിലും, മറ്റു വിദേശ രാജ്യങ്ങളിലും പോയവരിലധികവും കഷ്ടപ്പാടുകള്‍ നേരിടുവാന്‍ സന്നദ്ധരായവരാണ്. അങ്ങനെ ജീവിതത്തില്‍ മുന്നേറിയവരാണധികവും.
നമ്മുടെ കര്‍ഷകപാരമ്പര്യവും, നാടന്‍ ചിന്താരീതിയും മാത്രം വച്ചുകൊണ്ടിരുന്നെങ്കില്‍ നമ്മള്‍ ഉയര്‍ച്ച പ്രാപിക്കുമായിരുന്നില്ല. സുപരിചിതമായവയുടെ സുരക്ഷിതത്വത്തില്‍ കഴിയുന്നതിന് ഏവര്‍ക്കും സന്തോഷമാണ്. സ്വാര്‍ത്ഥമനോഭാവവും, ചിന്താഗതിയും പുലര്‍ത്തുന്ന നേതൃത്വങ്ങള്‍ നിര്‍മ്മിച്ച കൊക്കൂണ്‍ ഭേദിച്ച് ധൈര്യസമേതം ഇറങ്ങിതിരിച്ചാലേ അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ. അടുത്ത തലമുറയുടെ ഉന്നതിക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനുള്ള കടപ്പാട് മാതാപിതാക്കളെന്ന നിലയ്ക്ക് നമ്മള്‍ക്കുണ്ട് എന്നത് നാം വിസ്മരിച്ചുകൂടാ.
No comments:
Post a Comment