പ്രിയപ്പെട്ടവരെ,
കെ.സി.എസിന്റെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ചിക്കാഗോയിലെ ക്നാനായ സഹോദരങ്ങളുടെ ഇടയില്‍ സജീവമായിരിക്കുന്ന ഈ ദശാസന്ധിയില്‍ പുതിയൊരു നേതൃത്വ സങ്കല്‍പ്പവുമായി ഞങ്ങള്‍ കടന്നുവരികയാണ്. വിനോദവേളയിലെ സമുദായ പ്രചരണം എന്നതിനപ്പുറം പതിനേഴ് നൂറ്റാണ്ട് നമുക്ക് നല്‍കുന്ന ശക്തമായ പാരമ്പര്യബോധത്തിലൂന്നിയ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളുമാണ് ഞങ്ങള്‍ക്ക് കൈമുതലായിട്ടുള്ളത്.
1. ശക്തമായ കെ.സി.എസ്.- അതാണ് ഞങ്ങളുടെ മുഖ്യലക്ഷ്യം. ക്നാനായ സമൂഹത്തിന്റെ സജീവ പങ്കാളിത്തം, ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ഉറപ്പുവരുത്തുവാന്‍ അര്‍ത്ഥവത്തായ കര്‍മ്മപരിപാടികള്‍- അതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. എല്ലാവരേയും ബഹുമാനിക്കുകയും, സഹിഷ്ണുതയോടെ കണ്ട് സഹകരിക്കാനുമുള്ള ഒരു പുതിയ സംഘടനാ സംസ്കാരം നിര്‍മ്മിച്ചെടുക്കുക - അത് ഞങ്ങളുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്.
2. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്നാനായ സമുദായത്തിന്റെ തനിമയും പൈതൃകവും സൂര്യനും ചന്ദ്രനും ഉള്ളിടത്തോളംകാലം നിലനില്‍ക്കണം. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും സ്വവംശവിവാഹനിഷ്ഠയിലധിഷ്ഠിതമായ പാരമ്പര്യംകൊണ്ടും ക്നാനായത്വം സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒത്തുതീര്‍പ്പിനും കെ.സി.എസ്. തയ്യാറാകരുത് എന്ന ശക്തമായ അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്.
3. ക്നാനായ സമുദായത്തിന്റെ അസ്ഥിത്വത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരെയുയരുന്ന വെല്ലുവിളികളെ നാം ശക്തമായി നേരിടണം. ചിക്കാഗോയില്‍ നിന്നും തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചിക്കാഗോയിലെ സമുദായനേതൃത്വം തന്നെ മുന്‍കൈയെടുക്കണം. ഇ-മെയിലുകളിലെ പരസ്പരമുള്ള ആരോപണാക്രമണങ്ങള്‍ അവസാനിപ്പിച്ച് നാം വത്തിക്കാനിലേക്ക് ഏകശബ്ദത്തോടെ നീങ്ങണം. വത്തിക്കാനിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ ലക്ഷ്യമാക്കി നമ്മുടെ പ്രമേയങ്ങളും നിവേദനങ്ങളും ചര്‍ച്ചകളും ഏകോപിപ്പിക്കണം. അതിനാവശ്യമായ നടപടികളും പരിപാടികള്‍ക്കുമാണ് ഞങ്ങളുടെ ആദ്യത്തെ മുന്‍ഗണന. ഇക്കാര്യത്തില്‍ വിദഗ്ദ്ധരായവരുടെ സേവനവും ഞങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും.
4. ക്നാനായ സമുദായം ക്രിസ്തീയ വിശ്വാസത്തിലൂന്നിയ ഒരു ആരാധനാസമൂഹമാണ്. യേശുവിന്റെ പിതൃത്വത്തിലും മനുഷ്യന്റെ സാഹോദര്യത്തിലും ജനങ്ങള്‍ വിശ്വസിക്കുന്നു. എല്ലാ സഹോദരങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങളും സങ്കല്പങ്ങളും അനുസരിച്ച് ജീവിക്കുവാന്‍ പരമമായ സ്വാതന്ത്യ്രമാണുള്ളത്. ആരും ഒന്നും ആരുടെമേലും അടിച്ചേല്‍പ്പിക്കുവാന്‍ പാടില്ല. പള്ളിയും സംഘടനയും ഏറ്റുമുട്ടി തകരാതെ, സൌഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ വളര്‍ച്ചയുടെ പ്രയാണത്തിലെ വഴികളിലുണ്ടാകുന്ന തടസ്സങ്ങള്‍ അകറ്റുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതായിരിക്കും.
5. കെ.സി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അവസരവും ആദരവും നല്‍കുന്നതാവണം. കെ.സി.എസ്. ഡയറക്ടര്‍ബോര്‍ഡിന്റെയും കെ.സി.എസിന്റെ തുടക്കം മുതല്‍ നാളിതുവരെ ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഒരു സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി അവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചുകൊണ്ടുള്ള ഭാവിപ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. കെ.സി.എസില്‍നിന്നും നമ്മുടെ ദേശീയ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാക്കന്മാരുടെ ആശയങ്ങളും അനുഭവസമ്പത്തും പരമാവധി പ്രയോജനപ്പെടുത്തുന്നതായിരിക്കും. മുതിര്‍ന്ന സഹോദരന്മാരേയും നേതാക്കന്മാരേയും പരമാവധി ആദരിക്കുകയും സഹകരിപ്പിക്കുകയും ചെയ്യുന്ന നയമായിരിക്കും ഞങ്ങള്‍ പിന്തുടരുക.
6. ക്നാനായ കണ്‍വന്‍ഷന്‍: 1996ല്‍ ചിക്കാഗോയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തി വിജയകരമായ ഒരു കണ്‍വന്‍ഷന്‍ നടത്തിയ പാരമ്പര്യം നമുക്കുണ്ട്. അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചുകൊണ്ട് നമുക്ക് നഷ്ടപ്പെട്ട ക്നാനായ കണ്‍വന്‍ഷനെ ചിക്കാഗോയിലേക്ക് തിരിച്ചുകൊണ്ടുവരണം. നമ്മുടെ സമുദായത്തില്‍ കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്ന ഇടത്തരക്കാരും സാധാരണക്കാരുമായ ജനങ്ങള്‍ക്കുകൂടി പങ്കെടുക്കുവാന്‍ പറ്റുന്ന രീതിയില്‍ ചെലവ് കുറഞ്ഞ കണ്‍വന്‍ഷനുവേണ്ടി ആശയപ്രചരണം നടത്തും. കണ്‍വന്‍ഷന്റെ നടത്തിപ്പില്‍ ചിക്കാഗോ കെ.സി.എസില്‍നിന്നും കെ.സി.സി.എന്‍.എ. പ്രസിഡന്റുമാരായി സേവനം ചെയ്ത്, വിജയകരമായ കണ്‍വന്‍ഷന്‍ നടത്തിയിട്ടുള്ളവരുടെ സേവനവും പ്രയോജനപ്പെടുത്തുന്നതായിരിക്കും.
7. ഫ്രണ്ട്സ് ഓഫ് കെ.സി.വൈ.എല്‍. ഫോറം രൂപീകരിക്കും. കോട്ടയം അതിരൂപതാതലത്തിലും വടക്കേ അമേരിക്കയിലും കെ.സി.വൈ.എല്‍. സംഘടനയ്ക്ക് നേതൃത്വം നല്‍കിയിട്ടുള്ളവരുടെ ഒരു കൂട്ടായ്മയായി കെ.സി.വൈ.എല്‍. ഫോറം രൂപീകരിച്ച് യുവജനങ്ങളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തും. യുവജനവേദിയില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ യുവജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സമവായത്തിലൂടെ പരിഹാരം കാണുവാന്‍ മുന്നിട്ട് ശ്രമിക്കുന്നതായിരിക്കും.
8. കലാരംഗത്തും, കായികരംഗത്തും കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കും. വോളിബോള്‍ ക്ളബ്, ബാസ്ക്കറ്റ്ബോള്‍ ക്ളബ്, ആര്‍ട്സ് ക്ളബ്, ഡിബേറ്റ് ക്ളബ് ഇവയൊക്കെ കെ.സി.എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചുകൊണ്ട് നമ്മുടെ ഇടയിലെ പ്രതിഭകളെ കണ്ടെത്തുവാന്‍ കെ.സി.എസ്. പരിശ്രമിക്കും. പാടാന്‍ കഴിവുള്ളവരെ ഉള്‍പ്പെടുത്തി കെ.സി.എസ്. ഗാനമേള ട്രൂപ്പ് രൂപീകരിക്കും.
9. കെ.സി.എസ്. നടത്തുന്ന പരിപാടികളും, നമ്മുടെ ഇടവകകളില്‍ നടക്കുന്ന പരിപാടികളും ഒരേദിവസം വരാതിരിക്കുവാന്‍ ഇടവക വികാരിമാരുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് തീയതികള്‍ നേരത്തെ തന്നെ കെ.സി.എസ്. അംഗങ്ങളെ അറിയിക്കും.
10. നമ്മുടെ സമുദായത്തിലെ യുവജനങ്ങളെയും, വനിതകളെയും, സീനിയേഴ്സിനെയും പ്രത്യേകം ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും വര്‍ഷത്തില്‍ ഒരു ദിവസം യുവജനദിനം, വനിതാദിനം, സീനിയര്‍ദിനം എന്നപേരില്‍ ആഘോഷം സംഘടിപ്പിക്കും.
ഒരുകാലത്ത് എല്ലാവരും ഒരുമിച്ചുകൂടിയിരുന്ന നമ്മുടെ സമാഗമകൂടാരമായിരുന്നു കമ്മ്യൂണിറ്റിസെന്റര്‍. കര്‍മ്മ പരിപാടികളിലൂടെ കമ്മ്യൂണിറ്റി സെന്ററില്‍ ക്നാനായസമൂഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ അടിസ്ഥാനലക്ഷ്യം. അമേരിക്കയിലെ ക്നാനായസമൂഹത്തിന്റെ ഹൃദയമായി ചിക്കാഗോ കെ.സി.എസിനെ നാം വീണ്ടും പ്രതിഷ്ഠിക്കും. ലോകക്നാനായ സംഘടനാ പ്രവര്‍ത്തനത്തില്‍ കെ.സി.എസ്. വീണ്ടും സ്ഥാനംപിടിക്കും. അതാണ് നമ്മുടെ സ്വപ്നം.
"ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം പറയുകയും, പറയുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുക'' എന്നതാണ് ഞങ്ങളുടെ അടിസ്ഥാന കാഴ്ചപ്പാട്.
മാറ്റത്തിന്റെ സ്വപ്നങ്ങളുമായി കെ.സി.എസിനെ സമുദായ പ്രവര്‍ത്തനരംഗത്ത് സജീവമാക്കുക- ഈ ലക്ഷ്യത്തോടും കാഴ്ചപ്പാടുകളോടും മനസ്സ് നല്‍കുന്ന എല്ലാ സഹോദരങ്ങളെയും, ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഒന്നിച്ചു ചിന്തിക്കുവാനും ഒന്നിച്ച് പ്രവര്‍ത്തിക്കുവാനും സന്നദ്ധരായ സഹോദരങ്ങള്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
സ്നേഹാദരങ്ങളോടെ,
ജോസ് കണിയാലി
630 728 7956
തമ്പി വിരുത്തിക്കുളങ്ങര
847 372 358
സാജു കണ്ണമ്പള്ളി
847 791 1824
സ്റീഫന്‍ കിഴക്കേക്കുറ്റ്
773 671 9864
No comments:
Post a Comment