Saturday, June 2, 2012

മരണമില്ലാത്ത ഫെര്മെന്റ്റ്‌

ഏ.ഡി. 345 മുതല്‍ 1911 വരെ, ഇടയനില്ലെങ്കിലും ഇടറാതെ ജീവിച്ച ഒരു അത്ഭുതസമുദായമാണ് ക്‌നാനായക്കാരുടേത്. പക്ഷേ അവരുടെമേല്‍ ആധിപത്യം സ്ഥാപിച്ച പുരോഹിതര്‍ എത്രപെട്ടെന്ന് അവരെ മാറ്റിമറിച്ച് വ്യക്തിത്വം നഷ്ടപ്പെട്ടവരാക്കി. അത്ഭുതകരമെന്നു പറയട്ടെ, ഇതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയത് സമുദായനേതാക്കളായിരുന്നില്ല. അവരെല്ലാം തന്നെ ആജ്ഞാനുവര്‍ത്തികളും, സ്തുതിപാഠകരുമായി അധഃപതിച്ചപ്പോള്‍ ക്‌നാനായ പൗരോഹിത്യത്തിലുണ്ടായ ജീര്‍ണ്ണതയ്‌ക്കെതിരെ പൊരുതാനായിറങ്ങിയത് നമ്മുടെ തന്നെ ചില വൈദികരാണ്.

ഭാരതകത്തോലിക്കാസഭയിലെ രൂപതാ വൈദികരുടെ ദേശീയസംഘടനയായ CPCI (Catholic Conference of India) യുടെ കോട്ടയം രൂപതാഘടകമായാണ് CPCK (Catholic Priests Conference of Kottayam) രൂപംകൊണ്ടത്. കോട്ടയം രൂപതയിലെ ന്യൂനപക്ഷം വൈദികര്‍ മാത്രമായിരുന്നു ഈ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചത്.

CPCK 1998 ജനുവരി മാസത്തില്‍ ആരംഭിച്ച പ്രസിദ്ധീകരണമാണ് ''ഫെര്‍മെന്റ്''. കുഴച്ചു ചേര്‍ക്കുന്ന അല്പം പുളിപ്പ് (അഥവാ പുളിമാവ്) ഒച്ചയും ഓശയും ഇല്ലാതെ മാവിനെ മുഴുവന്‍ പുളിപ്പിക്കുന്നു. ഇതുപോലൊരു മാറ്റം സഭയിലും സമുദായത്തിലും ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് പുളിപ്പ്, അഥവാ പുളിമാവ് എന്ന അര്‍ത്ഥം വരുന്ന ''ഫെര്‍മെന്റ്'' എന്ന പേരോടുകൂടിയ പ്രസിദ്ധീകരണം ആരംഭിച്ചത്.

കോട്ടയം അരമനയിലെ പല അഴിമതിവീരന്മാര്‍ക്കും ഒട്ടേറെ അസൗകര്യങ്ങളുണ്ടാക്കി ഈ പ്രസിദ്ധീകരണം. ഫെര്‍മെന്റിന്റെ മുന്‍ലക്കങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ എഴുതുവാന്‍ കഴിവുള്ള ഇത്രയധികം ആളുകള്‍ (വൈദികരും അത്മേനികളും) സമുദായത്തിലുണ്ടല്ലോ എന്നതില്‍ ആഹ്ലാദം തോന്നി. നിര്‍ഭാഗ്യമെന്നു പറയട്ടെ, അത്തരത്തിലൊരാഹ്ലാദം അധികാരികള്‍ക്കുണ്ടായില്ല. ഇഴഞ്ഞും വലിഞ്ഞും പ്രസിദ്ധീകരണം കുറെനാള്‍ തുടര്‍ന്നതിനുശേഷം 2006-ല്‍ ഫെര്‍മെന്റിന്റെ പ്രസിദ്ധീകരണം നിലച്ചു. ഒട്ടേറെപ്പേര്‍ക്കാശ്വാസം.

ഫെര്‍മെന്റിലെ ഓരോ ലേഖനവും ക്‌നാനായ സമുദായാംഗങ്ങള്‍ വായിച്ചു ചര്‍ച്ച ചെയ്യേണ്ടതാണ്. ആ ലേഖനങ്ങളുടെ പ്രസക്തി കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.  ''എനിക്കു മരണമില്ല'' എന്ന് ഈ ലേഖനങ്ങളിലെ ഓരോ വാചകവും വിളിച്ചു പറയുന്നു.

സമീപകാലത്ത് ക്‌നാനായ സമുദായത്തിനുണ്ടായ ഏറ്റവും വലിയ നിര്‍ഭാഗ്യമാണ് ഫെര്‍മെന്റിന്റെ പ്രസിദ്ധീകരണം നിലച്ചത്. ഫെര്‍മെന്റിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് തുടക്കത്തില്‍ കാണിച്ച വീറോടെയും ആത്മാര്‍ത്ഥതയോടെയും അവരുടെ ശ്രമം തുടരാനായിരുന്നെങ്കില്‍ ക്‌നാനായ സമുദായ ചരിത്രം മറ്റൊന്നാകുമായിരുന്നു. പക്ഷേ ബൈബിളിലെ വിത്തുകാരന്റെ ഉപമയിലെ മുള്ളു ഞെരിച്ചുകളഞ്ഞ വിത്തായിതീര്‍ന്നു ഫെര്‍മെന്റ്.

1988 -2006 കാലയളവില്‍ ഫെര്‍മെന്റിന്റെ പതിനാലു ലക്കന്ഗം വെളിച്ചം കണ്ടു. അന്ന് വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ പോയ ഇതിലെ ലേഖനങ്ങള്‍ ഇലക്ട്രോണിക് മാധ്യമത്തിന്റെ മാന്ത്രികസഹായത്തോടെ കൂടുതല്‍ ജനങ്ങളിലെതിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, 6 ലക്കങ്ങള്‍ ഒരു അഭ്യുദയകാംക്ഷിയുടെ സഹകരണത്തോടെ വീണ്ടും ടൈപ്പ് ചെയ്യിച്ചെടുത്തു ഇവിടെ ലഭ്യമാക്കുന്നു. ബാക്കിയുള്ള ലക്കങ്ങളും താമസിയാതെ  ലഭ്യമാക്കുന്നതാണ്.

മുകളില്‍ Home Tab-നടുതുള്ള Ferment Articles എന്ന Tab-ല്‍ ക്ലിക്ക് ചെയ്താല്‍ 6 ലക്കങ്ങളില്‍ മുഴവന്‍ ലേഖനങ്ങളും ഡൌണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്.

No comments:

Post a Comment