Saturday, December 17, 2011

കേരളാ സര്‍ക്കാരും ബി.പി.എല്ലും പിന്നെ ക്നാനായക്കാരും..

ലോകത്തില്‍ അതിവേഗം ബഹുദൂരം വികസിക്കുന്ന ഏക സ്ഥലം കേരളമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടാവാന്‍ ഇടയില്ല. ഒരു തലമുറ മാറി അടുത്തത് വരുമ്പോള്‍ സ്വാഭാവികമായും ചില വികസനങ്ങള്‍ സാര്‍വത്രികമായി സംഭവിക്കുന്ന കാഴ്ചയാണ് പരമ്പരാഗതമായി സംഭവിച്ചിരുന്നത്.

പാളതൊപ്പിയും കോണകവും കാളയും കലപ്പയും ഒക്കെ കേരളത്തില്‍ നിന്ന് നാട് നീങ്ങിയത് ഇന്നാളെന്നു പറഞ്ഞത് പോലാണ്. എന്നാല്‍ ഇതൊക്കെ പഴങ്കഥ. ഇന്നിപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്ന മാറ്റം ഇലക്ട്രോനിക് സാങ്കേതിക വിദ്യയെ പോലും അമ്പരപ്പിക്കുന്നതാണ്.

കേരളത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് കീഴില്‍ ഉള്ളവര്‍ക്ക്‌ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ മുപ്പത്തിയഞ്ച് കിലോ അരി മാസം സര്‍ക്കാര്‍ നല്‍കുന്നു! ഇതിന്റെ ഗുണഭോക്താക്കള്‍ ഒരു ദിവസം ജോലി ചെയ്യുന്നതിന് വീട്ടുകാരില്‍ നിന്ന് ഈടാക്കുന്നത് മുന്നൂറും നാനൂറും രൂപ!

ഇതാണോ സോഷ്യലിസം? യഥാര്‍ത്ഥത്തില്‍ ഒരു രൂപയ്ക്ക് അരി വാങ്ങി കഴിക്കാന്‍ യോഗ്യതയുണ്ടായിരുന്ന ചില കുടുംബങ്ങളെങ്കിലും അതിനു കഴിയാതെ ആത്മഹത്യ ചെയ്തിട്ടുള്ള സംസ്ഥാനം കൂടിയാകുന്നു കേരളം. ഇന്നും അക്കൂട്ടര്‍ സര്‍ക്കാര്‍ നിശ്ചയിചിരിക്കുന്ന ബി.പി.എല്‍ . ഗ്രൂപ്പില്‍ പെടുന്നുണ്ടോയെന്നു സംശയമാണ്.

നൂറ്റാണ്ടുകളായി കേരളത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയും മുകളിലുമായി ജീവിച്ച ഒരു ജന സമൂഹമാണ് ക്നാനായക്കാരുടെത് . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്ല് മുറിയെ പണിയെടുത്ത് വിദേശ നാണയം കഴിയുന്നത്ര കേരളത്തിലേക്ക്‌ ഒഴുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള ഒരു സമൂഹം.

കേരളത്തില്‍ ഇന്ന് സര്‍ക്കാര്‍ നല്‍കുന്ന ഈ ആനുകൂല്യം ഏതെങ്കിലും ക്നാനായക്കാരന് ലഭ്യമാണോ എന്ന് സംശയമാണ്. അതിനര്‍ത്ഥം ക്നാനായക്കാര്‍ പൊതുവേ സമ്പന്നരാണെന്ന മുന്‍വിധിയാണ്. ഇതിനെ ശരി വയ്ക്കുന്ന തരത്തിലാണ് നമ്മുടെ ആരാധനാലയങ്ങള്‍ പലതും പുനര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

ഉള്ളിലും പുറമെയും ആഡംബരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച് മറ്റ് ആരാധനാലയങ്ങളെ നമ്മള്‍ നാണം കെടുത്തി.
ഒരു സമുദായമെന്ന പേരില്‍ വരേണ്യ വര്‍ഗ്ഗമായി തുടരുമ്പോഴും ജീവിതം നല്‍കുന്ന പ്രതിസന്ധികളില്‍ തട്ടി വീണ്‌ പരിക്കേല്‍ക്കുന്നവര്‍ സ്വദേശത്തും വിദേശത്തും ധാരാളമുണ്ട് എന്ന സത്യം സത്യമല്ലാതാകുന്നില്ല.

ഇവര്‍ക്ക്‌ സഹായത്തിനാരുണ്ട്? ക്നാനായക്കാര്‍ക്ക് തന്നെ ലോകത്ത്‌ എത്ര രാജ്യങ്ങളില്‍ എത്ര സംഘടനകള്‍ ? എത്ര ഭാരവാഹികള്‍ ? ഇവരാരെങ്കിലും സമുദായത്തില്‍ ഇങ്ങനെ ഒരു പ്രതിസന്ധി സമുദായാംഗങ്ങള്‍ ആരെങ്കിലും അനുഭവിക്കുന്നതായി കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടോ? പരിഹരിക്കാന്‍ എന്തെങ്കിലും എളിയ ശ്രമം ?

സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വോട്ടാണ്. അതിനു അവര്‍ക്ക്‌ വേണ്ടത്‌ ഭൂരിപക്ഷം വരുന്ന അധകൃതരും. അതിനാല്‍ തന്നെ അവശതയനുഭവിക്കുന്ന ക്നാനായക്കാരന്‍ അവരുടെ പട്ടികയില്‍ ഇടം നേടില്ല. സഭയ്ക്ക് ഇത്തരം രോദനങ്ങള്‍ കേള്‍ക്കാന്‍ എവിടെ സമയം? വിദേശങ്ങളിലെയും സ്വദേശത്തെയും സംഘടനകള്‍ ... ഭാരവാഹികള്‍ ... കണ്‍ വന്‍ഷന്‍... ...

ഈശ്വരോ രക്ഷതു :

No comments:

Post a Comment