Thursday, July 19, 2012

ക്‌നാനായ സമുദായം ഇന്നലേയും ഇന്നും...(മൂന്നാം ഭാഗം)


നമ്മുടെ സമുദായത്തിലെ വൈദികരേയും സന്യസ്ഥരേയും നമ്മുക്കു നോക്കാം.

ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം അല്ലെങ്കില്‍ കന്യാവൃതം എന്നീ മൂന്നു മഹത്തരങ്ങളായ തീരുമാനങ്ങളില്‍ അധിഷ്ഠിതമാണ് കത്തോലിക്കാസഭയിലേയും, അതില്‍ ഉള്‍പെട്ട ക്‌നാനായ സമൂഹത്തിലേയും വൈദീകരുടേയും, കന്യാസ്ത്രീകളുടേയും, സന്യസ്ഥരുടേയും ജീവിതവും ശുശ്രൂഷകളും. തന്നെത്തന്നെ ക്രിസ്തുവിനു സമര്‍പ്പിച്ച്, സമൂഹത്തില്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്‍മാരായി, പ്രതിഛായകളായി വിളിക്കപ്പെട്ടവരാണവര്‍. ഇക്കൂട്ടരുടെ അനുദിന ജീവിതത്തെപ്പറ്റിയും, എങ്ങിനെ ശുശ്രൂഷ ചെയ്യണമെന്നും ദൈവവചനത്തില്‍ എഴുതിയിരിക്കുന്നതിതാണ്. ലൂക്കായുടെ സുവിശേഷം ഒന്‍പതാം അദ്ധ്യായം മൂന്നാം വാക്യം മുതല്‍ അഞ്ചുവരെ ഇപ്രകാരം എഴുതിയിരിക്കുന്നു. നിങ്ങള്‍ പോകുമ്പോള്‍, അരപ്പട്ടയോ, ചെരിപ്പോ ധരിക്കരുത്. വടിയോ രണ്ടുടുപ്പോ കയ്യില്‍ കരുതരുത്......

നമ്മുടെ പൂര്‍വ്വികരായ സന്യസ്ഥരില്‍ ഒരു നല്ല പങ്കും, ഇന്നു ജീവിച്ചിരിക്കുന്ന ഒരു ന്യൂനപക്ഷവും, ദൈവവിളിയുടെ മഹാത്മ്യം മനസ്‌സിലാക്കിയും, മേല്‍പറഞ്ഞ ദൈവവചനത്തോടു നീതിപുലര്‍ത്തിയും, നമ്മുടെ സഭയിലും, സമുദായത്തിലും ശുശ്രൂഷ ചെയ്യുന്നുണ്ട് എന്നുള്ളത് ആഗോളസഭക്കുതന്നെ അഭിമാനിക്കാവുന്നതും, മാതൃകയാക്കാവുന്നതുമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന ഇന്നത്തെ സന്യസ്ഥര്‍ എന്താണു ചെയ്യുന്നത്?

തങ്ങള്‍ പ്രതിനിധീകരിക്കുന്ന ക്രിസ്തുവിനെ അപഹാസ്യപ്പെടുത്തും വിധം സഭാശുശ്രൂഷയുടെ പേരില്‍ കാണിച്ചുകൂട്ടുന്ന തെറ്റായ മാതൃക അവരുടെ സന്യസ്ഥസമൂഹത്തെ മുഴുവനും വിശ്വാസികളാല്‍ വെറുക്കപ്പെടുക്കത്തക്കതായി മാറുന്നു. ഇതാണോ ദൈവീക ശുശ്രൂഷ കൊണ്ടു സഭയും സമൂഹവും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്.

ദാരിദ്ര്യം എന്ന വൃതം വൈദീകരില്‍ ബഹുഭൂരിപക്ഷത്തിനും വെറും വാക്കാണ്. പണ്ട് ഒരു വൈദീകന്‍ പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു. ആ വന്ദ്യപുരോഹിതന്‍ പറഞ്ഞതിതാണ്. എന്നു വൈദീകര്‍ പണം കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നോ, അന്നു മുതല്‍ അവര്‍ പണത്തിനടിമയാകുന്നു, ധനത്തോടുള്ള ആര്‍ത്തിയില്‍ ദൈവീകമായ നന്മകള്‍ നഷ്ടപ്പെടുത്തുന്നു. എത്ര സത്യമാണത്. സ്‌തോത്രക്കാഴ്ചയും, മറ്റു പള്ളിവരുമാനങ്ങളും, തന്റെ കൈയ്യില്‍ തന്നെ ഏല്‍പിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്ന അച്ചന്‍മാരല്ലേ ഭൂരിപക്ഷവും. അങ്ങിനെ കിട്ടുന്ന പണത്തിന്റെ വരവുചെലവു കണക്കുകള്‍ കൃത്യമായി വെളിപ്പെടുത്തുന്നവര്‍ എത്രപേരുണ്ട്? പള്ളിമുറിയില്‍ നിന്നും കളവുപോയി എന്ന് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ പറഞ്ഞു കാശു വെട്ടിച്ച എത്രയെത്ര സംഭവങ്ങള്‍!

പണ്ടു കാല്‍നടയായി ദൈവീകശുശ്രൂഷ നടത്തുന്നത് ഒരു നിയോഗമായും, തന്റെ പൗരോഹിത്വത്തിന്റെ അന്തസ്‌സുമായി കരുതുകയും, ഒരു പരാതിയുമില്ലാതെ മൈലുകളോളം നടന്നുചെന്ന് തന്റെ കടമകള്‍ ശരിയാംവണ്ണം നിര്‍വഹിക്കുകയും ചെയ്തിരുന്ന വൈദീകരുടെ പിന്‍മുറക്കാര്‍ക്ക്, ഏറ്റവും മുന്തിയ ഇനം വാഹനമില്ലാതെ മുക്കിനുമുക്കിനുള്ള പള്ളികളിലിരുന്നു തന്റെ ചെറിയ അധികാര പരിധിയില്‍ ശുശ്രൂഷ ചെയ്യാന്‍ സാധിക്കുന്നില്ല. ചോദ്യം ചെയ്യുന്നവനെ സമൂഹത്തിലെ ഏറ്റവും നീചന്‍മാരാക്കി ചിത്രീകരിക്കാനും, മാനസികമായി തളര്‍ത്താനും, വേണ്ടിവന്നാല്‍ ക്വൊട്ടേഷന്‍കാരുടെ സഹായത്തോടെ കൈകാര്യം ചെയ്യാനും ഇക്കൂട്ടര്‍ക്കു മടിയില്ല. രാഷ്ട്രീയത്തൊഴിലാളികളെപ്പോലെ വൈദീക തൊഴിലാളികളായി ഇവര്‍ അധപതിക്കുന്നു.

അനുസരണം എന്ന വൃതം പാലിക്കുന്നതിനേക്കാള്‍ അഹന്ത എന്ന വൃതമാണ് വൈദീകര്‍ക്കിഷ്ടം. മത്തായിച്ചേട്ടാ, അന്നമ്മച്ചേടത്തീ എന്നു വിളിച്ച് കൈയ്യില്‍ തൂങ്ങിനടന്ന കൊച്ചു മക്കളുടെ പ്രായം പോലുമില്ലാത്തവര്‍ അച്ചനായാല്‍ പിന്നെ വിളിക്കുന്നത് മത്തായി എന്നും, അന്നമ്മേ എന്നുമാണ്. പ്രായത്തേയും, സഹജീവികളേയും മറക്കാനും, ബഹുമാനിക്കാതിരിക്കാനുമുള്ള അധികാരമായി മാറുന്നു. ഫരിസേയരെ കണ്ടിട്ട് സ്‌നാപകന്‍ പറഞ്ഞ വെള്ളയടിച്ച കുഴിമാടങ്ങളായി വെളുത്ത വസ്ത്രം ധരിച്ച ക്രിസ്തുവിന്റെ പ്രതിപുരുഷന്‍മാരും മാറുന്നു എന്നുള്ളത് ഒരു വലിയ വിരോധാഭാസം തന്നെ.

ബ്രഹ്മചര്യം അല്ലെങ്കില്‍ കന്യാവൃതം ഇന്ന് ഒരു വലിയ തമാശയാണെന്നതിനു രണ്ടഭിപ്രായമില്ല. ഒരു വീട്ടില്‍ ദൈവീകശുശ്രൂഷക്കെത്തുന്ന ഇന്നത്തെ അച്ചന്‍മാരില്‍ ബഹുഭൂരിപക്ഷവും, സ്വീകരണമുറിയില്‍ കയറാതെ ആര്‍ത്തിപിടിച്ച് അടുക്കള ഭാഗത്തേക്കാണ് ഓടുന്നത്. തന്റെ പേരില്‍ ചില ആക്ഷേപങ്ങള്‍ പറയുകയും, അത്ര നിവൃത്തിയില്ലെങ്കില്‍ കുപ്പായം ഊരി വിവാഹജീവിതത്തിലേക്കു പോകരുതോ എന്നു ചോദിച്ച റെക്ടറച്ചനോട്, ചായ കുടിക്കാന്‍ ചായക്കട തുടങ്ങേണ്ട കാര്യമില്ലല്ലോ എന്നു ചോദിച്ച വൈദികനും നമ്മുക്കുണ്ട്. തന്റെയോ, തന്റെ ബന്ധുക്കളില്‍ ആരുടേയെങ്കിലുമോ വീട്ടില്‍ പോവുകയോ, ഫോണില്‍ വിളിക്കുകയോ ചെയ്താല്‍, അച്ചനാണെന്നു നോക്കുകേല, കാലും, കൈയും തല്ലിയൊടിക്കും എന്നു വിശ്വാസിയുടെ വായില്‍ നിന്നും കേള്‍ക്കേണ്ടിവന്ന വൈദീകനും നമ്മുക്കുണ്ട്. അധികം താമസിയാതെ, അമേരിക്കന്‍ വിസാ ശരിയാകുമെന്നും, കുപ്പായം അന്നുപേക്ഷിച്ച് വിവാഹം ചെയ്തു അമേരിക്കയില്‍ കൊണ്ടുപോകാം എന്നുപറഞ്ഞ് രജിസ്റ്റര്‍ വിവാഹം നടത്തി, ഒരു വിവാഹിതയെ വച്ചനുഭവിക്കുന്ന അച്ചനും നമ്മുടെ ഇടയിലുണ്ട്. അഭയക്കേസിന്റെ വെളിപ്പെടുത്തലുകളില്‍ നിന്നും ലോകം മുഴുവനുമറിഞ്ഞ വൈദീകരുടെ ബന്ധങ്ങളും, അമേരിക്കയില്‍ കയറാനാകാത്തവിധം നിയമം നോട്ടപ്പുള്ളികളാക്കിയ വൈദീകരും, നാട്ടിലേക്കു തിരിച്ചുവിളിക്കപ്പെട്ടവരും, എന്നുവേണ്ട, നമ്മുടെ വൈദീകലോകം ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്നു. മേന്മുറി വികാരി ചെയ്തതും മറ്റൊന്നല്ല.

വൈദീകരുടേയും, സന്യസ്ഥരുടേയും ഈ തെറ്റായ പ്രവര്‍ത്തികള്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയാത്ത സഭാനേതൃത്വമാണ് നമ്മുക്കുള്ളത്. സഭയുടെ ഈ സമീപനം കൂടുതല്‍ തെറ്റിലേക്കു ഇതു കൊണ്ടുപോകും. എത്ര നാളിതു നിലനില്‍ക്കും. ഇന്നു വിശ്വാസികള്‍ നല്‍കുന്ന സ്‌നേഹവും ബഹുമാനവും താമസിക്കാതെ ഇല്ലാതാകും. ആര്‍ക്കും വേണ്ടാത്തവരായി, ജനം അറപ്പോടും, വെറുപ്പോടും തങ്ങളെ നോക്കിക്കാണുന്ന ഒരു ലോകം വിദൂരമല്ല എന്നിക്കൂട്ടര്‍ തിരിച്ചറിയട്ടെ.

ഇതിനെല്ലാം വിരുദ്ധമായി വൈദീകവൃത്തിയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്ന ന്യൂനപക്ഷവുമുണ്ട്. ഒരിക്കല്‍ അരമനയില്‍ വച്ച്, തന്റെ നാളിതുവരെയുള്ള വൈദികജീവിതത്തില്‍ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കുണ്ടോയെന്നു ഒരു കൂട്ടം വൈദികരെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട വൈദികരും നമ്മുടെ ഇടയിലുണ്ട്.   മെത്രാന്റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്തതിനാലും, തെറ്റായ കാര്യങ്ങള്‍ക്കു കൂട്ടുനില്‍ക്കാത്തതിനാലും, സമുദായത്തിലെ സോദോം ഗോമോറ എന്നു വിളിക്കപ്പെട്ടിരുന്ന ഇടവകയിലേക്ക് സ്ഥലം മാറ്റപ്പെട്ട വൈദികനും നമ്മുടെ സമുദായത്തിലുണ്ട്. അച്ചന്റെനന്മയാല്‍ ആ ഇടവക, നല്ല ഇടവകകളില്‍ ഒന്നായി മാറ്റപ്പെട്ടു എന്നുള്ളത് മറ്റൊരു സത്യം.

(തുടരും....)

ഈ പരമ്പര തയ്യാറാക്കുന്നത്: ക്നായി തൊമ്മന്‍))

2 comments:

  1. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു."

    ക്നാനായ പള്ളികൾ സകല ജാതികളുടേയും പ്രാർത്ഥനാലയം ആകാത്തിടത്തോളം കാലം അത് ക്രിസ്തുവിന്റെ ആലയമായിരിക്കുകയില്ല. പ്രത്യുത, അത് കേവലം പൈശചിക സത്ത ഉൾക്കോള്ളുന്ന ഒരു ബ്രാന്താലയം മാത്രമായിരിക്കും. അതിലെ ദൈവം ക്നാനായ തൊമ്മനും, അതിലെ പുരോഹിതൻ മുത്തു കത്തനാരും, അതിന്റെ ബിഷപ്പ് മൂലക്കാട്ടും.

    ഓരോ ക്നാനായക്കാരനും അവന്റെ ജീവിതം പുരോഹിത വ്ർഗത്തിനടിയറവു വക്കാതെ വ്യക്തി സ്വാതന്ത്രയത്തിനടിയറവു വക്കുക. ദൈവത്തെ ആരാധിക്കുന്നതിന് പള്ളിയുടേയും പുരോഹിതന്റെയും ആവശ്യമില്ല. ചെറിയ ഗ്രൂപ്പുകളുണ്ടാക്കി നിങ്ങൾ പുരോഹിതരില്ലാതെ പ്രാർഥിക്കുക. നിങ്ങൾക്ക് സമാധാനം കൈവരിക്കും.

    ReplyDelete
  2. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്നാനായ സമുദായം വെറും ഒരു നൂറ്റാണ്ടു മാത്രം പഴക്കമുള്ള കോട്ടയം അതിരൂപതയുടെ കൈകളില്‍ കൂടി മാത്രമാണോ നിലനില്‍ക്കുന്നത്? കോട്ടയം അതിരൂപത സ്ഥാപിതമാകുന്നതിനും വര്‍ഷങ്ങള്‍ക്കും മുന്‍പ് ക്നാനായക്കാര്‍ നേതൃത്വം നല്‍കിയ നമ്മുടെ പള്ളികള്‍ നില നിന്നതും സമുദായം നിലനിന്നതും നിങ്ങള്‍ വിസ്മരിച്ചോ?


    അമേരിക്കയില്‍ എന്‍ഡോഗമി അതേപടി അനുവദിച്ചാലും , സ്വന്തം മക്കള്‍ ലത്തീന്‍ റീത്ത് ശീലിച്ചു പോയി എന്നാ ഒറ്റ കാരണത്താല്‍ , അമേരിക്കയിലെ നമ്മുടെ എന്‍ഡോഗമിപെട്ടിയില്‍ ആണിയടിച്ച ലത്തീന്‍ രൂപതകള്‍ക്ക് ഓശാന പാടാന്‍ നടക്കുന്നു ആട്ടിന്‍ തോലിട്ട ക്നാനായ ചെന്നായ്ക്കളുടെ തനി നിറം തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്നത്തെ ന്യൂനപക്ഷം വരുന്ന സമൂഹം തന്നെയാണ് നമ്മെ സ്വയം നശിപ്പിക്കുന്നത്.

    ReplyDelete