കഴിഞ്ഞ മാസം കൊളംബിയായില്‍നിന്നുള്ള മെത്രാന്മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍, ലാറ്റിന്‍ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പെന്റക്കോസ്റ്റല്‍ സഭകളിലേക്ക് വിശ്വാസികള്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം ഗൗരവത്തോടെ കാണണമെന്ന് പാപ്പ അവരോട് ആവശ്യപ്പെട്ടിരുന്നു. ദേവാലയവും ദേവാലയശുശ്രൂഷകളും വിശ്വാസികളില്‍ തീക്ഷ്ണത ജനിപ്പിക്കുന്നതിനു പകരം മടുപ്പുളവാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് മാര്‍പാപ്പ പറഞ്ഞത്. പരിശുദ്ധാത്മാവിന്റെ നിറവില്ലാത്ത ശുശ്രൂഷകള്‍ക്ക് വളരെ വേഗം ആകര്‍ഷകത്വം നഷ്ടപ്പെടും. പ്രാര്‍ത്ഥിക്കുവാനുള്ള തീക്ഷ്ണത ജനങ്ങളില്‍ സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കപ്പെടണം. ആരാധന ഹൃദയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാത്തപ്പോഴാണ് അവര്‍ മറ്റു സഭകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
വിശ്വാസികളുമായുള്ള ആത്മീയബന്ധമാണ് സഭയുടെ കെട്ടുറപ്പിന്റെ അടിസ്ഥാനം. വിശുദ്ധ ബലിയില്‍ കേന്ദ്രീകൃതമാണ് ആ ബന്ധം. സഭയെപ്പറ്റി വിശ്വാസികളില്‍ തെറ്റിദ്ധാരണ പരത്താന്‍ പല പ്രബലശക്തികളും ശ്രമിച്ച് പരാജയപ്പെട്ടതിന്റെ കാരണവുമതാണ്. തീക്ഷ്ണത നഷ്ടപ്പെടുമ്പോള്‍ സഭയുമായുള്ള ബന്ധത്തിലും അതു പ്രതിഫലിക്കും. സംഘടനകളും മറ്റ് സ്ഥാപനങ്ങളുംകൊണ്ട് ആ വിടവ് നികത്താന്‍ കഴിയില്ല. അങ്ങനെയുള്ള അവസരങ്ങളില്‍ എപ്പോഴും മറ്റ് വിശ്വാസങ്ങളിലേക്ക് ആളുകള്‍ പോകണമെന്നില്ല. ആ രീതിയില്‍ പോയാല്‍ അടുത്ത തലമുറയുടെ കാലമാകുമ്പോള്‍ തീര്‍ച്ചയായും വിപരീത ഫലങ്ങള്‍ ഉളവാക്കും. ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുമ്പോഴാണ് സഭാവിരുദ്ധ പ്രസ്ഥാനങ്ങളുടെ ആകര്‍ഷണവലയത്തില്‍ വിശ്വാസികള്‍ അകപ്പെടുന്നത്. സാങ്കേതികവിദ്യയില്‍ ഉണ്ടായ വളര്‍ച്ചയും സാമ്പത്തിക പുരോഗതിയുമൊക്കെ ആളുകളുടെ ചിന്താഗതികളില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്തിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. സാമ്പത്തികവളര്‍ച്ച ദൈവാശ്രയത്വത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയിട്ടുണ്ട്. ദൈവം കനിഞ്ഞില്ലെങ്കില്‍ നാളെ പട്ടിണിയാകും, പിറ്റേദിവസത്തെ ആഹാരത്തിന് ആശ്രയിക്കാന്‍ അവിടുന്ന് മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് ഉണ്ടാകുന്ന ദൈവാശ്രയത്വം, ആവശ്യംവരുമ്പോള്‍ എ.ടി.എമ്മിലോ ബാങ്കിലോ പോയി പണമെടുക്കുന്നതുമാത്രം കണ്ടു വളരുന്ന തലമുറയ്ക്ക് ഉണ്ടാകണമെന്നില്ല. എന്നുകരുതി ഭൗതികസൗകര്യങ്ങളുടെ സമൃദ്ധിയില്‍ കഴിയുന്ന എല്ലാവരും അങ്ങനെയാണെന്ന് അര്‍ത്ഥമില്ല. മനുഷ്യര്‍ പട്ടിണിയിലും ദുരിതത്തിലും കഴിയണമെന്ന് ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല. അണികള്‍ക്ക് വിദ്യാഭ്യാസവും സാമ്പത്തികപുരോഗതിയും ഉണ്ടായാല്‍ തങ്ങളുടെ ഒപ്പം നില്ക്കില്ലെന്നു കരുതി അവരുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഗണത്തിലല്ല ദൈവം. തങ്ങള്‍ എത്ര പട്ടിണി സഹിച്ചാലും തങ്ങളുടെ മക്കള്‍ ഒരു ബുദ്ധിമുട്ടും അറിയരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അപ്പോള്‍ നീതിമാനായ ദൈവത്തിന്റെ കാരുണ്യം എത്രയോ വലുതായിരിക്കും!
പുതിയ തലമുറയുടെ ചിന്താഗതികളില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞുനില്ക്കുന്ന സമീപനം സ്വീകരിക്കാനും പാടില്ല. വിശ്വാസപ്രമാണങ്ങളില്‍ വെള്ളംചേര്‍ക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, അവരിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകണം. നിര്‍ബന്ധത്തിനുവഴങ്ങി ദേവാലയത്തില്‍ പോകുന്നതിനുപകരം ഉള്ളില്‍നിന്നുണ്ടാകുന്ന ആഗ്രഹത്തില്‍നിന്നുവേണം അങ്ങനെ ചെയ്യാന്‍. സഭയും ദേവാലയവുമൊക്കെ അവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളായി മാറണം. പുതിയ തലമുറയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്ര്യവും അവരുടെ സംശയങ്ങള്‍ക്ക് ഉത്തരവും നല്കാന്‍ കഴിയണം. പ്രാര്‍ത്ഥന അനുഭവവേദ്യമാകുന്നില്ലെങ്കില്‍ അവര്‍ ദേവാലയത്തോട് വിടപറഞ്ഞെന്നുവരാം. അല്ലെങ്കില്‍ ഹൃദയത്തിന് അനുയോജ്യമായ ഇടങ്ങള്‍ അന്വേഷിക്കാനും സാധ്യതയുണ്ട്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം വ്യത്യസ്തമായതിനാല്‍ ഒരുപക്ഷേ, വീട്ടില്‍ ആയിരിക്കുന്നിടത്തോളം കാലം അവര്‍ക്കതിന് സ്വാതന്ത്ര്യം ലഭിച്ചെന്നുവരില്ല. പഠനത്തിനും ജോലിക്കുമായി മറ്റുസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ ആദ്യം ഉപേക്ഷിക്കുന്നത് ആത്മീയകാര്യങ്ങളായിരിക്കും. ഇത്രയും കാലം നിര്‍ബന്ധംമൂലം ചെയ്തിരുന്നവ വേണ്ടെന്നുവയ്ക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ച അവസ്ഥയായിരിക്കും അവര്‍ക്ക്. പ്രീ-ഡിഗ്രി കോഴ്‌സ് കോളജുകളില്‍ നടന്നിരുന്ന കാലങ്ങളില്‍ എന്നും പ്രശ്‌നക്കാര്‍ പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്നെന്ന് പറയാറുണ്ട്. പത്താം ക്ലാസുവരെ സ്വാതന്ത്ര്യം ലഭിക്കാതെ വളര്‍ന്നവര്‍ കോളജില്‍ എത്തുമ്പോഴേക്കും കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായിരുന്നു കാരണം. മറ്റുചിലര്‍ക്ക് അത് എങ്ങനെ വിനിയോഗിക്കണമെന്ന് അറിയാത്തതിനാല്‍ സുഹൃത്തുക്കളുടെ സ്വാധീനത്തില്‍ അകപ്പെട്ട് ഉഴപ്പാറുണ്ടായിരുന്നു. അതുതന്നെ ആത്മീയ മേഖലയിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഉറച്ച ബോധ്യങ്ങളില്ലാതെ, വിശ്വാസം ഹൃദയത്തെ സ്വാധീനിക്കാതെ വളരുന്നവര്‍ ചുറ്റുപാടുകളില്‍നിന്ന് മാറുമ്പോള്‍ അതു ഉപേക്ഷിക്കുകയോ സഭാവിരുദ്ധമായ ആശങ്ങളുടെ ആകര്‍ഷവലയത്തില്‍പെടുകയോ ചെയ്യാം.
വിശ്വാസികള്‍ക്ക് ആത്മീയ കാര്യങ്ങളില്‍ താല്പര്യം കുറയുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കൃത്യമായി പരിശോധിക്കണം. വനത്തിലൂടെയും ദുര്‍ഘട പാതകളിലൂടെയും ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ച് ദേവാലയങ്ങളില്‍ പോയിരുന്നത് പ്രായമായവരുടെ മനസില്‍ ഉണ്ടാകും. എന്നിട്ടും വീടിന്റെ തൊട്ടടുത്തുള്ള ദേവാലയത്തില്‍ മക്കള്‍ പോകുന്നതിന് താല്പര്യം കുറഞ്ഞുവരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ആത്മീയതയില്‍നിന്നും ഒരാള്‍ വ്യതിചലിക്കുമ്പോള്‍ ആ അകല്‍ച്ച അവനെ ലോകത്തിന്റെ കാഴ്കളിലേക്ക് ആകര്‍ഷിക്കും. അതു പാപത്തിലേക്ക് ആ വ്യക്തിയെ നയിക്കും. അതുകൊണ്ടുതന്നെ തീക്ഷ്ണത കുറയുന്നത് തകര്‍ച്ചകളുടെ തുടക്കമാണെന്ന് തിരിച്ചറിയണം.
(കടപ്പാട്: സണ്‍ഡേ ശാലോം)
No comments:
Post a Comment