ജോണ്‍ പുലിറ്റ്സര്‍ 1917-ല്‍ ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ മാധ്യമപ്രവര്‍ത്തനം, സാഹിത്യം, നാടകം, സംഗീതം എന്നിവക്കുള്ളതാണ്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല സമ്മാനാര്‍ഹരെ കണ്ടെത്തുന്നു. യു.എസ് കേന്ദ്രിതമാണ് പുലിറ്റ്സര്‍ സമ്മാനം; മാധ്യമരംഗത്തെ പുരസ്കാരങ്ങള്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമുള്ളതാണ്. അതുകൊണ്ട് ഈ സമ്മാനങ്ങള്‍ ലോക മാധ്യമരംഗത്തെ മുഴുവന്‍ പ്രതിനിധാനംചെയ്യുന്നില്ല.
എന്നാല്‍, ആഗോളതലത്തിലെ പ്രവണതകളെ ഉള്‍ക്കൊള്ളുന്നു എന്നത് ഇത്തവണത്തെ സമ്മാനങ്ങളുടെ സവിശേഷതയായി കണക്കാക്കാമെന്ന് തോന്നുന്നു. പ്രധാനമായും നവമാധ്യമങ്ങള്‍ക്ക് ലഭിച്ച പ്രാമുഖ്യം.
മൂന്നു വര്‍ഷം മുമ്പു മാത്രമാണ് ഓണ്‍ലൈന്‍ പത്രങ്ങളെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക് (ഹഫിങ്ടണ്‍ പോസ്റ്റ്, പൊളിറ്റികോ) ഇക്കുറി സമ്മാനം കിട്ടി.
ദേശരാഷ്ട്ര ഭേദങ്ങള്‍ക്കപ്പുറം ഭൂനിവാസികളുടെ പൊതു പ്രശ്നങ്ങള്‍മുതല്‍ വിവിധ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെ നവമാധ്യമങ്ങള്അര്ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യംചെയ്യുന്നു. അറബ് വസന്തം, ഓക്യുപൈ വാള്‍സ്ട്രീറ്റ് തുടങ്ങി സ്ഥാപിത ഭരണകൂടങ്ങള്‍ക്കും ശക്തികേന്ദ്രങ്ങള്ക്കുമെതിരായ ബഹുജന നീക്കങ്ങള്‍ പതിവു മാധ്യമങ്ങള്‍ മറക്കുമ്പോള്‍ നവ മാധ്യമങ്ങളിലൂടെയാണ് അവ സജീവത നിലനിര്‍ത്തുന്നത്.
ഇന്ത്യയില്‍ കൂടങ്കുളം ആണവ നിലയത്തിനെതിരായ സമരം മറ്റൊരു ഉദാഹരണമാണ്.അച്ചടി-ചാനല്‍ മാധ്യമങ്ങളില്‍ നടക്കുന്നതിലേറെ, ഗൗരവത്തിലുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈനായി നടക്കുന്നു. അച്ചടിമാധ്യമങ്ങളില്‍ വിരളമായാണ് ഇടിന്തകരൈ നിവാസികളുടെ സമരം വിഷയമാകുന്നത് -മാതൃഭൂമി (ഏപ്രില്‍ 22).
ഇന്റര്‍നെറ്റ് പത്രങ്ങള്‍,ബ്ളോഗുകള്,സോഷ്യല്‍ സൈറ്റുകള്‍ ഇവ ഉയര്‍ത്തുന്ന ബദല്‍ സ്വരങ്ങള്‍ ഫലംചെയ്യുന്നുമുണ്ട്. വിവിധ സമൂഹങ്ങളുടെ നവജാഗരണത്തില് ഈ പുതുമാധ്യമങ്ങള്ക്കുള്ള പങ്ക് വ്യക്തമായിക്കഴിഞ്ഞതാണ്. ഇനിയുമുണ്ട് അവയുടെ പ്രാധാന്യത്തിന് ഒരു തെളിവ് - അവയെ നിയന്ത്രിക്കാന്‍ വിവിധ ഭരണകൂടങ്ങളുടെ വിവിധ തലങ്ങളില്‍ നടക്കുന്ന ശ്രമമാണത്.
(അവലംബം: മാധ്യമം പത്രം പ്രസധീകരിച്ച “അഭിപ്രായസ്വാതന്ത്ര്യത്തിലെ പുത്തന്‍ ഇടങ്ങള്‍” എന്ന യാസീന്‍ അശ് റഫിന്റെ ലേഖനം)
ക്നാനായ സമുദായത്തില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍, മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ചിട്ടും, സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ മുന്നേറിയ കേരളത്തിലെ നേര്സുമാരുടെ സമരം – ഇവയൊക്കെയും വേണമെങ്കില്‍ ഉദാഹരണങ്ങളായി പറയാം.
അലക്സ് കണിയാംപറമ്പില്‍
No comments:
Post a Comment