നമുക്കാര്‍ക്കും ഇഷ്ടമില്ലാത്ത വിഷയമാണ് ചരിത്രം. പക്ഷെ എന്ത് ചെയ്യാം, ചില കാര്യങ്ങള്‍ പറയണമെങ്കില്‍ ചരിത്രം ചികയാതെ നിവൃത്തിയില്ല. മാലോകര്‍ ക്ഷമിക്കണം.
1930 മുതല്‍ “കോട്ടയം രൂപതാസംഘം” എന്നൊരു സംഘടന കോട്ടയം രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്നു. അഡ്വ. ജോസഫ് മാളിയേക്കല്‍ പ്രസിഡന്റും, മോണ്‍. സിറിയക് മറ്റത്തില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ആ സംഘടനയ്ക്ക് അധികം ആയുസ്സുണ്ടായില്ല. അതേതുടര്‍ന്ന്, 1938 മെയ് 24, 25 തിയതികളില്‍, പ്രൊഫ. വി.ജെ. ജോസഫ്, ജോസഫ് ചാഴികാടന്‍, അഡ്വ. തോമസ് മാക്കീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമുദായകാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു സമ്മേളനം കൈപ്പുഴ വച്ച് നടത്തി.
അങ്ങിനെയാണ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ജനനം. തുടക്കത്തില്‍ ഇതിന്റെ പേര് “ക്നാനായ കത്തോലിക്കാ മഹാജനസഭ” എന്നായിരുന്നു.
ക്നാനായ സമുദായംഗങ്ങള്‍ക്കെല്ലാം ഒരു കാര്യത്തില്‍ അഭിമാനിക്കാം – കേരളത്തിലെ കത്തോലിക്കാസഭയുടെ കീഴിലുണ്ടായ ആദ്യത്തെ അത്മായസംഘടനയാണ് ഇന്നത്തെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്.
ഈ പഴമ്പുരാണം ഇവിടെ വിളമ്പാന്‍ ഒരു കാരണമുണ്ട്.
ക്നാനായ വിശേഷങ്ങളില്‍ ഇന്നൊരാള്‍ ഒരു കമെന്റ്റ് ഇട്ടിരുന്നു – “നമ്മുടെ പിതാക്കന്മാര്‍ക്കു വിദേശത്ത് പോകാന്‍ മാത്രമേ താത്പര്യമുള്ളൂവെന്നതിനു ഒരു ഉദാഹരണമാണ് കഴിഞ്ഞവര്ഷം ഡല്‍ഹിയില്‍ വച്ച് നടന്ന നാഷണല്‍ കണ്‍വെന്‍ഷന്‍. അപ്നദേശില്‍ വന്ന വാര്‍ത്ത ശ്രദ്ധിക്കുക http://apnades.in/2011/04/05/delhi-3/”
ശരിയാണ്, കഴിഞ്ഞ വര്ഷം ഏപ്രില്‍ മാസത്തില്‍ ഡല്‍ഹിയില്‍ വച്ച് നടന്ന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലെ സമാപനസമ്മേളനത്തില്‍ നമ്മുടെ പിതാക്കന്മാര്‍ ആരും പങ്കെടുത്തില്ല.
പിതാക്കന്മാര്‍ക്ക് എല്ലായിടത്തും ഓടിയെത്താന്‍ സാധിക്കുമോ എന്ന് തര്‍ക്കുത്തരം പറയുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
നാളെയും മറ്റന്നാളുമായി (മെയ് 12, 13 തിയതികളില്‍) ചെറുകര (പൈങ്ങളം എന്നും പറയും) സെന്റ് മേരീസ് പാരിഷ് ഹാളില്‍ വച്ച് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്ലാറ്റിനം ജുബിലി ആഘോഷങ്ങളുടെ ഉല്‍ഘാടനം നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് “എന്‍ഡോഗമിയും ക്നാനായ സമുദായവും” എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം ഒരു സെമിനാറിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ.
രണ്ടു ദിവസത്തെ ചടങ്ങുകളില്‍ നമ്മുടെ അല്മായ പ്രമുഖര്‍ക്ക് പുറമേ, വി.ജി. ഇളപ്പാനിയച്ചന്‍, കെ.എം. മാണി, പുത്തന്‍ മന്ത്രി അനൂപ് ജേക്കബ് എന്നിവരൊക്കെ ഉണ്ട് – പക്ഷെ ഒരു തിരുമേനിയുടെ പൊടിപോലും ഇല്ല!
ഡു യു തിങ്ക് തിരുമേനീസ് ആര്‍ സൊ ചീപ്പ്? എന്ന് ചോദിക്കുന്നവര്‍ ഇതുകൂടി കേള്‍ക്കുവാന്‍ ദയ കാണിക്കണം.
തുടക്കത്തിലേ കാര്യം ഈയുള്ളവന് അറിയില്ല, പക്ഷെ അടുത്ത കാലത്തൊന്നും അമേരിക്കയില്‍ തിരുമേനിസാന്നിധ്യമില്ലാത്ത ഒരു കണ്‍വെന്‍ഷന്‍ ഉണ്ടായിട്ടില്ല.
ഇനി അല്പം ബ്രിട്ടീഷ് പരദൂഷണം.
2007ലാണ് UKKCA ക്നാനായ കണ്‍വെന്‍ഷന്‍ വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത്. കൊച്ചുപിതാവിന്റെ മെത്രാന്കുപ്പായത്തിന്റെ പുതുമണം മാറിയിരുന്നില്ല. യു.കെ.യിലെ ക്നാനയമക്കളും നേതാക്കളും ചേര്‍ന്ന് കൊച്ചുപിതാവിനെ സ്നേഹത്തോടെ, ആദരവോടെ, ക്ഷണിച്ചുവരുത്തി. രണ്ടാഴ്ചത്തെ സന്ദര്‍ശനമാണ്. ഇടയ്ക്ക് ഒരു ജര്‍മ്മനി സന്ദര്‍ശനവും. പരിപാടിയുടെ അവസാനം ദുക്കറാന പെരുന്നാളും, വേദപാഠ ക്ലാസ്സിന്റെ വാര്ഷികാഘോഷവും.
രംഗബോധമില്ലാത്ത കോമാളിയായ മരണത്തിന് അപ്പോഴാണ് കൊച്ചുപിതാവിന്റെ പിതാവിനെ ആക്രമിക്കാന്‍ തോന്നിയത് – കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. കൊച്ചുപിതാവ് കദനഭാരത്തോടെ ജര്‍മനിയില്‍ നിന്നും സ്വന്തം പിതാവിന്റെ ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. യു.കെ.യിലെ ക്നാനയമക്കള്‍ ഏങ്ങലടിച്ചു കരഞ്ഞു; കൊച്ചുപിതാവില്ലാതെ എന്ത് ദുക്കറാന, എന്ത് വേദപാഠം!
മക്കളുടെ വേദന പിതാവ് മനസ്സിലാക്കി, പിതാവ് സംസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഉടന്‍ ഇവിടെ തിരിച്ചെത്തി. (ഏതോ ഒരു ദുഷ്ടന്‍ അന്ന് പറഞ്ഞു: “പോയതിലും സ്പീഡില്‍ തിരിച്ചെത്തി” എന്ന്. അവനോടു നമുക്ക് ക്ഷമിക്കാം).
പിതാക്കന്മാരാണെങ്കില്‍ ഇങ്ങനെ വേണം.
അതിനു ശേഷം ഇവിടെയും ഏതെങ്കിലും പിതാവില്ലാത്ത കണ്‍വെന്‍ഷന്‍ നടന്നിട്ടില്ല.
നോക്കണേ നമ്മുടെയൊക്കെ ഒരു ഭാഗ്യമേ! ഡല്‍ഹിക്കാരും, ചെറുകരക്കാരും കുശുമ്പ് കുത്തിയിട്ട് യാതൊരു കാര്യവുമില്ല. അപ്പന്മാര്‍ക്ക് മക്കളോട് എല്ലാവരോടും ഒരു പോലെയല്ല സ്നേഹം. അങ്ങിനെ ആണെന്ന് അഭിനയിക്കും. അതൊക്കെ വെറും അഭിനയമല്ലേ സഹോദരന്മാരേ.
ഏതായാലും പ്രവാസികളായതില്‍ നമുക്ക് അഭിമാനിക്കാം. ഡല്‍ഹിക്കാരും ചെറുകരക്കാരും അവരുടെ മക്കളെയും വിദേശത്ത് വിടട്ടെ. അവര്‍ക്കുണ്ടാകാത്ത ഭാഗ്യം അവരുടെ മക്കള്‍ക്കുണ്ടാകും.
അതുകൊണ്ട്, പ്രിയ നേതാക്കന്മാരെ, തിരുമേനിമാര്‍ക്ക് ഇതുവരെ കൊടുത്തുകൊണ്ടിരുന്ന കൂലി വളരെ കുറവാണ്; ഈ വര്ഷം മുതല്‍ അത് കുറഞ്ഞത് ഇരട്ടിഎങ്കിലും ആക്കുക.
അവര്‍ക്ക് നമ്മോടുള്ള സ്നേഹം സൂര്യചന്ദ്രന്മാര്‍ ( ആചന്ദ്രതാരം എന്ന് പറയാമോ ആവോ ) ഉള്ളിടത്തോളം കാലം നിലനില്‍ക്കട്ടെ!
മൂലക്കാടന്‍ കീ ജയ്! പണ്ടാരശ്ശേരി കീ ജയ്! പിതാക്കന്മാര്‍ എല്ലാവരും കീ ജയ്!
No comments:
Post a Comment