ഇക്കഴിഞ്ഞ ചൊവ്വാഴ്ച ടീനെക്കിലെ ജനങ്ങള്‍ ഇപ്പോള്‍ മേയറായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഹമീദുദീനെ അടുത്ത നാലുവര്‍ഷത്തേക്ക് കൗണ്‍സില്‍ മെമ്പറായി വീണ്ടും തെരഞ്ഞെടുത്തു. ജയിച്ച മൂന്നു കൗണ്‍സില്‍ അംഗങ്ങളില്‍ ഏറ്റവുമധികം വോട്ടു നേടിയതും ഹമീദുദീനായിരുന്നു. 4,374 വോട്ടുകളാണ് ഹമീദുദീനു ലഭിച്ചത്.
2008ല്‍ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഹമീദുദീന്‍ 2010ലാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
(ന്യൂ ജേര്സിയിലെ) ബര്‍ഗന്‍ കൗണ്ടിയിലെ ആദ്യത്തെ മുസ്ലീം മേയറെന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. 40,000-ത്തോളം വരുന്ന ടീനെക്കിലെ ജനസംഖ്യയില്‍ ഏഷ്യന്‍ വംശജരെല്ലാം കൂടി 7 ശതമാനം മാത്രമാണ്. ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ യഹൂദന്മാരുടെ സംഖ്യ ഏറ്റവും അധികമുള്ള പ്രദേശമെന്ന പ്രത്യേകതയും ടീനെക്കിനുണ്ട്. അങ്ങനെയുള്ള സ്ഥലത്ത് മുസ്ലീം സമുദായത്തിലുള്ള ഒരാള്‍ മേയറാകുന്നതും വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തിനു ജയിച്ചുവരുന്നതും ചെറിയ നേട്ടമല്ല.
ഇപ്പോള്‍ ഇദ്ദേഹത്തോടൊപ്പം ഡപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കുന്നത് ടീനെക്ക് ഹൈസ്‌കൂളിലും റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലും തന്റെ സഹപാഠിയും ഉറ്റമിത്രവുമായ ഓര്‍ത്തഡോക്‌സ് യഹൂദ വിഭാഗത്തില്‍പ്പെടുന്ന ആഡം ഗുസേനാണെന്നുള്ളതാണ് അടുത്ത പ്രത്യേകത. മുസ്ലീം സമുദായം അമേരിക്കയില്‍ ഏറ്റവും അധികം സൂക്ഷ്മ നിരീക്ഷണത്തിനും സംശയങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ചുറ്റുപാടുകളില്‍ മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാനും ജനസമ്മതനാകുവാനും ഹമീദുദീനു സാധിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടം.
ഇന്‍ഡ്യക്കാരായ മാതാപിതാക്കളുടെ പുത്രനായ ഈ 39കാരന്‍ നമ്മുടെ രണ്ടാം തലമുറയ്ക്ക് ഉത്തമമാതൃകയാണ് കാട്ടിത്തരുന്നത്. തൊലിയുടെ നിറമോ, ജാതിയുടെ ലേബലോ ന്യൂനപക്ഷമെന്ന ചിന്തയോ ഒന്നും തന്നെ ജനസേവനത്തിന് പ്രതിബന്ധമല്ലെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഇന്‍ഡ്യക്കാരായാലും കഴിവുണ്ടെങ്കില്‍ അതംഗീകരിക്കുവാന്‍ ഈ സമൂഹം തയ്യാറാണെന്നും ഇത് വ്യക്തമാക്കുന്നു. മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം നാമിപ്പോഴും കാഴ്ചക്കാരായി മാറിനില്‍ക്കുന്ന സാഹചര്യമാണ്. നമ്മുടെ രണ്ടാംതലമുറ കഴിവും വിദ്യാഭ്യാസവും ഭാഷാപ്രാഗത്ഭ്യവും എല്ലാമുണ്ടെങ്കിലും പൗരധര്‍മ്മത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കമാണ്. ജീവിക്കുന്ന സമൂഹത്തിന് തന്നാല്‍ കഴിയുന്ന രീതിയില്‍ കൈത്താങ്ങല്‍ കൊടുക്കുകയും പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും മാറ്റങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുകയുമൊക്കെ ചെയ്യുന്നത് പൗരധര്‍മ്മത്തിന്റെ ഭാഗമാണ്. ഇല്ലത്തുനിന്ന് പോരുകയും ചെയ്തു, അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന മട്ടില്‍ ഇവിടെക്കഴിഞ്ഞുകൂടിയ ഒന്നാംതലമുറ ഇനി കുറഞ്ഞപക്ഷം രണ്ടാംതലമുറയെ എങ്കിലും ആ ചിന്താഗതിയില്‍ നിന്നും മോചിതരാക്കണം.
സ്‌കൂള്‍ ബോര്‍ഡിന്റെയായാലും ടൗണിന്റെയായാലും കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരും താല്പര്യമുള്ളവരുമാക്കി ജീവിക്കുന്ന സമൂഹത്തില്‍ വേരുള്ളവരാക്കി മാറ്റുവാനുള്ള പ്രോത്സാഹനങ്ങളും ഉത്തേജനവുമൊക്കെ നാം അവര്‍ക്ക് നല്‍കണം. ഹമീദുദീന്റെ നേട്ടം അതിനുള്ള പ്രേരണയാണ് നമുക്ക് നല്‍കുന്നത്.
അതുപോലെ തന്നെ ഹമീദുദീനും ടീനെക്ക് നല്‍കുന്ന സഹിഷ്ണുതയുടെ പാഠം പ്രബുദ്ധ കേരളം ഒന്നറിഞ്ഞിരുന്നെങ്കിലെന്നും ആഗ്രഹിച്ചു പോവുകയാണ്. തങ്ങളുടെ ആശയത്തോട് യോജിക്കാത്തവരെ തുണ്ടം തുണ്ടമാക്കി അരിഞ്ഞുകൊല്ലുന്ന സംസ്‌കാരമാണോ നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളായി നാം നമ്മുടെ വരുംതലമുറയ്ക്ക് കൈമാറേണ്ടത്? കേരളമെന്നു കേട്ടാല്‍ ചോര തിളയ്ക്കണം എന്ന് കവി പറഞ്ഞത് ഇപ്പോള്‍ മറ്റൊരര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന ടി.പി. ചന്ദ്രശേഖരന്റെ കിരാതമായ രാഷ്ട്രീയ കൊലപാതകത്തിന്റെ വാര്‍ത്ത കേട്ടാല്‍ മനഃസാക്ഷിയുള്ള ഏതു മനുഷ്യന്റെയും ചോര തിളയ്ക്കുകതന്നെ ചെയ്യും. കേരളത്തിലെ ജീവിച്ചിരിക്കുന്ന സാംസ്‌കാരിക നായകരുടെയും മതമേധാവികളുടെയും സിരകളില്‍ അതില്ലാത്തുകൊണ്ടായിരിക്കാം അവര്‍ക്ക്, തിളയ്ക്കാത്തതും 'ക മാ' ന്ന് ഒന്നും ഉരിയാടാത്തതും.
സ്‌നേഹപൂര്‍വ്വം
വര്‍ഗീസ് പ്ലാമ്മൂട്ടില്‍
No comments:
Post a Comment