Monday, May 7, 2012

ജീവിതം ഉത്സവമാക്കുന്ന കലാലയ സ്മരണകള്‍

പ്രൊഫ. മാത്യു പ്രാല്‍ എഴുതി സ്‌നേഹ സന്ദേശത്തില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചു വരുന്ന 'ഓര്‍മ്മയിലൊരു കോളജ്' പുസ്തകരൂപത്തില്‍ ആവുകയാണ്. എളൂര്‍കുന്നിലെ എസ്തഫാനോസ്എന്ന് പേരിട്ടിരിക്കുന്ന  ഈ പുസ്തകത്തിന് ഡോ. സ്‌കറിയ സക്കറിയ എഴുതിയിരിക്കുന്ന ആമുഖമാണ് ചുവടെ കൊടുക്കുന്നത്.

മാത്യുപ്രാലിന്റെ ഓര്‍മ്മച്ചെപ്പാണ് എളൂര്‍കുന്നിലെ എസ്തഫാനോസ്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ അനുഭവങ്ങളുടെ ആല്‍ബം. ഇരുപതാം നൂറ്റാണ്ടില്‍നിന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള ചരിത്രസഞ്ചാരത്തിന്റെ കുതിപ്പും കിതപ്പും ഇതിലുണ്ട്. എന്നാല്‍ ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതു ഇതിലെ വസ്തുതകളോ അനുഭവങ്ങളോ അല്ല. അവ മറ്റുതരത്തില്‍ നമുക്കു ശേഖരിക്കാന്‍ കഴിഞ്ഞേക്കും. ഗ്രന്ഥകാരന്റെ മനോഭാവം-സംഭവങ്ങളോടും വ്യക്തികളോടും സ്ഥാപനങ്ങളോടുമുള്ള മനോഭാവം സവിശേഷമാണ്. സാമൂഹികപരമാര്‍ത്ഥങ്ങള്‍ തുറന്നുകാട്ടാന്‍ മടിയില്ല. എന്നാല്‍
അതിന്റെ പേരില്‍ ആരെയും കുറ്റവിചാരണ ചെയ്യാന്‍ ഒരുമ്പെടുന്നില്ല. സാഹസികമായി ജീവിക്കുന്നവരെ ഉള്ളഴിഞ്ഞു അനുമോദിക്കാന്‍ മടിയൊന്നുമില്ല. ഹൃദയവിശാലതകൊണ്ട് ഉദാരമായിരിക്കുന്നു പ്രതിപാദനശൈലി. എല്ലാവരേയും മനസ്സിലാക്കാന്‍ ശ്രമിക്കുക. അപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കും. ഇതാണ് പ്രാലിന്റെ കൃതി തരുന്ന സന്ദേശം.

നല്ല വായനാവിഭവമാണ് പ്രാലിന്റെ പുസ്തകം. ഉഴവൂര്‍ കോളജുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് വിസ്തരിക്കുന്നതെങ്കിലും അവയിലൂടെ പ്രകടമാകുന്ന ജീവിതക്കമ്പം കൃതിക്ക് അസാധാരണത്വം നല്‍കുന്നു. ജീവിതം ഉത്സവമാക്കുക എന്ന സന്ദേശം വാക്കും പ്രവൃത്തിയും ചിഹ്നവുംകൊണ്ട് ഗ്രന്ഥകാരന്‍ സ്പഷ്ടീഭവിപ്പിക്കുന്നു. നര്‍മ്മത്തിന്റെ ആകാശമാണ് കൃതിയിലുടനീളം. ജീവിതത്തിന്റെ ആഹ്ലാദസ്വരങ്ങള്‍ അതില്‍ മുഴങ്ങിക്കേള്‍ക്കുന്നു. വിദ്വേഷമോ പകയോ മൂടിക്കെട്ടി നില്‍ക്കുന്നില്ല. ജീവിതം സമസ്തഭാവങ്ങളിലും ഉത്സവക്കമ്പത്തിലാണ്. ആഖ്യാനം ഉത്സവീകരണത്തിന്റെ വഴിയിലൂടെ മുന്നോട്ടു കുതിക്കുന്നു.

ഓരോരോ വിഷയങ്ങള്‍ ഓര്‍മ്മയുടെ രൂപത്തില്‍ പുനരവതരിപ്പിക്കുമ്പോള്‍ എല്ലാം കിറുകൃത്യമായി പറയാനല്ല രസിച്ചും രസിപ്പിച്ചും പറയാനാണ് ശ്രമിക്കുന്നത്. ആ സമീപനം കൃതിക്കു നല്‍കുന്നതു യൗവനഭംഗിയാണ്. കലാലയസ്മരണകളിലൂടെ യൗവനസഞ്ചാരം സാധിക്കുന്നു ആഖ്യാതാവ്. ഒരുതരം പ്രതിഭാസഞ്ചാരം തന്നെ. വസ്തുതകളെ ഭാവനകൊണ്ടു പുഷ്ടിപ്പെടുത്തി അവബോധമാക്കി വളര്‍ത്തുക എന്നതാണ് കൃതിയിലെ തന്ത്രം. ഇതില്‍ വസ്തുതകളുടെ ഭൂമിയും ഭാവനയുടെ ആകാശവും അവയുടെ നടുവില്‍ ചരിത്ര കഥാപാത്രങ്ങളുമുണ്ട്. ഉഴവൂര്‍ കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ഓര്‍മ്മകളിലേക്കു കടക്കാം. മറ്റു വായനക്കാര്‍ക്കു സ്വന്തം അനുഭവങ്ങള്‍ക്ക് ഇവിടെ സമാന്തരങ്ങള്‍ കണ്ടെത്താം. സമാന്തരങ്ങളിലൂടെ ചിന്തിക്കാനും ഭാവനചെയ്യാനും മനുഷ്യനെ പ്രചോദിപ്പിക്കുന്നതാണല്ലോ സാഹിത്യം. ആ നിലയ്ക്കിതു നല്ലൊരു സാഹിത്യകൃതിയാണ്. സ്മരണകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന സാഹിത്യകൃതി.

മലയാളത്തില്‍ ഇതു സ്മരണകളുടെയും ആത്മകഥകളുടെയും പൂക്കാലമാണ്. നാനാതരക്കാര്‍ സ്മരണകളും ആത്മകഥകളും പ്രസിദ്ധീകരിക്കുന്നു. പലതും വ്യാപകമായ പ്രചാരം നേടുന്നുമുണ്ട്. തീക്ഷ്ണമായ സാമൂഹികജീവിതാനുഭവങ്ങള്‍ തോതിലും തരത്തിലും കുറഞ്ഞുവരുന്ന കാലത്തു ഭാവനയിലൂടെ ജീവിതം കണ്ടെത്തി അനുഭവിക്കാനുള്ള ശ്രമം ശ്രദ്ധേയമായിരിക്കുന്നു. സാഹിത്യത്തില്‍ മാത്രമല്ല. മറ്റു സാംസ്‌കാരിക രൂപങ്ങളിലും സ്മൃതിലയം പ്രകടമാകുന്നു. റേഡിയോ, ടെലിവിഷന്‍, സിനിമ, പരസ്യം, ഷോപ്പിംഗ്, ഫിറ്റ്‌നസ്, ചികിത്സ, പാര്‍പ്പിടം, ഭക്ഷണം തുടങ്ങിയവയിലെല്ലാം ഓര്‍മ്മച്ചെല്ലം തുറന്നുവച്ചു വിലപേശുകയാണ് മലയാളി. ദിനപ്പത്രങ്ങലുടെ വാരാന്ത്യപതിപ്പികളില്‍ കഴിഞ്ഞ കാലത്തിനാണ് പ്രചാരം. നിര്‍ലക്ഷ്യമായ ഭൂതകാലരതിയായോ ആര്‍ത്തിവെറിയായോ പ്രത്യക്ഷപ്പെടുന്ന ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും 'കാര്‍ണിവല്‍' രൂപം കൈക്കൊള്ളാറുണ്ട്. ഇത്തരം നാട്ടുനടപ്പുകള്‍ക്കിടയിലാണ് മാത്യുപ്രാല്‍ സ്വന്തം കലാലയ സ്മരണകളുമായി കടന്നുവരുന്നത്. ഉത്സവവീര്യവും യൗവനഭംഗിയും നഷ്ടപ്പെടുത്താതെതന്നെ സ്വന്തം ഓര്‍മ്മകള്‍ സാഹിത്യമായി അവതരിപ്പിക്കുന്നു എന്നതാണ് പ്രാലിന്റെ കൃതിയുടെ മേന്മ.

ഡോ. സ്‌കറിയ സക്കറിയ
scariazacharia@gmail.com

No comments:

Post a Comment