Saturday, May 5, 2012

മൂലക്കാട്ട് ബിഷപ്പിന്റെ നിയമനൈപുണ്യം

ഇത്രനാളും നമ്മുടെ പിതാക്കന്മാര്‍ക്ക് ഒരു നിയമം മാത്രമേ അറിയുമായിരുന്നുള്ളു - കാനോന്‍ നിയമം. ഇന്നിപ്പോള്‍ അവരുടെ അറിവിന്റെ മേഖല വളര്‍ന്നു വളര്‍ന്ന് അങ്ങ് സാധാരണക്കാര്‍ക്കൊന്നും എത്തിപ്പെടുവാനും മനസ്സിലാക്കുവാനും പറ്റാത്തവിധം വ്യാപ്തമായിക്കഴിഞ്ഞു. നമ്മള്‍ അല്‍മേനികളുടെ ഓരോ മഹാഭാഗ്യമേ!

നമ്മുടെ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സ്വാഭാവികനിയമം (നാച്വറല്‍ ലോ), സഭാനിയമം (ചര്‍ച്ച് ലോ), ദൈവനിയമം (ഗോഡ്‌സ് ലോ) തുടങ്ങിയ എല്ലാ ലോകളും കൂടി കൂട്ടിയിളക്കി നല്ല രുചിരഹിതമായ ഒരു അവിയല്‍ ലോ ചൈതന്യ യോഗത്തില്‍ നമുക്കായി ഒരുക്കി വിളമ്പി. പക്ഷേ അതില്‍ സാമാന്യബുദ്ധിക്കു ചേര്‍ന്നനിയമം (Commonsense Law) മാത്രമില്ലായിരുന്നു. പകരം ക്‌നാനായക്കാര്‍ക്കിട്ട് പണികൊടുക്കാന്‍ ഒരു മഹാപാര നിയമം മാത്രം.

നിയമം കൈയിലെടുത്താല്‍! 
പിതാവ് കരുതി ''വാനരന്മാര്‍ എന്തറിയുന്നു വിഭോ'', പാവം അത്മായ വിഡ്ഢികള്‍ കേട്ടു വായും പൊളിച്ചിരിക്കുമെന്ന്. അവര്‍ പൊളിച്ച വായ് അടച്ചില്ല എന്നത് സത്യം. അവരുടെ കളകണ്ഠത്തില്‍നിന്നും നിര്‍ഗമിച്ച ശബ്ദതാര പിതാവിന് തികച്ചും കര്‍ണാനന്ദകരമായിരുന്നതിനാല്‍ ഒന്നിലധികം തവണ പിതാവിന് സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങേണ്ടി വന്നതൊഴിച്ചാല്‍ യോഗം അനിഷ്ടസംഭവങ്ങള്‍ ഒന്നുംതന്നെ ഇല്ലാതെ പര്യവസാനിച്ചു. പിതാവ് കൂടുതല്‍ നിയമപുസ്തകങ്ങള്‍ പഠിക്കുവാനായി അരമനയിലാണിപ്പോള്‍. ക്രിസ്തു ജനിച്ചതും വളര്‍ന്നതും ഒരു അരമനയിലായതിനാല്‍ മെത്രാന്മാര്‍ അരമനയില്‍ ഉറങ്ങിയില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതായിരിക്കില്ല. അതുപോലെ തന്നെ, ക്രിസ്തു ജനിച്ചപ്പോള്‍ മുതല്‍ ഒരു റോള്‌സ് റോയിസില്‍ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ. ആയതിനാല്‍ നമ്മുടെ പിതാക്കന്മാര്‍ ഏറ്റവും വിലപിടിപ്പുള്ള ബെന്‍സില്‍ മാത്രമേ സഞ്ചരിക്കാവൂ, അത് ഹെലികോപ്ടറിലാണെങ്കില്‍ വളരെ നന്ന് എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അങ്ങ് ദൂരത്തല്ലേ.

അഭിവന്ദ്യ ബിഷപ്പിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ഒരാഴ്ചയിലധികമായി ഈ എളിയവന്‍ നിയമപുസ്തകങ്ങള്‍ കൂലങ്കഷമായ് പഠിക്കാന്‍ ഒന്നു ശ്രമിച്ചു. നികുതിനിയമം മാത്രം വശമുള്ള ഈയുള്ളവന് വിവിധ മൂലക്കാട്ട് നിയമങ്ങള്‍ ശ്രവിക്കുക എന്നതുതന്നെ ഒരു ഹെര്‍ക്കൂലിയന്‍ ടാസ്‌ക്. ഈ എളിയ ബുദ്ധിയില്‍ ആദ്യമായി വന്ന ഒരു ഡൗട്ട് ആരാന്റെ കൂരേല്‍ കേറി ആളാകാന്‍ തുനിഞ്ഞത് സാമൂഹികനിയമമാണോ, സഭാനിയമമാണോ അതോ ദൈവികനിയമമാണോ എന്നതാണ്. അങ്ങാടിയത്തിന്റെ കൂരക്കകത്ത് ആരൊക്കെ കേറിയിറങ്ങണമെന്ന് കല്പിക്കാന്‍ കോട്ടയത്തെ മെത്രാനെന്തധികാരം, എന്തവകാശം? ആരാന്റെ പറമ്പിലെ തേങ്ങവില്‍ക്കാന്‍ വഴിപോക്കനെന്തവകാശം. പുതിയ സഭാനിയമം അതിനുള്ള അധികാരം നല്‍കുന്നുണ്ടാകാം, അല്ലെങ്കില്‍ ഇതൊരു ദൈവീകനിയമമായിരിക്കാം. ആയതിനാല്‍ ഈ അത്മായനത് ഗ്രഹിച്ചില്ല (ദഹിച്ചുമില്ല). സ്വന്തം സമുദായത്തെ കബളിപ്പിച്ചും കുതന്ത്രങ്ങള്‍ മെനഞ്ഞും അന്യന്റെ (അങ്ങാടിയത്തിന്റെ) കക്ഷത്തില്‍ കഴുത്ത് വെച്ചപ്പോള്‍, മൂല്യങ്ങള്‍ അന്യാധീനപ്പെടുത്തിയപ്പോള്‍ സ്വന്ത ലാഭത്തെക്കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ. പോയ ബുദ്ധി ആനപിടിച്ചാലും തിരിച്ചുകിട്ടില്ല. ഇപ്പോള്‍ ഇത് അങ്ങാടിയത്തിന് അടിയറവെച്ച ക്‌നാനായ തെങ്ങിന്‍തോപ്പാണ്. ഇവിടെയുള്ള തെങ്ങില്‍ ഏത് വണ്ണാന്‍ കേറണമെന്ന് വിധിക്കാന്‍ മൂലക്കാട്ട് ബിഷപ്പിനെന്തു കാര്യം? അത് ഇനി അങ്ങാടിയത്ത് തീരുമാനിച്ചോളും. അല്ലെങ്കില്‍ അങ്ങാടിയത്ത് പറയട്ടെ മൂലക്കാടന് തന്റെ മേല്‍ അധികാരമുണ്ടെന്ന്. ചോദിച്ചത് തെറ്റാണെങ്കില്‍ ക്ഷമിക്കുക. പക്ഷെ, ''നണ്‍ ഓഫ് യുവര്‍ ബിസിനസ്'' (None of your business) എന്നു അങ്ങാടിയത്ത് പറഞ്ഞാല്‍ കുറ്റപ്പെടുത്താമോ.

മൂലക്കാട്ട് ബിഷപ്പിന്റെ താല്പര്യം പോലെ അടുത്ത ഒന്നു രണ്ടു വര്‍ഷത്തേക്ക് നമുക്ക് ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി കുര്‍ബാന കണ്ടു നോണ്‍ ക്‌നാനായ സീറോ മലബാര്‍ മിഷന് കാശ് കൊടുക്കുന്നതിനുപകരം വീട്ടിലിരുന്നു നിയമകാര്യങ്ങള്‍ പഠിക്കാം. നമ്മള്‍ മണ്ടന്മാരായതിനാല്‍ പഠിക്കാന്‍ സമയം അധികമെടുത്തെന്നിരിക്കും.

നിയമകാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ച മൂലക്കാട്ട് ബിഷപ്പ് ഒരുകാര്യം വിശദമാക്കിയില്ല - 1986ല്‍ ഷിക്കാഗോ ലത്തീന്‍ അതിരൂപതയ്ക്ക് നല്‍കിയ റെസ്‌ക്രിപ്റ്റ് 2001ല്‍ സ്ഥാപിതമായ സീറോ മലബാര്‍ രൂപതക്കെങ്ങനെ ബാധകമാകും? ഇതിന്റെ നിയമവശം പഠിക്കാന്‍ നമ്മുടെ വലിയ ബിഷപ്പിന് സമയക്കുറവാണോ അതോ താല്‍പര്യക്കുറവാണോ? ഇനി 1986ലെ റെസ്‌ക്രിപ്റ്റ് ആണ് അഭിവന്ദ്യ ബിഷപ്പ് അനുസരിക്കുന്നതെങ്കില്‍ അത് പൂര്‍ണ്ണമായും അനുസരിക്കാന്‍ ബിഷപ്പ് ബാധ്യസ്ഥനല്ലേ?

1986ലെ റെസ്‌ക്രിപ്റ്റിലെ ഒരു പ്രസക്തഭാഗം താഴെ കൊടുക്കുന്നു:

‘The Congregation also went on to point out that the Bishop of Kottayam has no authority over the faithful outside of his territory and that the community here in Chicago is under the exclusive jurisdiction of the Archbishop of Chicago.’

അതായത് കോട്ടയം രൂപതയുടെ മെത്രാന് അങ്ങേരുടെ രൂപതയ്ക്ക് പുറത്തു യാതൊരധികാരവുമില്ല എന്ന്. അപ്പോള്‍ മൂലക്കാട്ട് പിതാവിന്റെ ലോസ് ആഞ്ചല്‍സ്, ഷിക്കാഗോ പ്രസ്താവനകള്‍ 1986ലെ റെസ്‌ക്രിപ്റ്റിന് എതിരും, അതിനാല്‍ നിയമവിരുദ്ധവുമല്ലേ? റെസ്‌ക്രിപ്റ്റിന്റെ ചില ഭാഗങ്ങള്‍ ലംഘിക്കാം (മെത്രാന് മാത്രം). മറ്റ് ചില ഭാഗങ്ങള്‍ ലംഘിച്ചാല്‍ അത് സഭാവിരുദ്ധവും. ഇത് ഏത് സഭാനിയമമാണ്? അതോ ഇത് അവസരവാദ നിയമമാണോ (Opportunism Law).

1986ലെ റെസ്‌ക്രിപ്റ്റിന്റെ ആധാരം എന്താണ് എന്നുകൂടി ഒന്നു പരിശോധിക്കാം. റെസ്‌ക്രിപ്റ്റിന്റെ മറ്റൊരു പ്രസക്തഭാഗം

‘In light of the differences of opinion in the community over the norms to be followed for membership in the Ministry of Knanaya Catholics, Cardinal Bernardin presented the issue to Rome.’

''അതായത് സമുദായത്തില്‍ അംഗത്വത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍.''

ഈ നിഗമനം തന്നെ തെറ്റല്ലേ? അംഗത്വത്തെപ്പറ്റി സമുദായത്തില്‍ ആര്‍ക്കാണ് അഭിപ്രായവ്യത്യാസമുള്ളത്? 1999-ല്‍ മൂലക്കാട്ട് പിതാവ് പറഞ്ഞതെന്താണ്? ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് 1986-ലെ റെസ്‌ക്രിപ്റ്റിന്റെ ബേസിസ് (basis) തന്നെ തെറ്റാണ് എന്നാണ്. ഈ തെറ്റ് ചൂണ്ടിക്കാട്ടുന്നതിന് പകരം സഭാനേതൃത്വം സമുദായത്തെ കയ്യൊഴിഞ്ഞു, ഒറ്റുകൊടുത്തു. ഇതും അവസരവാദം (Opportunism) അല്ലേ?
ഇനി ''അങ്ങാടിയത്ത് പറത്തറക്കയച്ച ലേഖനം അവസാന വാക്യം'' താഴെക്കൊടുക്കുന്നു:

“Knanaya Missions are for all Knanaya Catholics. But no Knanaya mission in this diocese is strictly endogamous. Knanaya Catholics who get married to non Knanaya spouses will continue in their Knanaya mission along with their spouses and children”

ക്‌നാനായക്കാരനും ക്‌നാനായ മിഷനും പുതിയ നിര്‍വചനം നല്‍കാന്‍ അങ്ങാടിയത്തിന് ആര് അധികാരം നല്‍കി? അങ്ങാടിയത്തിന് വേണമെങ്കില്‍ അങ്ങേരുടെ രൂപതയിലെ കത്തോലിക്കനെയോ കത്തോലിക്കാ മിഷനെയോ നിര്‍വചിക്കാം. ക്‌നാനായ കത്തോലിക്കനെയോ ക്‌നാനായ കത്തോലിക്കാമിഷനെയോ നിര്‍വചിക്കാനുള്ള അധികാരമില്ല. തെളിച്ചുപറഞ്ഞാല്‍ It is none of his business.

ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് ഇപ്പോള്‍ നടക്കുന്ന ഈ ചവിട്ട്‌നാടകങ്ങളുടെയെല്ലാം ആകെത്തുക മെത്രാന്മാരെല്ലാവരുംകൂടി നിയമങ്ങള്‍ വളച്ചൊടിച്ചു അവസരവാദനിയമത്തിലൂടെ സമുദായത്തെ കുപ്പിയിലിറക്കിക്കൊണ്ടിരിക്കുന്നു. എല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ് - ഇത് ഒരു മെത്രാന്റെ തന്ത്രമല്ല, പല മെത്രാന്മാര്‍ കൂടിച്ചേര്‍ന്നുള്ള കുതന്ത്രമാണ്.

ആവശ്യത്തിനും അനാവശ്യത്തിനും സഭാധികാരികളെ അമിതമായി വിശ്വസിച്ചാല്‍, സംഭവിക്കരുതാത്തത് സംഭവാമി യുഗേ യുഗേ.

സണ്ണി പൂഴിക്കാല
ഇമെയില്‍: spoozhi1@gmail.com

(2012 മെയ്‌ ലക്കം സ്നേഹസന്ദേശത്തില്‍ പ്രസധീകരിച്ചത്)

No comments:

Post a Comment