Sunday, May 6, 2012

മാറ്റത്തിന്റെ കാഹളം (അമേരിക്കന്‍ കാണാപ്പുറങ്ങള്‍)

മാറ്റങ്ങളുടെ കുത്തൊഴുക്കിനെ തടഞ്ഞുനിര്‍ത്തുക എളുപ്പമല്ല. മാറ്റങ്ങളെ ഭയന്ന് മാറിനില്‍ക്കുന്നത് പ്രശ്‌നപരിഹാരവുമല്ല. സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കത്തക്കവിധത്തില്‍ മാറ്റത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതിലൂടെയാണ് നേതൃത്വത്തിന്റെയും നേതാക്കളുടെയും സാമര്‍ത്ഥ്യം പ്രകടമാക്കേണ്ടത്. സഭാനേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്കുണ്ടായ അമര്‍ഷവും അസംതൃപ്തിയും അണപൊട്ടി ഒഴുകിയ വികാരാവേശമാണ് ഏപ്രില്‍ ഒന്നിന് ചൈതന്യയില്‍ പ്രതിധ്വനിച്ചതും ലോകമെമ്പാടുമുള്ള ക്‌നാനായക്കാരും, അല്ലാത്തവരും യൂട്യൂബിലൂടെ കാണുവാനിടയായതും. അവഹേളനത്തിനു പാത്രമായവര്‍ തന്നെയല്ലേ അതിനു കാരണക്കാര്‍? അല്ലാതെ ഏതാനും ചില ഇ-മെയില്‍ കൃമികളല്ല എന്നത് സഭാധികാരികള്‍ എന്നാണാവോ മനസ്സിലാക്കുക.


കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ നയിക്കുവാന്‍ മിനക്കെടാതിരുന്ന സഭാധികൃതര്‍ ഇന്നിപ്പോള്‍ ജനങ്ങളെ നയിക്കുവാനെന്ന വ്യാജേന വിദേശങ്ങളില്‍ എത്തി തങ്ങളുടെയും സഭയുടെയും ഭൗതികസമ്പത്തില്‍ തല്പരരായിരിക്കുന്നതായാണ് കാണുന്നത്. ജനങ്ങളുടെ ആവശ്യം ഒരു മലയാളം കുര്‍ബാനകൊണ്ട് തീരുമോ? ജനങ്ങള്‍ ആവശ്യപ്പെട്ടിട്ട് വന്നതാണെന്ന് ഘോഷിക്കുന്നവര്‍ 75ഉം 80ഉം ശതമാനത്തിലധികം ജനങ്ങളും തങ്ങള്‍ക്ക് പള്ളികളല്ല വേണ്ടത്, കമ്യൂണിറ്റി സെന്ററുകളാണ് പ്രയോജനമുള്ളത് എന്നു വ്യക്തമാക്കിയിട്ടും കേള്‍ക്കാതെ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ചതിന് എന്തു ന്യായീകരണമാണുള്ളത്? അഹന്ത എന്നല്ലാതെ മറ്റൊരു വിശേഷണവും അതിന് യോജിക്കില്ല.

ചൈതന്യയില്‍ സാധാരണക്കാര്‍ വല്ല വിഢിത്തവും വിളിച്ചു പറഞ്ഞതാണെങ്കില്‍ മനസ്സിലാക്കാം. പക്ഷെ നമ്മുടെ സമുദായത്തിന്റെ ക്രീമിലെയറില്‍പ്പെട്ട, വിദ്യാഭ്യാസപരമായി ഉയര്‍ന്നനിലയിലെത്തി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നുകൊടുത്ത, അരമനയും, പിതാക്കന്മാരും, വൈദികരുമായി അടുത്തിടപഴകി പ്രവര്‍ത്തിക്കുന്ന സമുദായ നേതാക്കളാണ് ജനങ്ങളെ സംഘടിപ്പിച്ചതും സംസാരിച്ചതും എന്നത് എടുത്തുപറയേണ്ടതുണ്ട്.

സമുദായ നേതാക്കളുടെയും, ജനങ്ങളുടെയും വികാരഭരിതമായ അഭിപ്രായങ്ങളെ അറിവില്ലായ്മയെന്നു വിശേഷിപ്പിച്ചതും അതിനുള്ള ജനങ്ങളുടെ പ്രതികരണവും നിഷ്പക്ഷമായ ചാനലിലൂടെ കാണുകയുണ്ടായി. സംഘടിക്കുവാന്‍ വൈദികരുടെ ആഹ്വാനമില്ലാതിരുന്നിട്ടും ചൈതന്യയില്‍ നിറഞ്ഞുകവിഞ്ഞ പ്രബുദ്ധരായ സാധാരണക്കാരായ ജനങ്ങളുടെ എണ്ണവും, അവരുടേതായ ശൈലിയിലെ പ്രതിഷേധവും അധികാരികളുടെ കണ്ണുതുറപ്പിക്കുവാനുതകുമോ? ക്‌നാനായ ചരിത്രത്തില്‍ പ്രത്യേക പഠനം നടത്തിയ ക്‌നാനായക്കാരനല്ലാത്ത വൈദികന്റെ വാക്കുകളാണ് ജനങ്ങള്‍ക്ക് തങ്ങളുടെ വൈദികരേക്കാളും കൂടുതല്‍ സാന്ത്വനവും ആവേശവും പകര്‍ന്നത് എന്നുള്ളതു വ്യക്തം.

ഒരു ജനതയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കുന്ന സുപ്രധാനമായ കാര്യങ്ങളെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അര്‍ഹിക്കുന്ന ഗൗരവം കൊടുക്കാതെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഷേധമാണ് ചൈതന്യയില്‍ സംഭവിച്ചത്. പൗരസ്ത്യരാജ്യക്കാരുടെ സംസ്‌ക്കാരങ്ങളെ സംരക്ഷിക്കുവാന്‍വേണ്ടി പാശ്ചാത്യതയില്‍നിന്നും വിഭിന്നമാക്കി സ്ഥാപിച്ചതാണല്ലോ സീറോ മലബാര്‍ - അവര്‍ ഇന്നു ക്‌നാനായ സംസ്‌കാരങ്ങളെ സംരക്ഷിക്കുന്നതിന് എതിരു നില്‍ക്കുന്നു.

ക്‌നാനായക്കാരോട് സീറോമലബാര്‍ കാണിച്ചിരുന്ന അവഗണനയും വിവേചനവും മാര്‍പാപ്പായ്ക്ക് മനസ്സിലായതുകൊണ്ട് ക്‌നാനായക്കാരെ സംരക്ഷിക്കുവാന്‍വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയതാണ് കോട്ടയംരൂപത. ആ വിവേചനത്തിന്റെ രൂക്ഷതയും ആഴവും എത്രമാത്രമുണ്ടെന്നത് പോപ്പിന് അറിവുണ്ടായിരുന്നതുകൊണ്ടും, സീറോ മലബാര്‍ വീണ്ടും വളഞ്ഞ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ സാധ്യതയുണ്ടെന്നത് മുന്‍കൂട്ടി കാണുവാന്‍ കഴിവുണ്ടായിരുന്നതുകൊണ്ടുമാണ് 'ഇനി ഭാവിയില്‍ ആരെങ്കിലും ഇതിനു മാറ്റംവരുത്തിയാല്‍ പോലും അത് അസാധുവാക്കിക്കൊണ്ടുള്ള' ഉത്തരവ് പുറപ്പെടുവിച്ചത്.

മാര്‍പാപ്പായ്ക്ക് തെറ്റിയില്ല. സീറോ മലബാറിന്റെ ചരടുവലിയിലൂടെ പുതിയ റെസ്‌ക്രിപ്റ്റ്, അമേരിക്കയിലെ നിയമങ്ങള്‍ എന്നൊക്കെ പറഞ്ഞും, പഴയകല്പനകള്‍ ഇപ്പോഴത്തെ അധികാരികള്‍ കേള്‍ക്കേണ്ട ആവശ്യമില്ലെന്നുമൊക്കെയുള്ള രീതിയിലേക്ക് കൊണ്ടുവന്നതും നമ്മുടെ സഭാധികൃതര്‍ക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷെ അവരും മനുഷ്യരല്ലേ സീറോ മലബാറിന്റെ മോഹനവാഗ്ദാനങ്ങളിലകപ്പെട്ട് ക്‌നാനായത്വത്തിന്റെ തായ്‌വേര് മുറിക്കുന്നതിന് കൂട്ടുനിന്നെങ്കില്‍ അത് അവരുടെ മാനുഷിക ദൗര്‍ബല്യം. ചൂടുവെള്ളത്തില്‍ വീണാലും പൂച്ച പഠിക്കില്ലെങ്കില്‍ എന്തുചെയ്യാന്‍!

സീറോമലബാറിന് ക്‌നാനായക്കാരോട് ഉണ്ടെന്നു പറയപ്പെടുന്ന അകമഴിഞ്ഞ വാത്സല്യം വാസ്തവമാണെങ്കില്‍ സിനഡില്‍ ബഹുഭൂരിപക്ഷമുള്ള, ഏകാധിപത്യം പുലര്‍ത്തുന്ന അവര്‍ക്കുതന്നെ കോട്ടയം രൂപതയ്ക്ക് സൂയി ജൂറിസ് സ്റ്റാറ്റസ് ലഭിക്കാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചുകൂടെ? വിവിധതരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാലും അവസാനം എല്ലാം ഒരേ എനര്‍ജിയായി തീരുന്നപോലെ വ്യത്യസ്ത റൈറ്റിലുള്ള പള്ളികളില്‍പോയി പ്രാര്‍ത്ഥിച്ചാലും ഒരേ ദൈവത്തിന്റെയടുക്കലാണ് പ്രാര്‍ത്ഥനകള്‍ എത്തിച്ചേരുന്നത് എന്നത് ജനങ്ങള്‍ക്ക് അറിയില്ലാഞ്ഞിട്ടല്ല. ഇത്തരം വിവേചനങ്ങളാല്‍ സഹികെടുമ്പോള്‍ ജനങ്ങള്‍ അവര്‍ക്കിഷ്ടമുള്ള പള്ളികളില്‍ പോയിത്തുടങ്ങും. തെറ്റുകള്‍ മനസ്സിലാക്കി, തിരുത്തി ശരിയായ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്നതിനുപകരം ഇഷ്ടമല്ലെങ്കില്‍ വിട്ടുപൊയ്‌ക്കൊള്ളുക എന്ന സഭാധികാരികളുടെ ചിന്താഗതി അധഃപതനത്തിലേക്കുള്ള യാത്രയാണ്.

ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ തിരക്കിട്ട് വളഞ്ഞമാര്‍ഗ്ഗങ്ങളിലൂടെ വാങ്ങിയ പള്ളികള്‍ ക്‌നാനായക്കാരുടെ മാത്രം പള്ളികളല്ല. പലയിടത്തും അനാവശ്യമായ സാമ്പത്തികനഷ്ടം ഉളവാക്കി. പള്ളി വാങ്ങിയതുമൂലമുണ്ടായ അധികമായ സാമ്പത്തികബുദ്ധിമുട്ട് കുറയ്ക്കുവാന്‍ പളളികളുടെ പേരിലുള്ള കൂടിയതുകയുടെ റാഫിളുകള്‍ ജനജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പള്ളികളില്‍ ബ്രേക്ക്ഫാസ്റ്റും, ലഞ്ചും ഉണ്ടാക്കി കൂടുതല്‍ വിലയ്ക്ക് വിറ്റു ഫണ്ടു സമാഹരിക്കുന്നു. തൊടുന്നതിനും പിടിക്കുന്നതിനുമുള്ള സ്‌പോണ്‍സര്‍ഷിപ്പുകള്‍ വേറെ. എല്ലാം ഒരു പേഴ്‌സില്‍നിന്നു തന്നെയാണ് പോകുന്നത്. വിദേശ ക്‌നാനായക്കാരന് കറവപശുവിന്റെ സ്ഥാനത്തുനിന്നും മോചനം ലഭിക്കുമോ?

എടുത്തുചാടി പള്ളികള്‍ വാങ്ങിച്ചു. പള്ളികള്‍ വാങ്ങി ഇടവകയാക്കിയതുകൊണ്ട് മാറി വിവാഹിതരായവര്‍ക്കും അംഗത്വം നല്‍കേണ്ടി വരുന്നു. ഏതു രീതിയില്‍ വളച്ചൊടിച്ചാലും മാറികെട്ടിയവരുടെ മുഴുവന്‍ കുടുംബവും അതിലെ അംഗങ്ങളാണെന്നത് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഇനിയെങ്കിലും ക്‌നാനായ പള്ളികള്‍ എന്നു പറഞ്ഞ് ജനങ്ങളെ വിഢികളാക്കുന്നത് നിര്‍ത്തിക്കൂടെ?

തങ്ങളേക്കാള്‍ അറിവുള്ളവരില്ല എന്ന ധാര്‍ഷ്ഠ്യത്തോടെ പ്രവര്‍ത്തിക്കുന്ന സഭാധികാരികളുടെ തെറ്റായ തീരുമാനങ്ങളെപറ്റിയോ, പ്രവൃത്തികളെപറ്റിയോ ചോദിച്ചാല്‍ മൗനമല്ലാതെ മറുപടി ലഭിക്കാറില്ല. മറുപടി ഇല്ലാഞ്ഞിട്ടല്ല. ഒറ്റവാക്കിലുള്ള ഒരു മറുപടി ഉണ്ട്. 'തെറ്റുപറ്റിപോയി' അല്ലെങ്കില്‍ സോറി എന്ന വാക്ക്. സാധാരണക്കാരന് ആ വാക്ക് പറയുവാന്‍ ബുദ്ധിമുട്ടില്ലെങ്കിലും സഭാധികൃതര്‍ക്ക് അതു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കാരണം ഈഗോ എന്നത് അവവരില്‍ സ്വല്പം കൂടുതലുണ്ടെന്നതു തന്നെ.

ചൈതന്യയിലുണ്ടായ ജനങ്ങളുടെ പ്രതികരണം തോല്‍വിയുടെയോ വിജയത്തിന്റെയോ നാണക്കേടിന്റെയോ ലേബലിലാക്കാതെ അതില്‍നിന്നു ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കണം. മക്കളെ ശാസിച്ചും, ശിക്ഷിച്ചും പട്ടാളചിട്ടയിലും വളര്‍ത്തിയ മാതാപിതാക്കളുണ്ട്. അതേസമയം മക്കള്‍ പറയുന്നതിന് ചെവികൊടുത്ത്, വരുംവരായ്കകള്‍ പറഞ്ഞു മനസ്സിലാക്കി വളര്‍ത്തിക്കൊണ്ടു വരുന്ന മാതാപിതാക്കളും ഉണ്ട്. ഇവരില്‍ ഏതു മക്കള്‍ക്കാണ് മാതാപിതാക്കളോട് സ്‌നേഹവും ആദരവും ഉണ്ടാവുക? പട്ടാളചിട്ടയുടെ സീമകള്‍ അതിലംഘിച്ചാല്‍ നിവൃത്തിയില്ലാതെ വരുന്ന മക്കള്‍ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതരായി തീരുമെന്നതിന്റെ ഉദാഹരണമാണ് ഏപ്രില്‍ ഒന്നിന് സംഭവിച്ചത്. അറിവുള്ള മാതാപിതാക്കള്‍ ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെടാതെ നോക്കും.

നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ തായ്‌വേര് കണ്ടുപിടിച്ച് ഉന്മൂലനം ചെയ്താലേ ശാശ്വതപരിഹാരമാകൂ. കോട്ടയംരൂപതയ്ക്ക് സ്വതന്ത്ര സഭാധികാരം ലഭിക്കുവാന്‍വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ കത്തോലിക്കാകോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനം ചെയ്യുകയുണ്ടായി. രൂപതയുടെ അധികാരപരിധി ലോകത്തെമ്പാടും വ്യാപിച്ചാല്‍ ക്‌നാനായക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നു കരുതുന്നവര്‍ ഒന്നുകൂടി ഇരുത്തി ചിന്തിച്ചു നോക്കേണ്ടതുണ്ട്. കാലം ബഹുദൂരം മുന്‍പോട്ടു പോയിരിക്കുന്നു. നമ്മുടെ ചിന്താഗതിയും ഉയരേണ്ടിയിരിക്കുന്നു. സഭയ്ക്ക് മുതല്‍കൂട്ട് ഉണ്ടാക്കണം എന്നുള്ള ചിന്താഗതിയെക്കാള്‍ മുന്‍ഗണന ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും, ഉന്നമനത്തിനും അതിലൂടെ സമുദായവളര്‍ച്ചയ്ക്കുമായിരിക്കണം. ആ ലക്ഷ്യത്തിലേക്ക് വൈദികരുടെയും, സഭാധികാരികളുടെയും, നേതാക്കളുടെയും ചിന്താഗതികളും പ്രവര്‍ത്തനരീതികളും മാറ്റാത്തിടത്തോളം സൂയി ജൂറിസ് സ്റ്റാറ്റസ് ലഭിച്ചാലും നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നു ചിന്തിക്കുക.

സ്റ്റീഫന്‍ തോട്ടനാനി
stepthotta@yahoo.com


(2012 മെയ്‌ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ച ലേഖനം)

No comments:

Post a Comment