Sunday, May 6, 2012

നഴ്‌സുമാരുടെ കണ്മണിക്ക് ഐ.എ.എസ്


കൂത്താട്ടുകുളം: ജീവിക്കാനുള്ള വേതനത്തിനായി സമരത്തിന്റെ തീച്ചൂളയില്‍ കഴിയുന്ന കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആനീസിന് ഐ.എ.എസ് ലഭിച്ച വാര്‍ത്ത ഒരു ആശ്വാസമാണ്!

നഴ്‌സിംഗ് ബിരുദധാരിയായ ഒരു പെണ്‍കുട്ടി ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ പടികള്‍ കയറുമ്പോള്‍ അത് അവരില്‍ ഒരാളുടെ വിജയമായി നഴ്‌സുമാര്‍ കാണുന്നു. പേരുപോലെ തന്നെ ആനീസ് കണ്‍മണി ജോയി കേരളത്തിലെ നഴ്‌സിംഗ് മേഖലയ്ക്ക് കണ്‍മണി തന്നെയാണ്.

എറണാകുളം പാമ്പാക്കുട പെരിയപ്പുറം പാറപ്പാലില്‍ ജോയിയുടെയും ലീലയുടെയും മകളായ ആനീസ് കണ്‍മണി ജോയിക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 65-ാം റാങ്കാണ് കിട്ടിയത്. ആനീസ് കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 580 -ാം റാങ്ക് നേടിയിരുന്നു. ഫരീദാബാദിലെ ഡല്‍ഹി സിവില്‍ സര്‍വീസ് അക്കാഡമിയിലാണ് ആനീസ് പരിശീലനം നടത്തിയത്. വിജയം അനുഗ്രഹിച്ച വിവരം ഇപ്പോള്‍ ഫരീദാബാദിലുള്ള ആനീസ് തന്നെയാണ് വീട്ടില്‍ വിളിച്ചറിയിച്ചത്.

ഇത്തവണ ഇരുന്നൂറാം റാങ്ക് വരെയെങ്കിലും കിട്ടുമെന്നായിരുന്നു അവളും ഞങ്ങളുമൊക്കെ പ്രതീക്ഷിച്ചത്. ഇത്രയും ഉയര്‍ന്ന റാങ്ക് ലഭിച്ചതിനുപിന്നില്‍ അവളുടെ കഠിനാദ്ധ്വാനവും പ്രാര്‍ത്ഥനയുമാണ്. ഞങ്ങളൊക്കെ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.’’ ആനീസിന്റെ പിതാവ് ജോയി പറയുന്നു.

പിറവം ഫാത്തിമ മാതാ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ആനീസ് കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്‌ളസ് ടു പാസായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ബി.എസ്‌സി നഴ്‌സിംഗ് ബിരുദം നേടിയത്.

പിതാവ് ജോയിയുടെ ആഗ്രഹപ്രകാരമാണ് ആനീസ് ആദ്യം സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ആദ്യ ചാന്‍സില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. ഇക്കുറി ആ കേട് തീര്‍ത്തു. കേരളത്തില്‍ ജോലി ചെയ്യാനാണ് ആനീസിന് ആഗ്രഹം.
കേരളം കഴിഞ്ഞാല്‍ അടുത്ത ചോയ്‌സ് കര്‍ണ്ണാടകയാണ്. ആഗസ്റ്റ് മാസത്തോടെ മസൂറിയിലെ ഐ.എ.എസ് അക്കാഡമിയില്‍ പരിശീലനം തുടങ്ങും. ആനീസിന്റെ ഏക സഹോദരി അശ്വതി ജോയി ബെല്‍ഗാമില്‍ എം. എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. പത്തു ദിവസത്തിനുള്ളില്‍ നാട്ടില്‍വരുന്ന ആനീസിനെ അനുമോദിക്കാനും സ്വീകരിക്കാനും നാടും നാട്ടുകാരും ഒരുങ്ങുകയാണ്, ഒപ്പം കേരളത്തിലെ നഴ്‌സിംഗ് സമൂഹവും!

(കടപ്പാട്: കേരള കൌമുദി. റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്: സുനീഷ് മണ്ണത്തൂര്‍)

No comments:

Post a Comment