Saturday, September 22, 2012

ക്‌നാനായ മലങ്കര – വീണ്ടും ചില കാര്യങ്ങള്‍


ക്‌നാനായ മലങ്കരകത്തോലിക്കര്‍ക്കായി ഒരു വംശീയ മെത്രാനും രൂപതയും നല്‍കുവാന്‍ പരിശുദ്ധ സിംഹാസനം തയ്യാറായി നില്ക്കുന്നതായും അതിനുള്ള അനുമതി ബന്ധപ്പെട്ടവര്‍ക്കു കൊടുത്തിരിക്കുന്നതായും വാര്‍ത്ത പുറത്തുവന്നിട്ട് മാസങ്ങളാകുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഏതാനും ചിലരുടെ സംശയാസ്പദമായ നിലപാടില്‍ പുതിയ ക്‌നാനായ മലങ്കര ഭദ്രാസനത്തിന്റെ പ്രഖ്യാപനം വൈകുന്നതായിട്ടാണ് അറിയുന്നത്.

ക്‌നാനായ സമുദായത്തില്‍ നിന്നും പുനരൈക്യപ്പെട്ട എല്ലാവരുടേയും വലിയ ആഗ്രഹമായിരുന്നു ക്‌നാനായ മലങ്കര രൂപത എന്നത്. ഇതു സാധിക്കാത്തതില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷനായിരുന്ന ആര്‍ച്ചു ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയെ ചിലര്‍ കുറ്റപ്പെടുത്തി സംസാരിച്ചതിനാല്‍ അവര്‍ക്കുള്ള മറുപടി എന്നപോലെ, 2000ല്‍ നടന്ന കോട്ടയം രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ മാര്‍ കുന്നശ്ശേരി ഇങ്ങനെ പറഞ്ഞിരുന്നു. “ഞാന്‍ ഇന്നുവരെ മലങ്കര രൂപത കൊടുക്കരുതെന്ന് ആരോടും പറഞ്ഞിട്ടില്ല കഴിഞ്ഞ എന്റെ രണ്ടു ആദ്‌ല്മിനാ റിപ്പോര്‍ട്ടുകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട് മലങ്കര റീത്തുകാര്‍ക്ക് പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണമെന്ന്.”

മലബാറില്‍ ഒരു ക്‌നാനായ രൂപത ആവശ്യപ്പെടുന്നതിന് 4 വര്‍ഷം മുന്‍പ്, അഭി: തറയില്‍ പിതാവിന്റെ കാലത്ത് 1966 ഒക്‌ടോബറില്‍ മലങ്കര ക്‌നാനായ കത്തോലിക്കാ പ്രതിപുരുഷയോഗം കോട്ടയം അരമനയില്‍ ചേര്‍ന്ന് തങ്ങള്‍ക്ക് പ്രത്യേകം മെത്രാസനം ലഭിക്കുന്നതിനായി റോമിലേക്ക് അപേക്ഷ അയച്ചിരുന്നു. ഇപ്പോഴാണ് അതിന്റെ ഫലം ഉണ്ടാകുന്നത്. പുനരൈക്യം നടന്നകാലം മുതല്‍ ക്‌നാനായ മലങ്കര റീത്തുകാര്‍ ആഗ്രഹിച്ചുപോന്ന കാര്യമാണ് സാധിച്ചുകിട്ടിയിരിക്കുന്നത്. ഇപ്പോഴത് വേണ്ട എന്ന് ആരെങ്കിലും പറയുന്നെങ്കില്‍ അവര്‍ സ്വന്തം സമൂഹത്തോടു ചെയ്യുന്ന വഞ്ചനയാണത്; ഇത്തരം പ്രചരണത്തെ സമുദായ സ്‌നേഹികള്‍ ശക്തമായി എതിര്‍ത്തേ മതിയാകൂ; ഇക്കാര്യത്തില്‍ വിശ്വാസികള്‍ നിരപരാധികളാണ്. മലങ്കരക്കാര്‍ ഭൂരിപക്ഷവും രൂപതയ്ക്ക് എതിരാണെന്ന് പ്രചരിപ്പിക്കുന്നത് പൂര്‍വ്വികരോട് ചെയ്യുന്ന ധിക്കാരമായിട്ടേ കാണുവാന്‍ കഴിയു.

കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് കല്ലീശ്ശേരിയില്‍വെച്ചുനടന്ന ക്‌നാനായ മലങ്കര കത്തോലിക്കാ സമ്മേളനത്തില്‍വെച്ച് ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് നടത്തിയ പ്രസംഗം ശ്രവിച്ച് അവിടെ സന്നിഹിതനായിരുന്ന മലങ്കര ഹയരാര്‍ക്കിയുടെ തലവന്‍ ബസേലിയൂസ് മാര്‍ ക്ലിമീസ് കാതോലിക്കാബാവ പറഞ്ഞത്, മൂലക്കാട്ടുപിതാവ് ഇങ്ങനെ പറഞ്ഞാല്‍ ഞാനിനി എന്തുപറയാനാ” എന്നാണ്. ക്‌നാനായ മലങ്കര റീത്തുകാര്‍ക്ക് ഗുണകരമായ മെത്രാസനം ഉണ്ടാകുന്ന കാര്യത്തില്‍ മൂലക്കാട്ടു പിതാവിനുംഇപ്പോള്‍ തുറന്ന മനസ്ഥിതിയാണെന്ന് മലങ്കരക്കാരുടെ വിവിധയോഗങ്ങളില്‍ അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. ക്‌നാനായ സമൂഹം മലങ്കര സഭയിലേക്കുകൂടി വളരുകയാണെന്ന് 91-ാം പുനരൈക്യ വാര്‍ഷിക സമ്മേളന വേദിയായിരുന്ന റാന്നി സെന്റ്‌തെരേസാസ് പള്ളി അങ്കണത്തില്‍വച്ച്  അഭി: മൂലകാട്ടുപിതാവു പറയുകയുണ്ടായി. ഇത് പുതിയ രൂപതാ സ്ഥാപനം മനസില്‍വെച്ചുകൊണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. മലങ്കര രൂപതാ പ്രഖ്യാപനത്തില്‍ പിതാവിന്റെ അനുവാദം രേഖപ്പെടുത്തുവാന്‍ ഇനി താമസിക്കരുത് എന്നാണ് ക്‌നാനായ ഫെലോഷിപ്പിന്റെ അഭിപ്രായം.

ഭൂരിപക്ഷം നോക്കിയല്ല കത്തോലിക്കാസഭയില്‍ തീരുമാനം എടുക്കുന്നതെന്ന് മൂലക്കാട്ടു പിതാവും വികാരി ജനറാളും പലയോഗങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാതാപിതാക്കള്‍ക്ക് നല്ലതെന്നു തോന്നുന്നതാണല്ലോ മക്കള്‍ക്ക് കൊടുക്കുന്നത്. പള്ളികൂടത്തില്‍ പോകുവാന്‍ പലകുട്ടികള്‍ക്കും താല്പര്യം കാണില്ല രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ച് അവരെ അവിടേയ്ക്ക് അയയ്ക്കുകയാണല്ലോ ചെയ്യുന്നത്; പിന്നീടാണ് അവര്‍ അതിന്റെ ഗുണം അറിയുന്നത്. മലങ്കര ക്‌നാനായ രൂപതയെ ആരെങ്കിലും എതിര്‍ക്കുന്നെങ്കില്‍ താമസിയാതെ അവര്‍ സത്യം ഗ്രഹിക്കും എന്നു മനസിലാക്കി അതനുസരിച്ച് മൂലക്കാട്ടു പിതാവ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പിതാവിന്റെ സര്‍ക്കുലര്‍ ഇടവകകളില്‍ വായിക്കുകയും അതിന്റെ വിശദാംശങ്ങള്‍  വികാരിമാര്‍ നല്കുകയും ചെയ്താല്‍ തീരാവുന്ന എതിര്‍പ്പുകളേ മലങ്കര ഇടവകകളിലുള്ളു എന്നതാണ് വസ്തുത. മലങ്കര ക്‌നാനായക്കാര്‍ മലങ്കര ഹയരാര്‍ക്കിയുടെ കീഴില്‍ വന്നാല്‍ ക്‌നാനായ വംശീയ തനിമ നിലനിര്‍ത്താനാവില്ല എന്നാണ് ചില എതിര്‍പ്പുകാര്‍ ആശങ്കപ്പെടുന്നത്. കോട്ടയം അതിരൂപതയില്‍ നിലനിന്നാല്‍ വംശീയത നിലനിര്‍ത്താനാകുമെന്ന് ഇവര്‍ക്കുറപ്പുണ്ടോ എന്ന് ചിന്തിക്കേണ്ടതാണെന്ന് ഈ അവസരത്തില്‍ ഓര്‍മിപ്പിക്കട്ടെ.

അമേരിക്കന്‍ ക്‌നാനായക്കാരുടെമേല്‍ തൂങ്ങിയാടുന്ന റോമന്‍ റിസ്‌ക്രിപ്റ്റ് ഇന്‍ഡ്യയിലേക്ക് ഏതു പഴുതിലൂടെ കടത്തിക്കൊണ്ടുവരാമെന്ന് ഭൂരിപക്ഷ സഹോദരങ്ങളില്‍ ചിലര്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമാണിതെന്നോര്‍ക്കണം. റീത്തുകാരെങ്കിലും  ഒരേ ആരാധനാക്രമമുള്ള മലങ്കര ഹയരാര്‍ക്കിയില്‍ വംശീയത സംരക്ഷിച്ച് സുരക്ഷിതരായി കഴിയട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ക്‌നാനായ മലങ്കരക്കാര്‍ മലങ്കര ഹയരാര്‍ക്കിയുടെ കീഴില്‍ വന്നാല്‍ ക്‌നാനായരുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്കാനാകില്ലന്ന ആശങ്ക അസ്ഥാനത്താണ്. സ്വയാധികാര സഭയായ സീറോമലബാര്‍ സഭപോലുള്ള ഒരു സ്വയാധികാര സഭയാണ് മലങ്കര സഭ. കത്തോലിക്കാസഭ 23 സ്വയാധികാര സഭകളുടെ കൂട്ടായ്മയാണ്. അതിലെ രണ്ടു സഭകളാണ് മലബാര്‍ സഭയും മലങ്കരസഭയും. എന്നാല്‍ പൗരസ്ത്യ കാനോന്‍ നിയമപ്രകാരം മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി പാര്‍ത്രിയര്‍ക്കീസ് പദവിക്കു തുല്യമാണ്. അതിനാല്‍ മലങ്കര ഹയരാര്‍ക്കിയുടെ തലവന് കാതോലിക്കോസ് പദവികൂടിയുണ്ട്. കോട്ടയം അതിരൂപത സീറോമലബാര്‍ ഹയരാര്‍ക്കിയുടെ കീഴില്‍ നില്ക്കുന്നതുപോലെ തന്നെയാണ് നിലവില്‍ വരുന്ന മലങ്കര ക്‌നാനായ രൂപതയും മലങ്കര ഹയരാര്‍ക്കിയോടു ചേര്‍ന്നു നില്ക്കുന്നത്. ഇവിടെ ആശങ്കയുടെ നിഴലുപോലും ഉണ്ടാകേണ്ടതില്ല ഇത് മലങ്കര ക്‌നാനായരുടെ സ്വതന്ത്രമായ വളര്‍ച്ചയുടെ ആരംഭമാണെന്ന് മനസിലാക്കണം. കോട്ടയം  അതിരൂപതക്ക്, ലത്തീന്‍ സ്വാധീനത്തിലുള്ള പൗരസ്ത്യ കാര്യാലയത്തില്‍ നിന്നും വന്ന റിസ്‌ക്രിപ്റ്റ്‌പോലുള്ള ഇണ്ടാസ് മലങ്കര ഹയരാര്‍ക്കിയില്‍ ചേര്‍ന്നു നില്ക്കുന്ന ക്‌നാനായക്കാര്‍ക്ക് ബാധകമായിരിക്കുകയില്ല. മലങ്കര ഹയരാര്‍ക്കി വഴി ക്‌നാനായക്കാരെ പിടിച്ചുകെട്ടാനൊന്നും റോമിലെ കാര്യാലയങ്ങള്‍ക്കൊന്നിനുമാവില്ല. പൗരസ്ത്യ സഭകളുടെമേല്‍ ലത്തീന്‍ ഹയരാര്‍ക്കിയുടെ അധികാരം വളരെ തുഛമാണ്; ഇതു നന്നായി അറിയാവുന്ന വ്യക്തിയാണ് മലങ്കര ഹയരാര്‍ക്കിയുടെ തലവന്‍. അതുകൊണ്ട് മലങ്കര ഹയരാര്‍ക്കിയില്‍ ചേര്‍ന്നു നില്ക്കുന്ന ക്‌നാനായക്കാര്‍ സുരക്ഷിതരായിരിക്കും എന്നു നമുക്ക് തീര്‍ച്ചപ്പെടുത്താവുന്നതാണ്. നമ്മുടെ പിതാക്കന്മാരുടെ പ്രാര്‍ത്ഥനയും ദീര്‍ഘവീഷണവും ആരും ഒരിക്കലും വിസ്മരിക്കരുത്. ക്‌നാനായ മലങ്കര റീത്തുകാര്‍ കോട്ടയം അതിരൂപതയില്‍ ചേര്‍ന്നു നില്ക്കുന്നതിലും സുരക്ഷിതരായിരിക്കും മലങ്കര ഹയരാര്‍ക്കിയില്‍ ചേര്‍ന്നു നില്ക്കുന്നതെന്ന് തിരിച്ചറിയുകയും അതനുസരിച്ച് തീരുമാനം എടുക്കുകയും ചെയ്യുന്നത് പൂര്‍വ്വീകരോടും വരും തലമുറയോടും ചെയ്യുന്ന നീതിയായിരിക്കും എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ക്‌നാനായ വിഭാഗത്തെ ഉള്‍ക്കൊള്ളുന്ന മലങ്കരസഭ മറ്റ് കാതോലിക്കേറ്റിനെക്കാള്‍ വ്യതിരിക്തമായിരിക്കുമെന്നതിനാല്‍ കാതോലിക്കാ ബാവായ്ക്കും അത് സന്തോഷകരമായിരിക്കും എന്നു നമ്മള്‍ മനസ്സിലാക്കണം; അതിന്റേതായ സംരക്ഷണവും സ്ഥാനവും നിങ്ങള്‍ക്കുണ്ടായിരിക്കുകയും ചെയ്യും.
ക്‌നാനായ മലങ്കരക്കാര്‍ക്ക് സഭാചരിത്രത്തില്‍ വലിയൊരു സ്ഥാനമുണ്ട്. ക്‌നാനായി തൊമ്മനും കൂട്ടരും സുറിയാനി ആരാധനാക്രമവും സുറിയാനി ഭാഷയും ഭാരതത്തില്‍ കൊണ്ടുവന്നതു പോലെ മലങ്കര ആരാധനാക്രമം പരിശുദ്ധ സിംഹാസനത്തെകൊണ്ട് അംഗീകരിപ്പിച്ച് പുരൈക്യത്തിന് ചാലുകീറിയവരുടെ സന്തതികളാണു നിങ്ങള്‍. സീറോമലബാര്‍ സഭയുടെ ഭാഗമായി നിന്നാല്‍ നിങ്ങളുടെ ആരാധനാക്രമവും ചരിത്രവും  നഷ്ടപ്പെടുകയായിരിക്കും ചെയ്യുക. 1921 ല്‍ ക്‌നാനായ വിഭാഗം പുനരൈക്ക്യപ്പെടുന്നതിന്‌ വെച്ച ഏക വ്യവസ്ഥ അന്തിയോഖ്യന്‍ ആരാധനാക്രമം പിന്‍തുടരണമെന്ന് മാത്രമായിരുന്നു. പിതാക്കന്മാര്‍ വിലയേറിയതെന്ന് കണക്കാക്കിയതെല്ലാം നിങ്ങളായിട്ട് നഷ്ട്ടപ്പെടുത്തിയാല്‍ നിങ്ങള്‍തന്നെയാണ് ഇല്ലാതാകുന്നത്. ചരിത്രാവബോധമുള്ള ഒരു തലമുറയ്ക്കുമാത്രമേ വിശ്വാസത്തിലും തനിമയിലും വളരാനാകു എന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം.

നിഷ്‌ക്കളങ്കരായ ചിലര്‍ അവരെ ബാധിക്കാത്ത നിസ്സാരകാര്യങ്ങളിലാണ് ആശങ്കപ്പെടുന്നത്, വൈദികര്‍ കുറവാണ്, രണ്ടാമതു ലഭിക്കുന്ന മെത്രാന്‍ ക്‌നാനായക്കാരനായിരിക്കുമോ എന്നൊക്കെ ചിന്തിച്ച് അവര്‍ ബുദ്ധിമുട്ടുന്നു. പുതുതായി വരുന്ന മെത്രാന്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങളാരും ഏറ്റെടുക്കണ്ടതില്ല എന്നാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്. മാത്രമല്ല വസ്തുതകള്‍ മനസ്സിലാക്കാതെ, രൂപത ഉണ്ടാകുന്നതില്‍ എതിര്‍പ്പുകാണിക്കുന്നവര്‍ നടത്തുന്ന പ്രചരണത്തിനു പ്രേരകമായ സമുദായ സ്‌നേഹം തുടര്‍ന്നും കാണിച്ചാല്‍ ക്‌നാനായ മലങ്കര രൂപതയ്ക്ക് സമുദായ മെത്രാനെ തന്നെ  തുടര്‍ന്നും ലഭിക്കും എന്നകാര്യം തീര്‍ച്ചയാണ്. വികാരങ്ങള്‍ മാറ്റിവെച്ച് കാര്യങ്ങള്‍ ഗ്രഹിക്കുകയും സത്യത്തില്‍ നിലനില്ക്കുകയും ചെയ്യണമെന്ന് ക്‌നാനായ ഫെലോഷിപ്പ് എന്ന സഹോദര സംഘടന നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.

ക്‌നാനായ ഫെലോഷിപ്പ് സ്റ്റേറ്റ് കമ്മറ്റി,

No comments:

Post a Comment