Monday, September 17, 2012

ക്‌നാനായ മലങ്കരക്കാര്‍ കാര്യങ്ങള്‍ ഗ്രഹിക്കണം; സത്യത്തില്‍ നിലനില്ക്കണം.


Escape Syro-Malabar

ക്‌നാനായ മലങ്കരക്കാര്‍ മലങ്കര ഹയരാര്‍ക്കിയുടെ കീഴില്‍ വന്നാല്‍ ക്‌നാനായരുടെ പാരമ്പര്യങ്ങള്‍ സംരക്ഷിക്കാനാകില്ലന്ന ആശങ്ക അസ്ഥാനത്താണ്. സ്വയാധികാരസഭയായ സീറോമലബാര്‍ സഭപോലുള്ള ഒരു സ്വയാധികാരസഭയല്ല മലങ്കരസഭ. കാതോലിക്കാബാവ അദ്ധ്യക്ഷനായിട്ടുള്ള സ്വയം ശീര്‍ഷകത്വമുള്ള ഒരു കാതോലിക്കേറ്റാണ് മലങ്കര ഹയരാര്‍ക്കി. സീറോമലബാര്‍ സഭ മാര്‍പാപ്പായുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ കഴിയുന്ന ഒരു സ്വയാധികാര സഭയാണ്. മലങ്കരസഭ റോമാ മാര്‍പാപ്പയോട് വിധേയത്വമുള്ള മറ്റൊരു കാതോലിക്കേറ്റാണ്. മലബാര്‍ ഹയരാര്‍ക്കിയെക്കാള്‍ വിപുലമായ അധികാരം മലങ്കരസഭയ്ക്കുണ്ട്. പൗരസ്ത്യ കാനോന്‍നിയമപ്രകാരം മേജര്‍ആര്‍ച്ച്ബിഷപ്പ് പദവി പാര്‍ത്രിയര്‍ക്കീസ് പദവിക്ക് തുല്യമാണ്. മലങ്കര ഹയരാര്‍ക്കിയുടെ അദ്ധ്യക്ഷന്‍, സാര്‍വ്വത്രിക സഭയ്ക്കുള്ളിലെ ഒരു സ്വയാധികാരസഭയിലെ മേജര്‍ആര്‍ച്ചുബിഷപ്പും പൗരസ്ത്യ കാനോന്‍ നിയമപ്രകാരം കാതോലിക്കാ ബാവായുമാണ്. കാനോന്‍ നിയമത്തിലെ അധികാരങ്ങളും കാതോലിക്കായുടെ അവകാശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മലങ്കരഹയരാര്‍ക്കി എന്നും ശ്രദ്ധയുള്ളവളാണ്.   ഇപ്പോള്‍ മാര്‍പാപ്പയുമായി അനുരജ്ഞനപെട്ടുനില്ക്കുന്ന ആറ് കാതോലികേറ്റുകളുണ്ട് സഭയില്‍. കാലംചെയ്ത ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സംസ്‌ക്കാരചടങ്ങില്‍ മലങ്കര ഹയരാര്‍ക്കിയുടെ അന്നത്തെ തലവന്‍ സിറിള്‍ മാര്‍ ബസേലിയോസിന്റെ സ്ഥാനം, സഭയിലെ രാജകുമാരന്മാരായ കര്‍ദ്ദിനാളന്മാരുടേതിലും ഉയര്‍ന്ന വേദിയിലായിരുന്നു. കോട്ടയം രൂപതയ്ക്ക് റോമിന്റെ പൗരസ്ത്യ കാര്യാലയത്തില്‍ നിന്നും വന്ന റിസ്‌ക്രിപ്റ്റ്‌പോലുള്ള ഇണ്ടാസ് മലങ്കര ഹയരാര്‍ക്കിയില്‍ ചേര്‍ന്നു നില്ക്കുന്ന ക്‌നാനായക്കാര്‍ക്ക് ബാധകമായിരിക്കുകയില്ല. മലങ്കര ഹയരാര്‍ക്കി വഴി ക്‌നാനായക്കാരെ പിടിച്ചുകെട്ടാനൊന്നും റോമിലെ കാര്യാലയങ്ങള്‍ക്കൊന്നിനുമാവില്ല. പൗരസ്ത്യസഭകളുടെമേല്‍ ലത്തീന്‍ ഹയരാര്‍ക്കിയുടെ അധികാരം വളരെ തുഛമാണ്; ഇതു നന്നായി അറിയാവുന്ന വ്യക്തിയാണ് മലങ്കര ഹയരാര്‍ക്കിയുടെ തലവന്‍. അതുകൊണ്ട് മലങ്കര ഹയരാര്‍ക്കിയില്‍ ചേര്‍ന്നു നില്ക്കുന്ന ക്‌നാനായക്കാര്‍ സുരക്ഷിതരായിരിക്കും എന്നു നമുക്ക് തീര്‍ച്ചപ്പെടുത്താവുന്നതാണ്.

പിതാക്കന്മാരുടെ പ്രാര്‍ത്ഥനയും ദീര്‍ഘവീഷണവും ആരും ഒരിക്കലും വിസ്മരിക്കരുത്. ക്‌നാനായ മലങ്കര റീത്തുകാര്‍ കോട്ടയം അതിരൂപതയില്‍ ചേര്‍ന്നു നില്ക്കുന്നതിലും സുരക്ഷിതരായിരിക്കും മലങ്കരഹയരാര്‍ക്കിയില്‍ ചേര്‍ന്നു നില്ക്കുന്നതെന്ന് തിരിച്ചറിയുകയും അതനുസരിച്ച് തീരുമാനം എടുക്കുകയും ചെയ്യുന്നത് പൂര്‍വ്വീകരോടും വരും തലമുറയോടും ചെയ്യുന്ന നീതിയായിരിക്കും എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ക്‌നാനായ വിഭാഗത്തെ ഉള്‍ക്കൊള്ളുന്ന മലങ്കരസഭ മറ്റ് കാതോലിക്കേറ്റിനെക്കാള്‍ വ്യതിരിക്തമായിരിക്കുമെന്നതിനാല്‍ കതോലിക്കാ ബാവാക്കും അത് സന്തോഷകരമായിരിക്കും എന്നു നമ്മള്‍ മനസ്സിലാക്കണം; അതിന്റേതായ സംരക്ഷണവും സ്ഥാനവും നിങ്ങള്‍ക്കുണ്ടായിരിക്കുകയും ചെയ്യും.

ക്‌നാനായ മലങ്കരക്കാര്‍ക്ക് സഭാചരിത്രത്തില്‍ വലിയൊരു സ്ഥാനമുണ്ട്. ക്‌നാനായി തൊമ്മനും കൂട്ടരും സുറിയാനി ആരാധനാക്രമവും സുറിയാനി ഭാഷയും ഭാരതത്തില്‍ കൊണ്ടുവന്നതു പോലെ മലങ്കര ആരാധനാക്രമം പരിശുദ്ധ സിംഹാസനത്തെകൊണ്ട് അംഗീകരിപ്പിച്ച് പുരൈക്യത്തിന് ചാലുകീറിയവരുടെ സന്തതികളാണു നിങ്ങള്‍. സീറോമലബാര്‍ സഭയുടെ ഭാഗമായി നിന്നാല്‍ നിങ്ങളുടെ ആരാധനാക്രമവും ചരിത്രവും  നഷ്ടപ്പെടുകയായിരിക്കും ചെയ്യുക. ചരിത്രാവബോധമുള്ള ഒരു തലമുറയ്ക്കുമാത്രമേ വിശ്വാസത്തിലും തനിമയിലും വളരാനാകു എന്ന സത്യം നിങ്ങള്‍ തിരിച്ചറിയണം.

നിഷ്‌ക്കളങ്കരായ ചിലര്‍ അവരെ ബാധിക്കാത്ത നിസ്സാരകാര്യങ്ങളിലാണ് ആശങ്കപ്പെടുന്നത്, വൈദികര്‍ കുറവാണ്, രണ്ടാമതു ലഭിക്കുന്ന മെത്രാന്‍ ക്‌നാനായക്കാരനായിരിക്കുമോ എന്നൊക്കെ ചിന്തിച്ച് അവര്‍ ബുദ്ധിമുട്ടുന്നു. പുതുതായി വരുന്ന മെത്രാന്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങളാരും ഏറ്റെടുക്കേണ്ടതില്ല എന്നാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്. മാത്രമല്ല വസ്തുതകള്‍ മനസ്സിലാക്കാതെ, രൂപത ഉണ്ടാകുന്നതില്‍ എതിര്‍പ്പുകാണിക്കുന്നവര്‍ നടത്തുന്ന പ്രചരണത്തിനു പ്രേരകമായ സമുദായസ്‌നേഹം തുടര്‍ന്നും കാണിച്ചാല്‍ ക്‌നാനായമലങ്കര രൂപതയ്ക്ക് സമുദായമെത്രാനെ തന്നെ തുടര്‍ന്നും ലഭിക്കും എന്നകാര്യം തീര്‍ച്ചയാണ്. വികാരങ്ങള്‍ മാറ്റിവെച്ച് കാര്യങ്ങള്‍ ഗ്രഹിക്കുകയും സത്യത്തില്‍ നിലനില്ക്കുകയും ചെയ്യണമെന്ന് ക്‌നാനായ ഫെലോഷിപ്പ് എന്ന സഹോദര സംഘടന നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.

ക്‌നാനായ ഫെലോഷിപ്പ് സ്റ്റേറ്റ് കമ്മറ്റി

No comments:

Post a Comment