Monday, September 10, 2012

മുരിങ്ങൂരും പൈങ്ങളവും പിന്നെ യേശു ക്രിസ്തുവും....

സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ് കേരളം എന്നതില്‍ മലയാളികളായ നമ്മളെല്ലാവരും അഭിമാനിക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ നമ്മുടെ കേരളത്തില്‍ നടക്കുന്നതെന്താണ്? ഒന്ന് ചിന്തിക്കൂ.....

കഴിഞ്ഞ ദിവസം കണ്ട ഒരു പത്രവാര്‍ത്തയാണ് (ഇത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) ഈ ലേഖനമെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

1970-കളില്‍ തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയിലും അതിനടുത്ത പ്രദേശത്തുമുള്ള സ്വാമിമാര്‍ അക്കാലത്ത് ചാത്തന്‍സേവ വഴി എന്തെല്ലാം കാര്യങ്ങളാണ് സാധാരണ ജനങ്ങള്‍ക്ക്‌ നേടി കൊടുത്തിരുന്നത്! അതിനെല്ലാം കഴുത്തറപ്പന്‍ പ്രതിഫലവും അവര്‍ കൈപ്പറ്റിയിരുന്നു. മലയാളിയെ ഏതു പൊട്ടനും വിഡ്ഢിയാക്കാന്‍ കഴിയുമെന്നതിന് ഒന്നാമത്തെ തെളിവായിരുന്നു അത്. സ്വാമിമാര്‍ക്ക് ഇത് പറ്റുമെങ്കില്‍ ഞങ്ങള്‍ക്ക് ചിലതെല്ലാം ചെയ്യാന്‍ കഴിയും എന്ന ഉത്തമബോധ്യത്തോടെ അവിടെ തുടക്കമിട്ടതാണ് ക്രിസ്ത്യന്‍ ധ്യാനകേന്ദ്രങ്ങള്‍. അതിനു തുടക്കം കുറിച്ചത് പോട്ടയിലായിരുന്നു. ഇംഗ്ലണ്ടിലെ ബോള്‍ട്ടണ്‍ മാര്‍ക്കറ്റില്‍ വൈകുന്നേരമാകുമ്പോള്‍ മീന്‍ വിലകുറച്ചു വാങ്ങാന്‍ കാത്തു നില്‍ക്കുന്ന ഏഷ്യക്കാരെപ്പോലെ ഒരു ധ്യാനം തീരുമ്പോള്‍ അടുത്തതിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിശ്വാസികള്‍ എത്തി കാത്തുകെട്ടി കിടന്നിരുന്ന ഒരു കാലമായിരുന്നു അത്. സാധാരണക്കാരനെ എന്തെല്ലാം നുണകള്‍ പറഞ്ഞാണ് അവന്റെ ഉപ്ബോധമനസ്സിന്റെ അറകള്‍ ഇക്കൂട്ടര്‍ നിറച്ചത്!


കരപ്പന്‍ മുതല്‍ ക്യാന്‍സര്‍ വരെ ഭേദമായ എത്രയോ ജനങ്ങളാണ് അവിടെ തങ്ങളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി വെളിയില്‍ വന്നത്. അത് വെളിപ്പെടുത്തുന്ന ധ്യാനഗുരുക്കന്മാരോ, എത്ര കൃത്യമായാണ് റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നത്‌. “ഇവിടെ വന്ന പതിനാലു പേരുടെ നടുവുവേദന നിശ്ശേഷം മാറി.... പതോസ്ചേട്ടന്റെ കള്ളുകുടി ദൈവകൃപയാല്‍ അങ്ങേരില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടു..... ഒരു സഹോദരിയുടെ പ്രവര്‍ത്തനരഹിതമായ വൃക്ക കിര്‍ലോസ്ക്കറിന്റെ വാട്ടര്‍പമ്പ്‌ പോലെ പൂര്‍വാധികം ശക്തമായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.... എല്ലാവരും കൂടി ഉച്ചത്തില്‍ പറയുക... സ്തോത്രം.. കര്‍ത്താവേ നന്ദി... പ്രൈസ്‌ ദ ലോര്‍ഡ്"

പ്രിയ ധ്യാനഗുരുവേ, ഇതെല്ലാം ഒരു പരിധിവരെ ബോധമില്ലാത്ത ജനങ്ങളെ പറഞ്ഞു കബളിപ്പിക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞേക്കും; അല്ല കഴിഞ്ഞു. പ്രത്യേകിച്ച് വീട്ടില്‍ തൊഴിലൊന്നും ഇല്ലാതെ ഇരിക്കുന്ന പെണ്ണുങ്ങളാണല്ലോ കൂടുതലും നിങ്ങളുടെ സാക്ഷ്യം പറച്ചിലുകാര്‍... ആയിരം രൂപ തരാമെന്നു പറഞ്ഞാല്‍ ഇവരൊക്കെ എന്ത് വേണമെങ്കിലും പറയും. പണത്തിനു മേലെ പരുന്തും പറക്കുകയില്ലല്ലോ...


രാപകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ചു തൊണ്ണൂറും അതിനുമേലും ശതമാനം മാര്‍ക്ക് വാങ്ങി മെഡിസിനും മറ്റും പഠിച്ചു പുറത്തുവരുന്ന ഡോക്ടര്‍മാര്‍, ഈ ധ്യാനഗുരുക്കന്മാര്‍ എല്ലാ രോഗവും സുഖപ്പെടുത്തിയാല്‍ എന്ത് ചെയ്യും! അവര്‍ക്കും ജീവിക്കേണ്ടേ? ഒന്നാലോചിച്ചു നോക്കൂ... വീട്ടിലെ നിത്യവൃത്തിക്കുള്ള വരുമാനം തരുന്ന പശുവിന് പുല്ലുപറിച്ചു കൊടുക്കാനും അതിനെ പരിപാലിക്കാനും മടിയുള്ള വീട്ടമ്മമാര്‍ രക്ഷപ്പെടുന്നത് ഇത്തരം ധ്യാനകേന്ദ്രങ്ങളിലാണ്. പിന്നെ ദൈവവുമായി നേരിട്ടാണ് അവര്‍ക്ക് ബന്ധം.  കാരണം ഈ ഗുരുക്കന്മാര്‍ പറയുന്നതെല്ലാം മൂഡമായി വിശ്വസിച്ചു അവര്‍ മാനസികമായി അതിനടിമപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പിന്നെ അവര്‍ യേശുവുമായി നേരിട്ട് സംസാരിക്കുന്നു; അവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.... അവസാനം പൈങ്ങളത്തുള്ള മാനസിക ആശുപത്രിയില്‍ ചികിത്സ തേടുന്നു... നാടകമേ ഉലകം...


ഇതെല്ലാം എന്തിനു വേണ്ടി? നിങ്ങളുടെ പണത്തിനോടുള്ള അഭിനിവേശം, അല്ലാതെന്ത്? നിങ്ങളുടെ ഈ ധ്യാനങ്ങള്‍ക്ക് അടിമപ്പെട്ട് നശിച്ച എത്രയോ കുടുംബങ്ങളുണ്ട് നാട്ടില്‍! എത്ര തകര്‍ന്ന ദാമ്പത്യങ്ങള്‍ !!! അവിടമെല്ലാം നശിപ്പിച്ചു നരകമാക്കിയ നിങ്ങള്‍ ഇപ്പോള്‍ കണ്ട മേച്ചില്‍പ്പുറം യുറോപ്പും അമേരിക്കയുമാണ്... അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ ചില വിഡ്ഢിക്കോമരങ്ങളും.... ഞാന്‍ നിങ്ങളെ വെല്ലു വിളിക്കുന്നു, മരണവുമായി മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന, ഞങ്ങളില്‍ പലരുടെയും പ്രിയപ്പെട്ട, പ്രശസ്ത നടന്‍ തിലകനെ എന്ത് കൊണ്ട് നിങ്ങള്‍ സുഖപ്പെടുത്തുന്നില്ല... നിങ്ങള്ക്ക് ഏതു ചികിത്സയ്ക്കും ഇരുപത്തിനാല് മണിക്കൂര്‍ മതിയല്ലോ... 

ഒരു കാര്യം തുറന്നു പറയാതിരിക്കാന്‍ വയ്യ.... മരത്തേല്‍ പറ്റിപ്പിടിക്കുന്ന ഇത്തിള്‍കണ്ണിയും വിശ്വാസികളെ ചൂഷണം ചെയ്യുന്ന നിങ്ങളും ഒന്നുപോലെ തന്നെ.... ഇത്തിള്‍ക്കണ്ണി മരത്തിന്റെ നീരും ഹരിതകവും ഊറ്റിക്കുടിച്ചു ആ വടവൃക്ഷത്തെ നശിപ്പിക്കുന്നത് പോലെ ധ്യാനത്തില്‍ മുഴുകിയവനെ ഈ കാരിസ്മാറ്റിക്കുകാര്‍ അവന്റെ സുബോധം നശിപ്പിച്ച് മാനസികരോഗത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിക്കുന്നു... പിന്നെ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ ഈ ഭൂമിയിലവര്‍ അലഞ്ഞുകൊള്ളും. തെറി പറയുമ്പോള്‍ പോലും സ്തോത്രം അല്ലെങ്കില്‍ പ്രൈസ് ദ് ലോര്‍ഡ്‌ ചേര്‍ത്ത് പറയും.

കണ്മുമ്പില്‍ സദാ സമയവും യേശുവിനെ കാണുന്ന മാനസികാവസ്ഥയാണ് ചിലര്‍ക്ക്. പിന്നെ അവന്റെയോ അവളുടെയോ ജീവിതം ജഗപൊക. കാരണം യേശു മുമ്പില്‍ നില്‍ക്കുമ്പോള്‍ നമുക്ക് ദിനചര്യകള്‍ ചെയ്യാന്‍ കഴിയുമോ? കക്കൂസില്‍ പോകാമെന്നോ കുളിക്കാമെന്നോ വിചാരിച്ചാല്‍......

ഇന്ത്യയിലെ ചില ഭരണാധികാരികളെങ്കിലും കമ്മീഷന്‍ കിട്ടുന്ന മുറക്കാണല്ലോ ടെണ്ടര്‍, കോണ്ട്രാക്റ്റ് ഇതൊക്കെ നല്‍കുന്നത്. അതുപോലെ ഈ കാരിസ്മാറ്റിക്ക്‌ ധ്യാനഗുരുക്കള്‍ക്ക് പൈങ്ങളത്തുള്ള മാനസികാശുപത്രിയുമായി വല്ല രഹസ്യബന്ധവും ഉണ്ടോ എന്നതിനെപ്പറ്റി നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കുര്യാക്കോസ് കുറിച്ചിത്താനം

No comments:

Post a Comment