Sunday, January 6, 2013

തെളിനീരും ടിഷ്യൂപേപ്പറും – സ്പെഷ്യല്‍ ഫീച്ചര്‍

“ദൈവത്തിന്റെ സ്വന്തം നാട്”
 കേരള ടൂറിസം വകുപ്പിലെ ഏതോ ഉദ്യോഗസ്ഥന്റെ തലയില്‍ ഉദിച്ച ഭാവനയാണ് ആ പ്രയോഗത്തിന്റെ പിന്നില്‍. 

ഇന്നത്തെ കേരളത്തിന്റെ മത, സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ അവസ്ഥ കാണുമ്പോള്‍ അതൊരു ക്രൂരമായ തമാശയായി മാത്രമേ തോന്നുകയുള്ളൂ. എന്നാലും അല്പം ചിന്തിച്ചാല്‍ അതിന്റെ പിന്നില്‍ കുറെയൊക്കെ സത്യമുണ്ട് എന്ന് കാണാം.

അരയില്‍ ചുറ്റാന്‍ ഒരു മുണ്ടും, തോളില്‍ ഇടാന്‍ ഒരു തോര്‍ത്തും ഉണ്ടെങ്കില്‍ ഒരു മലയാളി പുരുഷന് സത്യത്തില്‍ വസ്ത്രധാരണം പൂര്‍ത്തിയായി. വര്‍ഷത്തിലെ ഏതു മാസവും ആ വേഷവിധാനം മതി. മുണ്ട് പല വിധത്തില്‍ ഉടുക്കാം – എന്തെങ്കിലും പണിയില്‍ ഏര്‍പ്പെടുമ്പോള്‍, മഴ പെയ്യുമ്പോള്‍, വെള്ളമുള്ള വഴിയെ നടക്കുമ്പോള്‍ മടക്കിക്കുത്താം, മരത്തേല്‍ കയറണമെങ്കില്‍ താറ് പാച്ചിയുടുക്കാം. തോര്‍ത്ത്‌ സത്യത്തില്‍ ഒരത്ഭുതമാണ്. The most wonderful piece of cloth in the world.  അതിന്റെ നിരവധി ഉപയോഗങ്ങള്‍ ഭാവനാസമ്പന്നരായ വായനക്കാരുടെ ഭാവനയ്ക്ക് വിട്ടുതരുന്നു.

ശൈത്യകാലം എന്നൊന്നില്ല നമ്മുടെ കേരളത്തില്‍. മുന്നൂറ്റി അറുപത്തഞ്ചു ദിവസവും പച്ചവെള്ളത്തില്‍ കുളിക്കാന്‍ പറ്റിയ കാലാവസ്ഥ, കിണറുകളിലും, കുളങ്ങളിലും പാടങ്ങളിലും കായലുകളിലും പുഴകളിലുമായി തെളിനീര്‍. വേണ്ടത്ര. ദിവസവും രണ്ടുംമൂന്നും പ്രാവശ്യം കുളിക്കണമെങ്കില്‍ വാട്ടര്‍ ബില്ലിനെക്കുറിച്ചോര്‍ത്തു വിഷമിക്കേണ്ടതില്ല.

രാവിലെ പത്രവും വായിച്ചു ഒരു കുറ്റിബീഡിയും പുകച്ചു “കാര്യം” സാധിച്ചു കഴിഞ്ഞു വിശാലമായി വെള്ളമൊഴിച്ചുള്ള വൃത്തിയാക്കലിന്റെ സുഖം ഏതെങ്കിലും ടിഷ്യു പേപ്പര്‍ പ്രദാനം ചെയ്യുമോ?

പാവം സായിപ്പ്. ഡിസംബര്‍ മാസത്തില്‍ അവര്‍ തണുത്ത വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കിയാല്‍ ശാരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങള്‍ മരവിച്ചുപോകും!

നമ്മള്‍ വിചാരിക്കുന്നതുപോലെ അനാദികാലം മുതലേ ഇക്കൂട്ടര്‍ ടോയിലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നവരായിരുന്നില്ല. സത്യത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ചൈനാക്കാരാണ് ഈ ഉപയോഗത്തിന് കടലാസു ഉപയോഗിച്ചിരുന്നത്. ഇന്ന് നമ്മള്‍ കാണുന്ന ടിഷ്യു പേപ്പര്‍ പാശ്ചാത്യരാജ്യ വിപണിയില്‍ ലഭ്യമായിട്ട് അധികം കാലമായിട്ടില്ല. 1877ല്‍ A.P.W. (Albany Perforated Wrapping) Paper Companyയാണ് ഇത് തുടങ്ങിയത്.

ഇന്ന് നമ്മള്‍ മുഖം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന Facial Tissue മറ്റൊരാവശ്യത്തിനായി ഉണ്ടാക്കിയതാണ്. അഭിനയലോകത്ത് മുഖത്ത് മേക്കപ്പിന് പുരട്ടുന്ന ക്രീം തൂത്ത് കളയാനായി Kimberly-Clark  എന്ന കമ്പനി 1924ല്‍ വിപണിയിലെത്തിച്ച ക്ലീനെക്സ് എന്ന കടലാസ്സു തൂവാല മൂക്ക് ചീറ്റാന്‍ നല്ലതാണെന്ന് പിന്നീട് മനസ്സിലാക്കുകയും അതിന്റെ ഉപയോഗം അങ്ങനെ വര്‍ദ്ധിക്കുകയുമായിരുന്നു.

ഇതെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാര്യമുണ്ട്.

Shibu and family in his Salford Plant
 എന്റെ നല്ല സുഹൃത്ത്‌ മാഞ്ഞൂര്‍ മകുടാലയം ഇടവകാംഗം, പാറശേരില്‍ (മാക്കീല്‍) ഷിബു യു.കെ.യില്‍ ഒരു പുതിയ സംരഭം ആരംഭിച്ചിരിക്കുന്നു. ഏതാനും മാസങ്ങള്‍ മുമ്പ്, തന്റെ സുഹൃത്തായ ഷോയി ചെറിയാനൊപ്പം ചൈന സന്ദര്‍ശിച്ച്, അവിടെ നിന്ന് വേണ്ട യന്ത്രോപകരണങ്ങള്‍ വാങ്ങി സാല്ഫോര്ഡ് എന്ന കൊച്ചുപട്ടണത്തില്‍ Tissue/Kitchen Paper നിര്‍മ്മിച്ച്‌ മാര്‍ക്കെറ്റ് ചെയ്യുന്ന സംരംഭത്തിന്റെ ഉള്ഘാടനമായിരുന്നു ഇന്ന്. UKKCA പ്രസിഡന്റ്‌, ലേവി പടപുരയ്ക്കലാണ് ഈ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്.

ക്നാനായ സമുദായംഗങ്ങള്‍ അമേരിക്കയില്‍ പല മേഖലകളിലും കൈവച്ച് വിജയം വരിച്ചിട്ടുണ്ട്. എന്നാല്‍ യു.കെ.യിലെ സ്ഥിതി വ്യത്യസ്തമാണ്. ഭൂരിപക്ഷവും ചെറിയ ജോലിയുമായി ഒതുങ്ങി കഴിയുന്നവരാണ്. വിരലില്‍ എണ്ണാവുന്നവര്‍, മലയാളി കടകള്‍, ഗാസ് സ്റ്റേഷന്‍ തുടങ്ങിയ ചെറിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഷിബുവിനെ പോലെ പരിചിതമല്ലാത്ത ഒരു രംഗത്ത്‌ കടന്നു ചെല്ലാന്‍ ധൈര്യം കാണിച്ചവര്‍ വിരളമാണ്.

ഷിബുവിനും കുടുംബത്തിനും എല്ലാം നന്മകളും നേരുന്നതിനൊപ്പം ദൈവാനുഗ്രഹം ഈ പ്രസ്ഥാനത്തിന് വേണ്ടത്ര ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും, മറ്റുള്ളവര്‍ക്ക് ഇത് പ്രചോദനമാകട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.



അലക്സ്‌ കണിയാംപറമ്പില്‍ 
    

No comments:

Post a Comment