Tuesday, November 27, 2012

മിഷന്‍ ഫണ്ട് - ഒരു പാലമിട്ടാല്‍ ഇരുകരക്കാര്ക്കും ഗുണപ്പെടണം.


2012 നവംബര്‍ 25നു കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഇടവകകളില്‍ വായിക്കുന്നതിനായി മാര്‍ മാത്യു മൂലക്കാട്ട് ഒരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സീറോമലബാര്‍ മിഷന്‍ രൂപതകളെ സഹായിക്കുന്നതിനായി ഒരു മിഷന്‍ ഫണ്ട് രൂപീകരിക്കുന്നുണ്ടെന്നും അതിലേക്ക് ഒരു കുടുംബം 200 രൂപയും സ്ഥാപനങ്ങള്‍ 500 രൂപവീതവും തരണമെന്നുമാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാര്‍ മാത്യൂ മൂലക്കാട്ടിലിന്റെ കഴിവില്ലായ്മയുടെ അവസാനത്തെ ഉദാഹരണമാണിത്. മിഷന്‍ പ്രദേശങ്ങളില്‍ സീറോമലബാറുകാര്‍ക്കായി പുതിയ രൂപതകള്‍ സ്ഥാപിക്കുമ്പോള്‍ അവിടങ്ങളിലുള്ള ക്‌നാനായ സമൂഹത്തെ ദ്രോഹിക്കുന്ന നടപടികള്‍ ആരംഭിക്കുന്നതായാണ് കണ്ടവരുന്നത്. ഡല്‍ഹിയിലുള്ള സീറോമലബാറുകാര്‍ക്കായി ഫരീദാബാദ് രൂപത സ്ഥാപിച്ചതുമുതല്‍ അവിടെയുള്ള ആറായിരത്തിലധികം ക്‌നാനായക്കാര്‍ അവിടെ പുതിയ മെത്രാനാല്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിലവിലുണ്ടായിരുന്ന ആരാധനാസൗകര്യംപോലും ഡല്‍ഹിയിലുള്ള ക്‌നാനായക്കാരില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നു. ക്‌നാനായക്കാര്‍ക്ക് പ്രത്യേകമായിട്ടൊന്നും വേണ്ട എന്നാണ് മാര്‍ ഭരണികുളങ്ങരയുടെ ഉത്തരവ്.

നാനൂറിനടുത്ത് ക്‌നാനായ വൈദീകരും രണ്ടായിരത്തോളം കന്യാസ്ത്രികളും മിഷന്‍രംഗത്ത് വിവിധ രൂപതകളിലായി കേരളത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയെല്ലാം ബ്രയിന്‍വാഷ് ചെയ്ത് സമുദായത്തിനെതിരെ പ്രവര്‍ത്തിപ്പിക്കുകയും ചെയുന്നുണ്ട്. പുതിയ മിഷന്‍രൂപത സ്ഥാപിക്കപ്പെടുമ്പോള്‍ മെത്രാന്മാര്‍ കോട്ടയത്തേയ്ക്ക് പോരുകയാണ് അവര്‍ക്ക് വൈദീകരെയും കന്യസ്ത്രീകളെയും വേണം, എന്നിട്ട് നമ്മെ നാലുവശത്തുനിന്നും ആക്രമിക്കുകയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തിലാണ്, മൗണ്ട് സെന്‍തോമസില്‍ രൂപീകൃതമായിരിക്കുന്ന മിഷന്‍ ഫണ്ടിന്റെ ഡയറക്ട്ടര്‍ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍ മെത്രാന്‍ കോട്ടയത്തുവന്ന് നമ്മുടെ വാഹനത്തില്‍ നമ്മുടെ മിക്കവാറും പള്ളികളില്‍ച്ചെന്ന് സഹായം ചോദിച്ചിരിക്കുന്നത്. അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസികളുടെ നിരീക്ഷകനായി മുന്‍പ് നിയമിക്കപ്പെട്ടിരുന്ന മാര്‍ ഗ്രിഗറി അമേരിക്കയില്‍ സീറോമലബാര്‍ രൂപത സ്ഥാപിച്ചപ്പോള്‍ അതിന്റെ ചുമതലക്കരന്‍ കൂടിയായിരുന്നു. ഈ ഗ്രിഗറി മെത്രാനും മാര്‍ അങ്ങാടിയത്തും കൂടി ക്‌നാനായക്കാര്‍ക്ക് അമേരിക്കന്‍ രൂപതയില്‍  പ്രത്യേക സംവിധാനം തരാമെന്നു പറഞ്ഞ് നമ്മെ വഞ്ചിച്ച മെത്രാന്മാരാണ്. രൂപത സ്ഥാപനത്തിനു ശേഷം അവര്‍ നമ്മെ അറിയുകപോലും ഇല്ലാതായി.  മാത്രമല്ല അവര്‍ നമുക്കെതിരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കക്ഷത്തില്‍ തലവെച്ചുകൊണ്ട് ക്‌നാനായക്കാരെ നയിക്കാന്‍ ഇനി മൂലക്കാട്ടുമെത്രാന് എത്രനാള്‍ കഴിയും. ഈ വിവരത്തെക്കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ ഇഷ്ടമുള്ളവര്‍ പണം കൊടുത്താല്‍ മതിയെന്നാണ് പറഞ്ഞത്. കോട്ടയം മെത്രാന്റെ ഒരു സര്‍ക്കുലര്‍ വിശ്വാസികള്‍ ഇഷ്ട്ടമുണ്ടെങ്കില്‍ അനുസരിച്ചാല്‍ മതിയെന്ന് വന്നിരിക്കുന്നുവോ? ഞങ്ങള്‍ ഇഷ്ട്ടമുള്ളതു പറയും നിങ്ങള്‍ക്ക് ഇഷ്ട്ടമുണ്ടെങ്കില്‍ അനുസരിച്ചാല്‍ മതി എന്നു വന്നിരിക്കുന്നു കോട്ടയം അതിരൂപതാദ്ധ്യഷന്റെ സര്‍ക്കുലറുകള്‍?!!

അതിരൂപതാ സ്ഥാപനങ്ങള്‍ മെത്രാന്റെ കൈപിടിയിലായതിനാല്‍ 500 രൂപവെച്ച് കൊടുക്കുമെന്നു ഉറപ്പാണ്. വീടുകളില്‍ നിന്നും ഒരു രൂപപോലും മിഷന്‍ഫണ്ടിനുവേണ്ടി കൊടുക്കരുതെന്ന് ക്‌നാനായഫെലേഷിപ്പ് ആഹ്വാനം ചെയ്യുകയാണ്. മിഷനുകള്‍ക്ക് മറ്റ് രൂപതകള്‍ കൊടുക്കുന്നതിലും കൂടുതല്‍ തുക കോട്ടയം അതിരൂപതയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഒരു പാലം ഇട്ടാല്‍ രണ്ടു വശത്തേക്കും കടക്കാന്‍ അനുവദിക്കണം. നമ്മുടെ പണം കൊടുത്ത് വടിവാങ്ങി നമുക്കിട്ടു തല്ലാന്‍ ആരെയും ഇനി അനുവദിച്ചുകൂടാ.

“കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെതെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്ഷിക്കും.

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ അവയെ അന്വേഷിച്ചിറങ്ങും. അതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിക്കും. കാറു നിറഞ്ഞ് അന്ധകാരപൂര്‍ണമായ ആദിവസം ചിതറിപ്പോയ ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ അവയെ വീണ്ടെടുക്കും. ജനതകളുടെയിടയില്‍ നിന്ന് ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക് അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്ക്കും. നല്ല പുല്‍ത്തകിടികളില്‍ ഞാന്‍ അവയെ മേയ്ക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളിലായിരിക്കും അവയുടെ മേച്ചില്‍ സ്ഥലങ്ങള്‍. അവിടെ നല്ല മേച്ചില്‍സ്ഥലത്ത് അവ കിടക്കും. ഇസ്രായേല്‍മലകളിലെ സമൃദ്ധമായ പുല്‍ത്തകിടിയില്‍ അവ മേയും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ തന്നെ എന്റെ ആടുകളെ മേയ്ക്കും. ഞാന്‍ അവയ്ക്കു വിശ്രമസ്ഥലം നല്‍കും. (എസെക്കിയേല്‍ 34:1-16)

ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍

No comments:

Post a Comment