Friday, November 9, 2012

കമന്റുകള്‍ പോസ്റ്റ്‌ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്


“ക്നാനായ വിശേഷങ്ങള്‍” എന്ന ബ്ലോഗിനെ ക്നാനായ സമുദായംഗങ്ങള്‍ക്കായുള്ള മറ്റു പല മാധ്യമങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത് ഇതില്‍ വരുന്ന പോസ്റ്റുകളുടെയും കമന്റുകളുടെയും ഗുണനിലവാരമാണ് വിമര്‍ശകര്‍ നിരവധിയുണ്ടെങ്കിലും സമുദായത്തെ സാരമായി ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലരും ഉപയോഗിക്കുന്ന വേദിയായിമാറാന്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് ഈ ബ്ലോഗിന് സാധിച്ചിട്ടുണ്ട്.

അടുത്തകാലത്ത്‌ വന്ന പല പോസ്റ്റുകളും കമന്റുകളും ഇതിന്റെ പിന്നണിപ്രവത്തകര്‍ക്ക് പ്രോത്സാഹനവും ഊര്‍ജ്ജവും പകരുന്നുണ്ട്. അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ശകരും ഞങ്ങള്‍ക്ക് സന്തോഷം തരുന്നു. എന്നിരുന്നാലും, ഈയടുത്ത കാലത്ത് ചര്‍ച്ചകളില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി തോന്നുന്നു.

സമയക്കുറവുമൂലം ഇതിന്റെ മോഡറേറ്റര്‍മാര്‍ക്ക് എല്ലാ കമന്റുകളും സസൂക്ഷമം പരിശോധിച്ച് നോക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ബ്ലോഗിനെ താഴന്ന നിലവാരത്തിലേയ്ക്ക് കൊണ്ടുപോകുന്ന ഏതാനും കമന്റുകളെങ്കിലും ഇതില്‍ കണ്ടു എന്ന് ചില അഭ്യുദയകാംക്ഷികള്‍ സ്നേഹത്തോടെ ചൂണ്ടിക്കാട്ടുകയുണ്ടായി.

അവര്‍ക്ക് നന്ദി പറയുന്നതിനൊപ്പം ഇക്കാര്യത്തില്‍ ഒരു കര്‍ശന നിലപാട് സ്വീകരിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.

ഒരു പോസ്റ്റ്‌ വായിച്ച്, അതിനു പ്രതികരണം എഴുതി പോസ്റ്റ്‌ ചെയ്തിട്ട് അത് പ്രസധീകരിച്ചു കാണാതെ വരുമ്പോഴുള്ള നിരാശ ഞങ്ങള്‍ക്ക് മനസ്സിലാകും. ചുവടെ കൊടുക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

ഇതില്‍ പങ്കെടുക്കുന്നവര്‍ (ചില അപവാദങ്ങള്‍ ഉണ്ടാവാം) എല്ലാം തന്നെ നമ്മുടെ സമുദായംഗങ്ങളാണ്. ആ ഒരു സ്നേഹം ചര്‍ച്ചകളില്‍ പ്രകടമാക്കുക. മറ്റൊരാളോട് സ്നേഹത്തോടെ, വിദ്വേഷം ഇല്ലാതെ വിയോജിക്കാന്‍ സാധിക്കും എന്ന കാര്യം മനസ്സില്‍ വയ്ക്കുക.
 അജ്ഞാതനാമാവായി (അനോണിമസ്) കമന്റുകള്‍ പോസ്റ്റ്‌ ചെയ്യാനുള്ള സൗകര്യം ദുരുപയോഗം ചെയ്യരുത്.  ആ മറവില്‍ നിങ്ങള്‍ സുരക്ഷിതരാണ്; പക്ഷെ മറ്റൊരാളുടെ അന്തസ്സും ആത്മാഭിമാനവും നിങ്ങളായി തകര്‍ക്കരുത്. വ്യക്തിഹത്യ അനുവദിക്കുന്നതല്ല. പ്രത്യേകിച്ച് പേരെടുത്തു പറഞ്ഞുകൊണ്ടുള്ള ആക്രമണങ്ങള്‍. 
നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ നിങ്ങളുടെ മാന്യതയുടെ അടയാളമാണ്. തരംതാണ ഭാഷ ഉപയോഗിക്കുമ്പോള്‍ തരംതാഴുന്നത് നിങ്ങള്‍ തന്നെയാണ് എന്നോര്‍ക്കുക. 
വളരെ അത്യാവശ്യമില്ലെങ്കില്‍, അനോണിമസ് ആയി കമന്റ്‌ ചെയ്യാതിരിക്കുക. നിങ്ങളുടെ യഥാര്‍ഥ പേര് വയ്ക്കുമ്പോള്‍ നിങ്ങള്‍ പറയുന്നതിന്റെ സ്വീകാര്യത പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നു എന്നോര്‍ക്കുക. 
ഏതു പോസ്റ്റിലാണോ കമന്റ്‌ ചെയ്യുന്നത്, അതുമായി യാതൊരു ബന്ധവും ഇല്ലാത്ത കമന്റുകള്‍ ഒഴിവാക്കുക.

ക്നാനായ്‌ വിശേഷങ്ങളെ ഒരു നല്ല ചര്‍ച്ചാവേദിയാക്കി മുന്നോട്ടു കൊണ്ടുപോകാന്‍ ഞങ്ങളെ സഹായിക്കുക, ഞങ്ങളോട് സഹകരിക്കുക.

പിന്നണിപ്രവര്‍ത്തകര്‍
ക്നാനായ വിശേഷങ്ങള്‍ 

No comments:

Post a Comment