Monday, December 3, 2012

ആത്മീയത യേശുവിന്റെയും ഇന്നത്തെ വൈദികരുടെയും


ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് വ്യക്തികളും സമൂഹങ്ങളും കാലോചിതമായി ജീവിക്കുന്ന ശൈലിയാണ് ആത്മീയതയെന്ന് പൊതുവില്‍ പറയാം. ക്രൈസ്തവസമൂഹത്തിന്റെ, പ്രത്യേകിച്ച് വൈദികരുടെ ആത്മീയതയ്ക്ക് മാതൃകയും മാനദണ്ഡവും യേശുവിന്റെ ആത്മീയതയാണ്. യേശു പിതാവിന്റെ ഇഷ്ടം തിരിച്ചറിഞ്ഞത് സവിശേഷമായ ഒരു ചരിത്രഘട്ടത്തിലാണ്. അന്നത്തെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌ക്കാരിക സാഹചര്യങ്ങളെ വിലയിരുത്തി അവയോടു പ്രതികരിച്ചാണ് യേശു പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്. പിതാവിന്റെ ഇഷ്ടം തിരിച്ചറിയലും നിറവേറ്റലുമാണ് യേശുവിന്റെ ആത്മീയത. യേശുവിന്റെ മനോഭാവങ്ങളും വികാരവിചാരങ്ങളും നിലപാടുകളും ബന്ധങ്ങളും പ്രതികരണങ്ങളും സാമൂഹിക ഇടപെടലുകളുമെല്ലാം ഈ ആത്മീയതയുടെ പ്രകാശനമാണ്. യേശുവിന്റെ ആത്മീയത ഒരു ജീവിതശൈലിയാണ്.

യേശുവിന്റെ ആത്മീയതയില്‍ മുഖ്യമായി രണ്ടു സവിശേഷതകളുണ്ട്. പീഡിത ജനതയുമായുള്ള ഐക്യദാര്‍ഡ്യവും പീഡിതാവസ്ഥയ്ക്ക് കാരണമായ ശക്തികളോടും സംവിധാനങ്ങളോടുമുള്ള പോരാട്ടവും.

സാമ്പത്തികമായി ഏറ്റവും താഴത്തെ തട്ടില്‍ കഴിഞ്ഞിരുന്ന പാവപ്പെട്ടവരുമായി താദാത്മ്യപ്പെട്ടതായിരുന്നു യേശുവിന്റെ ജീവിതം. പാലസ്തീനായിലെ അന്നത്തെ ജനസംഖ്യയില്‍ 88 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെ കഴിഞ്ഞിരുന്ന പാവപ്പെട്ടവരായിരുന്നു. അവരുമായുള്ള ഹൃദയൈക്യം യേശുവിന്റെ ആത്മീയതയുടെ സവിശേഷതയാണ്. ദൈവം അവരുടെ പക്ഷത്താണെന്നും അവരുടെ മോചനം ദൈവഹിതമാണെന്നും യേശു തിരിച്ചറിഞ്ഞു. സമുദായം ഭ്രഷ്ട് കല്പിച്ച് അകറ്റിനിര്‍ത്തിയവരോട് യേശു അടുത്തിടപഴകി. അവരുടെ അപമാനത്തില്‍ പങ്കുചേര്‍ന്നു. പാപികളും ചുങ്കക്കാരുമെന്ന് സുവിശേഷങ്ങള്‍ വിശേഷിപ്പിക്കുന്ന അവമതിക്കപ്പെട്ട ജനതയോടൊത്ത് യേശു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. സമുദായം അവഗണിച്ചു പുറന്തള്ളിയവരെ ദൈവം സ്വീകരിച്ച് ആദരിക്കുന്നെന്ന് യേശു മനസ്സിലാക്കി. രോഗങ്ങളാലും വ്യാധികളാലും ക്ലേശിക്കുന്നവര്‍ക്ക് യേശു ഹൃദയാലുവായിരുന്നു. രോഗികള്‍ക്കു സൗഖ്യം പകരുന്നതും അധ്വാനിക്കുന്നവര്‍ക്കും ഭാരംവഹിക്കുന്നവര്‍ക്കും ആശ്വാസമാകുന്നതും വേദനിക്കുന്നവരുടെ വേദനയില്‍ പങ്കുചേരുന്നതും യേശുവിന്റെ ആത്മീയതയാണ്. ചെറിയവരിലാണ് ദൈവമെന്ന് യേശു പ്രഖ്യാപിച്ചു.

ഭൂരിപക്ഷമാളുകളെയും ദരിദ്രരാക്കുകയും പുറന്തള്ളുകയും ചെയ്ത വ്യവസ്ഥിതിയെ യേശു എതിര്‍ത്തു. സമ്പത്തിന്റെ കേന്ദ്രീകരണത്തെ യേശു വിമര്‍ശിച്ചു. റോമന്‍ ആധിപത്യത്തെ പുറന്തള്ളി. സാമൂഹിക വിവേചനങ്ങള്‍ക്കാധാരമായ ശുദ്ധാശുദ്ധ സങ്കല്പങ്ങളെ നിരാകരിച്ചു. വഞ്ചനയ്ക്കും ചൂഷണത്തിനും വിവേചനങ്ങള്‍ക്കും കൂട്ടുനിന്ന മതത്തിനെതിരെ യേശു സന്ധിയില്ലാത്ത സമരത്തിലായിരുന്നു. മനുഷ്യനെ ഭാരപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത നിയമങ്ങളും പാരമ്പര്യങ്ങളും യേശു ലംഘിച്ചു. സാബത്തുലംഘിച്ചാണ് പലപ്പോഴും അവന്‍ രോഗശാന്തി നല്‍കിയത്. മതത്തിന്റെയും നിയമങ്ങളുടെയും മതനേതാക്കളുടെയും പൊള്ളത്തരം യേശു തുറന്നുകാട്ടി. ഇത്തരം വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നിയമലംഘനങ്ങളും പോരാട്ടങ്ങളും യേശുവിന് ആത്മീയതയാണ്. ഇവയൊക്കെ ദൈവത്തിന്റെ പ്രവര്‍ത്തനമാണെന്ന്, ദൈവഭരണമാണെന്ന് യേശു പ്രഖ്യാപിച്ചു. ഹേറോദിന്റെയും പീലാത്തോസിന്റെയും പ്രധാന പുരോഹിതന്റെയും പ്രമാണികളുടെയും ഫരിസേയരുടെയും നിയമജ്ഞരുടെയും മുന്നില്‍ എത്ര നിര്‍ഭയനാണ് യേശു! ആത്മീയതയാണത്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ നിരയില്‍ നിലകൊള്ളാനും അവരുടെ ജീവിതം നരകതുല്യമാക്കിയ ആധിപത്യത്തിന്റെ സംവിധാനങ്ങളോടും ഏജന്‍സികളോടും, നിയമജ്ഞരോടും, ഫരിസേയരോടും അവരുടെ നിയമസംഹിതയോടും, ധനികരോടും അവരുടെ മര്‍ദ്ദകതന്ത്രങ്ങളോടും നിര്‍ഭയനായി മല്ലടിക്കാനും, കൊല്ലപ്പെടുമെന്നു മനസ്സിലായിട്ടും പിന്തിരിയാതെ മുന്നോട്ടുപോകാനും, സ്വാതന്ത്ര്യത്തിന്റെ ആള്‍രൂപമാകാനും യേശുവിനെ പ്രാപ്തനാക്കിയത് ആഴമേറിയ ഈശ്വരാനുഭവമാണ്. പീഡിത ജനതയുമായുള്ള ഹൃദയഅടുപ്പവും സാമൂഹിക രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള തിരിച്ചറിവും വ്യക്തിപരമായ ധ്യാനവും ഈശ്വരാനുഭവത്തിനു നിദാനമായി. ഈശ്വരാനുഭവമാണ് യേശുവിന്റെ ആത്മീയത രൂപപ്പെടുത്തിയത്.

യേശുവിന്റെ ആത്മീയതയുടെ വെളിച്ചത്തിലാണ് ഇന്നത്തെ വൈദികരുടെ ആത്മീയതയെ വിലയിരുത്തേണ്ടത്. കേരള കത്തോലിക്കാസഭയിലെ വൈദികരില്‍ ഇന്നു കാണുന്ന ആത്മീയത അനുഷ്ഠാനബദ്ധമായ കര്‍മ്മങ്ങളിലും പ്രാര്‍ത്ഥനകളിലും ഭക്താഭ്യാസങ്ങളിലും ഒതുങ്ങിയിരിക്കുന്നു. ഇവയൊക്കെ തികഞ്ഞ ബോധ്യത്തോടെയോ ആത്മാര്‍ത്ഥതയോടെയോ ഈശ്വരാനുഭവത്തിലോ നടത്തുവാന്‍ ബഹുഭൂരിപക്ഷം വൈദികര്‍ക്കും സാധിക്കുന്നില്ല; യാന്ത്രികമായി ചെയ്തുകൂട്ടുന്നവയാണധികവും. യേശുവിന്റെ ആത്മീയതയും ഇന്നത്തെ വൈദികരുടെ ആത്മീയതയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ വ്യക്തമാകുന്നു.

അടിസ്ഥാനവര്‍ഗ്ഗങ്ങളുമായി ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കുന്ന വൈദികര്‍ കേരളത്തില്‍ വളരെ ചുരുക്കമാണ്. ഇടവകയിലെ പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കുന്ന വൈദികര്‍ അനവധിയുണ്ട്. പക്ഷേ അവരെ ആദരിക്കുകയും ഹൃദയപൂര്‍വ്വം സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ വിരളമാണ്. ദരിദ്രരെ ഉറ്റുസ്‌നേഹിക്കുകയും അവരുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന ശൈലി വൈദികസമൂഹത്തിന് അന്യമായിരിക്കുന്നു. സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള വ്യഗ്രതയാണ് ഭൂരിപക്ഷം വൈദികര്‍ക്കും. സാമൂഹികമായ വിവേചനങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അയിത്തം പുത്തന്‍ രൂപത്തിലവതരിക്കുന്നു. വംശശുദ്ധിയുടെ പേരില്‍ സമുദായം ആളുകളെ പുറന്തള്ളുന്നു. വിവേചനങ്ങള്‍ക്കിരയാകുന്നവരെ ആദരവോടെ സ്വീകരിക്കാനോ ദൈവം അവരോടൊപ്പമാണെന്ന് മനസ്സിലാക്കാനോ വിവേചനങ്ങള്‍ക്കെതിരെ നിലപാടെടുക്കാനോ വൈദികര്‍ക്ക് കഴിയുന്നില്ല. വേദനിക്കുന്നവരോടൊത്തു വേദനിക്കുക വൈദികര്‍ക്ക് അസാധ്യമാകുന്നു. വേദനിക്കുന്നവന്റെ മുന്നില്‍ അലിയുന്ന ഹൃദയമാണ് സാധാരണക്കാരുടേത്. വൈദികരുടെ ഹൃദയം കഠിനമായിരിക്കുന്നല്ലോ!

പീഡിതജനങ്ങളുമായി മാനസികമോ വൈകാരികമോ ആയ അടുപ്പമില്ലാത്തതിനാല്‍ അവരുടെ അവകാശനിഷേധത്തിനു കാരണമായ ശക്തികളെയും സംവിധാനങ്ങളെയും സഭയിലും പൊതുസമൂഹത്തിലും തിരിച്ചറിയാനോ അവയെ ചെറുക്കാനോ വൈദികസമൂഹം അശക്തമാണ്. സഭയും മതവും അധികാരവുമൊക്കെ മനുഷ്യമോചനത്തിനു വേണ്ടിയാണെന്ന വിചാരംപോലും വൈദികര്‍ക്കില്ല. മതസംവിധാനങ്ങളോടും നിയമങ്ങളോടും അവര്‍ക്ക് അന്ധമായ വിധേയത്വമാണ്. സഭാ സംവിധാനങ്ങളിലും അധികാരങ്ങളിലും എന്ത് അധര്‍മ്മം കണ്ടാലും ചൂണ്ടിക്കാണിക്കാനോ തുറന്നു പറയാനോ ഭൂരിപക്ഷം വൈദികരും തയ്യാറല്ല; ഭീരുക്കളാണവര്‍. ആരെയോ എന്തിനെയോ പേടിച്ചു കഴിയുന്നു. ദൈവത്തിന്റെയും വിശുദ്ധരുടെയും പേരില്‍ ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്തു തിരുനാളും നൊവേനയുമൊക്കെ വഴി പള്ളിക്കു പണമുണ്ടാക്കാന്‍ വിരുതരാണവര്‍. യേശുവിനെയോ ദൈവത്തെയോ വൈദികര്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നല്ലേ ഇതിനര്‍ത്ഥം? അവര്‍ക്ക് ഈശ്വരാനുഭവമുണ്ടോ? എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. പിന്നെന്ത് ആത്മീയത!

ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക സാഹചര്യത്തില്‍ ദൈവത്തിന്റെ ഹിതം തിരിച്ചറിയാനും യേശുവിന്റെ മാതൃകയില്‍ അതു കാലോചിതമായി ജീവിക്കാനും ഒറ്റക്കും സംഘാതമായും വൈദികര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. പീഡിത സമൂഹങ്ങളോടുള്ള ഉറ്റബന്ധത്തിലും ആഴമായ ദൈവാനുഭവത്തിലും നിന്ന് ഉളവാകുന്ന സമൂല പരിവര്‍ത്തനം സഭയിലും വൈദിക ജീവിതത്തിലും ഉണ്ടായാലേ അവര്‍ക്ക് ആത്മീയതയുണ്ടെന്നോ അവര്‍ ക്രിസ്തീയ പുരോഹിതരാണെന്നോ പറയാനാവൂ.

ഫാ. ജോസഫ് മേക്കര
(ഫെര്‍മെന്റ്റ്‌ എന്നാ പ്രസധീകരണത്തില്‍ നിന്ന്) 

വിമര്ശിക്കുന്നവര്‍ വേദപാഠ ക്ലാസ്‌ നഷ്ടമാക്കിയവര്‍.....


മലയാളം പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍.

നിലവിലുള്ള സഭാസംവിധാനത്തോട് എതിര്പ്പ് പ്രകടിപ്പിക്കുന്നവര്‍ കുഞ്ഞുനാളില്‍ ചില വേദപാഠക്ലാസ്സുകള്‍ നഷ്ടമാക്കിയവരായിരിക്കുമെന്നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. 

ചിട്ടയായ പ്രവര്ത്തനങ്ങളുള്ള കത്തോലിക്കാസഭയുടെ കെട്ടുറപ്പ് തന്നെ സഭാനേതൃത്വത്തോടുള്ള അനുസരണവും കൂറുമാണ്. ചെറുപ്പത്തിലെ നല്‍കുന്ന വേദപാഠക്ലാസ്സുകള്‍ ഏതൊരു വിശ്വാസിയും ഇത് പഠിപ്പിക്കുന്നു. ഈ ക്ലാസ്സുകള്‍ നഷ്ടമാക്കിയവര്‍ മാത്രമേ സഭാസംവിധാനത്തോട് എതിര്പ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുള്ളുവെന്നും മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി.

ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ മുപ്പതാമത്തെയും ക്നാനായ റീജിയണിലെ പതിനൊന്നാമത്തെയും ഇടവകയായ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കാതോലിക്ക് പാരിഷ് ലോംഗ്ഐലണ്ടിലെ ഹെംമ്പ്സ്റ്റഡില്‍ കൂദാശ ചെയ്ത ശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കോട്ടയം രൂപതാധ്യക്ഷന്‍. ഈ ഇടവകയുടെ സ്ഥാപനത്തിനുവേണ്ടി മാത്രം എത്തിയതായിരുന്നു അദ്ദേഹം.

ക്നാനായ സമൂഹത്തിന്റെ അനന്യതയും വ്യതിരക്തിതയും പരിശുദ്ധ സിംഹാസനം വ്യക്തമായി മനസ്സിലാക്കിയിട്ടുള്ളത് ഓര്‍ക്കണമെന്ന് മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി. കോട്ടയം ആസ്ഥാനമാക്കി ക്നാനയകാര്‍ക്ക് രൂപത സ്ഥാപിച്ചത് തന്നെ ഇതിനുള്ള തെളിവ്. വംശീയതയും പാരമ്പര്യങ്ങളും നിലനിര്‍ത്തുന്ന ക്നാനായസമുദായം ആ ചിട്ടകളോടെ വളരണമെന്ന് താല്പര്യമുള്ളതുകൊണ്ടാണ് നമ്മുടേതായ രൂപത സ്ഥാപിക്കാന്‍ പരിശുദ്ധ  സിംഹാസനം അനുമതി നല്‍കിയത്.

വംശവിശുദ്ധി കൈമോശം വരാതെ കാക്കേണ്ടത് ഓരോ ക്നാനയക്കാരന്റെയും ചുമതലയാണെന്ന് സമുദായത്തിന്റെ ഗോത്രത്തലവനായ മാര്‍ മാത്യു മൂലക്കാട്ട് ഓര്‍മ്മിപ്പിച്ചു. അല്ലാതെ നഷ്ടമായ തനിമയെക്കുറിച്ചോര്‍ത്തു പശ്ചാത്തപിക്കുന്നതില്‍ അര്‍ത്ഥമില്ല.....

കത്തോലിക്കാ വൈദികരുടെ ഏറ്റുപറച്ചിലുകള്‍

45 വയസ്സ് പ്രായമുള്ള എനിക്ക് ലൈംഗികമോഹങ്ങളുണ്ട്. അക്കാര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യുന്നത്? അത്തരം മോഹങ്ങളുണ്ട് എന്ന് ഞാന്‍ എന്നോടുതന്നെ സമ്മതിക്കുന്നു; അങ്ങിനെയൊന്നുമില്ല എന്ന് എന്നെ വിശ്വസിപ്പിക്കാനോ, അത്തരം ചിന്തകളെ അകറ്റുവാനോ ഞാന്‍ ശ്രമിക്കാറില്ല. എന്റെ ശരീരം എന്താണ് എന്നോട് പറയുന്നതെന്നറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ ശരീരം ഞാന്‍ ഇപ്പോഴും സാധാരണ നിലയിലുള്ള ഒരു പുരുഷനാണെന്ന് എന്നോട് പറയുകയായിരിക്കാം. അതില്‍ ദൈവത്തിന്റെ ഒരു സന്ദേശമുണ്ട്. ഒരു വൈദികനും ബ്രഹ്മചാരിയും ആയതിനാല്‍ ചില അവസരങ്ങള്‍ എനിക്ക് നഷ്ടമാകുന്നു. ജീവിതത്തിലെ എല്ലാ പാതകളും ചില വഴികള്‍ അടയ്ക്കുകയും, മറ്റു ചില വഴികള്‍ തുറന്നു തരികയും ചെയ്യുന്നില്ലേ....”

ഒരു കത്തോലിക്കാ വൈദികന്റെ ഏറ്റുപറച്ചിലാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.

Desmond Zwar എന്ന എഴുത്തുകാരന്‍ വൈദികരുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Priests talk openly about their feelings on sex and celibacy

Sunday, December 2, 2012

വിമര്ശിക്കുന്നവര്‍ വേദപാഠക്ലാസ് നക്ഷ്ടമാക്കിയവര്‍ - മാര്‍ മൂലക്കാട്ട്

ന്യൂയോര്‍ക്ക്‌: നിലവിലുള്ള സഭാസംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ കുഞ്ഞുനാളില്‍ ചില വേദപാഠക്ലാസ്സുകള്‍ നക്ഷ്ടമാക്കിയവര്‍ ആയിരിക്കും എന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്.

ചിട്ടയായ പ്രവര്‍ത്തനങ്ങളുള്ള കത്തോലിക്കാസഭയുടെ കെട്ടുറപ്പ് തന്നെ സഭാനേതൃത്തോടുള്ള അനുസരണവും കൂറുമാണ്‍. ചെറുപ്പത്തിലേ നല്‍കുന്ന വേദപാഠക്ലാസ്സുകളില്‍ ഏതൊരു വിശ്വാസിയേയും ഇതു പഠിപ്പിക്കുന്നു.

ഈ ക്ലാസ്സുകള്‍ നക്ഷ്ടമാക്കിയവര്‍ മാത്രമേ സഭാസംവിധാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാദ്ധ്യതയുള്ളുവെന്നും മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി

(വാര്‍ത്ത: മലയാളം പത്രം Dec .05, 2012.)

വേദപാഠ ക്ലാസ്സുകള്‍ - പാപ്പച്ചി വല്യപ്പന്‍


വേദപാഠ ക്ലാസ്സുകള്‍ നഷ്ടമാക്കി കണ്ടവന്റെ -
മാവില്‍ എറിഞ്ഞു നടന്നവര്‍ ക്നാനായക്കാര്‍
ചിട്ടയില്ലാതെ കട്ടു കൊണ്ടുവന്ന് ചട്ടിയില്‍ -
മോന്തിക്കുടിച്ചവര്‍ ക്നാനായക്കാര്‍

പള്ളിയില്‍ പോകാതെ വട്ടു കളിച്ച്
കോലും കളിച്ച് നടന്നവര്‍ ക്നാനായക്കാര്‍
കുര്‍ബാന കാണാതെ റബ്ബറ് വെട്ടി ഇഞ്ചി നട്ട്
കപ്പ നട്ട് വിത്ത്‌ വിതച്ചവര്‍ ക്നാനായക്കാര്
പള്ളിതന്ന കാഞ്ഞഎണ്ണയും പുഴുപിടിച്ച ഉപ്പുമാവും
വലിച്ചുവാരി തിന്നവര്‍ ക്നാനായക്കാര്‍
അനുസരണംകെട്ടവര്‍ കൂറില്ലാത്തവര്‍
മോതിരം മുത്താത്തവര്‍ ക്നാനായക്കാര്‍

ചൊല്ലിടുന്നു നമ്മുടെ പിതാമഹന്‍ വാക്കിലൂടെ-
വേദനിപ്പിക്കുന്നു പഴയ കാര്യങ്ങള്‍ ഉരുവിട്ടുകൊണ്ട്

മഴ നനഞ്ഞ് വെയിലുകൊണ്ട് വിളവെടുത്ത്
പടുത്തുയര്‍ത്തിയ പള്ളികള്‍ ആര്‍ക്കുവേണ്ടി എന്ന് -
ഓര്‍ത്തിടാതെ തിളപ്പിക്കുന്നു ഞങ്ങളെ!
മറന്നിതോ! കഷ്ടപ്പെട്ടൊരു പൂര്‍വ ജനതയെ!

കമകമാന്ന്‍ മിണ്ടാത്ത വിശ്വാസിയെ
പഠിപ്പിക്കുന്നവര്‍ ഓര്‍ത്തിടേണം
യുഎസ്സില്‍ വെടിയിട്ട് പൊട്ടിച്ച ക്നാനായ പാറയില്‍
പണിയുന്ന പള്ളികള്‍ ആര്‍ക്കുവേണ്ടിയെന്ന്‍!!!

പാപ്പിച്ചി വല്യപ്പന്‍

മാണി സാറും പ്രാഞ്ചിയും പിന്നെ പുണ്യാളനും


അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയുടെ തെരഞ്ഞെടുപ്പും ആഘോഷവും ഒക്കെ നമ്മുടേതു വച്ച് നോക്കുമ്പോള്‍ ഒന്നും അല്ല. അതിന്റെ വിജയാഘോഷവും ക്നാനായതെരെഞ്ഞെടുപ്പും വിജയാഘോഷവും വച്ച് നോക്കുമ്പോള്‍ കടലും കടലാടിയും പോലുള്ള അന്തരം ഉണ്ട്.

ഇന്നലെ വിജയശ്രീലാളിതനായ സാക്ഷാല്‍ ജോര്‍ജ് ആന്‍ഡ്‌ ടീം ഒരു കലക്ക് കലക്കി. ട്വന്റി ട്വന്റി ക്രിക്കറ്റ്‌ കളി ജയിക്കുന്ന ടീം ഷാംപയിന്‍ പൊട്ടിക്കും എന്നാല്‍ വാറ്റ് ചാരായം കുടിച്ചു തഴമ്പിച്ച പാരമ്പര്യം ഉള്ള ക്നാനായമക്കള്‍ മുന്തിയ ഇനം കണ്ടിട്ടില്ലാത്ത കുപ്പി വരെ പൊട്ടിച്ചു. ഇതാണ് നമ്മുടെ തനിമ. ഗോലിയാത്തിനെ എറിഞ്ഞു വീഴിച്ച ദാവീദ് രാജാവിനെ പോലെ ജോര്‍ജ് ഇന്നലെ ക്നാനായ മക്കളുടെ ഹീറോ ആയിരുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ വയര്‍ നിറയെ തീറ്റി. എന്നിട്ടും പന്ത്രണ്ട് കുട്ട നിറയെ മിച്ചം എന്നതുപോലെ ജോര്‍ജ് ജയിച്ചു എന്ന് മാത്രമല്ല പിരിച്ച പണം പിന്നെയും മിച്ചം. വയര്‍ നിറയെ തിന്നതും കുടിച്ചതും വേറെ. തോറ്റവന്‍ എവിടെ എന്ന് ആരും തിരക്കിയില്ല. അവര്‍ക്ക് പണനഷ്ടവും മാനഹാനിയും മാത്രം ഫലം. ജയിച്ചവരുടെ കൂടെ നിന്നിരുന്നുവെങ്കില്‍ ‍ഇന്നലെ അടിപൊളി ആയി വീക്ക്‌എന്‍ട് ആഘോഷം നടത്താമായിരുന്നു എന്ന് ഓര്‍ത്ത് വിലപിക്കുന്നവരും ഉണ്ട്.

തോറ്റു എന്ന് മാത്രമല്ല പാളയത്തില്‍ പട കൂടി തുടങ്ങിയാലോ? എങ്ങനെ സഹിക്കും?. എല്ലാത്തിനും കാരണം ചിലര്‍ക്ക് ഒറ്റ വോട്ട് കിട്ടിയതാണ്. വിവരം ഇല്ലാത്ത പ്രാഞ്ചികള്‍ക്ക് കുരുട്ടുബുദ്ധി ഉണ്ട് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. ഇവിടെയും സ്വന്തക്കാരുടെ വിജയത്തിന് അവര് ഒരു ശ്രമം നടത്തി. വീട്ടുകാരെയും സ്വന്തക്കാരെയും രക്ഷിചിട്ടല്ലേ നാട്ടുകാരെ നോക്കുന്നത്. നമ്മുടെ പൂര്‍വ പിതാവായ നോഹ പോലും ഭാര്യയേയും മക്കളെയും കപ്പലില്‍ കയറ്റി. പിന്നെയല്ലെ പ്രഞ്ചികള്‍.

എങ്കിലും പ്രാഞ്ചികളില്‍ ചിലര്‍ക്ക് ഒരു വിഷമം. വലിയ നേതാവ് തോറ്റതില്‍ അല്ല. ഡിസംബര്‍ മാസം നാട്ടില്‍ പോകുമ്പോള്‍ യു.ഡി.ഫ് നേതാവ് തങ്കച്ചനോടും മാണിസാറിനോടും എന്ത് പറയും. അവര്‍ ഈ വാര്‍ത്ത കേട്ടാല്‍ ഞെട്ടുകയും ചുമക്കുകയും ചെയ്യും. പണ്ടേ മാണി സാറിന് ശ്വാസം മുട്ടല്‍ ഉണ്ട് തന്നെയുമല്ല ജോസ്മോന്‍ കേന്ദ്രമന്ത്രി ആകാത്തതില്‍ വിഷമിച്ച് ഇരിക്കുന്ന സമയം. തങ്ങളെ കാണുമ്പോള്‍ ചിക്കാഗോ കാര്യം ചോദിച്ചാല്‍ എന്ത് ഉത്തരം പറയും? അതാണ്‌ പ്രാഞ്ചിയിലെ കേമന്മാരെ അലട്ടുന്ന പ്രശ്നം. കാരണം ഈ തോല്‍വി കേന്ദ്ര സര്‍ക്കാരിനെയും കേരള സര്‍ക്കാരിനെയും പ്രതിസന്ധിയില്‍ ആക്കുമോ എന്നാണ് പ്രാഞ്ചികളുടെ ഭയം. ഓര്‍ത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഉഴവൂര്‍ പള്ളിയിലെ പുണ്യാളാ ഞാന്‍ ഒരു തിരുനാള്‍ കൂടി കഴിച്ചുകൊള്ളാം എന്ന് കള്ള് കുടിച്ച് ബോധം പോയപ്പോള്‍ പറഞ്ഞു. (അല്ലങ്കില്‍ തന്നെ അത് കമ്മി ആണന്ന് നാട്ടുകാര്‍ക്ക് അറിയാം). എങ്കിലും ഞങ്ങടെ മാണിസാറിന് ഒന്നും വരുത്തരുതേ എന്നാണ് പ്രാര്‍ത്ഥന.

പുണ്യാളന്‍ എന്തെല്ലാം കാര്യങ്ങള്‍ നോക്കണം. മദ്യവ്യവസായികളെ സംരക്ഷിക്കണം (പണ്ട് കാലത്ത് നാടന്‍ വാറ്റുകാരെ എക്സൈസില്‍ നിന്നും രക്ഷിച്ച ചരിത്രം ഉണ്ടത്രേ) തട്ടിപ്പ്കാരായ പ്രാഞ്ചികളെ പിടിപ്പിക്കാതിരിക്കണം, സ്കൂള്‍ കെട്ടിടം പണികഴിപ്പിക്കണം, മെത്രാനച്ചനെ നോക്കണം, ഇപ്പോള്‍ പ്രാഞ്ചികളുടെ വക അടുത്ത ആവശ്യം മാണിസാറിനെ നോക്കണം. ഞങ്ങളുടെ പുണ്യാളന്‍ വിളിച്ചാല്‍ വിളി കേള്‍ക്കും എന്ന് പ്രാഞ്ചി ആണ ഇട്ട് പറഞ്ഞു. അപ്പോള്‍ കത്തോലിക്കാ സഭയിലെ ബാക്കി പുണ്യാളന്മാര്‍ ബധിധരും മൂകരും ആയിരുന്നോ എന്ന് പ്രാഞ്ചികളോട് ആരും ചോദിച്ചില്ല. കാരണം കൂട്ടത്തിലെ ബുദ്ധിയുള്ളവന്‍ പറഞ്ഞാല്‍ ആരെങ്കിലും എതിര്‍ത്ത് ചോദിക്കുമോ? അങ്ങനെ ചോദിച്ചാല്‍ സഭാവിരുദ്ധം ആകില്ലേ?

ജയിച്ച തോട്ടപ്പുറവും തോറ്റ കണിയാലിയും ഒരു മുപ്പത് വര്ഷം പിറകിലേക്ക് ചിന്തിച്ചുനോക്കുക. അന്നില്ലായിരുന്ന പണവും പ്രതാപവും നിങ്ങള്ക്ക് ഇന്ന് ഉണ്ട് പക്ഷെ നിങ്ങളിലെ സ്നേഹം വറ്റിയില്ലേ? എന്ത് നേടി നിങ്ങള്‍? കാരണം ആരായാലും അച്ചനായാലും മെത്രാനായാലും മറ്റ് നേതാക്കള്‍ ആയാലും നിങ്ങളിലെ വിടവ് കൂടിയില്ലേ? ഇത് വെറും രണ്ട് വര്‍ഷത്തെ ഇടപാട്. നിങ്ങള്‍ മുടക്കിയ പണവും സമയവും പാവപ്പെട്ട ഒരുവന് വീട് വച്ച് കൊടുക്കുവാന്‍ നിങ്ങള്‍ രണ്ടുപേരും ശ്രമിച്ചിരുന്നു എങ്കില്‍ ആ പാവങ്ങള്‍ നിങ്ങളെ ജീവിതാവസാനം വരെ ഓര്‍ക്കുമായിരുന്നു. ഒപ്പം വരുവാനിരിക്കുന്ന ലോകത്തില്‍ നിത്യസമ്മാനവും.

ക്നാനായമക്കളെ വീര്യം കൂടിയ പാനീയം കുടിപ്പിച്ചതുകൊണ്ട് ഒരു പക്ഷെ അവിടെ ഇത്തിരി വലിയ ഇടം കിട്ടുമോ എന്ന് ഈ പാപിക്ക്‌ അറിയില്ല. മുത്തുക്കുട്ടനും കൂട്ടര്‍ക്കും നിങ്ങള്‍ അല്ലങ്കില്‍ വേറൊരു ഇരയെ കിട്ടും. ഒന്ന് ചീഞ്ഞാല്‍ അടുത്തതിന് വളം...

തിരുനാള്‍ കഴിക്കുന്ന പ്രാഞ്ചികള്‍ കല്ലറ പള്ളിയില്‍ തിരുന്നാള്‍ കഴിച്ച വ്യക്തിയുടെ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. അദേഹം ഇപ്പോള്‍ പോലീസിന്റെ നോട്ടപുള്ളി ആണ്. പണ്ടൊക്കെ തമ്പുരാന്‍ പിന്നെ പിന്നെ ഇപ്പോള്‍ തമ്പുരാനും ഓണ്‍ലൈന്‍ സര്‍വീസ് ആക്കി. അതുകൊണ്ട് ആക്ക്ഷന്‍ വേഗത്തില്‍ ആയിരിക്കും.

 കറിയാക്കുട്ടി  

കാരിത്താസ് മെഡിക്കല്‍ കോളേജും, ക്‌നാനായ സമൂദായ വളര്ച്ചയും

പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍
പ്രസിഡന്റ് K.C.C

എ.ഡി. 345ല്‍ ക്‌നായി തോമ്മയുടെ നേതൃത്വത്തില്‍ കേരളക്കരയില്‍ കുടിയേറിയ ക്‌നാനായക്കാര്‍ കൃഷിയിലും ചെറുകിട വ്യാപാരത്തിലുമാണ് ജീവസന്ധാരണം നടത്തിയിരുന്നത്. വിദ്യാഭ്യാസപരമായ വളര്‍ച്ചയാണ് സമുദായത്തിന്റെ ഉയര്‍ച്ചയുടെ മൂലക്കല്ല്. പണ്ട് കുറച്ച് ഭൂസ്വാമിമാര്‍ ഉണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസ വളര്‍ച്ചയില്‍ക്കൂടിയാണ് സാധാരണക്കാരും പാവപ്പെട്ടവരും ഉയര്‍ച്ചയിലേയ്ക്ക് വന്നത്. ഇത്തരത്തില്‍ സമുദായത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയുടെ ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും. ആദ്യം ചുരുക്കം പള്ളികളും പള്ളിക്കടുത്ത്  പള്ളിക്കൂടങ്ങളും ആരംഭിച്ചു. അത് പിന്നീട് എല്‍.പി. സ്‌കുളുകളായി, എല്‍.പി. സ്‌കൂളദ്ധ്യാപകനാകാന്‍ പത്താം ക്ലാസും റ്റി.റ്റി.സിയും മതിയായിരുന്നതിനാല്‍ നമ്മുടെ ആളുകള്‍ റ്റി.റ്റി.സിയ്ക്കുപോയി അദ്ധ്യാപകരായി. പിന്നീട് ഹൈസ്‌കൂള്‍ ഉണ്ടായപ്പോള്‍ നമ്മുടെ ആളുകള്‍ ഡിഗ്രിയ്ക്കും ബി.എഡി നും പോയി ഹൈസ്‌കൂള്‍ അദ്ധ്യാപകരായി. പിന്നീട് ബി.സി.എം,. ഉഴവൂര്‍ കോളേജുകള്‍ ആരംഭിച്ചപ്പോള്‍ നമ്മുടെ കുട്ടികള്‍ പോസ്റ്റ് ഗ്രാഡുവേഷനുപോയി. കാരണം നമ്മുടെ കോളേജുകളിലെ ജോലിസാദ്ധ്യത. അവരില്‍ പലരും എം.ഫിലും, പി.എച്ച്ഡിയും നേടി. ഇനി ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മെറിറ്റില്‍ എത്രപേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കാരാകുമെന്ന്, ചരിത്രം പരിശോധിക്കാം. എല്‍.പി. സ്‌കുള്‍ കാലഘട്ടം (1948) 4, 5 പേര്‍, ഹൈസ്‌കുള്‍ കാലഘട്ടം (1950) 4, 5 പേര്‍ കോളജ് കാലഘട്ടം (1955) 3, 4 പേര്‍. എന്നാല്‍ ഇന്ന്  50തില്‍ കൂടുതല്‍ കോളേജ് പ്രൊഫസര്‍മാരും 200 ല്‍ കൂടുതല്‍ പ്ലസ്ടൂ അദ്ധ്യാപകരും ഉണ്ടായെങ്കില്‍ അത് നമ്മുടെ സ്വന്തം കോളേജുകള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ ഇവ ഉണ്ടായതുകൊണ്ടും കമ്മ്യുണിറ്റി മെറിറ്റില്‍ നിയമനം ലഭിച്ചതുകൊണ്ടുമാണ്. ഇന്ന് മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്തും ഇതുതന്നെയാണ് സ്ഥിതി. 5-6 ഡോക്ടര്‍മാര്‍ മെറിറ്റില്‍ സമുദായത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്നു. മറിച്ച്  നമ്മുടെ മെഡിക്കല്‍ കോളേജ് ഉണ്ടായാല്‍ 30-35 ക്‌നാനായ ഡോക്ടര്‍മാര്‍ ഉണ്ടാകുന്നു. വിദ്യാഭ്യാസമേഖലയില്‍ നമ്മുക്ക് ലഭിക്കാവുന്ന സംവരണമെങ്കിലും നേടിയെടുക്കേണ്ടേ? സമുദായസംവരണത്തില്‍ കൂടിയല്ലേ നമ്മുടെ 210 കാരെ കയറ്റിയതും, കോളേജ് പ്രൊഫസര്‍മാരൂം, പ്രിന്‍സിപ്പല്‍മാരും ആക്കിയതും. അല്ലാത്തപക്ഷം ഇവര്‍ക്കൊക്കെ ഇതെല്ലാം സ്വപ്നം കാണുവാന്‍ സാധിക്കുമോ?

കാരിത്താസ് മെഡിക്കല്‍ കോളേജ് ആക്കുന്നതിനെ എതിര്‍ക്കുന്നവരുടെ വാദഗതികള്‍.

1)         കാരിത്താസ് ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കിയാല്‍ ഇപ്പോഴത്തെ സല്‍പേര്

പോകും. ഒരു ആശുപത്രിയ്ക്ക് മെഡിക്കല്‍ കോളേജ് ലഭിച്ചാല്‍ അത് ആസ്ഥാപനത്തിന്റെ അപ്ഗ്രഡേഷന്‍ ആണ് അല്ലാതെ ഡീഗ്രഡേഷന്‍ അല്ല. വെല്ലുര്‍, സെന്റ്. ജോണ്‍സ്, അമൃതാനന്ദമയി ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകള്‍ ആയതുകൊണ്ട് അവര്‍ക്ക് വളര്‍ച്ചമാത്രമാണ്. ഒരു മെഡിക്കല്‍ കോളേജ് ആയി മാറിയാല്‍ എത്രയോ പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍, 400 ഓളം പേര്‍ക്ക് നേരിട്ട് തൊഴില്‍, 2000 ഓളം പേര്‍ക്ക് മറ്റു രീതിയില്‍ തൊഴില്‍, നാടിന്റെ വളര്‍ച്ച, തൊഴില്‍ ലഭിക്കുന്നതില്‍ ബഹു ഭൂരിപക്ഷവും സമുദായക്കാര്‍.

2.         സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് പ്രയോജനം ഇല്ല. പണക്കാര്‍ക്ക് വേണ്ടിയാണ്.

31-05-2012 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായുളള എഗ്രിമെന്റില്‍ സര്‍ക്കാരിന്റെ 50 സീറ്റില്‍ 15 സീറ്റുകള്‍ അതാതു സമുദായത്തിന്റെ പ്രവിലേജ് സീറ്റുകളായി, മെറിറ്റടിസ്ഥാനത്തില്‍ നല്‍കണമെന്നാണ്. അതായത് 15 സീറ്റ് സമുദായ മെറിറ്റ് ഈ സീറ്റില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കിയാല്‍ മതി. സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസവായ്പയും ലഭിക്കുന്നു. വിദ്യാഭ്യാസവായ്പാ പലിശ സര്‍ക്കാര്‍ മുഴുവനായും എഴുതിത്തളളുന്ന സാഹചര്യത്തില്‍ നമ്മുടെ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രയോജനകരമല്ലേ? എന്‍ട്രന്‍സ് പരീക്ഷയില്‍ 1, 2 മാര്‍ക്ക് കുറഞ്ഞു പോയതുകൊണ്ട് ഇവര്‍ നേഴ്‌സായി മാറേണ്ടിയിരിക്കുന്നു. ഇവരിലും മാര്‍ക്ക് കുറവുളള മറ്റു സമുദായത്തിലെ കുട്ടികള്‍ ഡോക്ടറായി വരുന്നു. അതുകൊണ്ട് 15 ഡോക്ടര്‍മാരെ വേണോ 15 നേഴ്‌സുമാരെ സൃഷ്ടിക്കണോ. പണക്കാര്‍ക്ക് മറ്റു മെഡിക്കല്‍കോളേജില്‍ ചേരാം, പാവപ്പെട്ട സമുദായ അംഗത്തിന് ഗുണം. 1, 2 മാര്‍ക്കിന്റെ പേരില്‍ എന്‍ട്രന്‍സ് മെറിറ്റ് നഷ്ടപ്പെടുന്ന നമ്മുടെ മക്കള്‍ക്ക് ഇത് ഒരത്താണിയാണ്.

3.         കാരിത്താസ് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആക്കി നിര്‍ത്തിയാല്‍ മതി, മെഡിക്കല്‍ കോളേജ് ആയാല്‍ ക്ലിനിക്കല്‍ മികവ് നഷ്ടപ്പെടും.

ഈ വാദഗതിക്ക് ഒറ്റ മറുപടി മാത്രമേ ഉളളൂ. അങ്ങനെയെങ്കില്‍ വെല്ലൂര്‍, സെന്റ് ജോണ്‍സ്, അമൃതാനന്ദമയി ആശുപത്രികളുടെ ക്ലിനിക്കല്‍ മികവ് നഷ്ടപ്പെട്ടോ. ആശുപത്രിയും മെഡിക്കല്‍ കോളേജും രണ്ട് ഭാഗമാണെന്ന് മനസ്സിലാക്കുക. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രി  സൂപ്രണ്ടിന്റെ കീഴിലും കോളേജ് പ്രിന്‍സിപ്പലിന്റെ കീഴിലുമാണ്.  ക്ലിനിക്കല്‍ മികവ് നഷ്ടപ്പെട്ടതായി അറിയില്ല. കാരിത്താസ് ആശുപത്രികൊണ്ട് സമുദായത്തിന് എന്താണ് കൂടുതല്‍ നേട്ടം. എന്നാല്‍ കാരിത്താസ് മെഡിക്കല്‍ കോളേജ് ആയാല്‍ 15 സീറ്റുകള്‍ ക്‌നാനായമക്കളുടെ നിയമപരമായ അവകാശമാണ്. അതുകൊണ്ട് സമുദായത്തിന് പ്രയോജനം, കോളേജ് ആണ്. ആശുപത്രിയല്ല. ചികിത്സ ഏതെങ്കിലും ആശുപത്രിയില്‍ കിട്ടും. സമുദായ മെഡിക്കല്‍ സീറ്റ് തങ്ങളുടെ കോളേജില്‍ മാത്രമേ കിട്ടു.

4          എന്‍.ആര്‍.ഐ. ല്‍ പഠിക്കുവാന്‍ ആളെ കിട്ടില്ല. അമേരിക്കയില്‍ ടെസ്റ്റ് പാസ്സാകണം.

ഇന്ന് ടെസ്റ്റുകള്‍ എല്ലാ കോഴ്‌സുകള്‍ക്കും എല്ലാ രാജ്യത്തും ഉണ്ട്. ചൈനയില്‍ പോയി ഡോക്ടറാകുന്നവര്‍ ഇവിടെ ടെസ്റ്റ് എഴുതണം. നേഴ്‌സ് ടെസ്റ്റ് പാസ്സാകാതെ എ.എന്‍എം ആയി അമേരിക്കയില്‍ ജോലി നോക്കുന്ന എത്രയോ പേര്‍. കാരിത്താസ് മെഡിക്കല്‍ കോളജ് ആക്കിയാല്‍ ഭാവിയില്‍ വെല്ലൂര്‍, സെന്റ് ജോണ്‍സ് ഗ്രേഡില്‍, വരുകയും. എന്‍.ആര്‍ ഐ സീറ്റില്‍ വലിയ ഡിമാന്റുണ്ടാകാവുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. തന്നെയുമല്ല പി.ജി കോഴ്‌സ് ആരംഭിക്കുമ്പോള്‍ അവിടെയും സമുദായ മെറിറ്റ് ലഭിക്കുന്നു

5)         മറ്റൊരു സംശയം സര്‍ക്കാര്‍ മാറിയാല്‍ എഗ്രിമെന്റ് പാലിക്കുമോ. ഡി.വൈ.എഫ്.ഐ സമരം ചെയ്യില്ലേ.

ഒരു സര്‍ക്കാര്‍ ഒരു എഗ്രിമെന്റ് വച്ചാല്‍ മാറി വരുന്ന സര്‍ക്കാരുകള്‍ അത് തുടരുവാന്‍ ബാദ്ധ്യസ്ഥരാണ്. അല്ലാത്ത പക്ഷം കോടതി അംഗീകരിക്കില്ല. ഉദാ. അണ്‍ എയ്ഡഡ് കോളജ്, എയ്ഡഡ് കോളജ് അദ്ധ്യാപകരുടെ നിയമനം, വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ തന്നെയുമല്ല. 2012 ല്‍ മെഡിക്കല്‍ കോളജ് പ്രവിലജ് സീറ്റ് എഗ്രിമെന്റ് സര്‍ക്കാര്‍  പ്രാവര്‍ത്തികമാക്കി കഴിഞ്ഞു.

6)         വാര്‍ഡുകളില്‍ കിടക്കാന്‍ രോഗികളെ കിട്ടില്ല. കുട്ടികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും പഠിക്കുന്നതിന് ക്‌നാനായക്കാരന്‍ സമ്മതിക്കുമോ?

ഇത് ബാലിശമായ വാദഗതിയാണ്. ഇന്ന് വിദ്യാഭ്യാസരംഗം കംപ്യൂട്ടറിന്റെയും, ഇന്റര്‍നെറ്റിന്റെയും കാലഘട്ടമാണ്. അമേരിക്കയിലും, ലണ്ടനിലും നടക്കുന്ന ഓപ്പറേഷന്‍ ഇവിടെയിരുന്ന് കുട്ടികള്‍ക്ക് കാണാം. പ്രസവം പോലും ഓണ്‍ലൈനായി വന്നു കഴിഞ്ഞു. കാരിത്താസ് ആശുപത്രിയില്‍ വരുന്നവരെല്ലാം ക്‌നാനായക്കാരാണോ ? തന്നെയുമല്ല ഈ വാദം അംഗീകരിച്ചാല്‍ എല്ലാ മെഡിക്കല്‍ കോളജുകളും പൂട്ടേണ്ടി വരും

7)         പണസമാഹരണം

200 കോടി രൂപ മെഡിക്കല്‍ കോളജിനു വേണ്ടി കളയണോ? മലബാറിലും, ഇടുക്കിയിലും ആശുപത്രികള്‍ തുടങ്ങിയാല്‍ പോരേ ?. ആശുപത്രികള്‍ തുടങ്ങിയാല്‍ നമ്മുടെ കുട്ടികള്‍ ഡോക്ടര്‍മാരാകുമോ. ആശുപത്രി തുടങ്ങി വിജയിപ്പിക്കണമെങ്കില്‍ പല വിഷയങ്ങളെപ്പറ്റിയും ചിന്തിക്കണം .മെഡിക്കല്‍ കോളജിനു വേണ്ടിയുള്ള 200 കോടി രൂപ ബാങ്കില്‍ നിന്നും എടുത്ത് പണിയുന്നത് പോലെയാണ് ചിലരുടെ വാദം. ടി തുക 6 വര്‍ഷം കൊണ്ട് ഭാവിയില്‍ പഠിക്കാന്‍ പോകുന്ന കുട്ടികളില്‍ നിന്നും (NRI)മറ്റു രീതികളിലും സമാഹരിച്ചാണ് നടത്തുന്നത്. 1964 ല്‍ ഉഴവൂര്‍ കോളജ് ആരംഭിച്ചപ്പോള്‍ കോട്ടയം രൂപത വേണ്ടെന്നു വച്ചെങ്കില്‍ ഉഴവൂര്‍ പള്ളി സധൈര്യം മുന്നോട്ടു വന്ന് തുടങ്ങുകയുണ്ടായി.  പണത്തിന്റെ ബുദ്ധിമുട്ടു വന്നപ്പോള്‍ ഉഴവൂര്‍ ടൗണിലെ സ്ഥലം വിറ്റു. ഇന്ന് ടി സ്ഥലമാണോ, കോളേജാണോ സമുദായത്തിന് നേട്ടം.? പതിനായിരം കുട്ടികള്‍, അവരുടെ സമ്പത്ത്, എത്രയോ ഇരട്ടി അന്നത്തെ ഉഴവൂര്‍ വികാരി ചൊള്ളമ്പേല്‍ അച്ചനും, ഊരാളില്‍ പീറ്റര്‍ അച്ചനും കാണിച്ച തന്റേടം നമ്മുടെ പിതാക്കന്മാര്‍ കാണിക്കണം.

മറ്റു ക്രൈസ്തവ സമുദായങ്ങള്‍ മെഡിക്കല്‍ എഞ്ചീനിയറിംഗ് മറ്റു വിദ്യാഭ്യാസ മേഖലകളില്‍ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. പാലാ രൂപത എഞ്ചിനീയറിംഗ്, കേറ്ററിംഗ്, എം.ബി.എ കോളജുകള്‍ നടത്തുന്നു. അവര്‍ ചേര്‍പ്പുങ്കലില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. തിരുവല്ല, ജൂബിലി, അമല, കാരക്കോണം, കോലഞ്ചേരി, എല്ലാം ക്രൈസ്തവ മെഡിക്കല്‍ കോളജുകളും ഇപ്പോള്‍ പി.ജി. കോഴ്‌സുകള്‍ തുടങ്ങിക്കഴിഞ്ഞു. നമ്മള്‍ക്ക് പ്ലസ്ടൂവും, ഡിഗ്രിയും മതിയോ, നമ്മള്‍ക്ക് കൂടുതല്‍ പി.ജികള്‍ തുടങ്ങണ്ടോ?. ഉഴവൂര്‍ കോളജില്‍ എം.കോം തുടങ്ങുന്നതിന് മാനേജുമെന്റുമായി എനിക്ക് വഴക്കിടേണ്ടി വന്നു എന്ന സത്യം അവിടുത്തെ അദ്ധ്യാപകര്‍ക്ക് അറിയാം. ഇപ്പോള്‍ എത്രയോ ക്‌നാനായക്കാര്‍ എം.കോം കാരായി.

വയനാട് ഫൊറോനായില്‍ ഒരു എയ്ഡഡ് എല്‍.പി.സ്‌കൂള്‍ പോലും നമുക്കില്ല എന്ന സത്യം ആര്‍ക്കെങ്കിലും അറിയാമോ? വയനാടിന്റെ ദാരിദ്ര്യത്തിന്റെ ചരിത്രവും വിദ്യാഭ്യാസപുരോഗതി ലഭിച്ചില്ലായെന്നതു തന്നെ.

8)         സഭാ-സമുദായ സൗഹൃദാന്തരീക്ഷം

സഭാനേതൃത്വവും അല്മായനേതൃത്വവും തമ്മിലുള്ള സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണം. അല്മായന്റെ പണം മതി പിന്നീട് എല്ലാം തങ്ങള്‍ തന്നെ ചെയ്‌തോളാം എന്ന ധിക്കാരപരമായ നിലപാടു മാറണം. കാരിത്താസ് ആശുപത്രിയില്‍ സമുദായക്കാരന്  യാതൊരു ആനുകൂല്യവും, സമുദായത്തിന്റെ പേരില്‍ നല്‍കുന്നില്ല. ചുരുക്കം ചില രോഗികള്‍ക്ക് സമുദായം നോക്കാതെ ശുപാര്‍ശകളുടെ പേരില്‍ ചെറിയ സഹായം ചെയ്യുന്നുണ്ടെങ്കില്‍, അത് എല്ലാ ആശുപത്രികളും ചെയ്യുന്ന കാര്യമാണ്. കാരിത്താസ് ആശുപത്രിയില്‍ കോട്ടയം സമുദായക്കാരന് എന്തെങ്കിലും പരിഗണന നല്‍കിയാല്‍ മാത്രമേ സമുദായത്തിന്റെ സഹായം ആകൂ. കാരിത്താസിന്റെയും, ചൈതന്യയുടെയും പൊതുപരിപാടികളില്‍ അല്മായ നേതൃത്വത്തെ അവഗണിക്കുന്നു. അല്മായ നേതൃത്വത്തെക്കാള്‍ അവര്‍ക്കിഷ്ടം മറ്റുചിലരെയാണ്.

ഈ അവഗണനകള്‍ എല്ലാം സഹിക്കാം. ഞങ്ങള്‍ക്ക് ഭരണസമിതിയിലോ അധികാരത്തിലോ പങ്കുവേണ്ട എന്നാലും സമുദായത്തിന് വേണ്ട അംഗീകാരം നല്‍കിയാല്‍ മതി. ടി സാഹചര്യങ്ങള്‍ എല്ലാം ഉണ്ടെങ്കില്‍ പോലും നമ്മുടെ സമുദായത്തിന്റെ ഉന്നമനത്തിന്, കാരിത്താസ് മെഡിക്കല്‍ കോളജ് ആകേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. ആയതിന് എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റി വെച്ച് നമുക്ക് കൈകോര്‍ക്കാം. 

(2012 ഡിസംബര്‍ ലക്കം സ്നേഹ സന്ദേശത്തിലെ മുഖ്യ ലേഖനം)

ചരമം - ഉഴവൂര്‍: വെട്ടിക്കനാല്‍ ആന്‍സി

വെട്ടിക്കനാല്‍ ജോസിന്റെ ഭാര്യയും ഉഴവൂര്‍ സെന്റ്‌ ജോവാനാസ്‌ യു.പി സ്‌കൂളിലെ അധ്യാപികയുമായ ആന്‍സി (ബീന) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (04/12/12) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോന പള്ളിയില്‍.

മക്കള്‍: ടോം (പ്ലസ്‌ ടു), മരിയ (എട്ടാംക്ലാസ്‌) . ഇരുവരും ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

പരേത ഉഴവൂര്‍ എണ്ണംപ്ലാശേരില്‍ കുടുംബാംഗമാണ്‌. 


Saturday, December 1, 2012

സ്നേഹ സന്ദേശം 2012 ഡിസംബര്‍ ലക്കം

സുഹൃത്തുക്കളെ,

2008 നവംബറില്‍ ആരംഭിച്ച സ്നേഹ സന്ദേശത്തിന്റെ അന്പതാം ലക്കം ഡൌണ്‍ലോഡ് ചെയ്യുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


വലിയ സ്ഥാപനങ്ങളോ, വന്ശക്തികളോ ഒന്നും പിന്നിലില്ലാതിരുന്നിട്ടും ഒരു ലക്കംപോലും മുടങ്ങാതെ ഇവിടം വരെ ഞങ്ങളെ എത്തിച്ച ദൈവത്തിന്റെ അനുന്ഗ്രഹങ്ങള്ക്ക് നന്ദി പറയുന്നതിനൊപ്പം, ഞങ്ങളോട് സഹകരിച്ച ലോകമെമ്പാടുമുള്ള വായനക്കാര്‍, എഴുത്തുകാര്‍, പരസ്യദാതാക്കള്‍ എന്നിവരോടുള്ള കടപ്പാടും ഇത്തരുണത്തില്‍ പ്രകടിപ്പിക്കട്ടെ.

പതിവ് വിഭവങ്ങള്‍ എല്ലാം ഈ അമ്പതാം ലക്കത്തിലുമുണ്ട്. ഒരു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്ന മാനി എന്ന ജയിംസ്‌ ജോസഫ്‌ തന്റെ പതിവുശൈലിയില്‍, ഓപ്പറേഷന്‍ സമയത്ത് ശരീരത്തില്‍ കയറിയ അന്യരക്തംകാരണം തന്റെ ക്നാനയത്വം കുറഞ്ഞോ എന്ന് സംശയിച്ചു നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഞീഴൂര്‍ സ്വദേശി ജോസഫ്‌ കുര്യന്‍ പുലികുത്തിയേല്‍ എഴുതിയ ലേഖനം വായിച്ച് പല നെറ്റികളും ചുളിഞ്ഞേക്കാം. ക്നാനായ കത്തോലിക്കാ കോണ്ഗ്രസ്‌ പ്രസിഡന്റ്‌ ജോയി മുപ്രാപ്പള്ളി മെഡിക്കല്‍ കോളേജ് വിഷയത്തെക്കുറിച്ച് എഴുതിയതാണ് ഇത്തവണത്തെ മുഖ്യലേഖനം.

വായനക്കാര്ക്കെല്ലാം, അല്പം നേരത്തെയാണെങ്കിലും, ക്രിസ്തുമസിന്റെ ആശംസകള്‍ നേര്ന്നുകൊണ്ട്‌,

സസ്നേഹം,

അലക്സ്‌ കണിയാംപറമ്പില്‍

കാക്കയ്ക്കും തന്കുഞ്ഞ് പൊന്കുഞ്ഞ് – അപ്പോള്‍ ഈ കുഞ്ഞുങ്ങളോ

നമ്മുടെ കുഞ്ഞുങ്ങളുടെ കലാപ്രകടനം കണ്ടു നാമെല്ലാം രോമാഞ്ചം കൊള്ളാറുണ്ട്. അവരെക്കാള്‍ മികച്ച കലാകാരന്മാര്‍ ഇല്ലെന്നു തോന്നുന്നെങ്കില്‍ ഇത് ഒന്ന് കണ്ടുനോക്കുക. നമ്മുടെതന്നെ നാട്ടിലുള്ള ഈ കുഞ്ഞുങ്ങളെ ഏതു ഗണത്തില്‍ പെടുത്തണം?


 

ബി. എസ്. എന്‍.. എന്‍. വാര്‍ത്ത