നിങ്ങളില്‍ കാര്യമായ ഒരു മനംമാറ്റം ഉണ്ടാകുന്നതായി പലരും പറയുന്നു. വൈകിയാണെങ്കിലും അങ്ങിനെ സംഭവിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.
ആത്മീയ വ്യവസായത്തിന്റെ നിലനില്‍പ്പ് തന്നെ സമ്പന്നരെ തേടിപ്പിടിച്ചു അവരെ പ്രലോഭിച്ചു ഞെക്കിപ്പിഴിഞ്ഞു ആത്മീയത നടിക്കുന്ന കൊള്ളക്കാര്‍ക്ക് പണമുണ്ടാക്കാന്‍ സാധിക്കുന്നതുകൊണ്ടാണ്. അതിനു മേല്‍പ്പറഞ്ഞ ഇത്തിള്‍ക്കണ്ണികള്‍= ഉപയോഗിക്കുന്നതാകട്ടെ, ഇരുപത്തൊന്നു നൂറ്റാണ്ടു പഴക്കമുള്ള സാങ്കേതിക വിദ്യയും. അതില്‍ വീഴാതിരിക്കാന്‍ സാധാരണക്കാര്‍ക്ക് എളുപ്പമല്ല.
ക്നാനയസമുദായത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ് ഇന്ന് അമേരിക്കയില്‍ താമസിക്കുന്നത്. അതില്‍ തന്നെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സമ്പത്തിന്റെ കാര്യത്തില്‍ ദൈവം കനിഞ്ഞ് അനുഗ്രഹിചിട്ട നിങ്ങളെപ്പോലുള്ളവര്‍. പക്ഷെ ആ ഏതാനും പേര്‍ വിചാരിച്ചാല്‍ ഇന്ന് ക്നാനായ സമുദായത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ സാധിക്കും.
എന്നാല്‍ ഇന്നുവരെ സംഭവിച്ചതെന്താണ്? അവിടെയും ഇവിടെയും ഒരു ഫോട്ടോ പ്രസധീകരിച്ചും അര്‍ത്ഥശൂന്യമായ കുഞ്ഞുകുഞ്ഞു പദവികള്‍ നല്‍കിയും നിങ്ങളുടെ ഈഗോയെ വളര്‍ത്തി, നിങ്ങളില്‍ നിന്ന് കിട്ടാവുന്നത്ര തുക കൈപ്പറ്റി അവര്‍ സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് ഉപയോഗിച്ചു. പൊതുജനത്തിന്റെ മുമ്പില്‍ നിങ്ങള്‍ “പ്രാഞ്ചിയേട്ടന്മാര്‍” ആയി, പരിഹാസ്യരായി. ദൈവതിരുമുമ്പില്‍ നിങ്ങള്‍ സാധുക്കളെ സഹായിക്കാത്ത സൂചിക്കുഴയിലൂടെ കടന്നു സ്വര്‍ഗരാജ്യത്തെത്താന്‍ കഴിവില്ലാത്ത വെറും ഒട്ടകങ്ങളായി.
ഒന്നാലോചിക്കുക. നിങ്ങളുടെ സ്വന്തം കുടുംബങ്ങളിലും, നിങ്ങളുടെ പരിചയത്തിലും എത്രയോ സാധുക്കളുണ്ട്? അവര്‍ക്കുവേണ്ടി നിങ്ങളാല്‍ കഴിയുന്നത്ര സഹായം ചെയ്യാന്‍ സാധിച്ചു എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ? നിങ്ങള്‍ ഇടനിലക്കാര്‍ക്ക് നല്‍കിയ പണമെല്ലാം നിങ്ങള്‍ വിശ്വസിച്ച രീതിയില്‍ വിനയോഗിക്കപ്പെട്ടു എന്ന് ഉറപ്പുണ്ടോ? ഒരു സമുദായത്തെ മൊത്തം കബളിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയവരില്‍ നിന്ന് നിങ്ങള്ക്ക് നീതി ലഭിച്ചോ എന്ന് ഒരാത്മപരിശോധന നടത്തിനോക്കുക.
ഇടതു കൈ കൊടുക്കുന്നത് വലതുകൈ അറിയരുതെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുള്ള നിലയ്ക്ക്, പത്രത്താളുകളിലും, കെട്ടിടത്തിന്റെ ഭിത്തികളിലും നിങ്ങളുടെയും, നിങ്ങളുടെ കുടുംബാങ്ങങ്ങളുടെയും പേരുകള്‍ എഴുതിയും കൊത്തിയം വച്ചത് നിങ്ങളോടുള്ള സ്നേഹം കൊണ്ടോ, അതോ നിങ്ങളുടെ പണത്തിനോടുള്ള അത്യാര്ത്തികൊണ്ടോ എന്ന് ചിന്തിക്കുക.
ക്നാനായ സമുദായം – പ്രത്യേകിച്ച് വടക്കേ അമേരിക്കയിലെ ക്നാനായ സമുദായം – ഒരു നവോത്ഥാനത്തിന്റെ പാതയിലാണ്. "ഇനിയും ഞങ്ങളെ കബളിപ്പിക്കാനാവില്ല" എന്ന സന്ദേശം പള്ളിമേടകളിലും അരമനകളിലും ഇന്ന് മുഴങ്ങികേള്‍ക്കുന്നു.
നിങ്ങളുടെ സമ്പത്ത് നിങ്ങളുടെ സ്വന്തമാണ്. അത് എങ്ങിനെ വിനയോഗിക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല. ഇത്രമാത്രം പറഞ്ഞുകൊള്ളട്ടെ – നിങ്ങള്ക്ക് കഴിയാവുന്നത്രയും സഹായം ഇടനിലക്കാരെ ഒഴിവാക്കി ചെയ്യുക. സ്വന്തം പടം പത്രത്തില്‍ വരുന്നതിനെക്കാള്‍ എത്രയോ മടങ്ങ് സന്തോഷം ഒരു ദരിദ്ര്യനാരായണന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍ നിന്ന് നിങ്ങള്ക്ക് ലഭിക്കും എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് മനസ്സിലാക്കുക.
“നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ, അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്”
(സുഭാഷിതങ്ങള്‍, 3: 27)
No comments:
Post a Comment