Monday, June 4, 2012

ക്‌നാനായ കത്തോലിക്കാ കോണ്ഗ്ര്സ് പ്ലാറ്റിനം ജൂബിലി നിറവില്‍


വ്യക്തിയുടെയും സമൂഹത്തിന്റെയും നിലനില്പിനും വളര്‍ച്ചയ്ക്കും ആവശ്യമായ ഘടകം ചരിത്രബോധം ഉണ്ടായിരിക്കുക എന്നതാണ്. അത് വ്യക്തികളെ സ്വതന്ത്രരും പരസ്‌നേഹമുള്ളവരും, പരസ്പരസഹകരണമുള്ളവരുമാക്കുക മാത്രമല്ല നല്ല വ്യക്തിത്വത്തിനുടമകളാക്കി നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും. അതുപോലെ സംഘടനകളെ വ്യക്തിതാല്പര്യത്തിനുപരി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനുവേണ്ടി നിലകൊള്ളാന്‍ പ്രാപ്തരാക്കുകയും ചെയ്യും. മഹത്തായചരിത്രവും പാരമ്പര്യവും സംസ്‌കാരവുമുള്ള ക്‌നാനായസമുദായത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കും പ്രശസ്തിക്കുംവേണ്ടി പ്രവര്‍ത്തിക്കുകയും അംഗങ്ങളില്‍ സമുദായബോധവും ആത്മാഭിമാനവും വളര്‍ത്തുന്നതിന് നിര്‍ണ്ണായകമായ പങ്കുവഹിക്കുകയും ചെയ്ത ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് എന്ന കേരള കത്തോലിക്കാസഭയിലെ ആദ്യത്തെ അല്മായസംഘടനയുടെ ഉത്ഭവവും വളര്‍ച്ചയും എങ്ങനെയായിരുന്നു എന്നറിയുന്നതിന് താല്പര്യം ഉണ്ടായിരിക്കുമല്ലോ!

ക്‌നാനായ കത്തോലിക്കാ മഹാജനസഭ

1930 മുതല്‍ കോട്ടയം രൂപതാസംഘം എന്നൊരു സംഘടന രൂപതയില്‍ പ്രവര്‍ത്തിച്ചുപോന്നു. അഡ്വ. ജോസഫ് മാളേയ്ക്കല്‍ പ്രസിഡന്റും മോണ്‍. സിറിയക് മറ്റത്തില്‍ ജനറല്‍ സെക്രട്ടറിയുമായുള്ള ആ സംഘടനയാണ് ആദ്യം രൂപംകൊള്ളുന്നത്. പല കാരണങ്ങളാല്‍ അധികകാലം അതിനു മുന്നോട്ടുപോകാനായില്ല. 1937-നോടുകൂടി പ്രസ്തുത സംഘടന പ്രവര്‍ത്തനം നിലച്ചതോടെ 1938 മെയ് 24, 25 തീയതികളിലായി പ്രൊഫ. വി.ജെ. ജോസഫ്, ജോസഫ് ചാഴികാടന്‍, അഡ്വ. തോമസ് മാക്കീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമുദായകാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി കൈപ്പുഴയില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ വെച്ച് ക്‌നാനായ കത്തോലിക്കാ മഹാജനസഭ എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയും നിയമാവലി അംഗീകരിക്കുകയും ചെയ്തു.

കോട്ടയം രൂപതയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു പ്രസ്തുത സംഭവം. കാരണം രൂപതയുടെ ചരിത്രത്തിലെ പല നിര്‍ണ്ണായക സംഭവങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം കേരളത്തിലെ കത്തോലിക്കാസമൂഹത്തിന് മാതൃകയായ ഈ സംഘടന അല്മായരുടെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന ആദ്യത്തെ സംഘടനയുമാണ്.

മലബാര്‍ കുടിയേറ്റം

ക്‌നാനായക്കാര്‍ ഒരു കുടിയേറ്റസമൂഹമാണ്. എ.ഡി. 345-ലെ കുടിയേറ്റം ആദ്യത്തെ കുടിയേറ്റം എന്നു പറയുന്നതാവും ശരി. 1939-ലെ രണ്ടാംലോകമഹായുദ്ധാനന്തരം ദാരിദ്ര്യം അനുഭവിക്കേണ്ടിവന്ന കാലത്ത് ക്‌നാനായ കത്തോലിക്കാമഹാജനസഭ ഏറ്റെടുത്ത വലിയൊരു സംരംഭമായിരുന്നു മലബാര്‍ കുടിയേറ്റം. കുടിയേറ്റത്തിന്റെ ആവശ്യകത സമുദായക്കാരെ ബോധ്യപ്പെടുത്തുവാനായി ഇടവകതോറും പ്രചരണപരിപാടി സംഘടിപ്പിക്കുവാന്‍ ക്‌നാനായ കത്തോലിക്കാ മഹാജനസഭയുടെ നേതൃത്വം ആരംഭിച്ചതിന്റെ ഫലമായി മലബാര്‍ കുടിയേറ്റം വന്‍വിജയമാകുകയായിരുന്നു. ഇന്ന് അന്‍പതിലധികം പള്ളികളിലായി മലബാറില്‍ കഴിയുന്ന ക്‌നാനായജനത ക്‌നാനായ കത്തോലിക്കാമഹാജനസഭയുടെ പ്രവര്‍ത്തനപാതയിലെ പൊന്‍തൂവലാണ്. സംഘടിത മലബാര്‍ കുടിയേറ്റത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സമുദായാംഗങ്ങള്‍ പലരും പിന്നീട് സ്വന്തനിലയില്‍ മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിയേറി പാര്‍ക്കുകയുണ്ടായി.

സാമൂഹ്യപ്രശ്‌നങ്ങളിലും രാഷ്ട്രീയപ്രശ്‌നങ്ങളിലും മഹാജനസഭ കാലാകാലങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ പുരോഗമനപരമായ നേതൃത്വം നല്‍കുന്നതില്‍ സംഘടന എക്കാലവും വിജയിച്ചിട്ടുണ്ട്. ഉത്തരവാദഭരണവും ഇടക്കാല ജനകീയ ഗവണ്‍മെന്റും തിരുവിതാംകൂറില്‍ ഉടന്‍ നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും ഐക്യകേരള സംസ്ഥാനത്തെ സ്വാഗതം ചെയ്തും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ അംഗമാകണമെന്നും അവയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ സകലപരിശ്രമങ്ങളും അക്രമരഹിതമായ മാര്‍ഗ്ഗത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനോട് സഹകരിക്കണമെന്നുമുള്ള പ്രമേയങ്ങളും മഹാജനസഭ 1947-ല്‍ പാസാക്കിയത് ഇതിന് ഏറ്റവും വലിയ തെളിവാണ്. 1947-ലെ ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യദിനം മഹാജനസഭയുടെ ആഭിമുഖ്യത്തില്‍ കൈപ്പുഴയില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു.

ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസ്

ക്‌നാനായ കത്തോലിക്കാ മഹാജനസഭ എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഘടനയുടെ പേര് ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസ് എന്നാക്കി മാറ്റണമെന്ന് 1965 മെയ് 23-ാം തീയതി നടന്ന 27-ാം വാര്‍ഷിക പ്രതിനിധിസമ്മേളനം തീരുമാനിച്ചു. അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസിന്റെ അംഗസംഘടന എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മഹാജനസഭയും അതിനു സമാനമായ പേര് സ്വീകരിക്കുന്നത് ഉചിതമായിരിക്കും എന്നതിനാലാണ് ഇപ്രകാരം പുതിയ പേര് സ്വീകരിച്ചത്.

ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിക്കൊണ്ട് യുവജനങ്ങള്‍ക്കായി ഒരു സംഘടന ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനഫലമായി 1970-ല്‍ അഡ്വ. സിറിയക് ജോസഫിന്റെ പ്രത്യേക താല്പര്യത്തില്‍ യുവജനങ്ങള്‍ക്കുമാത്രമായി ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്ന സംഘടന രൂപീകരിക്കുകയും പ്രസ്തുത സംഘടനയെ ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസിന്റെ യുവജനവിഭാഗമായി അംഗീകരിക്കുകയും ചെയ്തു.

1973-ല്‍ ക്‌നാനായ കാത്തലിക് വിമെന്‍സ് അസ്സോസിയേഷന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയതും ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസാണ്. സമുദായാംഗങ്ങളുടെ കലാ-സാംസ്‌കാരിക-സാഹിത്യ മണ്ഡലങ്ങളിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായും അവരുടെ തനതായ പൈതൃകത്തെപ്പറ്റി ബോധവാന്മാരാക്കുന്നതിനുംവേണ്ടി സംഘടനയുടെ കലാ-സാംസ്‌കാരിക വിഭാഗമായി ''ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റി'' 1981 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. മാസത്തിലൊരിക്കല്‍ ഒന്നിച്ചുകൂടുന്നതിനും കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും പരസ്പരം പരിചയപ്പെടുത്തുന്നതിനും ഈ സൊസൈറ്റി വഴി സാധിക്കുന്നുണ്ട്.

1970-ല്‍ ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസ് ആരംഭം കുറിച്ച സമൂഹവിവാഹം എന്ന പുതിയ പരിപാടിക്ക് ജനമധ്യത്തില്‍ വലിയ പ്രചാരം ലഭിക്കുകയുണ്ടായി. ഏറെ വര്‍ഷങ്ങള്‍ സമൂഹവിവാഹ പരിപാടി നടത്തിക്കൊണ്ടു പോകുവാന്‍ ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസിനുകഴിഞ്ഞു. ഇതിനുശേഷം പല പ്രസ്ഥാനങ്ങളും സമൂഹവിവാഹം എന്ന ആശയം നടപ്പിലാക്കിത്തുടങ്ങി.

ഗ്ലോബല്‍ ബിസിനസ്സ് മീറ്റ്

കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ 2011 ഓഗസ്റ്റില്‍ രൂപതാസ്ഥാപനദിനവും ബിസിനസ്സ് മീറ്റും നടത്തുകയുണ്ടായി. സമുദായക്കാരെ സഹകാരികളാക്കിക്കൊണ്ട് ബാങ്ക്, എഡ്യൂസിറ്റി, മെഡിക്കല്‍കോളജ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കോര്‍ കമ്മറ്റിയെ നിയോഗിച്ചുപ്രവര്‍ത്തിച്ചുവരുന്നു.

എന്‍ഡോഗമിയും സമുദായപ്രശ്‌നങ്ങളും

അമേരിക്കയിലെ കെ.സി.സി.എന്‍.എ. പ്രതിനിധികളും ക്‌നാനായ റീജിയന്‍ ഭാരവാഹികളും ലോസാഞ്ചലസില്‍ 2012 ജനുവരി 25-ന് നടത്തിയ ചര്‍ച്ചയില്‍ ഷിക്കാഗോ രൂപതയുടെ കീഴിലുള്ള ക്‌നാനായ കത്തോലിക്കാപള്ളികളില്‍ സമുദായത്തിനു പുറത്തുനിന്നും വിവാഹം കഴിക്കുന്നവര്‍ക്ക് അംഗത്വം ഉണ്ടായിരിക്കും എന്നൊരു നിര്‍ദ്ദേശം കോട്ടയം മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിലിന്റെ ഭാഗത്തുനിന്നുണ്ടായത് ക്‌നാനായ സമുദായത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കി. കെ.സി.സി. ഇതില്‍ ശക്തമായി പ്രതിഷേധിക്കുകയും അഭിവന്ദ്യ പിതാവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ വര്‍ക്കിംഗ് കമ്മറ്റി ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ലോകത്തെവിടെ ആയാലും ക്‌നാനായ സമുദായത്തിന് ഒരു നിലപാടു മാത്രമേയുള്ളുവെന്നും ജന്മംകൊണ്ടും സ്വവംശ വിവാഹനിഷ്ഠകൊണ്ടും മാത്രമേ ഒരാള്‍ ക്‌നാനായക്കാരനായിരിക്കുകയുള്ളെന്നും അവരുടേതു മാത്രമാണ് ക്‌നാനായപള്ളി എന്നും യോഗം പ്രഖ്യാപിച്ചു. ക്‌നാനായ അതിരൂപത ഒരു സ്വയാധികാരസഭയാകുന്നതിനും ലോകം മുഴുവനിലുമുള്ള സമുദായക്കാരുടെമേല്‍ കോട്ടയം ആര്‍ച്ചു ബിഷപ്പിന് അധികാരം നല്‍കണമെന്നും അതിനായി അഭിവന്ദ്യ പിതാവിന്റെ സഹകരണത്തോടെ ഒരുലക്ഷം സമുദായക്കാരുടെ ഒപ്പുശേഖരിച്ച് റോമിന് കൊടുക്കുവാനും തീരുമാനിച്ചു.

ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസ് സമുദായത്തോടും സഭയോടും കൂറുപുലര്‍ത്തിക്കൊണ്ട് 75-ാം വയസ്സിലും യാത്ര തുടരുന്നു.

ഡോമിനിക് സാവിയോ, വാച്ചാചിറയില്‍

(വിവരങ്ങള്‍ക്ക് ക്‌നാനായ കത്തോലിക്കാകോണ്‍ഗ്രസിനോട് കടപ്പാട്)

2012 ജൂണ്‍ ലക്കം സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചത്.

2 comments:

  1. മാസങ്ങള്‍ക്കുമുന്പു മൂലക്കടെന്‍ ഷികാഗോയില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു.പ്രായപൂര്‍ത്തിയായ
    എല്ലാ ക്നനയക്കാരും ക്നാനായ കത്തോലിക് കോണ്‍ഗ്രസില്‍ അംഗം ആണ് എന്ന്.അങ്ങനെ എങ്കില്‍ ചയിതന്യ
    പ്രസംഗത്തില്‍ എന്ത് കര്‍മം എന്ന് ചോദിക്കുന്നു.അതുപോലെതന്നെ ഒപ്പ് ഇടീല്‍ അദേഹം അറിയില്ല എന്ന്
    പരയുന്പോള്‍ വിശ്വാസി എന്തുചെയ്യും.

    ReplyDelete
  2. What bishop, he is no longer the bishop of Knanaya people. He is the bishop of Mullappally and group. He brought shame to our community. He should be disinvited to all Kna functions whether in Europe or America.
    He declared the end of a tradition in Los Angles all for money and power. He is Muthus only. He does not see the whole picture. He is blindfolded by Muthu.

    ReplyDelete