അപ്പോള്‍ പുതിയ വാദം പത്തില്‍ ഒന്ന് ദൈവത്തിനു ഉള്ളതാണ്. ആ ദശാംശ കണക്കനുസരിച്ച് ഇരുപത്തി നാല് മണിക്കൂറില്‍ രണ്ടര മണിക്കൂര്‍ കര്ത്താവിനാണ്. വാദം കറക്റ്റ്. പിന്നെ എന്താ പരിപാടി. കുര്‍ബാനയുടെ നീളം കൂട്ടുക. അതിന്റെ ആലോചനയില്‍ ആണ് ഇപ്പോള്‍ കുറേപേര്‍. സിനഡ് കൂടി ലിറ്റര്‍ജി വീരന്മാര് തലപുകക്കുന്നു. അച്ചനും മെത്രാനും വേറെ പണി ഒന്നും ഇല്ല തലയിലെ തൊപ്പിയുടെയും കൈയ്യിലെ വടിയുടെയും കാര്യം തീരുമാനിച്ചു. വീണ്ടും ചര്‍ച്ച കുര്‍ബ്ബാന തന്നെ.
വിശ്വാസിക്ക് വേറെ പണി ഉണ്ട് അവന്‍ വരുമോ ഇത്രയും സമയം നില്‍ക്കുമോ അതോ മുങ്ങുമോ അതാണ് അലട്ടുന്ന പ്രശ്നം. ഒരു വിരുതന്‍ പറഞ്ഞു സാരമില്ല. നമ്മള്‍ പുതിയ സിലബസ് കൊണ്ടുവരിക. അപ്പോള്‍ വിശ്വാസി സ്വീകരിക്കും കാരണം അവന്‍ അനുസരണം വൃതം എടുത്തിട്ടില്ലെങ്കിലും വൃതം എടുത്ത അച്ചന്മാരെയും മെത്രാനെയുംകാള്‍ ഭേദം അല്മേനി ആണന്നു വിവരം ഉള്ളവര്‍ക്ക് അറിയാം.
(ലിവേര്പൂളില്‍ നിന്നും ഒരച്ചനെ തിരികെ വിളിച്ചിട്ട് അവസാനം പേടിപ്പിച്ചല്ലേ വൈദികന്റെ അനുസരണവൃതം നടപ്പിലാക്കിയത്. ആ അച്ചന്‍ തിരികെ ലാന്‍ഡ് ചെയ്തു എന്ന് കേള്‍ക്കുന്നു അത് അച്ചനായാണോ അതോ അല്മേനി ആയാണോ എന്ന് നമുക്ക് കാത്തിരുന്നു കാണാം).
മേല്‍പറഞ്ഞത് സത്യമാണ് കുട്ടികളോട് ചോദിച്ചിട്ടല്ലല്ലോ സിലബസ് മാറ്റുന്നത്. പക്ഷെ പ്രശ്നം രണ്ടര മണിക്കൂര്‍ ഇരിക്കാന്‍ വിശ്വാസി വരുമോ അതോ അവനും പഴയ സുറിയാനി പ്രേമം ഉണ്ടോ ആവോ??. വിശ്വാസി ഉണ്ടങ്കില്‍ എന്താ ഇല്ലെങ്കിലെന്താ പത്തില്‍ ഒന്ന് ദൈവത്തിനാണ്. രണ്ടര മണിക്കൂര്‍ പണിക്ക് തച്ച് കൂടുതല്‍ ചോദിക്കാം. ചൊല്ലുന്ന അച്ചന്റെയും മെത്രാന്റെയും സേവന-വേതന വ്യവസ്ഥകള്‍ പുതുക്കാം. പക്ഷെ വിശ്വാസിക്ക് വേദന കൂടും. പണവും സമയവും കൂടുതല്‍ വേണ്ടി വരും.
ഓരോ പരിഷ്കാരങ്ങള്‍ നോക്കുന്നു. ലത്തീന്‍ പള്ളികള്‍ ഉള്ളതു ഭാഗ്യം . വേഗം പണി തീര്‍ക്കാം. പക്ഷെ ഒരു സംശയം മാത്രം സുറിയാനിക്കാരന്‍ മാത്രം പത്തില്‍ ഒന്ന് കൊടുത്താല്‍ മതിയോ അതോ അവന്റെ പൂര്‍വീകര്‍ കൊടുത്തു തീര്‍ക്കുവാന്‍ വല്ലതും ഉണ്ടോ ആവോ?? ഏതു മെത്രനാണോ ദൈവ സന്നിധിയില്‍ കയറി ദൈവഹിതം അറിഞ്ഞു ഭൂമിയിലേക്ക് വന്നത്??? അവരോടു സഭയുടെ പണത്തിന്റെ പത്തിലൊന്ന് ദൈവം ചോദിച്ചോ കാരണം അങ്ങനെ ചെയ്തിരുന്നു എങ്കില്‍ കേരളത്തിലെ പട്ടിണി മാറുമായിരുന്നു.
ഇപ്പോള്‍ തന്നെ അച്ചന്റെ പ്രസംഗവും നീളം കൂടിയ കുര്‍ബാനയും കാരണം പലരും താമസിച്ചു വന്നു നേരത്തെ സ്ഥലം കാലി ആക്കി ഇറച്ചി കടയിലേക്ക് പോകുന്നു. ഇനിയും നീട്ടിയാല്‍ പിന്നെ ഇറച്ചിക്കടയില്‍ എല്ലും തോലും മാത്രം അവശേഷിക്കും. അതുകൊണ്ട് പ്രസംഗം തുടങ്ങുമ്പോള്‍ സുരേഷ് ഗോപിയെ പോലെ “ദാ പോയി ദേ വന്നു” എന്ന് പറഞ്ഞു വിശ്വാസിക്ക് ഒരു ബ്രേക്ക് എടുക്കാം ഇറച്ചിയും ആയി തിരികെ വരാം. അപ്പോഴേക്കും അച്ചന്‍ പണി മടുത്ത് അവസാനിപ്പിക്കും. എല്ലാവരും ഹാപ്പി ആയി പോകാം.
ഉത്തരവ് വരുന്നത് വരെ കാത്തിരിക്കുക. അവര്‍ തിരക്കിലാണ് പുതിയ കുര്‍ബാനയുടെ സിലബസ് അവര്‍ ഉണ്ടാക്കട്ടെ. ഇനി നാല് ദിക്കിലേക്കും തിരിയാം. ദൈവം ഏതു ദിക്കില്‍ നിന്നും വരുന്നു എന്ന് അറിയില്ല. കള്ളന്‍ ഏതു സമയത്ത് വരും എന്ന് അറിയാത്തതിനാല്‍ പകലും രാത്രിയും കുര്‍ബാന കൂടാന്‍ വരണം എന്ന് ഓര്‍ഡര്‍ ഇടുമോ അതോ മണവാളന്‍ വന്നതുപോലെ വെളുക്കപ്പുറത്തു വരുമോ എങ്കില്‍ ആ സമയത്ത് ചൂട്ടും കത്തിച്ചു നമുക്ക് പള്ളിയില്‍ പോകേണ്ടി വരും. സിനഡ് എന്നാണാവോ ഫൈനല്‍ തീരുമാനത്തില്‍ എത്തുന്നത്. ഈ പാവം വിശ്വാസി കാത്തിരിക്കുന്നു.
അരുള്‍ ചെയ്താലും ദാസര്‍ ചെവി ഓര്‍ത്തു കാത്തിരിക്കുന്നു.
കറിയാകുട്ടി

No comments:
Post a Comment