റാലിയിലെ മറ്റൊരു ആകരഷണീയതയായിരുന്നു അണ്ണാച്ചിയുടെ “പുളുക്ക് വെച്ച” ദോശ. ചില പത്രങ്ങളില്‍ കണ്ടു, അത് വലിയ വിജയമായിരുന്നു എന്ന്. ഗീവര്‍ഗീസ് പുണ്യവാളന്റെ പെരുന്നാളിന് നേര്ച്ച കൊടുക്കുന്ന കള്ളപ്പത്തിന്റെ അതേ വലിപ്പമുള്ള രണ്ടു പൊറോട്ടയും മൂന്നു ചിക്കന്‍ വിങ്ങ്സും.... മൂന്നു പൌണ്ട്. മുടിഞ്ഞ ലാഭമല്ലേ... ആര്‍ക്കാ, അണ്ണാച്ചിക്കാണെന്നു മാത്രം. തുറസ്സായ സ്ഥലമായതിനാല്‍ ആഞ്ഞു വീശുന്ന കാറ്റത്ത് ഭക്ഷണം വാങ്ങിയ പലരുടെയും കൈയ്യില്‍ നിന്നും വികൃതിയായ കാറ്റ് ഭക്ഷണം തട്ടിയെടുത്തു... ചെറിയ യുനിട്ടുകളുടെ റാലിയില്‍ വലിയ മതിപ്പില്ലാത്ത ത്രേസ്യാക്കുട്ടി തന്റെ അഭിപ്രായം തുറന്നടിച്ചു.
മെമ്പര്‍മാര്‍ തീരെയില്ലാത്ത ചെറിയ യുനിട്ടുകള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റുകൂടെ? നമ്മുടെ നെറ്റോ സൂപ്പര്‍മാര്‍ക്കറ്റ് മുഴുവന്‍ ഇപ്പോള്‍ അസ്ദാ വാങ്ങിയതുപോലെ. കാശുള്ള യുനിട്ടുകള്‍ വാങ്ങട്ടെ...
ഏറെ പ്രതീക്ഷകളോടെയാണ് കഴിഞ്ഞ രണ്ടു തവണയായി സമ്മാനം വാങ്ങിയ മാഞ്ചെസ്റ്റര്‍ യുനിറ്റിന്റെ റാലിയെ ത്രേസ്യാക്കുട്ടി വിലയിരുത്തിയത്. ഈശ്വരാ, അന്യം വന്നുകൊണ്ടിരിക്കുന്ന ഇല്ലങ്ങളുടെ അവസ്തയാണിവിടെ പ്രതിഫലിച്ചത്. കര്‍ണ്ണാടകത്തില്‍ നിന്നും വരുന്ന ലാഡഗുരുക്കന്മാര്‍ നാട്ടിലെ കവലകളില്‍ മയിലെണ്ണ കച്ചവടം നടത്തുമ്പോള്‍ ഡിസ്പ്ലേ ചെയ്യുന്ന തരം വലിയ ഒരു മയില്‍... അവള്‍ക്കു പിടി കിട്ടാത്തത് ക്നാനയക്കാരും മയിലുമായി എന്ത് ബന്ധം? മയില്‍ ഹിന്ദുക്കളുടെ ആരാധ്യനായ സുബ്രഹ്മണ്യന്റെ വാഹനമല്ലേ. ദൈവമേ ഇനി അങ്ങേരോടിവര്‍ അത് വിലയ്ക്ക് വാങ്ങിയോ - ഇംഗ്ലണ്ടിലെ പള്ളികള്‍ വില്‍ക്കുന്നത് പോലെ? വലിയ ബുധിമതിയൊന്നുമല്ല ത്രേസ്യാക്കുട്ടി. എങ്കിലും ഒന്നവള്‍ ഉറപ്പിച്ചു പറഞ്ഞു... ആന, മയില്‍ ഒട്ടകം ഉണ്ടായിട്ടു മാത്രം കാര്യമില്ല. ആള്‍ബലം വേണം. അതാണാവശ്യം. അഹങ്കാരത്തിന്റെ അര്‍ബുദം ആമാശയത്തില്‍ ബാധിച്ച ഒരു കൂട്ടം ധിക്കാരികള്‍; ഇവര്‍ എത്രയും വേഗം ചികിത്സ തേടണം. അല്ലെങ്കില്‍ ഇനിയും നാശം.
വിനാശകാലേ വിപരീത ബുദ്ധി!
ശ്രദ്ധിക്കുക – ശിക്ഷ ഇഷ്ടത്തിന്റെ അടയാളമാവുന്നു. കാലം അതിക്രമിച്ചിട്ടില്ല.
ത്രേസ്യാക്കുട്ടിയുടെ ഒടുക്കാത്തെ സംശങ്ങള്‍ അവസാനിക്കുന്നില്ല. അല്ല, അച്ചായാ... ഈ മാര്‍ക്കിടാന്‍ നില്‍ക്കുന്നവര്‍ പള്ളീലച്ചന്മാരല്ലേ? ഇവര്‍ക്ക് കുര്‍ബാന ചൊല്ലാനും ഒപ്പീസ്സു ചൊല്ലാനും പിരിവെടുക്കാനുമല്ലാതെ ഇത്തരം കലാപരിപാടികളെ വിലയിരുത്താനും കഴിയുമോ? അല്ല, ഇതിനിപ്പം എന്താ ഇത്ര നോക്കാന്‍... ഇതിനെ വിലയിരുത്താന്‍ ഏതു കൊച്ചു പിള്ളേര്‍ക്കുമാകും. റാലി കഴിഞ്ഞപ്പോഴേ ടിന്റുമോന്‍ പറഞ്ഞതാ... ഇത്തവണ സമ്മാനം ബര്‍മിംഗ്ഹാമിനാണ്. എന്തായിരുന്നു അവരുടെ ഒരു പെര്‍ഫോര്‍മന്‍സ്! കപ്പലിലുള്ള തോമ്മയുടെ ആ വരവ് കണ്ടാല്‍ ആരാ സമ്മാനം കൊടുക്കാത്തത്! മയിലും കുയിലും പുല്ലും മൂങ്ങയുമെല്ലാം അരാജകത്വത്തിന്റെ ലക്ഷണമല്ലേ കാട്ടൂ? എന്തായാലും മനസ്സ് നിറഞ്ഞു; സന്തോഷമായി.
നാട്ടിലൂടെ തേരപ്പാര നടന്ന പലരെയും പല കോലത്തില്‍ ഇവിടെ കാണാന്‍ കഴിഞ്ഞു. കിഴക്കെടത്തെ പീലി ചേട്ടന്റെ മകന്റെ തലയില്‍ ഒറ്റ മുടിയില്ലായിരുന്നു, പണ്ട്. ഇപ്പം എന്ത് മുടിയാ അവന്റെ തലേല്‍! അവനങ്ങു തടിച്ചു കൊഴുത്ത്... എനിക്കറിയാം, എല്ലാം കൊളസ്ട്രോളും ഷുഗറും തന്നെ. അവന്റെ ഊശാന്‍ താടി ത്രേസ്യാക്കുട്ടിക്കത്ര പിടിച്ചില്ല. എന്നാല്‍ കരിങ്കുന്നത്ത് നിന്നും മകനെ കാണാന്‍ വന്ന മത്തായിപ്പാന്റെ ജീന്‍സും ഷൂസും ഇട്ടു കൂളിംഗ് ഗ്ലാസ്സും വച്ച് നില്‍ക്കുന്ന നില്‍പ്പ് കണ്ടാല്‍ ഒരാനചന്തമുണ്ടായിരുന്നു.. ജോണിക്കുട്ടിയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. കഴിഞ്ഞ കാലങ്ങളില്‍ കണ്‍വെന്‍ഷന് വരാന്‍ സാധിക്കാത്തതില്‍ അവനു ഖേദമുണ്ട്. പെണ്ണുങ്ങളുടെ ഒക്കെ കോലം ഒന്ന് കാണേണ്ടത് തന്നെ. കുന്നുംപുറത്തെ സിസിലിയുടെ രൂപം ആകെ മാറിയിരിക്കുന്നു. മുടിയെല്ലാം സ്ട്രൈട്ടന്‍ ചെയ്തു വെളുത്തുചുമന്നു അവളൊരു സുന്ദരിയായിരിക്കുന്നു. മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല. മൊത്തത്തില്‍ എല്ലാവര്ക്കും ഇംഗ്ലണ്ടില്‍ സുഖമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
മുടിഞ്ഞ ത്രേസ്യാക്കുട്ടിയുടെ അവസാനത്തെ പരാതി... എന്നാലും കഴിഞ്ഞ തവണ നാട്ടീല്‍ പോയപ്പോള്‍ അരമനയില്‍ ചെന്ന് വിദ്യാഭാസ ഫണ്ടിലേയ്ക്ക് എന്ന് പറഞ്ഞു ബാങ്കില്‍ നിന്ന് ലോണെടുത്ത ഒരു ലക്ഷം രൂപ കൊടുത്തപ്പോള്‍ കണ്ട ചിരിയൊന്നും ഇപ്പോള്‍ പിതാവിന്റെ മുഖത്തില്ല... കൊച്ചുകള്ളന്‍ കണ്ടിട്ടൊന്നു തിരിഞ്ഞു നോക്കിയതും കൂടിയില്ല.
ബോധമുള്ള ജോണിക്കുട്ടി അവളെ പറഞ്ഞു മനസ്സിലാക്കി. “എടീ, മരക്കഴുതെ, സഭയ്ക്കും തെണ്ടിയ്ക്കും കാശ് കൊടുത്താല്‍ അക്കാര്യം അപ്പഴേ മറന്നേക്കണം. പിന്നീടാക്കാര്യം ഓര്‍ത്തുപോയേക്കരുത്. ഓര്‍ത്താല്‍ നമുക്ക് താങ്ങാനാവില്ല. യാചകര്‍ക്ക് കൊടുക്കുന്ന കാശ് വൈകുന്നേരം കൃത്യമായി കള്ളുഷാപ്പിലെത്തും സഭയ്ക്ക് കൊടുക്കുന്ന കാശിന്റെ കാര്യം..... ഗോപി...
ത്രേസ്യാക്കുട്ടി വെല്‍ക്കം ഡാന്‍സ് സശ്രദ്ധം കേട്ടു. വരികള്‍ മെച്ചം തന്നെ. സംഗീതം, അത് കുളം തോണ്ടി. സന്തോഷ് പണ്ഡിറ്റേ നീയെത്ര ശ്രേഷ്ടന്‍! മലപോലെ വന്നു, എലിയെപ്പോലെ പോയി. എല്ലാം സ്വാഹ!
പഴയ സിനിമയില്‍ നിന്ന് മോഷ്ടിച്ച് നോക്കി വായിച്ച ഡയലോഗ് പ്രകമ്പനം കൊള്ളിക്കുമെന്നു വായിച്ച ആള്‍ക്ക് തോന്നിയിട്ടുണ്ടാവും. സുഹ്രത്തേ, അതും ചീറ്റി....
ചെറുമയക്കത്തില്‍ ഉന്തുവണ്ടിയില്‍ കിടന്ന ടിന്റുമോന്‍ ഊറിചിരിക്കുന്നുണ്ടായിരുന്നു. ഈ മമ്മീടെ ഒരു കാര്യം... കന്ന് കയം കണ്ടത് പോലെയാ... പരിപാടി കഴിഞ്ഞു; വീട്ടില്‍ പോകണമെന്ന ചിന്തയേ ഇല്ല.
താമസിയാതെ തന്നെ അവരുടെ വാഹനം ഹാര്‍ലോ ലക്ഷ്യമാക്കി നീങ്ങി.
മാല്‍വേന്‍ മലകളെ വിട...ഒത്താല്‍ അടുത്ത വര്ഷം വീണ്ടും കാണാം.
മറ്റൊരു കണ്‍വെന്‍ഷന്‍ സ്മരണകളുമായി ത്രേസ്യാക്കുട്ടി, ജോണിക്കുട്ടിയോടൊപ്പം ജീവിതം തുടര്‍ന്നു. ക്നാനായം ക്നാനായത്തിന്റെ വഴിയെ പോയി.
പോരുമോ നാമെല്ലാം, ഈ തനിമയിലഭിമാനിച്ചീടാന്‍.....
(അവസാനിച്ചു).
No comments:
Post a Comment