Saturday, July 7, 2012

ആത്മഹത്യയ്ക്കും കൊലയ്ക്കും ഇടയില്‍

(മാതൃഭൂമിയില്‍ “എത്തിനോട്ടം” എന്നാ പംക്തിയില്‍ എന്‍. സുസ്മിത എഴുതിയത്)

ജില്ലാ ആസ്പത്രിയിലെ കിടക്കയില്‍ പൊള്ളിയടര്‍ന്ന ശരീരവുമായി കിടന്നു ശ്രീക്കുട്ടി പറഞ്ഞു, ' ചേച്ചീ ഇനിയൊരിക്കലും ഞാന്‍ തന്നെത്താനെ മരിക്കാന്‍ ശ്രമിക്കില്ല. അബദ്ധം പറ്റിപ്പോയതാണ്'. വേദനയുടെ കൊടുമുടികള്‍ കയറി ഇറങ്ങുന്ന ശ്രീക്കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പോലും ഉറപ്പില്ലായിരുന്നു. മണ്ണെണ്ണ വിളക്കില്‍ നിന്ന് ദേഹത്തേക്ക് തീ പടര്‍ത്താന്‍ ശ്രമിച്ച ആ നിമിഷത്തെ ഇപ്പോഴവള്‍ ശപിക്കുന്നുണ്ട്. പക്ഷേ, ഒരുപാട് വൈകിപ്പോയെന്ന് അവളോട് പറയാന്‍ വയ്യല്ലോ.

ശ്രീക്കുട്ടിയെ വേദനയുടെ ലോകത്ത് വിട്ട് പുറത്തിറങ്ങുമ്പോള്‍ ഓര്‍ത്തത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദോശയുടെ പേരില്‍ കയറില്‍ ആശ്രയം തേടിയ സഹപാഠിയെയാണ്. പ്രാതലിന് ദോശ തന്നെ വേണമെന്നു വാശിപിടിച്ചപ്പോള്‍ അമ്മ വഴക്കു പറഞ്ഞു എന്നതായിരുന്നു പ്രകോപനം. കയറു പൊട്ടി അവന് നിലത്തു വീണു. അമ്മ വാരിയെടുത്ത് ആസ്പത്രിയില്‍ എത്തിച്ചു. ജീവന്‍ പോയില്ല. മറ്റെല്ലാം പോയി. കഴുത്തിനു കീഴെ ചലന ശേഷിയില്ലാതെ ശിഷ്ട ജീവിതം. കണ്ണീരുപ്പിട്ട ഒരു പാടു ദോശകള്‍ അമ്മ പിന്നെ അവന് കൊടുത്തുകാണും. ഇപ്പോള്‍ അവന്‍ ഉണ്ടോ എന്നു പോലും അറിയില്ല. അമ്മയ്ക്കു നല്ലോണം പ്രായമായിട്ടുണ്ടാവും. അവര്‍ ഇപ്പോഴും നല്ല മൊരിഞ്ഞ ദോശകള്‍ മകന് വേണ്ടി ഉണ്ടാക്കുന്നുണ്ടോ ആവോ?

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 25.3 പേര്‍ ആത്മഹത്യ ചെയ്തെന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട്. 2010-ല്‍ ഇത് 24.6 ആയിരുന്നു. ദേശീയ നിരക്ക് വെറും 11.2 ആണെന്നറിയുമ്പോഴാണ് കേരളം എത്തിനില്‍ക്കുന്നതെവിടെയെന്ന് ബോധ്യമാവുക. ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്കുള്ള നഗരം എന്ന് കൊല്ലവും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ട ആത്മഹത്യയില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനമെന്ന് കേരളവും 'ഖ്യാതി' നേടുന്നു.

രോഗാതുരമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ് ആത്മഹത്യ. കേരളത്തിലാകട്ടെ ആത്മഹത്യകളുടെ പ്രധാന കാരണം കുടുംബപ്രശ്‌നങ്ങളും. എന്താണ് നമ്മുടെ കുടുംബങ്ങളെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്നത്? കേരള വനിതാ കമ്മീഷന്‍ കുറച്ചു കാലം മുമ്പു നടത്തിയ പഠനമനുസരിച്ച് മദ്യമാണ് കേരളത്തിലെ കുടുംബങ്ങളിലെ പ്രധാന വില്ലന്‍. മദ്യപിക്കുന്ന പുരുഷന്മാരുടെ മാത്രമല്ല, മദ്യപിക്കാത്ത സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തെ അത് തകര്‍ക്കുന്നു. മകന്‍ അച്ഛനെ വെട്ടിക്കൊന്നു, അമ്മയെ തലയ്ക്കടിച്ചു കൊന്നു, ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു, അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്തു എന്നു തുടങ്ങി പത്രങ്ങളില്‍ വരുന്ന മിക്ക വാര്‍ത്തകളിലും ഒടുവില്‍ ഒരു വാചകമുണ്ടാവും - മദ്യലഹരിയിലാണിത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വളരെ അശ്രദ്ധമായി വായിച്ചു കളയുന്ന ഈ വാചകത്തിലല്ലേ യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടത്?

14ഉം 15ഉം വയസ്സുള്ള കുട്ടികള്‍ പോലും മദ്യം തേടിപ്പോകുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കാണുന്നത്. സ്‌കൂളുകളില്‍ പത്താം ക്ലാസ്സുകാരുടെയും പ്ലസ് ടുക്കാരുടെയും ആഘോഷങ്ങളില്‍ മദ്യം ഒഴിച്ചുകൂടാനാവാത്ത ഐറ്റമാകുന്നതായി അധ്യാപകര്‍ ആശങ്കയോടെ വെളിപ്പെടുത്തുന്നു. മലബാറിലെ ഒരു വിദ്യാലയത്തില്‍ നിന്ന അടുത്തയിടെ കേട്ട ഒരു കഥ ഇങ്ങനെ - പത്താം ക്ലാസ്സിലെ നാലു വിദ്യാര്‍ഥികളെ സ്‌കൂളിലെ ആളൊഴിഞ്ഞ മൂലയില്‍ നിന്ന് അധ്യാപകര്‍ പിടികൂടുന്നു. ഒരാളുടെ ബാഗില്‍ കോളക്കുപ്പികള്‍. ചോദിച്ചപ്പോള്‍ പിറന്നാള്‍ ആഘോഷിക്കുകയാണെന്ന് മറുപടി. സംശയം തോന്നിയ അധ്യാപകര്‍ പരിശോധിച്ചു നോക്കിയപ്പോള്‍ കോളക്കുപ്പിക്കുള്ളില്‍ മദ്യം മിക്‌സ് ചെയ്ത പാനീയം. വീട്ടില്‍ അച്ഛന്‍ വാങ്ങി സൂക്ഷിക്കുന്ന കുപ്പിയില്‍ നിന്ന് കുറച്ച് അടിച്ചുമാറ്റിയതാണെന്ന് കുട്ടി സമ്മതിച്ചു. അധ്യാപകര്‍ അച്ഛനെ വിളിച്ചു വരുത്തി. അച്ഛന്റെ വിശദീകരണം ഇങ്ങനെ - അവന് ചെറുപ്പം മുതലേ ഞാന്‍ കുറേശ്ശെ കൊടുക്കാറുണ്ട്. കുടിക്കുന്നത് അത്ര വലിയ പാപമൊന്നുമല്ല. ചോദിച്ചെങ്കില്‍ ഞാന്‍ തന്നെ ആവശ്യം പോലെ കൊടുത്തേനെ!

കള്ളു കുടിച്ചതു കൊണ്ട് എല്ലാവരും ആത്മഹത്യ ചെയ്യണമെന്നില്ല. പക്ഷേ, കള്ള് കുടുംബത്തെ തകര്‍ക്കും. പണിയെടുത്ത് കിട്ടുന്ന കാശ് മുഴുവനും മദ്യത്തിനായി ചെലവാക്കുന്ന ഒരുപാട് ഗൃഹനാഥന്മാരുണ്ട് നമ്മുടെ നാട്ടില്‍. ദിവസം 500 രൂപ കൂലി കിട്ടിയാലും ഇവരുടെ കുടുംബം പച്ചപിടിക്കില്ല. പെണ്ണുങ്ങള്‍ വല്ല വീട്ടിലും പണിക്കു പോയി കിട്ടുന്ന കാശു കൊണ്ടു വേണം കുടുംബം കഴിയാന്‍. തരം കിട്ടിയാല്‍ അതില്‍ നിന്നും തട്ടിപ്പറിക്കും നമ്മുടെ ഗൃഹനാഥന്‍. ഞങ്ങളുടെ നാട്ടില്‍ ഒരു ലക്ഷ്മിയേച്ചി ഉണ്ടായിരുന്നു. കുടുംബം പുലര്‍ത്താന്‍ എഴുപതാം വയസ്സിലും വീട്ടുപണിക്കു പോയിരുന്നു ലക്ഷ്മിയേച്ചി. വൈകിട്ട് പണി നിര്‍ത്തി പോകുന്ന സമയമായാല്‍ ഹാജരാകും അവരുടെ മകന്‍. കിട്ടുന്ന കൂലിയില്‍ പകുതി അവനു വേണം - കള്ളു കുടിക്കാന്‍. കൊടുത്തില്ലെങ്കില്‍ വഴിയിലോ ബസ് സ്റ്റോപ്പിലോ എവിടെയിട്ടും അമ്മയെ തല്ലും മകന്‍. തല്ലു പേടിച്ച് ലക്ഷ്മിയേച്ചി പണം കൊടുക്കും.
പണം മാത്രമല്ല പ്രശ്‌നം. എന്നും കുടിച്ചു വരുന്ന വീട്ടുകാരനോട് വീട്ടുകാരിക്കും മക്കള്‍ക്കും എന്തു ബഹുമാനം കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നാടിനും വീടിനും കൊള്ളാത്തവനെന്ന് മുദ്ര കിട്ടുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. കിട്ടാത്ത ബഹുമാനത്തിനും സ്‌നേഹത്തിനും വേണ്ടി ബലപ്രയോഗം നടത്താനാവും ശ്രമം. ഇതൊന്നും പിടിച്ചു വാങ്ങാവുന്നതല്ലെന്ന് വീട്ടുകാരന്‍ അറിയുന്നില്ല. കള്ള് അകത്തു ചെന്നാല്‍ പരിസരം മറന്ന് ഭാര്യയെ തല്ലുകയും മക്കളുടെ പാഠപുസ്തകം വലിച്ചു കീറുകയുമൊക്കെ ചെയ്യുന്ന പുരുഷ കേസരികള്‍ അറിയുന്നില്ല, വെറുപ്പിന്റെ എത്ര വിത്തുകളാണ് തങ്ങള്‍ വിതയ്ക്കുന്നതെന്ന്്. മദ്യമാണ് പലരെയും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തള്ളി വിടുന്നത്.

ദീര്‍ഘകാലം മദ്യം അകത്തു ചെല്ലുന്നതോടെ രോഗങ്ങളുടെ ഘോഷയാത്രയായി. കരള്‍ രോഗങ്ങള്‍ മുതല്‍ മാനസിക രോഗങ്ങള്‍ വരെ. പെരുമാറ്റ വൈകല്യങ്ങള്‍, നാഡീസംബന്ധമായ അസുഖങ്ങള്‍, കാഴ്ചക്കുറവ് - അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വീണ്ടും തിരിച്ചടി. പലപ്പോഴും നല്ല പ്രായത്തില്‍ തന്നെ പണിയെടുക്കാന്‍ പോലുമാകാത്ത ജീവച്ഛവമായി കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍.
ഭര്‍ത്താവിന്റെ മദ്യപാനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യുന്ന ഭാര്യമാരും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കൂട്ട ആത്മഹത്യയില്‍ പൊലിഞ്ഞു പോകുന്ന കുഞ്ഞുങ്ങളും മദ്യത്തിന്റെ ഇരകള്‍ തന്നെ. മരിച്ചില്ലെങ്കിലും മരിച്ചതിന് തുല്യമായി ജീവിക്കുന്ന കുടുംബങ്ങള്‍ എത്രയോ. അവര്‍ക്ക് ഓണവും ക്രിസ്മസും ഈസ്റ്ററും ഒന്നും ആഘോഷ ദിവസങ്ങളല്ല. കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍ മാത്രം.

കുടുംബകോടതികളിലും മതസ്ഥാപനങ്ങളിലും എത്തുന്ന വിവാഹമോചന കേസുകളിലും മിക്കവാറും വില്ലന്‍ മദ്യപാനമാണ്. പുതിയ തലമുറയെ എങ്കിലും ഈ വിപത്തില്‍ നിന്നു രക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനില്ലേ? പുകവലിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി ഒരുപാടു പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മദ്യത്തിന്റെ കാര്യത്തില്‍ ഒന്നും മിണ്ടാത്തത്? വേണ്ടതിനും വേണ്ടാത്തതിനും അഭിപ്രായം പറയുകയും കല്പനകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്ന സമുദായാചാര്യന്മാരും മതമേധാവികളും എന്താണ് ഇക്കാര്യത്തില്‍ ഇടപെടാത്തത്? നാടു നന്നാക്കാന്‍ കച്ച കെട്ടിയിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് മൗനം വെടിയാത്തത്? ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ ആത്മഹത്യയില്‍ കേരളം ഇനിയും മുന്നോട്ടു കുതിക്കും. ഇക്കാര്യത്തില്‍ ഒരു ഒന്നാം സ്ഥാനം നമുക്ക് വേണ്ടെന്നു വയ്ക്കുകയല്ലേ നല്ലത്?

No comments:

Post a Comment