Monday, June 4, 2012

ഗോത്രബോധം – സി. രാധാകൃഷ്ണന്‍

പ്രസിദ്ധ സാഹിത്യകാരന്‍, സി. രാധാകൃഷ്ണന്‍ കേരള കൌമുദിയിലെ തന്റെ പംക്തിയില്‍ ഈ ആഴ്ച എഴുതിയ "അവസാനത്തെ അവസരം" എന്ന ലേഖനത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളാണ് ചുവടെ. ഇതില്‍ പറഞ്ഞിരിക്കുന്നത് ക്നാനായ സമുദായത്തിന് ബാധകമാണോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.

Administrator.
ജീവശാസ്ത്രത്തില്‍ സ്വവര്‍ഗരക്ഷാത്വര എന്നൊരു ആശയമുണ്ട്. ജീവിവര്‍ഗങ്ങളില്‍ പൊതുവായി കണ്ടുവരുന്ന ഒരു വികാരമാണ് വിഷയം. തന്റെ വര്‍ഗത്തിന്റെ രക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്താനുള്ള വാസനയാണത്. ബാഹ്യ ശത്രുക്കളെ കൊല്ലാനല്ല, വേണ്ടിവന്നാല്‍ മരിക്കാനും ഇതേ വാസന പ്രേരിപ്പിക്കുന്നു.

അക്രമസ്വഭാവമുള്ളവയാണെന്നാലും അല്ലെങ്കിലും എല്ലാ ജീവിവര്‍ഗങ്ങളിലും ഇത് പ്രകടമാണ്. മനുഷ്യരിലും ഉണ്ട്. ഇത് ഏറ്റവും ശക്തമായി പ്രകടമാവുന്നത് കുടുംബം ആക്രമിക്കപ്പെടുമ്പോഴാണ്. ഗോത്രം ആക്രമിക്കപ്പെടുമ്പോഴും ഇത് പ്രകടമാവുന്നു. ഈ വികാരത്തെയാണ് സൈന്യങ്ങള്‍ വരെയുള്ള എല്ലാ കൂട്ടായ്മകളെയും സംഘടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.

ഈ വികാരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തോടും ഗോത്രത്തോടും രാജ്യത്തോടുമൊക്കെയുള്ള കൂറാണ് പരമപ്രധാനമായ ധര്‍മ്മം. ഇതു മറക്കുന്നതാണ് ഏറ്റവും വലിയ അപരാധം. കുലത്തെ വഞ്ചിക്കുന്നതാണ് ഏറ്റവും വലിയ കുറ്റം. ഇതിനുള്ള ശിക്ഷ മരണമാണ്. ഈ ശിക്ഷ വിധിക്കുന്നതില്‍ ഗോത്രകാരണവര്‍ക്കുള്ള അധികാരം പരമവുമാണ്.

കുലത്തിനകത്ത് ഒരു നീതിന്യായ വ്യവസ്ഥ ഉണ്ട്. ഈ നീതിയുടെ സംരക്ഷ പക്ഷേ കുലത്തിനു വെളിയിലുള്ളവര്‍ക്ക് ലഭ്യമല്ല. പുറമേക്കാരെല്ലാം ശത്രുക്കളാണ്. കുലത്തിനകത്തു നടക്കുന്ന വിചാരണയ്ക്കും ശിക്ഷയ്ക്കും എതിരെ പുറമെക്കാര്‍ ഇടങ്കോലിടരുത്.

സംഘാംഗങ്ങള്‍ തമ്മില്‍ വഴക്കായാല്‍ ഒതുക്കിത്തീര്‍ക്കും. സംഘാംഗം പുറമേക്കാരനുമായി വഴക്കായാല്‍ തെറ്റ് ആരുടെ ഭാഗത്തായാലും ശിക്ഷ പുറമെക്കാരനുതന്നെ. ഈ ഏകപക്ഷീയമായ നീതിയാണ് (അഥവാ അനീതിയാണ്) സംഘത്തിന്റെ സമൂഹബോധം വികസിക്കാതിരിക്കാനുള്ള കാരണം. കുലത്തോടുള്ള കൂറും ആത്യന്തികവും സാര്‍വലൗകികവുമായ നീതിബോധവും തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ രണ്ടാമത്തേത് ജയിച്ചാലല്ലേ സാംസ്‌കാരിക പുരോഗതി കൈവരൂ?

ഇങ്ങനെ നോക്കിയാല്‍, എന്നത്തെയും എല്ലാ ജാതി മത കക്ഷി ദേശാടിസ്ഥാനക്കൂട്ടായ്മകളും പുരോഗമന വിരുദ്ധങ്ങളാണ്. മനുഷ്യസമൂഹത്തെ ഒന്നായി കാണുന്നതില്‍ ഇവയ്‌ക്കെല്ലാം വലിയ പരിമിതികളുണ്ട്. നൈസര്‍ഗികമായ ജീവ പരിണാമത്തെ ഇവ പ്രതികൂലമായി ബാധിക്കുന്നു.

ഈ കൂട്ടായ്മകള്‍ പലപ്പോഴും മഹത്തായ ആശയങ്ങളില്‍ നിന്ന് മുളച്ചവയാകാം. പക്ഷേ, നമ്മിലെ ചിരപുരാതനമായ ഗോത്രബോധം നവീനാശയങ്ങളെ വിഴുങ്ങിക്കളഞ്ഞു! ഈ ഗോത്രബോധത്തെ അതിജീവിച്ചില്ലെങ്കില്‍ എക്കാലത്തും ഇതുതന്നെ സംഭവിക്കും.

(ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:

Post a Comment