Saturday, June 2, 2012

മത്തച്ചന്‍ - എന്റെ പ്രിയതോഴന്‍ (മൂലക്കാട്ട് പിതാവിനെക്കുറിച്ചു)


ബാല്യപര്‍വ്വം

എങ്ങും പച്ചപ്പ് നിറഞ്ഞ കുറിച്ചിത്താനം എന്ന ഗ്രാമം. ഓലമേഞ്ഞ ഒരു പ്രാഥമിക വിദ്യാലയം. അതിന്റെ ഓരത്ത് കൂടി കുടക്കച്ചിറക്കുള്ള ഒരു നാട്ടുവഴി. വല്ലപ്പോഴും കാളവണ്ടികളുടെ കുടമണിശബ്ദം. കുറച്ച് ചെല്ലുമ്പോള്‍ ആ വഴിയോരത്ത് ഒരു കൊച്ചു വീട്. പരിപാവനമായ ഒരു ജന്മത്തിന് സാക്ഷ്യം വഹിച്ച മൂലക്കാട് വീട്. അവിടെയാണ് എന്റെ പ്രിയകൂട്ടുകാരന്‍ ജനിച്ചത്;ന്റെ പ്രിയപ്പെട്ട അന്നമ്മ ടീച്ചറിന്റേയും ജോണ്‍സാറിന്റേയും മകനായി, എന്റെ പ്രിയചേച്ചി എലിസബത്തിന്റെ അനിയനായി.

ഓര്‍മ്മകള്‍ ഒത്തിരി ഒത്തിരി പുറകോട്ട് പോകുന്നു. കുറിച്ചിത്താനം ഗവ. ലോവര്‍ പ്രൈമറി സ്‌കൂളിലെ പഠനകാലം. അമ്പരപ്പോടെ പാറിപ്പറന്നു നടക്കുന്ന കുട്ടികള്‍. അന്ന് നമ്പൂതിരിസമുദായത്തിന്റെ കര്‍ക്കശമായ ചുറ്റുപാടുകളില്‍ നിന്ന് വന്ന എനിയ്ക്ക് കൂട്ടുകാര്‍ വളരെ വിരളം. കൊച്ചുകുട്ടികള്‍ക്ക് പോലും ചാതുര്‍വര്‍ണ്ണ്യത്തിന്റെ അകല്‍ച്ച. ഓടിച്ചാടി നടന്നിരുന്ന സാഹസികരായ കുട്ടികളില്‍ നിന്ന് വ്യത്യസ്ഥനായിരുന്നു ഞാന്‍. വള്ളിനിക്കറുമിട്ട്, താടിക്ക് കയ്യും കൊടുത്ത് ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി അവിടെ ഒരാളെക്കൂടി കണ്ടപ്പോള്‍ അടുത്തു ചെന്നു. എന്തോ ഏറെ സമാനതകള്‍. തെല്ല് ഗൗരവത്തോടെ, എന്നാല്‍ നിഷ്‌കളങ്കനായി എല്ലാം നോക്കി കണ്ടിരുന്ന ആ കൂട്ടുകാരനെ എനിക്കിഷ്ടപ്പെട്ടു. ഇന്ന് വാനോളം വളര്‍ന്നു നില്‍ക്കുന്ന ആ ആദ്ധ്യത്മികാചാര്യനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച. നമ്മുടെ ബഹുമാന്യ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, സിദ്ധിനാഥാനന്ദസ്വാമി, തലശ്ശേരി ബിഷപ്പായിരുന്ന സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി തുടങ്ങിയ മഹാരഥന്മാര്‍ക്ക് ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് കുറിച്ചിത്താനം ഗവ. എല്‍.പി. സ്‌കൂള്‍. ഇതാ മറ്റൊരു മഹാനുഭാവനും കൂടി അവിടെ വിദ്യാരംഭത്തിന് അവസരം ലഭിച്ചു. പില്‍ക്കാലത്ത് ആ സ്‌ക്കൂളിന് ''കെ.ആര്‍. നാരായണന്‍ ഗവ. എല്‍.പി. സ്‌ക്കൂള്‍'' എന്ന് നാമകരണം ചെയ്യുകയുണ്ടായി.

അന്ന് ആ പ്രദേശത്ത് ആകെയുണ്ടായിരുന്നത് ചെരുവില്‍ക്കാരുടെ കടയായിരുന്നു. തട്ടിയിട്ട ആ കടയുടെ ഇറയത്ത് കല്ലുപ്പ്, ചാക്കില്‍ അട്ടിയിട്ടു വച്ചിരിക്കും. അന്ന് മത്തച്ചന്‍ - മാത്യുവിനെ ഞാന്‍ അങ്ങനെയാണ് വിളിച്ചിരുന്നത് - കൊണ്ടു വരാറുള്ള പുളിയന്‍മാങ്ങാ സക്കൂളിന്റെ കതകിനിടയില്‍ വച്ച് പൊട്ടിയ്ക്കും. അതുമായി കടയില്‍ പോകും. ഇറയത്തെ ഉപ്പുചാക്കില്‍ തുറിച്ചിരിക്കുന്ന കല്ലുപ്പ് കുത്തിയെടുക്കും. എന്നിട്ട് അതും കൂട്ടി മാങ്ങാ തിന്നും. അതിന്റെ സ്വാദ് ഇപ്പോഴുമുണ്ട് നാവിന്‍തുമ്പത്ത്. അന്ന് നമ്പൂതിരി കുട്ടികള്‍ക്ക് സ്‌കൂളില്‍ പോയി വന്നാല്‍ മുങ്ങിക്കുളിച്ചിട്ടേ ആഹാരമുണ്ടായിരുന്നുള്ളൂ. ഒരു വലിയ സാഹസം ചെയ്ത ഭാവമായിരുന്നു അന്ന്. അങ്ങനെ വര്‍ണ്ണത്തിന്റേയും നിറത്തിന്റേയും അകല്‍ച്ചയില്ലാതെ ഒരു സുഹൃദ്ബന്ധത്തിന്റെ ഈറ്റില്ലമായി ആ സ്‌കൂള്‍.

കൗമാരപര്‍വ്വം

കുറിച്ചിത്താനത്തെ പ്രാഥമികപഠനം പൂര്‍ത്തിയാക്കി ഞങ്ങള്‍ പിരിഞ്ഞു. മത്തച്ചന്‍ ഉഴവൂര്‍ക്കും ഞാന്‍ കുറിച്ചിത്താനം ഹൈസ്‌കൂളിലേക്കും. കുറച്ചു കാലത്തേക്ക് തമ്മില്‍ കാണുക വിരളം. എന്നാല്‍ അന്ന് കുറിച്ചിത്താനം ഹൈസ്‌കൂളിലായിരുന്നു മത്തച്ചന്റെ അമ്മ പഠിപ്പിച്ചിരുന്നത്. അന്ന് എന്റെ സഹോദരിയും അവിടെത്തന്നെ പഠിപ്പി ച്ചിരുന്നു. മത്തച്ചന്റെ അമ്മ ആയതുകൊണ്ടാവാം ഞാന്‍ ടീച്ചറുമായി കൂടുതല്‍ അടുത്തു, മറിച്ചും. അടിയുറച്ച ദൈവവിശ്വാസിയും മതവിശ്വസിയുമായിരുന്നു അന്നമ്മ ടീച്ചര്‍. അന്ന് അവര്‍ പരമ്പരാഗതമായ ചട്ടയും മുണ്ടുമാണ് ധരിക്കാറ്. അത് കുട്ടികളില്‍ കൗതുമുണര്‍ത്തിയിരുന്നു. നിഷ്‌കളങ്കയായ ആ ടീച്ചറുമായി ഞാന്‍ വളരെയധികം അടുത്തു. ടീച്ചറിന്റെ പ്രിയപ്പെട്ട മത്തച്ചന്‍ സഹായമെത്രാനായി വാഴിക്കപ്പെട്ട ഈ അവസരത്തില്‍ ആ അമ്മ ഉണ്ടായിരുന്നെങ്കില്‍!! ദു:ഖം തോന്നി. ഒരുപക്ഷെ ലോകത്ത് മറ്റാരേക്കാളും സന്തോഷിക്കുന്നത് ആ മാതൃഹൃദയം ആയിരുന്നേനെ. തന്റെ നിഷ്‌കളങ്കഭാവം മുഴുവന്‍ നമ്മുടെ കൊച്ചുപിതാവിന് അനുഗ്രഹിച്ച് നല്‍കിയിട്ടാണ് അവര്‍ പോയ തെന്നുറപ്പ്. ക്യാന്‍സറായിരുന്നു മരണകാരണം. എന്റെ പ്രിയപ്പെട്ട അമ്മയുടേയും മരണകാരണം ക്യാന്‍സര്‍ തന്നെ. തുല്യദു:ഖങ്ങള്‍ പില്‍ക്കാലത്ത് പങ്കിട്ട് ആശ്വസിക്കാറുണ്ട്.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പെടുത്താല്‍ മതി എന്ന് ഊരാളില്‍ അച്ചന്റെ നിര്‍ബ്ബന്ധമായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഊരാളിലച്ചനെ എനിയ്ക്ക് ഇഷ്ടമായിരുന്നു. എന്നെ മത്തച്ചന്റെ അടുത്ത് തന്നെ കൊണ്ടിരുത്തി. പെട്ടെന്ന് ഒന്ന് പകച്ചു. മാത്യുവിന് ഒരു മാറ്റവുമില്ല. ആ കുറ്റിത്തലമുടി ഒന്ന് ചീകി വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത്രമാത്രം. കോളേജ് ജീവിതം എന്നില്‍ ഒത്തിരി ഒത്തിരി മാറ്റങ്ങള്‍ വരുത്തി. ഇടതുപക്ഷ ചിന്താഗതിയോടുള്ള ആഭിമുഖ്യവും കലാലയ ജീവിതത്തിലെ ആവേശവും എന്നെ ആകെ മാറ്റി. കലുഷമായ ആ മാനസികാവസ്ഥയില്‍ എനിയ്ക്ക് ഏക ആശ്രയം മത്തച്ചനായിരുന്നു. ശാന്തനായി എല്ലാം അപഗ്രഥിക്കാ നുള്ള ആ പാടവം, ഒരിക്കലും പ്രകോപിതനാകാത്ത ആ സ്വഭാവം, ദൈവികമായ പരിവേഷത്തിന്റെ ശാന്തത. ആശയപരമായി വലിയ യോജിപ്പില്ലെങ്കിലും എല്ലാം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത.

അന്ന് കണക്ക് പഠിപ്പിച്ചിരുന്നത് ഒരു ശൗരിയാര് സാറായിരുന്നു. ഒരു അദ്ധ്യപകനേക്കാള്‍ ഉപരി ഒരു 'സയന്റിസ്റ്റ്'. കണക്കിന് പൊതുവെ മോശമായ എനിക്ക് ശൗരിയാര്‍ സാര്‍ ഒരു ബാലികേറാമലയായിരുന്നു.  ഒപ്പം എത്താന്‍ വിഷമം. കണക്കില്‍ അതിസമര്‍ത്ഥനായിരുന്ന മാത്യു ആയിരുന്നു ഞങ്ങള്‍ക്കൊക്കെ ആശ്രയം.

നല്ല സഹൃദയനായിരുന്നു മത്തച്ചന്‍. അന്ന് കേളേജ് മാഗസിനില്‍ എഴുതാന്‍ എനിക്ക് അവസരം കിട്ടിയപ്പോഴൊക്കെ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.

സമര്‍പ്പണപര്‍വ്വം

കോളേജില്‍ നിന്ന് പിരിഞ്ഞതില്‍പ്പിന്നെ മത്തച്ചനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. ഒരിയ്ക്കല്‍ യാദൃശ്ചികമായി എലിസബത്തിനെ കണ്ടപ്പോഴാണ് എന്റെ പ്രിയ കൂട്ടുകാരന്‍ ഈ പുതിയ പാത തിരഞ്ഞെടുത്ത വിവരം അറിഞ്ഞത്. എനിയ്ക്ക് അദ്ഭുതം തോന്നിയില്ല. അന്യരുടെ വിഷമത്തില്‍ കരയാനും, സന്തോഷത്തില്‍ ചിരിക്കാനും കഴിയുന്ന മത്തച്ചന്‍ തിരഞ്ഞെടുത്ത വഴി യാദൃശ്ചികമല്ലായിരുന്നു. അത് ഈ ആത്മസമര്‍പ്പണത്തിന്റെ, പൗരോഹിത്യത്തിന്റെ വഴിയായത് സമുദായാംഗങ്ങളുടെ മാത്രം അല്ല ഭാഗ്യമായത്.

കാലം കടന്നു പോയി. അന്ന് ഞാന്‍ ലോര്‍ഡ്കൃഷ്ണാ ബാങ്കിന്റെ കോട്ടയം ശാഖയില്‍ ജോലി നോക്കുകയായിരുന്നു. ഒരു ദിവസം സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴി യാദൃശ്ചികമായി മത്തച്ചനെ കാണുന്നു. തിരുവസ്ത്രങ്ങള്‍ അണിഞ്ഞ്, പുരോഹിത വേഷത്തില്‍ ഞാന്‍, ആദ്യമായി കാണുകയാണ്. വലിയ മാറ്റമൊന്നുമില്ല. ഓടി വന്ന് ആ പഴയ 'നമ്പൂരിച്ച'നെ (മത്തച്ചന്‍ എന്നെ അങ്ങനെയാണ് വിളിക്കാറ്) കെട്ടിപ്പിടിച്ചു. പിന്നെ മിക്കവാറും അരമനയില്‍ പോകും. ഒന്നു കാണാന്‍,സംസാരിക്കാന്‍. ഒത്തിരി ഒത്തിരി കാര്യങ്ങള്‍. കണക്കു പുസ്തകങ്ങള്‍ക്ക് മുമ്പില്‍ വെറും യന്ത്രമായി പോയ 'നമ്പൂരിച്ച'ന് അങ്ങനെ ജീവമന്ത്രമായി ആ പാവനസാന്നിദ്ധ്യം. റോമിലേക്ക് വീണ്ടും പോകണം എന്ന് പറഞ്ഞപ്പോള്‍ ഒരു വിഷമം തോന്നി. വളര്‍ച്ചയില്‍ സന്തോഷവും.

ഒരു ദിവസം പ്രാദേികവാര്‍ത്തയിലാണ് മത്തച്ചനെ സഹായ മെത്രാനായി വാഴിച്ച വിവരം അറിഞ്ഞത്. ഇപ്പോഴത്തെ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ എനിക്കും ആരാധ്യനാണ്. സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു വലിയ മനുഷ്യസ്‌നേഹി. വിപരീതാശയത്തിന്റേയും ഭൗതികവാദത്തിന്റേയും വക്താവായ ക്യൂബയുടെ ഫിഡല്‍കാസ്‌ട്രോയുടെ ഉരുക്ക് ഹൃദയത്തെപ്പോലും ചലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൊച്ചു കൊച്ചു വാക്കുകള്‍ക്ക് കഴിഞ്ഞെങ്കില്‍, എന്തിനേറെ ഈയിടെ നടന്ന ഇറാഖ് യുദ്ധം പോലും ഒരു ലോകമഹായുദ്ധമായി വളരാതിരിക്കാന്‍ അദ്ദേഹത്തിന്റെ അധരചലനത്തിന് കഴിഞ്ഞെങ്കില്‍, ആ ആത്മീയാചാര്യന്‍ വാഴിച്ച നമ്മുടെ കൊച്ചുപിതാവിനും ഇവിടെ പലതും ചെയ്യുവാനാകും. കുറിച്ചിത്താനത്തുള്ള സ്വീകരണത്തില്‍ അത് പറഞ്ഞപ്പോള്‍ ആ മുഖത്ത് വിനയത്തില്‍ പൊതിഞ്ഞ ഒരു ചിരി മാത്രം. പിന്നീട് അദ്ദേഹം അയച്ചു തന്ന ഒരു ചെറിയ ആശംസാസന്ദേശത്തില്‍ - ''അങ്ങയുടെ മനസ്സില്‍ മെനഞ്ഞ സങ്കല്‍പത്തിലേക്കുയരാന്‍,പരിശ്രമിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ,'' എന്നു മാത്രമാണെഴുതിയത്.

ടി.എന്‍. പരമേശ്വരന്‍നമ്പൂതിരി
(അനിയന്‍ തലയാറ്റുംപിള്ളി) കുറിച്ചിത്താനം
ഇമെയില്‍: aniyantn@gmail.com

(ലേഖകന്റെ നാലുകെട്ട് എന്ന ബ്ലോഗില്‍ നിന്ന്)

(മാര്‍ മാത്യു മൂലക്കാടിനെ സഹായമെത്രാനായി വാഴിച്ചതിനോടനുബന്ധിച്ചുള്ള സോവനീറില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment