Sunday, June 3, 2012

കത്തോലിക്കരുടെ സാമൂഹിക ജീവിതത്തിലേക്ക് ഇടിച്ചു കയറുന്ന പുരോഹിതര്‍: ജെ.പി.

മദ്ധ്യകാലഘട്ടങ്ങളില്‍ പുരോഹിതര്‍ ക്രൈസ്തവരുടെ സമൂഹജീവിതത്തെ അടിമുടി സ്വാധീനിച്ചിരുന്നു. പുരോഹിതരുടെ സഹായമില്ലാതെ ഒരു വിശ്വാസിക്കും മോക്ഷപ്രാപ്തി സാധ്യമല്ലെന്ന് പുരോഹിതാധികാരികള്‍ പ്രഖ്യാപിച്ചതിന്റെ ഫലമായി മനുഷ്യജീവിതത്തില്‍ എല്ലാ രംഗങ്ങളിലും അവര്‍ പ്രാമാണ്യം നേടി.

ഈ വ്യവസ്ഥയെയാണ് ക്ലറിക്കലിസം എന്ന് സഭാചരിത്രത്തില്‍ വിവരിക്കുന്നത്. എന്നാല്‍ ആദിമക്രൈസ്തവ സമൂഹങ്ങളില്‍ പുരോഹിതര്‍ ഉണ്ടായിരുന്നില്ല. ഓരോ സഭയ്ക്കും മൂപ്പന്മാരുണ്ടായിരുന്നു. ക്രൈസ്തവസഭയിലെ മൂപ്പന്മാരെ സഭ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. നാലാം നൂറ്റാണ്ടിനുശേഷമാണ് റോമന്‍ - യഹൂദ മതസമ്പ്രദായങ്ങളുടെ ചുവടു പിടിച്ച് സഭാമൂപ്പന്മാരെ പുരോഹിതരെന്ന് വിവരിക്കാന്‍ ആരംഭിച്ചത്.  ഈ പരിവര്‍ത്തനത്തെ സാധൂകരിക്കാന്‍ തിയോളജികളും ഉണ്ടാക്കി. എല്ലാ മതസമൂഹങ്ങളിലും പുരോഹിതരുടെ അതിപ്രധാനമായ കടമ ദൈവത്തിനു ബലിയര്‍പ്പിക്കലാണ്. എന്നാല്‍ ക്രൈസ്തവ സഭയില്‍ ബലിയില്ല. ബലിവിധികളും ഇല്ല. യേശു പറഞ്ഞു: ഞാന്‍ ബലിയല്ല കരുണയാണ് ആഗ്രഹിക്കുന്നത്. പൗലോസ് എബ്രായര്‍ക്കെഴുതിയ ലേഖനത്തില്‍ ഇനിയൊരു ബലിയില്ല എന്ന് വളരെ വ്യക്തമായി പറയുന്നു (എബ്രാ. 10: 26). മാത്രമല്ല ഒരു അപ്പോസ്തലനും പുരോഹിതസ്ഥാനം ഏറ്റെടുത്ത് ബലിയര്‍പ്പിച്ചതായി സുവിശേഷത്തിലില്ല. മഹാപുരോഹിതനായ യേശു തന്നെത്തന്നെ ബലിയര്‍പ്പിച്ച് പാപം നീക്കിക്കളയാന്‍ കാലത്തിന്റെ തികവില്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടു (എബ്രാ. 9 : 26). അപ്പോള്‍ ക്രൈസ്തവ വിശ്വാസത്തില്‍ ബലിയെന്ന ആചാരം ആദിമ സഭയില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.

യേശുവിന്റെ അന്ത്യഅത്താഴാചരണം ഒരു സമൂഹവിരുന്നായിരുന്നു. ആദിമ ക്രൈസ്തവര്‍ വളര്‍ത്തിയെടുത്ത സമൂഹകൂട്ടായ്മയില്‍ ഒരുമിച്ചിരുന്ന് പന്തീഭോജനം നടത്തുക എന്നത് ഒരു മതപരമായ ആചാരമായിരുന്നു. ഈ ആചാരം യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ പ്രതീകമായിട്ടാണ് അന്ന് കരുതിപോന്നത്. അതു കേവലം ചിഹ്നാത്മകമായ ആചരണം ആയിരുന്നില്ല. പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. ''എന്റെ സഹോദരരേ നിങ്ങള്‍ ഭക്ഷണത്തിനു കൂടുമ്പോള്‍ അന്യോന്യം കാത്തിരിക്കുക. വിശക്കുന്നവന്‍ വീട്ടിലിരുന്ന് ഭക്ഷിക്കട്ടെ.'' (1കോറി. 11 : 33) സമൂഹഭക്ഷണമായി ആരംഭിച്ച ഈ കൂട്ടായ്മയെ ഒരു  കൂദാശയാക്കി മാറ്റുകയാണ് പിന്നീട് ദൈവശാസ്ത്രജ്ഞന്മാര്‍ ചെയ്തത്.

പുരോഹിതന്‍ സ്ഥാപനവാക്യം ഉരുവിടുമ്പോള്‍ അപ്പം ക്രിസ്തുവിന്റെ ശരീരമായും വീഞ്ഞ് രക്തമായും വസ്തുഭേദം സംഭവിക്കും എന്ന തോമസ് അക്വിനാസിന്റെ പ്രഖ്യാപനമാണ് മൂപ്പനെ പുരോഹിതനാക്കിയത്. തോമസ് അക്വിനാസിന് മുമ്പുതന്നെ പല സഭകളും വസ്തുമാറ്റവാദം (Transubstantiate) അംഗീകരിച്ചിരുന്നു. ബലിയര്‍പ്പിക്കാനുള്ള അധികാരം  യഹൂദമതത്തിലും വിജാതീയ മതങ്ങളിലും നിലനിന്നിരുന്നതിനാല്‍ അത് ക്രമശഃ സഭാ പഠനങ്ങളിലേക്കും വ്യാപിച്ചു. എന്നാല്‍ തോമസ് അക്വിനാസാണ് ഇതിന് ദൈവശാസ്ത്രപരമായ സാധൂകരണം നല്‍കിയത്. അങ്ങനെ പുരോഹിതന്‍ കൂദാശകളുടെ കാര്‍മികനായിതീര്‍ന്നു.

പൗരസ്ത്യ ദൈവശാസ്ത്രമനുസരിച്ച് കുര്‍ബാന ഒരു ബലിയാണ്. അപ്പം ബലിവസ്തുവാണ്. പാശ്ചാത്യ സഭയും പൗരസ്ത്യ സഭകളും കുര്‍ബാനയെക്കുറിച്ച് വ്യത്യസ്തങ്ങളായ ദൈവശാസ്ത്രങ്ങള്‍ രചിച്ചു. ത്രെന്തോസ് സൂനഹദോസി (1545- 1563) ലാണ് കുര്‍ബാന എന്ന കൂദാശ അനുഷ്ഠിക്കുമ്പോള്‍ വമ്പിച്ച ദൈവവരപ്രസാദം ഉണ്ടാകുമെന്നും അതു മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും ആത്മരക്ഷയും അനുഗ്രഹവും നല്‍കുമെന്നു പഠിപ്പിച്ചത്. അങ്ങനെ കുര്‍ബാനയെ പുരോഹിതന്റെ പണസമ്പാദനമാര്‍ഗമാക്കിതീര്‍ത്തു. (ക്ഷേത്രങ്ങളില്‍ പ്രസാദം തരുമ്പോള്‍ ദക്ഷിണ കൊടുക്കുന്നതുപോലെ.)

ഒരു ക്രൈസ്തവന്റെ ജീവിതത്തിലെ അതിപ്രധാനമായ ഘട്ടങ്ങളിലെല്ലാം പുരോഹിതന്‍ അനിര്‍വാര്യമായ ഒരു ഘടകമായി തീര്‍ന്നു. മാമ്മോദീസ മുക്കുന്നതിന് പുരോഹിതന്റെ ആവശ്യമില്ല. ആര്‍ക്കും വിശ്വസിച്ചുവരുന്ന ഒരാള്‍ക്ക് ജ്ഞാനസ്‌നാനം കൊടുക്കാം എന്നാണ് തത്വം. വിവാഹത്തിനും പുരോഹിതന്റെ ആവശ്യമില്ല. കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് വിവാഹത്തിലെ കാര്‍മികര്‍ സ്ത്രീയും പുരുഷനുമാണ്. പുരോഹിതന്‍ കേവലം സാക്ഷിമാത്രം. പുതിയ നിയമത്തില്‍ ഒരിക്കല്‍പോലും പരാമര്‍ശിക്കപ്പെടാത്ത കുമ്പസാരം എന്ന ഒരു കൂദാശ പ്രചരിപ്പിച്ച് പുരോഹിതര്‍ പാപമോചകരായി. എന്നാല്‍ ആദിമ സഭയില്‍ ഇത്തരം യാതൊരു വ്യവസ്ഥകളും ഉണ്ടായിരുന്നില്ല.

ഭാരതസഭയില്‍ ഓരോ പള്ളിയോഗവുമാണ് കത്തനാരെ തെരഞ്ഞെടുത്തിരുന്നത്. ഇതു സംബന്ധമായി പ്രത്യേകം തിയോളജിയൊന്നും ഉണ്ടായിരുന്നില്ല. പോര്‍ട്ടുഗീസുകാരുടെ വരവിനുശേഷം ത്രെന്തോസ് സൂനഹദോസിന്റെ പശ്ചാത്തലത്തിലാണ് ക്ലറിക്കലിസം അല്ലെങ്കില്‍ പുരോഹിതാധിപത്യം സഭയുടെമേല്‍ കെട്ടിവച്ചത്. എങ്കില്‍പോലും ഓരോ വ്യക്തിയുടെയും ജീവിത മൂഹൂര്‍ത്തങ്ങള്‍ നിയന്ത്രിച്ചിരുന്നത് കുടുംബകാരണവന്മാരായിരുന്നു.

ഈ അടുത്തയിടെ ഒരു വിവാഹത്തലേന്ന് ഞാനൊരു വീട്ടില്‍പോയി. ഇതാ, പള്ളീലച്ചന്‍ എത്തിക്കഴിഞ്ഞു. ഏകദേശം ഒന്നരമണിക്കൂറോളം പള്ളീലച്ചന്‍ പ്രാര്‍ഥനയും ഉപദേശവുമായി മനുഷ്യരെ മെനക്കെടുത്തി. ഇതിനായി ഒരു ഗ്രന്ഥംതന്നെ അച്ചടിച്ചു വിശ്വാസികള്‍ക്കു കൊടുത്തിരിക്കുന്നു. മുന്‍കാലങ്ങളിലും വിവാഹത്തലേന്ന് ആചാരപൂര്‍വം കാരണവന്മാരുടെ നേതൃത്വത്തില്‍ മധുരംവയ്പ് നടത്തിയിരുന്നു. ഇപ്പോള്‍ മധുരംവയ്പ് ചടങ്ങ് നടത്തുന്നത് പുരോഹിതനാണ്.

പണ്ടും ഇന്നും ഗൃഹപ്രവേശനത്തിന് പാലുകാച്ചുന്ന ഒരു പരിപാടിയുണ്ട്. സാധാരണയായി പാലുകാച്ചുന്നതിന് അടുപ്പില്‍ തീകൂട്ടുന്നത് വീട്ടിലെ കാരണവസ്ത്രീയാണ്. ഒരു ഗൃഹപ്രവേശനത്തിന് ചെന്നപ്പോള്‍ വികാരിയച്ചന്‍ കുടുംബപ്രതിഷ്ഠ എല്ലാം നടത്തിയതിനുശേഷം ഒരു തിരിയുമായി അടുക്കളയിലേക്ക് പ്രവേശിച്ചു. അദ്ദേഹം തന്നെ അടുപ്പില്‍ തീകൂട്ടാന്‍ ആരംഭിച്ചു. ഞാന്‍ പറഞ്ഞു: ഇത് അച്ചന്റെ കടമയല്ല. വീട്ടമ്മയുടെ ചുമതലയാണ്. അച്ചന്‍ എന്നെ ഒന്നുനോക്കി. പരിഭവത്തോടെ മാറിനിന്നു.

ഇപ്പോള്‍ എല്ലാ പള്ളികളിലും ഒരു ബിസിനസായി പാരിഷ് ഹാളുകളുണ്ട്. വിവാഹത്തിനുശേഷം അവിടെയാണ് സ്വീകരണവും സദ്യയും. എന്നാല്‍ അച്ചന്മാരാരും വിവാഹസദ്യയില്‍ പങ്കെടുക്കുകയില്ല. അവര്‍ക്കു ഭക്ഷണം പള്ളിമുറിയിലേക്ക് കൊടുത്തുവിടണം. എന്റെ സുഹൃത്തായ  ഒരു അച്ചന്റെ അടുത്ത ബന്ധുവിന്റെ കല്യാണം. അച്ചന്‍ വിവാഹത്തിനു വരുമെന്ന് എനിക്ക് അറിയിപ്പുകിട്ടി. വിവാഹസദ്യ ആരംഭിക്കുന്നതിനുമുമ്പ് ഞാന്‍ ഹാളിലെത്തി. അച്ചനെ അന്വേഷിച്ചു. അച്ചനു മുറിയിലാണുപോലും ഭക്ഷണം! ഏതായാലും വേഗം ഭക്ഷണം കഴിച്ച് അച്ചന്‍ ഹാളിലേക്കെത്തി. ഞാന്‍ ചോദിച്ചു: ''ഇതെന്തു മര്യാദ ഞങ്ങളുടെകൂടെ ഇരുന്ന് ഭക്ഷണം കഴിച്ചുകൂടേ? അച്ചന്റെ മുഖം വിവര്‍ണമായി. അദ്ദേഹം എന്നോടു മാത്രമായി പറഞ്ഞു. വികാരിയച്ചന്‍ സമ്മതിച്ചില്ല. പൊതുസദ്യയില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് വികാരിയച്ചന്റെ തീരുമാനം. അല്‍മേനിയുടെ വിവാഹസദ്യക്ക് പങ്കെടുത്താല്‍ അച്ചന്റെ മഹത്വം ഇടിഞ്ഞുപോകുമോ. അല്‍മേനി ഭക്ഷണം കെട്ടി വികാരിയച്ചന്റെ മുറിയില്‍ എത്തിക്കണം പോലും!

ഇതിനെ എല്ലാവരും രഹസ്യമായി വിമര്‍ശിക്കുന്നുണ്ട്. പക്ഷേ പരസ്യമായി അതു പറയാന്‍ ആരും തുനിയുന്നില്ല. വലിയ പള്ളികളില്‍ നാലും അഞ്ചും അച്ചന്മാര്‍ ഉണ്ടായിരിക്കും. കൈക്കാരന്മാര്‍ക്കും കണക്കനുമെല്ലാം ഭക്ഷണം കൊടുക്കേണ്ടതുണ്ട്. അതെല്ലാം പാത്രങ്ങളിലാക്കി പള്ളിമുറിയില്‍ എത്തിക്കണംപോലും. ഒരു വലിയ കല്യാണത്തിന് അമ്പതു പേര്‍ക്കുള്ള ഭക്ഷണമാണ് പള്ളിമുറിയിലേക്ക് കൊടുത്തു വിടേണ്ടത്. അച്ചന്മാര്‍ക്ക് ഭക്ഷണം കൊണ്ടുപോയികൊടുക്കാന്‍ ഏര്‍പ്പാട് ചെയ്ത ആള്‍ പറഞ്ഞു: ''ഇവന്റെയൊക്കെ ഒടുക്കത്തെ തീന്.''

(ഒരു സുഹൃത്ത് അയച്ചു തന്നത്)

No comments:

Post a Comment